ഫ്ലോറിങ്ങിനായി ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ പലരും ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക വീടുകളിലും ഫ്ലോറിങ്ങിന് ടൈലുകളാണ് തിരഞ്ഞെടുക്കുന്നത്. കുറഞ്ഞ വിലയിൽ വ്യത്യസ്ത ഡിസൈനിലും നിറങ്ങളിലുമുള്ള ടൈലുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

എന്നാൽ പലപ്പോഴും ഫ്ലോറിങ്ങിന് ആവശ്യമായ ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാതെ പോകുന്ന പലകാര്യങ്ങളും ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.

അതുകൊണ്ടുതന്നെ വീടിന്റെ ടൈൽ വർക്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് കൃത്യമായി അറിഞ്ഞിരിക്കാം.

ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ.

വീട് നിർമ്മാണത്തിൽ ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. എല്ലാ റൂമുകളിലേക്കും ഒരേരീതിയിലുള്ള ടൈലുകൾ തിരഞ്ഞെടുക്കുന്നത് വേസ്റ്റേജ് കുറയ്ക്കുന്നതിന് സഹായിക്കും.

ടൈലുകൾ ക്ക് ഇടയിൽ വരുന്ന ജോയിൻസ് കൃത്യമായി കൊണ്ടുപോകാനും ഈയൊരു രീതി ഉപയോഗപ്പെടുത്തുന്നത് വഴി സാധിക്കും.

കിച്ചൺ, ബാത്ത്റൂം എന്നിവിടങ്ങളിലേക്ക് പ്രത്യേക ടൈലുകൾ തന്നെ തിരഞ്ഞെടുക്കണം. ആന്റി സ്കിഡ് ടൈപ്പ് ടൈലുകളാണ് ഈ ഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കേണ്ടത്.

ബാത്റൂം , കിച്ചൺ എന്നിവ കൂടുതൽ വെള്ളം വീഴുന്ന ഭാഗങ്ങൾ ആയതു കൊണ്ടുതന്നെ തെന്നി വീഴാത്ത രീതിയിൽ ലഭിക്കുന്ന ഗ്രിപ്പ് ടൈലുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

ടൈലുകൾ വിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിലത്ത് ടൈൽ വിരിക്കുന്നതിനു മുൻപായി അതിൽ ഏതെങ്കിലും രീതിയിലുള്ള കളർ വ്യത്യാസങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കണം. ചിലപ്പോൾ ഒരു പാക്കറ്റിൽ തന്നെ വ്യത്യസ്ത രീതിയിലുള്ള ടൈലുകൾ ഉൾപ്പെടാനുള്ള സാധ്യതയുണ്ട്.

അതല്ല എങ്കിൽ ചെറിയ രീതിയിലുള്ള നിറവ്യത്യാസങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. സെറാമിക് ടൈപ്പ് ടൈലുകൾ ക്യൂർ ചെയ്താണ് ഒട്ടിക്കുന്നത്.

അതേസമയം വിട്രിഫൈഡ് ടൈപ്പ് ടൈലുകൾ ഉപയോഗിക്കുമ്പോൾ അത്തരത്തിലുള്ള ഒരു പ്രശ്നം വരുന്നില്ല.

കോൺക്രീറ്റിങ് ചെയ്യുമ്പോൾ തന്നെ ഫ്ലോർ കൃത്യമായി നിരപ്പാക്കി ഇല്ല എങ്കിൽ പിന്നീട് ഫ്ലോറിങ് ചെയ്യുമ്പോൾ അത് പ്രശ്നങ്ങൾ സൃഷ്ടിക്കും.

ഡോർ ഫ്രെയിമുകൾ വരുന്നുണ്ടെങ്കിൽ അത് ഒന്നര അല്ലെങ്കിൽ രണ്ടിഞ്ച് വലിപ്പത്തിൽ പൊക്കി വയ്ക്കാനായി ശ്രദ്ധിക്കണം. ടൈൽ ഇടുന്നതിനു മുൻപായി ഗ്രൗണ്ടിങ് ചെയ്തില്ല എങ്കിൽ പിന്നീട് ടൈലുകളിൽ പൊള്ളപ്പ് ഉണ്ടാകുന്ന അവസ്ഥവരും.

ബാത്റൂം സ്റ്റെയർകേസ് എന്നിവിടങ്ങളിൽ ടൈലുകൾ നൽകുമ്പോൾ

ബാത്റൂമിൽ ടൈൽ നൽകുമ്പോൾ കൃത്യമായ സ്ലോപ് നൽകിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. അല്ലെങ്കിൽ പിന്നീട് വെള്ളം കെട്ടിനിൽക്കാനുള്ള സാധ്യതയുണ്ട്. ബാത്റൂം ഡ്രൈ ഏരിയ , വെറ്റ് ഏരിയ എന്നിങ്ങനെ തരം തിരിക്കുന്നുണ്ടെങ്കിൽ വെറ്റ് ഏരിയയുടെ ഭാഗത്തേക്കാണ് സ്ലോപ്പ് നൽകേണ്ടത്.

സ്റ്റെയർ കേസിൽ ടൈലുകൾ നൽകുമ്പോൾ ഓരോ സ്റ്റെപ്പിന്റെയും കൃത്യമായ അളവ് എടുത്തശേഷം വേണം ടൈലുകൾ കട്ട് ചെയ്ത് ഒട്ടിക്കാൻ.

അല്ലാത്തപക്ഷം പിന്നീട് സ്റ്റെപ്പുകൾ തമ്മിൽ ഹൈറ്റ് വ്യത്യാസം വരാനുള്ള സാധ്യതയുണ്ട്. ബാത്റൂം വോൾ ടൈലുകൾ നൽകുമ്പോൾ 7 അടി എന്ന കണക്കിലാണ് നൽകുക. ബെഡ്റൂമിൽ നൽകുന്നതിനേക്കാൾ ഒന്നര അല്ലെങ്കിൽ രണ്ട് ഇഞ്ച് അടി താഴേക്ക് വരുന്ന രീതിയിലായിരിക്കണം ബാത്റൂം ടൈലുകൾ നൽകേണ്ടത്.

പലപ്പോഴും കടകളിൽ സെറ്റ് ചെയ്തു വച്ച ടൈലുകൾ പർച്ചേസ് ചെയ്യുമ്പോഴാണ് ഹൈറ്റ്‌ ഡിഫറൻസ് പ്രശ്നം വരിക. അതല്ല കട്ട് ചെയ്ത് ഒട്ടിക്കുക യാണെങ്കിൽ ഈ ഒരു പ്രശ്നം ഒഴിവാക്കാൻ സാധിക്കും.

പ്ലമ്പിങ് ആവശ്യങ്ങൾക്ക് വേണ്ടി ടൈൽ കട്ട് ചെയ്യുമ്പോൾ അത് കൃത്യമായ അളവിൽ മുറിച്ചെടുക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ പിന്നീട് അത് ഒരു അഭംഗിക്ക് കാരണമാകും.

ഫ്ലോറിങ് ടൈലുകളുടെ വില നിലവാരം

ഫ്ലോറിംഗ് ടൈലുകൾക്ക് ഏറ്റവും കുറഞ്ഞത് ഒരു സ്ക്വയർ ഫീറ്റിന് 20 രൂപ എന്ന നിരക്കിൽ വില ആരംഭിക്കുന്നു. എന്നാൽ വലിയ ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ അതിനനുസരിച്ച് വിലയിലും വ്യത്യാസമുണ്ടായിരിക്കും.

ടൈൽ മോൾഡിങ് ചെയ്യണമെങ്കിൽ അതിന് ഏകദേശം 30 രൂപയുടെ അടുത്താണ് ചിലവ് വരുന്നത്. ഗ്രാനൈറ്റ് മോൾഡിങ് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ 60 രൂപയ്ക്ക് മുകളിലാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

ഫ്ലോറിങ്ങിനായി ടൈലുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.