മഴവെള്ള സംഭരണി തയ്യാറാക്കുമ്പോൾ.

മഴവെള്ള സംഭരണി തയ്യാറാക്കുമ്പോൾ.മഴക്കാലം ഇങ്ങെത്തി. പല രീതിയിലുള്ള അസുഖങ്ങൾ മാത്രമല്ല മഴക്കാലം കൊണ്ടെത്തിക്കുന്നത് ജലക്ഷാമം കൂടിയാണ്.

കുടിവെള്ളത്തിനായി ഒരു സ്രോതസ്സ് കണ്ടെത്തുക തന്നെ വേണം.

മഴക്കാലത്ത് ലഭിക്കുന്ന വെള്ളം ഏതെങ്കിലും ഒരു സ്രോതസ്സ് ഉപയോഗിച്ച് സംഭരിച്ച് വെക്കുക എന്നതിലാണ് കാര്യം.

വ്യത്യസ്ത രീതികളിൽ മഴവെള്ളം സംഭരിച്ചു വയ്ക്കാനുള്ള മാർഗങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ ലഭ്യമാണ്.

ചിലവ് കൂടിയ രീതിയിലും കുറഞ്ഞ രീതിയിലും മഴവെള്ള സംഭരണി തയ്യാറാക്കി എടുക്കാൻ സാധിക്കും.

അതേസമയം മഴവെള്ളസംഭരണി തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട് എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

മഴവെള്ള സംഭരണി തയ്യാറാക്കുമ്പോൾ

ആദ്യത്തെ ഒന്നോ രണ്ടോ മഴയിൽ ഉള്ള വെള്ളം ഒരുകാരണവശാലും സംഭരിച്ച് വെക്കാനായി ശ്രമിക്കരുത്.

ഇവയിൽ കോളോഫോം ബാക്ടീരിയയുടെ അളവ് വളരെ കൂടുതലായിരിക്കും.

മാത്രമല്ല ടെറസിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പല രീതിയിലുള്ള മാലിന്യങ്ങളും അടിഞ്ഞുകൂടിയിട്ടുണ്ടാകും.

റൂഫിലും മറ്റും അടിഞ്ഞു കിടക്കുന്ന പഴയ കരിയിലകൾ ഉണങ്ങി അതിൽ നിന്നും വരുന്ന വെള്ളം പലപ്പോഴും ശുദ്ധമായിരിക്കില്ല.

മഴവെള്ള സംഭരണി പല വിധം .

വ്യത്യസ്ത രീതികളിൽ വീട്ടിൽ മഴവെള്ള സംഭരണികൾ തയ്യാറാക്കി നൽകാൻ സാധിക്കും. ഇതിൽ ഏറ്റവും എളുപ്പമുള്ള മാർഗം പിവിസി ടാങ്കുകൾ ഉപയോഗപ്പെടുത്തുന്നതാണ്.

വീടിന്റെ ടെറസിൽ നിന്നും വരുന്ന വെള്ളം പൈപ്പ് വഴി കണക്ട് ചെയ്ത് ടാങ്കിലേക്ക് നിറയ്ക്കുന്ന രീതിയാണ് ഇവിടെ നൽകുന്നത്.

ടാങ്കിൽ സംഭരിക്കുന്ന വെള്ളം ശുദ്ധീകരിക്കുന്നതിന് വേണ്ടി കരി ഉപയോഗപ്പെടുത്താവുന്നതാണ്.

തുടർന്ന് അവ പൂർണമായും ശുദ്ധീകരിച്ച് കഴിഞ്ഞാൽ വീണ്ടും ഒരു പൈപ്പ് ഉപയോഗപ്പെടുത്തി വീട്ടിലെ കിണറ്റിലേക്ക് എത്തിച്ചു നൽകുന്ന രീതിയും പരീക്ഷിക്കാം. ഒരു ടാങ്ക് വാങ്ങാൻ താല്പര്യമില്ലാത്തവർക്ക് വലിയ വീപ്പകൾ ഉപയോഗപ്പെടുത്തിയും ഇത്തരത്തിൽ മഴവെള്ള സംഭരണികൾ തയ്യാറാക്കി ഉപയോഗപ്പെടുത്താവുന്നതാണ്.

മഴവെള്ള സംഭരണിയിൽ നിറക്കേണ്ട സാധനങ്ങൾ

വാട്ടർ ടാങ്കിന്റെ ഏറ്റവും താഴെ ഭാഗത്തായി 3/4 ഇഞ്ച് വലിപ്പത്തിലുള്ള മെറ്റൽ നിറച്ചു നൽകണം. ഇത് 15 മുതൽ 20 സെന്റീമീറ്റർ കനത്തിൽ ആയി വേണം നൽകാൻ. അതിന് തൊട്ടു മുകളിലായി 6mm തിക്ക്നെസ് ഉള്ള ഒരു മെറ്റൽ ലെയർ നിർമ്മിച്ച് എടുക്കുക. ഇത് ഏകദേശം 10 സെന്റീമീറ്റർ അളവിൽ നൽകിയാൽ മതിയാകും. തുടർന്ന് നല്ല ചരൽ ഉപയോഗപ്പെടുത്തി ഒരു ലയർ ക്രിയേറ്റ് ചെയ്ത് നൽകുക. അതിനായി വലിയ വലിപ്പത്തിലുള്ള ചരൽ തന്നെ ഉപയോഗപ്പെടുത്തുന്നതാണ് കൂടുതൽ നല്ലത്.

തൊട്ട് മുകളിലുള്ള ലെയർ ചിരട്ടക്കരി ഉപയോഗിച്ചാണ് ഫിൽ ചെയ്ത് നൽകേണ്ടത്. തുടർന്ന് വീണ്ടുമൊരു ലയർ ചരൽ കൊണ്ട് തന്നെ നിറച്ചു നൽകണം. വീണ്ടും ഏറ്റവും താഴത്തെ ലയർ നൽകിയതുപോലെ 20 mm തിക്ക്നെസ് ഉള്ള ഒരു മെറ്റൽ ലെയർ, അതിനുമുകളിൽ 6 mm തിക്കനസ് മെറ്റൽ ലയർ എന്നിവ നൽകുക. ഇവയിൽ സംഭരിച്ചു വയ്ക്കുന്ന ആദ്യത്തെ രണ്ടു ദിവസത്തെ വെള്ളം പൂർണമായും ഒഴുക്കി കളയേണ്ട താണ്. ശുദ്ധീകരിച്ച വെള്ളം റീചാർജ് ചെയ്ത് കിണറിലേക്ക് ഒഴുക്കി വിടാവുന്നതാണ്.

വീടിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ

പണ്ടുകാലത്ത് കനത്ത മഴ പെയ്താലും വീടിനു ചുറ്റും വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ കുറവായിരുന്നു. ഇതിനുള്ള പ്രധാന കാരണം മുറ്റത്തോട് ചേർന്ന് ചെറിയ ചാലുകൾ, തെങ്ങിന് ചുറ്റും തടങ്ങൾ എന്നിവ നിർമ്മിച്ച് നൽകിയിരുന്നു. അതു കൊണ്ട് വെള്ളത്തെ വളരെ എളുപ്പത്തിൽ താഴേക്ക് വലിച്ചെടുക്കാനുള്ള കഴിവ് ഉണ്ടായിരുന്നു.അതേസമയം ഇന്ന് മിക്ക വീടുകളിലും മുറ്റം ഏതെങ്കിലും രീതിയിലുള്ള പേവിങ് സ്റ്റോണുകൾ ഉപയോഗപ്പെടുത്തിയാണ് പാകുന്നത്. ഇവ നൽകുന്നത് വഴി മണ്ണിലേക്ക് വെള്ളം ആഴ്ന്ന് ഇറങ്ങില്ല എന്ന് മാത്രമല്ല വീടിനകത്തേക്ക് കൂടുതൽ ചൂട് വരുന്നതിനും കാരണമാകുന്നു.

മഴക്കാലത്ത് വീടുകളിൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം ഭിത്തിയിലും മറ്റും ഈർപ്പം നിന്ന് ഉണ്ടാകുന്ന വിള്ളലുകൾ ആണ്. അതുകൊണ്ടുതന്നെ മഴക്കാലം തുടങ്ങുന്നതിനു മുൻപ് ഏതെങ്കിലും രീതിയിലുള്ള ക്രാക്കുകൾ ഉണ്ടെങ്കിൽ അവ അടച്ചു നൽകണം. ടെറസിന് മുകളിൽ ചപ്പുചവറുകൾ കെട്ടിനിൽക്കാതെ ഇരിക്കുന്നതിന് മഴ തുടങ്ങുന്നതിനു മുൻപ് തന്നെ നല്ല രീതിയിൽ അടിച്ചു വൃത്തിയാക്കി ഇടുക. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നുണ്ട് എന്ന് തോന്നിയാൽ ഉടൻ തന്നെ അവ അടിച്ചു വിടാനായി ശ്രദ്ധിക്കുക.

ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ മഴവെള്ളം പാഴാകുകയും ഇല്ല അത് വീടിന് ദോഷം ചെയ്യുകയുമില്ല.