വീടുപണിക്ക് മരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ

വീടുപണിക്ക് മരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ.ഒരു വീടു പണി തുടങ്ങുന്നതിനു മുൻപ് വളരെയധികം ശ്രദ്ധയോടു കൂടി തിരഞ്ഞെടുക്കേണ്ട ഒന്നാണ് വീട് നിർമ്മാണത്തിന് ആവശ്യമായ മരങ്ങൾ.

പലപ്പോഴും ഇവയിൽ വരുന്ന ചെറിയ പിഴവുകൾ ഭാവിയിൽ കട്ടിള പോലുള്ള ഭാഗങ്ങൾ മുഴുവനായും മാറ്റേണ്ട അവസ്ഥയിലേക്ക് എത്തിക്കാറുണ്ട്.

വീടുപണി തുടങ്ങുന്നതിനു മുൻപായി തന്നെ ആവശ്യമായ മരങ്ങൾ കണ്ടെത്തി അത് മുറിച്ച് മില്ലിൽ കൊണ്ടുപോയി സീസണിങ്‌ പോലുള്ള കാര്യങ്ങൾ ചെയ്യേണ്ടതായി വരാറുണ്ട്.

പലർക്കും വീടുപണിക്ക് ആവശ്യമായ തടികൾ തിരഞ്ഞെടുക്കുമ്പോൾ ഏത് മെറ്റീരിയൽ തിരഞ്ഞെടുക്കണം എന്ന സംശയം ഉണ്ടാകാറുണ്ട്.

മാത്രമല്ല അളവുകൾ, മരത്തിന്റെ ക്വാളിറ്റി എന്നിവയ്ക്കെല്ലാം വീടുപണിയിൽ വളരെയധികം പ്രാധാന്യമുണ്ട്.

മരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.

വീടുപണിക്ക് മരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ

വീടുപണിക്ക് ആവശ്യമായ തടി തിരഞ്ഞെടുക്കുമ്പോൾ എപ്പോഴും കൂടുതൽ നല്ലത് തേക്കിൻ തടികൾ തന്നെയാണ്.

എന്നാൽ പലപ്പോഴും ഇവിടെ വില്ലൻ ആയി മാറുന്നത് അവയുടെ വിലയാണ്.

ഏകദേശം 2800 രൂപ മുതൽ 3000 രൂപ വരെ ഒരു തടിക്ക് മാത്രം വിലയായി നൽകേണ്ടി വരും.

ഇവയിൽ തന്നെ നല്ല കാതലുള്ള തേക്ക് കണ്ടെത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.

മാത്രമല്ല ഇത്രയും അധികം വില കൊടുത്ത് സാധാരണക്കാരായ ആളുകൾക്ക് തടി വാങ്ങുക എന്നത് സാധിക്കുന്ന കാര്യമല്ല. പണ്ടുകാലങ്ങളിൽ മിക്ക വീടുകളിലും തൊടിയിൽ തന്നെ തേക്ക് സുലഭമായി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെ അവ മുറിച്ചെടുത്ത് വീടുപണിക്ക് ഉപയോഗിക്കാൻ സാധിച്ചിരുന്നു.

വീടുപണിക്ക് മരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ തേക്കിന് പകരമായി

തേക്കിന് പകരമായി സാധാരണക്കാരായ ആളുകൾക്ക് തിരഞ്ഞെടുക്കാൻ പറ്റുന്ന ഒരു മരമാണ് ആഞ്ഞിലി.വീടിന്റെ കട്ടിള,ജനാല എന്നിവ നിർമ്മിക്കുന്നതിന് ഉപയോഗപ്പെടുത്താവുന്ന ഒരു മരമാണ് ആഞ്ഞിലി.

വീടിന്റെ കട്ടിള ക്കും ഫർണിച്ചറുകൾ നിർമ്മിക്കുന്നതിനും തിരഞ്ഞെടുക്കാവുന്ന മറ്റൊരു മികച്ച മരം മഹാഗണിയാണ്. കുറച്ചുകൂടി ബഡ്ജറ്റ് ഫ്രണ്ട്ലി ആക്കി വീട് നിർമിക്കാൻ തിരഞ്ഞെടുക്കാവുന്ന മരങ്ങളാണ് പ്ലാവ്, മാവ് എന്നിവ. എന്നാൽ മാവാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അത് വെള്ള ഇല്ലാത്ത മാവാണ് എന്ന കാര്യം ഉറപ്പു വരുത്തണം.നല്ല രീതിയിൽ കാതലുള്ള മരങ്ങൾ വേണം വീടുപണിക്കായി തിരഞ്ഞെടുക്കാൻ.

മില്ലിൽ നിന്നും തടി എടുക്കുമ്പോൾ

മില്ലിൽ നിന്നാണ് തടി എടുക്കുന്നത് എങ്കിൽ വണ്ണമുള്ള തടി തന്നെ നോക്കി എടുക്കാൻ ശ്രദ്ധിക്കണം.അവക്ക് കാതൽ, ഈട് എന്നിവ കൂടുതൽ ലഭിക്കും. പലപ്പോഴും മില്ലിൽ നിന്നും തടി എടുക്കുമ്പോൾ പലർക്കും പറ്റുന്നത് അവയിലെ പൊട്ടലുകൾ കാണുന്നില്ല എന്നതാണ്. പൊട്ടലുകളിൽ തന്നെ വലിയ പ്രശ്നം സൃഷ്ടിക്കാത്തതും അല്ലാത്തതും ഉണ്ടായിരിക്കും. തടി മുറിച്ചിട്ടാൽ രണ്ട് ഭാഗത്തും ഒരേ രീതിയിലുള്ള പൊട്ടലുകൾ കാണുകയാണെങ്കിൽ ആ മരത്തിന്റെ അത്രയും ഭാഗത്ത് പൊട്ടലുണ്ട് എന്ന കാര്യം മനസ്സിലാക്കാം.അതേ സമയം രണ്ട് ഭാഗത്തും വ്യത്യസ്ത രീതിയിൽ ചെറിയ പൊട്ടലുകൾ ആണ് ഉള്ളതെങ്കിൽ അവ വലിയ കേടുപാട് സംഭവിക്കാത്ത മരം ആണെന്ന് മനസ്സിലാക്കാം. വലിയ തടികൾ തിരഞ്ഞെടുക്കുമ്പോൾ അവയുടെ നടുഭാഗത്ത് വലിയ ഓട്ടകൾ കാണാറുണ്ട്. ഇത്തരം തടികളുടെ ഉൾ ഭാഗത്തേക്ക് കൂടുതലായി വ്യാപിച്ചു പോയിട്ടുണ്ടെങ്കിൽ അവ ഒഴിവാക്കുന്നതാണ് നല്ലത്. മില്ലിൽ മരം മുറിക്കുമ്പോൾ പൊട്ടലുകൾ ഉള്ള ഭാഗത്ത് വച്ചായിരിക്കും മുറിക്കുന്നത്. അതുകൊണ്ട് അവ പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല.


4*2.5 എന്ന അളവിൽ ആണ് സാധാരണയായി മരം മുറിച്ച് എടുക്കുന്നതാണ്.
മില്ലിൽ നിന്ന് വാങ്ങുന്ന തടി തീർച്ചയായും സീസൺ ചെയ്യാനായി പറയണം. അതല്ല എങ്കിൽ അവ പെട്ടെന്ന് ചുരുങ്ങാനുള്ള സാധ്യത കൂടുതലാണ്. അതായത് മരം മുറിച്ച് വ്യത്യസ്ത സ്ലൈസുകൾ ആക്കുമ്പോൾ ജലാംശം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതേസമയം വീട്ടിൽ തന്നെ തടി മുറിച്ച് ഇടുകയാണെങ്കിൽ അത് മൂന്നോ നാലോ മാസം കൊണ്ട് ഓട്ടോമാറ്റിക് ആയി തന്നെ സീസൺ ചെയ്യപ്പെടുന്നതാണ്.

മരത്തിന്റെ അളവ് കണക്കാക്കുന്ന രീതി

മരത്തിന്റെ അളവ് കണക്കാക്കുമ്പോൾ തടിയുടെ മുഴുവൻ നീളം എടുത്ത് അതിന്റെ നടുഭാഗം നോക്കിയാണ് അവറേജ് അളവ് കണ്ടെത്തുന്നത്. മറ്റൊരു രീതി തടിയുടെ ആദ്യ ഭാഗത്തെ ചുറ്റളവും അവസാനത്തെ ഭാഗത്തെ ചുറ്റളവും എടുത്തു 2 കൊണ്ട് ഹരിക്കുകയാണ് വേണ്ടത്. മരത്തിന്റെ അളവ് എടുക്കുമ്പോൾ സെന്റീമീറ്റർ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. അങ്ങനെ ചെയ്യുന്നത് വഴി കൂടുതൽ ആക്കുറേറ്റ് ആയി അളവ് ലഭിക്കും. സെന്റി മീറ്റർ ഉപയോഗിച്ച അളവ് കണക്കാക്കുന്ന രീതി.

നീളം *ചുറ്റളവ് *ചുറ്റളവ് /16*35.315 CFT.

ഇത്തരത്തിൽ തടിയുടെ വലിപ്പം വളരെ എളുപ്പത്തിൽ കണ്ടെത്താനായി സാധിക്കും.വീടുപണിക്ക് മരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി പ്രത്യേകം ശ്രദ്ധിക്കുക.