ഇന്‍റീരിയര്‍ ഡിസൈൻ ചെയ്യുമ്പോൾ മിക്കവരും ചെയ്യാറുള്ള 10 തെറ്റുകള്‍.

ഒരു വീടിനെ സംബന്ധിച്ച് ഇന്റീരിയർ വർക്കിന് വളരെയധികം പ്രാധാന്യമുണ്ട്. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി അത്യാവശ്യം നല്ല ഒരു തുക ചിലവഴിച്ച് തന്നെ ഇന്റീരിയർ ചെയ്യുന്നവരാണ് ഇന്ന് മിക്ക ആളുകളും.

ഇന്റീരിയറിൽ സംഭവിക്കുന്ന പല തെറ്റുകളും വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടമാണ് വരുത്തി വയ്ക്കുക. പലപ്പോഴും മെറ്റീരിയലിനെപ്പറ്റി കൃത്യമായ ധാരണ ഇല്ലാത്തതും, ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ നൽകാത്തതും പിന്നീട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകാറുണ്ട്.

ഇത്തരത്തിൽ കൂടുതൽ പേർക്കും ഇന്റീരിയർ ചെയ്യുമ്പോൾ പറ്റുന്ന അബദ്ധങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

1) ഇന്‍റീരീയര്‍ വർക്ക് പൂർത്തിയാകുന്നതിനു മുൻപു തന്നെ ഫർണിച്ചറുകൾ വാങ്ങുന്നത്.

പലപ്പോഴുംവീട് പണി പൂർത്തിയാകുന്നതിനു മുൻപുതന്നെ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി കൂട്ടാറുണ്ട്. ഇത്തരത്തിൽ ഫർണിച്ചർ ഷോപ്പുകളിൽ പോകുമ്പോൾ നല്ല ഭംഗിയുള്ള ഫർണിച്ചറുകൾ കാണുകയും അത് പർച്ചേസ് ചെയ്യുകയും ചെയ്യും.

എന്നാൽ അത് ഇടേണ്ട സ്ഥലത്തിന്റെ അളവ് കൃത്യമായി അറിയാതെ ഫർണിച്ചറുകൾ പർച്ചേസ് ചെയ്തു പിന്നീട് അവ ഫിറ്റ് ആകാത്ത അവസ്ഥ വരും. പ്രധാനമായും ബെഡ്റൂമിലേക്ക് ആവശ്യമായ കട്ടിൽ തിരഞ്ഞെടുക്കുമ്പോൾ ആണ് ഇത്തരത്തിലുള്ള അബദ്ധങ്ങൾ കൂടുതലായും ഉണ്ടാകുന്നത്.

റൂമിന്റെ സൈസിനെപ്പറ്റി കൃത്യമായ ഒരു ധാരണ ഇല്ലാതെ കട്ടിൽ വാങ്ങുകയും പിന്നീട് അവ ഫിറ്റ് ആയാൽ തന്നെ റൂമിൽ ആവശ്യത്തിന് സ്ഥലം ഇല്ലാത്ത അവസ്ഥയും ഉണ്ടാകും. അതുകൊണ്ടുതന്നെ ഫർണിച്ചർ വാങ്ങുകയോ നിർമിക്കുകയോ ചെയ്യുകയാണെങ്കിൽ അത് ഇടേണ്ട ഭാഗത്തിന്റെ അളവ് കൃത്യമായി എടുത്ത ശേഷം മാത്രം വാങ്ങാനായി ശ്രദ്ധിക്കുക.

2) പ്രത്യേക കാലഘട്ടത്തിനനുസരിച്ച് ഉള്ള ഇന്റീരിയർ ഡിസൈൻ തിരഞ്ഞെടുക്കുന്ന രീതി.

ഓരോ കാലഘട്ടത്തിലും ഇന്റീരിയർ ഡിസൈനിൽ പല മാറ്റങ്ങളും വരുന്നുണ്ട്. ഇവയിൽ തന്നെ ചില മാറ്റങ്ങൾ ഒരു പ്രത്യേക കാലഘട്ടത്തിൽ മാത്രം നിലനിൽക്കുന്നവയാണ്.

അതുകൊണ്ടുതന്നെ ഇത്തരം രീതികളെ പിന്തുടർന്നാൽ പിന്നീട് ട്രെൻഡ് മാറുകയും അത് വീടിന് ഒരു പഴയ ലുക്ക് നൽകുന്നതിനും കാരണമാകും. മാത്രമല്ല ഒരു പ്രത്യേക കാലഘട്ടത്തിനു വേണ്ടി മാത്രം ഡിസൈൻ ചെയ്യുന്ന ഇന്റീരിയർ വർക്കുകൾക്ക് ചിലവും കൂടുതലായിരിക്കും.

3) ലിവിങ് ഏരിയയിലേക്ക് പെയിന്റിങ്സ് തിരഞ്ഞെടുക്കുമ്പോൾ.

വ്യത്യസ്ത ഡിസൈനിലും കളറിലും പാറ്റേണിലുമുള്ള പെയിന്റിംഗ്സ് ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. എന്നാൽ പെയിന്റിങ്സ് തിരഞ്ഞെടുക്കുമ്പോൾ പലരും അത്ര ശ്രദ്ധ നൽകാറില്ല. അതായത് ഒരു പെയിന്റിംഗ് സെറ്റ് ചെയ്യുമ്പോൾ അത് നോക്കുന്ന ആളുടെ ഐ ലെവലിന് കൃത്യമായി വരുന്ന രീതിയിലാണ് നൽകേണ്ടത്.

അതുപോലെ ലിവിങ് റൂമുകളിൽ ഒറ്റ പീസ് പെയിന്റിങ് സ് തിരഞ്ഞെടുക്കുമ്പോൾ പലപ്പോഴും അത് റൂമിന്റെ വലിപ്പം കുറച്ചു തോന്നുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്.

അതേസമയം മൂന്ന് പീസുകൾ സെപ്പറേറ്റ് ആയി വരുന്ന പെയിന്റിംഗ് കൾ തിരഞ്ഞെടുക്കുമ്പോൾ അവ കൂടുതൽ ഭംഗിയും വലിപ്പവും റൂമിന് നൽകുന്നു.

കൂടുതൽ ഫോട്ടോകൾ അറേഞ്ച് ചെയ്യുന്നുണ്ട് എങ്കിൽ ഏറ്റവും വലിയ ഫോട്ടോ സെന്റർ ഭാഗത്ത് വരുന്ന രീതിയിൽ വേണം അറേഞ്ച് ചെയ്ത് നൽകാൻ.

4) വുഡ് കളർ തിരഞ്ഞെടുക്കുമ്പോൾ

വീടുപണിയുടെ ഒരു ഘട്ടത്തിൽ തന്നെ ഡോറുകൾ, വിൻഡോ എന്നിവക്ക് ഉപയോഗിക്കുന്ന നിറങ്ങൾ എന്താണ് എന്ന് അറിയാൻ സാധിക്കും.

അതുകൊണ്ടുതന്നെ മറ്റ് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോഴും അതിന് അനുയോജ്യമായ രീതിയിൽ വേണം തിരഞ്ഞെടുക്കാൻ. വ്യത്യസ്ത നിറങ്ങളിലുള്ള ഫർണിച്ചറുകൾ, ഡോറുകൾ എന്നിവ വീടിന് നൽകുക അഭംഗിയായിരിക്കും.

അതല്ല എങ്കിൽ ഫർണിച്ചറുകൾ, ഡോറുകൾ എന്നിവയ്ക്ക് അനുസരിച്ച് പെയിന്റ് തിരഞ്ഞെടുത്ത് മാറ്റി നൽകാവുന്നതുമാണ്.

5) ആക്സസറീസിന്‍റെ അമിത ഉപയോഗം.

പലപ്പോഴും വീട് നിർമ്മിച്ചു കഴിഞ്ഞാൽ ആ വീട്ടിലേക്ക് എന്തെല്ലാം ആക്സസറീസ് വാങ്ങണം എന്നതിനെപ്പറ്റി ഒരു കൃത്യമായ ധാരണ പലർക്കും ഉണ്ടാവില്ല.

ആവശ്യമില്ലാത്ത സാധനങ്ങളെല്ലാം വാങ്ങി കൂട്ടുകയും പിന്നീട് അവ അറേഞ്ച് ചെയ്ത് വെക്കാൻ സ്ഥലം ഇല്ലാത്ത അവസ്ഥയും മിക്ക വീടുകളിലും കാണാറുണ്ട്. അതുകൊണ്ടുതന്നെ ഒരു ആക്സസറി വാങ്ങുന്നതിന് മുൻപ് അത് വീട്ടിലേക്ക് ആവശ്യമാണോ എന്നതും എവിടെ വക്കാം എന്നതും കൃത്യമായി പ്ലാൻ ചെയ്യുക.

6) ഹാഫ് സൈസ് കർട്ടനുകൾ

ഓൺലൈനിൽ വ്യത്യസ്ത ഡിസൈനിലും വലിപ്പത്തിലുമുള്ള കർട്ടനുകൾ ലഭിക്കുന്നുണ്ട്. ഇവയിൽ തന്നെ ഫുൾ സൈസ് കർട്ടനുകളും, ഹാഫ് സൈസ് കർട്ടനുകളും ലഭ്യമാണ്.

എന്നാൽ മിക്ക ആളുകളും ചൂസ് ചെയ്യുന്നത് ഹാഫ് സൈസ് കർട്ടനുകൾ ആണ്. ഇങ്ങനെ ചെയ്യുന്നത് വഴി പലപ്പോഴും റൂമുകൾക്ക് ഒട്ടും വലിപ്പമില്ലാത്ത അവസ്ഥ തോന്നിപ്പിക്കും.

അതുകൊണ്ടുതന്നെ ഫുൾ സൈസ് കർട്ടനുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ റൂമിന് വലിപ്പം തോന്നിപ്പിക്കാൻ സഹായിക്കും . കടും നിറങ്ങളിലുള്ള കർട്ടനുകൾ തിരഞ്ഞെടുത്താൽ അവ റൂമിനകത്ത് ഇരുട്ട് ഉള്ള അവസ്ഥ ഉണ്ടാക്കുന്നു.

അതേസമയം ലൈറ്റ് നിറങ്ങളിലുള്ള കർട്ടനുകൾ വീടിനകത്തേക്ക് കൂടുതൽ പ്രകാശം നൽകുന്നതിനു സഹായിക്കും.

7) കാർപെറ്റ് തിരഞ്ഞെടുക്കുമ്പോൾ

യഥാർത്ഥത്തിൽ നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് കാർപെറ്റ് ആവശ്യമാണോ എന്നത് ചിന്തിക്കേണ്ട ഒരു കാര്യം തന്നെയാണ്. ആർഭാടത്തിന്റെ ഭാഗമായി പലരും കാർപെറ്റ് വീട്ടിനകത്തേക്ക് വാങ്ങി കൂട്ടാറുണ്ട്.

എന്നാൽ ഓരോ സ്ഥലത്തിനും അനുയോജ്യമായ രീതിയിൽ വേണം കാർപെറ്റ് കൾ തിരഞ്ഞെടുക്കാൻ. റൂമിലെ സൈസ്, ഉപയോഗിച്ച് പെയിന്റ് കർട്ടനുകൾ എന്നിവയുടെ നിറത്തെ അടിസ്ഥാനമാക്കി വേണം കാർപെറ്റ് തിരഞ്ഞെടുക്കാൻ.

8) പെയിന്റ് തിരഞ്ഞെടുക്കേണ്ട രീതി

ഇന്റീരിയർ, എക്സ്റ്റീരിയർ എന്നിവയ്ക്ക് പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ വ്യത്യസ്ത രീതികൾ ആണ് ഉപയോഗിക്കുന്നത്. സാധാരണയായി ആളുകൾ വീടിന്റെ പുറം ഭാഗത്തിന് ലൈറ്റ് നിറങ്ങൾ തിരഞ്ഞെടുക്കാൻ ആണ് ആഗ്രഹിക്കുന്നത്. എന്നാൽ ഇത് ഓരോരുത്തർക്കും അവരുടെ ഇഷ്ടാനുസരണം മാറ്റം വരുത്താവുന്നതാണ്.

അതേസമയം വീടിന്റെ ഇന്റീരിയറിൽ പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ ഡാർക്ക് നിറങ്ങൾ കൂടുതലായി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് വീടിനകത്ത് വെളിച്ചം ഇല്ലാത്ത ഒരു അവസ്ഥയാണ് നൽകുക. അതേസമയം ഡാർക്ക് കളറുകൾ ഉപയോഗിക്കണം എന്ന് നിർബന്ധമുള്ളവർക്ക് ഒരു പ്രത്യേക വാളിൽ മാത്രം ഡാർക്ക് നിറങ്ങൾ പരീക്ഷിക്കാവുന്നതാണ്.

റൂമുകൾക്കു വേണ്ടി പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ കുട്ടികളുടെ റൂമുകൾക്ക് അവരുടെ ഇഷ്ടാനുസരണം ഏതെങ്കിലും ഒരു ലൈറ്റ് നിറം തിരഞ്ഞെടുത്ത് നൽകാവുന്നതാണ്.

9) ഫ്ലോറിങ് മെറ്റീരിയൽ

പലർക്കും ഫ്ലോറിങ്ങിനെ പറ്റി ഒരു കൃത്യമായ ധാരണ ഇല്ലാതെ ഓരോ റൂമിനും ഓരോ രീതിയിലുള്ള ടൈലുകൾ തിരഞ്ഞെടുക്കുന്നത് പലപ്പോഴും കാണാറുണ്ട്.

ഇങ്ങനെ ചെയ്യുന്നത് വഴി വീട് നിർമാണത്തിൽ ചിലവ് കൂടും എന്ന് മാത്രമല്ല അത് വീടിന് മൊത്തത്തിൽ ഒരു അഭംഗി നല്കുന്നതിനും കാരണമാകും.

അതുകൊണ്ടുതന്നെ ബാത്റൂം, കിച്ചൺ എന്നിവിടങ്ങളിലേക്ക് മാത്രം പ്രത്യേകം ടൈലുകൾ തിരഞ്ഞെടുക്കുകയും വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് കോമൺ ആയി ഒരു നിറത്തിലുള്ള ടൈൽ തിരഞ്ഞെടുക്കുന്നതുമാണ് കൂടുതൽ നല്ലത്.

10) സീലിംഗ് വർക്കുകൾ

ഇന്ന് മിക്ക വീടുകളിലും സീലിങ് വർക്കുകൾ ചെയ്യുന്നുണ്ട്. എന്നാൽ പലപ്പോഴും അവയെ പറ്റി വ്യക്തമായ ധാരണ ഇല്ലാതെയാണ് ഇത്തരം വർക്കുകൾ ചെയ്യുന്നത്.

ഉപയോഗിക്കേണ്ട മെറ്റീരിയലുകളെ പറ്റി ധാരണ ഇല്ലാത്തതും, ഡിസൈനുകൾ തിരഞ്ഞെടുക്കുന്നതിലും പലരീതിയിലുള്ള തെറ്റുകൾ ആണ് മിക്കവർക്കും സംഭവിക്കുന്നത്. സീലിംഗ് വർക്ക് ചെയ്യേണ്ടത് ഓരോ ഭാഗത്തേയും അനുസരിച്ചാണ്.

അതായത് ലിവിങ് റൂമിന് നൽകുന്ന രീതിയിലുള്ള സീലിംഗ് വർക്കുകൾ ആയിരിക്കില്ല ബെഡ്റൂമിന് നൽകേണ്ടത്. ലേബേഴ്സ് നൽകുന്ന ഡിസൈനുകൾ ക്ക് അനുസരിച്ചല്ല സീലിംഗ് വർക്കുകൾ ചെയ്യേണ്ടത്.

മറിച്ച് നിങ്ങളുടെ വീടിന്റെ വലിപ്പം, മറ്റുകാര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി വേണം ഏത് രീതിയിലുള്ള സീലിംഗ് ആണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കാൻ.

ഇന്റീരിയർ വർക്കിൽ പറ്റുന്ന ചെറിയ ഒരു പാകപ്പിഴ പോലും വീടിന്റെ മൊത്തം ഭംഗിയെ ബാധിക്കുമെന്ന കാര്യം എപ്പോഴും ഓർത്തിരിക്കുക.