പുതിയതായി ഒരു വീട് വാങ്ങുമ്പോൾ ശ്രദ്ധ നൽകേണ്ട കാര്യങ്ങളും, ഉണ്ടാകാൻ സാധ്യതയുള്ള അബദ്ധങ്ങളും.

മിക്ക മലയാളികളുടേയും ജീവിതാഭിലാഷം ഒരു വീട് സ്വന്തമാക്കുക എന്നതാണ്. പലപ്പോഴും സ്ഥലം വാങ്ങി ഒരു വീട് നിർമ്മിക്കുകയോ, അതല്ല എങ്കിൽ നിർമ്മാണം പൂർത്തിയായ വീട് വാങ്ങുകയോ ആണ് മിക്ക ആളുകളും ചെയ്യുന്നത്. വീട് നിർമ്മിക്കുമ്പോൾ തങ്ങളുടെ ഇഷ്ടാനുസരണം കാര്യങ്ങൾ പറഞ്ഞു ചെയ്യിക്കാൻ സാധിക്കും.

അതേസമയം പണിതീർന്ന ഏതെങ്കിലും ഒരു വീട് വാങ്ങുമ്പോൾ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കാൻ സാധിക്കണമെന്നില്ല.

എന്നിരുന്നാലും വാങ്ങുന്ന വീടിന് യാതൊരുവിധ പ്രശ്നങ്ങളും ഇല്ല എന്ന് ഉറപ്പിക്കുന്നതിലാണ് പ്രധാന കാര്യം. വീട് വാങ്ങുമ്പോൾ മിക്കവർക്കും പറ്റുന്ന അബദ്ധങ്ങളും, ശ്രദ്ധ നൽകേണ്ട കാര്യങ്ങളെ പറ്റിയും വിശദമായി മനസ്സിലാക്കാം.

വീട് തിരഞ്ഞെടുക്കേണ്ട രീതി

ഒരു വീട് വാങ്ങാൻ ഉദ്ദേശിക്കുമ്പോൾ ഒരുബ്രോക്കർ മുഖാന്തരം, അല്ലെങ്കിൽ പത്രപരസ്യങ്ങൾ വഴിയൊക്കെ ആവും വീടുകളെ പറ്റി അറിയുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ ആദ്യം മിക്ക ആളുകളും അന്വേഷിക്കുക വീടിന്റെ വലിപ്പം, റൂമുകളുടെ എണ്ണം, വീടിന്റെ ഒരു ഫോട്ടോ, വീഡിയോ എന്നിവയെല്ലാം ആയിരിക്കും.

അതിനുശേഷം വീട് കണ്ട് ഇഷ്ടപ്പെട്ടാൽ വീടിന്റെ വിലയുടെ കാര്യങ്ങളെപ്പറ്റി സംസാരിക്കും. ഇവിടെ മിക്ക ആളുകളും വിട്ടുപോകുന്ന ചില സംഗതികളുണ്ട്.

വീട് നിർമ്മിച്ചു നൽകുന്ന പ്രമുഖ ബിൽഡർമാരുടെ പക്കൽ നിന്നും വീട് വാങ്ങുമ്പോൾ അതിൽ കൂടുതൽ വിശ്വാസ്യത തോന്നാറുണ്ട്.

അത്തരം ബിൽഡർമാരെ തിരഞ്ഞെടുക്കുമ്പോൾ അവർ റെപ്യുട്ടേഷൻ നോക്കുന്നത് കൊണ്ട് തന്നെ വീടിന്റെ ക്വാളിറ്റിയുടെ കാര്യത്തിൽ പലപ്പോഴും കോംപ്രമൈസ് ചെയ്യില്ല. അതിനനുസരിച്ച് ഒരു ഉയർന്ന വില വീടിന് നൽകേണ്ടതായും വരും.

പ്രധാനമായും പ്രമുഖ ബിൽഡേഴ്സ് പണിയുന്നത് ലക്ഷ്വറി ടൈപ്പ് വില്ലകൾ ആയിരിക്കും. ഒരു സാധാരണക്കാരനെ സംബന്ധിച്ച് ഉയർന്ന വില കൊടുത്ത് പ്രീമിയം വില്ലകൾ വാങ്ങാൻ താല്പര്യമുണ്ടാകില്ല.

ഇവിടെ മനസ്സിലാക്കേണ്ട വസ്തുത നല്ല ബിൽഡമാർ ക്വാളിറ്റിയിൽ പണിയുന്ന വീടിന് നല്ല തുക ചിലവഴിക്കേണ്ടി വരും എന്നത് തന്നെയാണ്.

എന്നാൽ ഏതെങ്കിലും ഒരു സാധാരണ ബിൽഡറുടെ കയ്യിൽനിന്നും വീടു വാങ്ങുകയാണെങ്കിൽ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

അതായത് വീട് നിർമ്മാണത്തിന് ഉപയോഗിച്ച കമ്പി, മണൽ, സിമന്റ്, കട്ട എന്നിവയുടെ ക്വാളിറ്റിയുടെ കാര്യം ഉറപ്പുവരുത്തേണ്ടതുണ്ട്. പലപ്പോഴും കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന വീടിന് അത്ര ക്വാളിറ്റി മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന വസ്തുത മനസ്സിലാക്കുക.

കുറഞ്ഞ വിലയിൽ വെള്ളം കയറുന്ന സ്ഥലങ്ങൾ വാങ്ങി വീട് നിർമ്മിച്ച് നൽകുന്ന ബിൽഡർമാരും ഉണ്ട്.

എന്നാൽ വീട് വാങ്ങുന്നയാൾക്ക് ഭൂമിയെപ്പറ്റി കൃത്യമായ അറിവ് ഉണ്ടായിരിക്കുകയില്ല. വെള്ളം കയറുന്ന ഭാഗം മണ്ണിട്ട് നിരപ്പാക്കി ആയിരിക്കും വീട് പണിയുന്നത്.

പിന്നീട് ശക്തമായ മഴ, വെള്ളപ്പൊക്കം എന്നിവ വരുമ്പോഴായിരിക്കും വീടിന്റെ പ്രശ്നങ്ങൾ ആരംഭിക്കുക.

പലപ്പോഴും കൃഷിയിടങ്ങൾ നികത്തി പണിത ബിൽഡിങ്ങുകൾ നിയമങ്ങൾ പാലിച്ചില്ല എന്ന് കണ്ടെത്തിയാൽ പൊളിച്ച് മാറ്റേണ്ടതായി വരാറുണ്ട്.

ഒരു കാരണവശാലും വീടിന്റെ പുറം ഭംഗി കണ്ടു മാത്രം വീട് വാങ്ങരുത്. വീടിന് അകത്തെ സൗകര്യങ്ങൾ കൃത്യമായി നോക്കി മനസ്സിലാക്കി വേണം വീട് വാങ്ങാൻ.

കുറഞ്ഞ വിലയിൽ വാങ്ങുന്ന വീടുകൾ കുറച്ചു കാലത്തെ ഉപയോഗത്തിന് ശേഷം പെയിന്റ് ഇളകി പോകുന്ന അവസ്ഥ, പ്ലംബിങ് തകരാറുകൾ, ക്രാക്കിംഗ് എന്നീ പ്രശ്നങ്ങൾ ഉണ്ടാകുനുള്ള സാധ്യതയുണ്ട്.

അതുകൊണ്ടു തന്നെ വീട് നിർമ്മിച്ചത് കൃത്യമായ ഒരു ബിൽഡറുടെ അല്ലെങ്കിൽ എൻജിനീയറുടെ നേതൃത്വത്തിൽ തന്നെയായിരുന്നു എന്ന കാര്യം ഉറപ്പു വരുത്തണം.

പലപ്പോഴും വീട് നിർമ്മാണത്തിനായി സമയം ഇല്ലാത്തവരാണ് ഒരു വീട് വാങ്ങുക എന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നത്.

വ്യത്യസ്ത ഘട്ടങ്ങളിലൂടെ കടന്ന് മാത്രമാണ് ഒരു വീട് നിർമ്മാണം പൂർത്തിയാകുന്നത്. പണി പൂർത്തിയായ ഒരു വീട് വാങ്ങുമ്പോൾ നമ്മൾ മനസ്സിൽ ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും ഒത്തു വരണമെന്നില്ല. വീടിന്റെ ഭംഗിയും, ക്വാളിറ്റിയും ഒത്തു വന്നാൽ ചിലപ്പോൾ അത് ഉദ്ദേശിച്ച സ്ഥലത്ത് ലഭിക്കണമെന്നില്ല.

വീട് വാങ്ങുന്നതിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ

വീട് തുടക്കത്തിൽ കാണാൻ പോകുമ്പോൾ ഉള്ള വഴി ആയിരിക്കില്ല ആ വീട്ടിലേക്കുള്ള യഥാർത്ഥ വഴി. പലപ്പോഴും വീട് വാങ്ങി സ്ഥിര താമസം തുടങ്ങുമ്പോൾ ആയിരിക്കും വഴി പ്രശ്നങ്ങൾ ഉടലെടുക്കുക.

അതുപോലെ കിണർ സൗകര്യം ഇല്ലായെങ്കിൽ പലപ്പോഴും പൈപ്പ് ലൈൻ 24 മണിക്കൂറും ലഭിക്കും എന്ന് പറഞ്ഞു പറ്റിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.

പകുതി പണി പൂർത്തിയായ വീട് വാങ്ങുമ്പോൾ എഗ്രിമെന്റിൽ പറഞ്ഞ കാര്യങ്ങൾ പൂർത്തിയായി വരുമ്പോൾ ചെയ്യണമെന്നില്ല.

കൂടാതെ വീടിന്റെ പെർമിറ്റ്, കറണ്ട് കണക്ഷൻ എന്നിവ ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.

പലപ്പോഴും വളരെ നിസാരമായി തോന്നുന്ന കാര്യങ്ങൾ ആയിരിക്കും ഭാവിയിൽ വീട് വാങ്ങിച്ചു കഴിഞ്ഞാൽ വലിയ പ്രശ്നങ്ങൾ ആയി മാറുക. അതുകൊണ്ടുതന്നെ ഒരു വീട് വാങ്ങാൻ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഈ കാര്യങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിക്കുക.