അലമാര അടുക്കൽ ഇനി തലവേദനയാകില്ല.

അലമാര അടുക്കൽ ഇനി തലവേദനയാകില്ല.മിക്ക വീടുകളിലും ഏറ്റവും കൂടുതൽ അലങ്കോലമായി കിടക്കുന്ന സ്ഥലമായിരിക്കും അലമാരകൾ അഥവാ വാർഡ്രോബുകൾ.

ബെഡ്റൂം, ലിവിങ് ഏരിയ, കിച്ചൻ എന്നിങ്ങനെ ഏത് ഭാഗങ്ങളിലെയും അവസ്ഥ ഒന്നു തന്നെയായിരിക്കും.

ആവശ്യത്തിന് സ്ഥലവും സൗകര്യങ്ങളും നൽകിയിട്ടുണ്ട് എങ്കിലും എങ്ങിനെയാണ് അലമാരകൾ അലങ്കോലമാകുന്നത് എന്നത് പലപ്പോഴും ആരുമധികം ശ്രദ്ധ നൽകുന്ന കാര്യമല്ല.

അലമാര അടുക്കൽ എളുപ്പമാക്കാനായി ചെയ്യാവുന്ന ചില കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

അലമാര അടുക്കൽ ഇനി തലവേദനയാകില്ല, പരീക്ഷിക്കാവുന്ന കാര്യങ്ങൾ.

അലമാരകൾ അലങ്കോലമാകുന്നതിനുള്ള ഏറ്റവും വലിയ കാരണം ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ വസ്തുക്കൾ ഇട കലർത്തി വയ്ക്കുന്നതാണ്.

അതിപ്പോൾ വസ്ത്രങ്ങൾ ആയാലും ചെരുപ്പിന്റെ കാര്യമായാലും വലിയ വ്യത്യാസമൊന്നും ഇല്ല. മിക്ക വീടുകളിലും ചെരിപ്പുകൾ സൂക്ഷിക്കുന്ന ഷെൽഫിൽ കാലങ്ങളായി ഉപയോഗിക്കാതെ വെച്ച ചെരിപ്പുകൾ ആയിരിക്കും കൂടുതലായും ഉണ്ടാവുക.

എന്നാൽ ഇവ ഉപയോഗിക്കാൻ സാധിക്കാതെ വരുമ്പോൾ തന്നെ അവ എടുത്തു മാറ്റുകയാണെങ്കിൽ ഈ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായി സാധിക്കും.

അതല്ലെങ്കിൽ ഉപയോഗിക്കുന്ന ചെരിപ്പുകളെല്ലാം ഒരു ഭാഗത്തേക്ക് മാറ്റിവയ്ക്കുകയും അല്ലാത്തവ ഷെൽഫിന്റെ മറ്റൊരു ഭാഗത്ത് അടുക്കിവെക്കുകയും ആകാം.

കുട്ടികളുടെ ചെറിയ ചെരിപ്പുകൾ വലിയ കേടുപാട് സംഭവിക്കാത്തവ അവ ഉപയോഗിക്കുന്നവരുണ്ടെങ്കിൽ വൃത്തിയാക്കി നൽകാവുന്നതാണ്.

വസ്ത്രങ്ങൾ തരം തിരിക്കുമ്പോഴും ഇതേ രീതി തന്നെ പിന്തുടരാം. കാലങ്ങളായി ഉപയോഗിക്കാതെ വച്ച വസ്ത്രങ്ങൾ വെറുതെ സ്ഥലം മുടക്കികളായി അലമാരയുടെ സ്ഥാനം കയ്യടക്കുകയാണ് പതിവ്.

അതുകൊണ്ടു തന്നെ ഇവയിൽ ആവശ്യമുള്ളവ മാത്രം തിരഞ്ഞെടുത്തു ബാക്കി സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഇല്ലാത്ത വസ്ത്രങ്ങൾ അവ ഉപയോഗിക്കുന്നവരെ അന്വേഷിച്ച് നൽകാവുന്നതാണ്.

മാത്രമല്ല ഉപയോഗശൂന്യമായ വസ്ത്രങ്ങൾ റീസെൽ ചെയ്യാവുന്ന നിരവധി വെബ്സൈറ്റുകളും ഇപ്പോൾ ലഭ്യമാണ്. അത്തരം ആളുകളെ കോൺടാക്ട് ചെയ്യുകയാണെങ്കിൽ അവർ വീട്ടിലെത്തി വസ്ത്രങ്ങൾ കലക്ട് ചെയ്ത് കൊണ്ടുപോകും.

കൃത്യമായി ഓർഗനൈസ് ചെയ്യാൻ.

വസ്ത്രങ്ങളും ചെരിപ്പുകളും മാത്രമല്ല അടുക്കളയിലെ പാത്രങ്ങളും വരെ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഭംഗിയായി ഓർഗനൈസ് ചെയ്തെടുക്കാം. അലമാരകൾക്കുള്ളിൽ ഉപയോഗിക്കാവുന്ന പ്രത്യേക ഓർഗനൈസറുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

വസ്ത്രങ്ങളിൽ തന്നെ ചെറുതും വലുതുമായ വസ്ത്രങ്ങൾ പ്രത്യേകം അറേഞ്ച് ചെയ്ത് വയ്ക്കാവുന്നതും, ജ്വല്ലറികൾ, മേക്കപ്പ് വസ്തുക്കൾ എന്നിവ ഓർഗനൈസ് ചെയ്യാവുന്നതുമായ ഓർഗനൈസറുകൾ ആവശ്യാനുസരണം വലിപ്പം നോക്കി വാങ്ങാവുന്നതാണ്.

കുട്ടികളുടെ ബെഡ്റൂമുകളിൽ പുസ്തകങ്ങൾ അടുക്കി വെക്കാൻ പ്രത്യേകം ഷെൽഫുകൾ,സ്റ്റഡി ടേബിൾ എന്നിവ അറേഞ്ച് ചെയ്ത് നൽകാം. കുട്ടികളുടെ ടോയ്സ് സൂക്ഷിക്കുന്നതിനായി ടോയ് ഓർഗനൈസറുകൾ തിരഞ്ഞെടുക്കാം.

ക്രയോൺസ്, പെൻസിലുകൾ,പെൻ എന്നിവ സൂക്ഷിക്കുന്നതിനും പ്രത്യേക ബോക്സുകൾ വാങ്ങി ഉപയോഗപ്പെടുത്താവുന്നതാണ്. ലിവിങ് ഏരിയയിൽ റിമോട്ട്, ബില്ലുകൾ എന്നിവ സൂക്ഷിക്കുന്നതിന് ആവശ്യമായ ഓർഗനൈസറുകൾ നോക്കി വേണം തിരഞ്ഞെടുക്കാൻ.

വീടിന്റെയും വാഹനങ്ങളുടെയും താക്കോൽ സൂക്ഷിക്കുന്നതിന് ഒരു കീ ഹോൾഡർ ഉപയോഗപ്പെടുത്താം. പഴയ പത്രങ്ങൾ, മാസികകൾ എന്നിവ സൂക്ഷിക്കുന്നതിന് വലിപ്പം കൂടിയ ഓർഗനൈസറുകൾ നോക്കി തിരഞ്ഞെടുക്കാവുന്നതാണ്.

ലിവിങ് ഏരിയയിൽ കുട്ടികൾ കളിക്കാനായി ഉപയോഗപ്പെടുത്തുന്ന ടോയ്സ് സൂക്ഷിക്കുന്നതിന് സീറ്റിംഗ് അറേഞ്ച്മെന്റോട് കൂടിയ ടോയ് ഓർഗനൈസറുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ ഒരു പ്രത്യേക സീറ്റ് കുട്ടികൾക്ക് ആവശ്യമായി വരുന്നില്ല. അടുക്കളയിലും പാത്രങ്ങൾ, മഗുകൾ എന്നിവയുടെ വലിപ്പ വ്യത്യാസങ്ങൾക്ക് അനുസരിച്ച് വേണം ഓർഗനൈസറുകൾ തിരഞ്ഞെടുക്കാൻ.

ഓയിൽ ഡിസ്പെൻസറുകൾ സൂക്ഷിക്കുന്നതിന് ചെറിയ ഓർഗനൈസർ ഉപയോഗപ്പെടുത്തുകയാണെങ്കിൽ അവ ഇരുന്നാൽ ഉണ്ടാകുന്ന കറ പാടെ ഒഴിവാക്കാവുന്നതാണ്.

സ്പൂൺ, തവി പോലുള്ള സാധനങ്ങൾ സെറ്റ് ചെയ്യുന്ന ഭാഗത്ത് പ്രത്യേകം ഷീറ്റുകൾ അല്ലെങ്കിൽ ന്യൂസ് പേപ്പർ നൽകുകയാണെങ്കിൽ അവയിൽ നിന്നും വെള്ളം വീണ് ഉണ്ടാകുന്ന കറകൾ ഒഴിവാക്കാനായി സാധിക്കും.

ഇത്തരത്തിൽ അടുക്കും ചിട്ടയോടും കൂടി വീട് ഭംഗിയാക്കി വയ്ക്കുകയാണെങ്കിൽ അത് വീടിനകത്ത് ഒരു പോസിറ്റീവ് എനർജി നൽകുന്നതിന് സഹായിക്കുകയും, ആവശ്യമുള്ള സാധനങ്ങൾ വളരെ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുകയും ചെയ്യും.

അലമാര അടുക്കൽ ഇനി തലവേദനയാകില്ല, ഇത്തരം കാര്യങ്ങൾ കൂടി പരീക്ഷിച്ചു നോക്കാം.