പ്രളയ സാധ്യത പ്രദേശങ്ങളിൽ വീട് നിർമ്മിക്കുമ്പോൾ.

image courtesy : Hindustan times

പ്രളയം എന്നത് മലയാളിക്ക് അപരിചിതം അല്ലാത്ത ഒരു വാക്ക് ആയിത്തീർന്നിരിക്കുന്നു.

വർഷത്തിൽ ഒന്നോ അതിലധികമോ തവണ കുതിച്ചുയർന്നു വരുന്ന വെള്ളത്തിന് മുമ്പിൽ നിസ്സഹായരായി നോക്കി നിൽക്കുകയാണ് മലയാളികൾ. പകരം വെക്കാനാകാത്ത നാശനഷ്ടങ്ങൾ ആണ് ഈ കുത്തൊഴുക്കിൽ നഷ്ടപ്പെട്ടു പോകുന്നത്.

പ്രളയം, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള വീടുകൾ ഒരുക്കാൻ ഇവയൊക്കെ ഒന്ന് അറിഞ്ഞിരിക്കൂ.

1

image courtesy : firstpost

ഒരു സ്ഥലം വാങ്ങി വീട് വെക്കുകയാണ് എങ്കിൽ നിർമ്മാണ പ്രവർത്തികൾ തുടങ്ങുന്നതിനുമുമ്പ് മണ്ണ് നിർബന്ധമായും ടെസ്റ്റ്‌ ചെയ്തിരിക്കുക. മണ്ണ് പരിശോധിച്ചാൽ മനസ്സിലാകും എത്രത്തോളം വെള്ളം ആഗിരണം ചെയ്യാൻ ആ മണ്ണിന് കഴിയും എന്നത്.

2

വാങ്ങിയ സ്ഥലത്തെ മരങ്ങൾ വെട്ടി മാറ്റാതെ സൂക്ഷിക്കുക. ചെറിയ തോടുകളും കുളങ്ങളും മണ്ണിട്ട് നികത്തി വീട് നിർമ്മിക്കുന്നത് ഫൗണ്ടേഷൻ വെള്ളത്തിൽ മുങ്ങുന്ന സാധ്യത കൂട്ടും. ഇത്തരത്തിലുള്ള വെള്ളം ഒഴുകുന്നതോ കെട്ടിനിൽക്കുന്നതോ ആയ സ്ഥലങ്ങൾ ഒഴിവാക്കുക.

3

the Indian express

കുന്നുകൾ പോലെയുള്ള സ്ഥലങ്ങളിൽ നിന്നും മണ്ണു നീക്കി വീട് നിർമിക്കുന്നതും, വയൽ, ചരിഞ്ഞ സ്ഥലങ്ങൾ തുടങ്ങിയവ നികത്തി വീട് വെയ്ക്കുന്നതും അപകടകരമാണ്. മഴ സമയങ്ങളിൽ മേൽമണ്ണിൽ അധികമായി വെള്ളം പിടിക്കുന്നത് മണ്ണിടിച്ചിലിന് കാരണമാകും.

4

നദികളുടെ സമീപം വീടുവയ്ക്കുമ്പോൾ നിയന്ത്രണ മേഖലയിൽ നിന്ന് സുരക്ഷിതമായ അകലത്തിൽ മാത്രമേ നിർമ്മിക്കാവൂ. കഴിഞ്ഞ പ്രളയ സമയത്ത് വെള്ളം പൊങ്ങിയ സ്ഥലങ്ങളിൽനിന്ന് ദൂരത്തേക്ക് വേണം വീടിന്റെ സ്ഥാനം കണ്ടെത്താൻ.

5

നിർമ്മാണം ആരംഭിക്കുന്നതിനു മുമ്പ് ഒരു ട്രയൽ പിറ്റ് കുഴിക്കുക കൂടാതെ പ്ലോട്ടിലെ മണ്ണിന് അനുയോജ്യമായ ഫൗണ്ടേഷനെ കുറിച്ച് എൻജിനീയറുടെ ഉപദേശം തേടുകയും ചെയ്യുക.

6

തറയോട് പാക്കാതെ മഴവെള്ളം മണ്ണിലേക്ക് ആഗിരണം ചെയ്യാൻ അനുവദിക്കുക. തറയോട് പാകുമ്പോൾ മഴവെള്ളം പുറത്തേക്ക് ഒഴുകുകയും അത് വെള്ളപ്പൊക്കത്തിന് തീവ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മണ്ണിലേക്ക് വെള്ളം ആഗിരണം ചെയ്യാൻ അനുവദിച്ചാൽ മാത്രമേ നമ്മുടെ കിണറുകളിൽ വെള്ളം ഊറി കൊള്ളുകയുള്ളൂ.

7

വീടിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ തന്നെ ശരിയായ മാലിന്യനിർമാർജന സംവിധാനവും ഒരുക്കുക.അല്ലെങ്കിൽ വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങൾ വെള്ളപ്പൊക്ക സമയത്ത് നദികൾ വഹിച്ചുകൊണ്ടുവന്ന് നമ്മുടെ കിണർ പോലെയുള്ള ജലസ്രോതസ്സുകളെ മലിനപ്പെടുത്തും. മാലിന്യം കൃത്യമായി സംസ്കരിക്കുന്നത് നമ്മുടെ തന്നെ ആവശ്യവും, നല്ല ഒരു പ്രവണതയും ആണ്.

8

image courtesy : news click

ചുരുങ്ങിയ ബജറ്റിൽ തന്നെ കോൺക്രീറ്റ് തൂണുകളിൽ ഭാരം കുറഞ്ഞ വീടുകൾ നിർമ്മിക്കാം. ഇങ്ങനെ നിർമിക്കുന്ന വീടുകൾ പ്രളയത്തെയും, ഭൂകമ്പത്തെയും നേരിടാൻ കഴിയുന്നവയാണ്.


വിദഗ്ധരുടെ അഭിപ്രായത്തിൽ കോൺക്രീറ്റ് കെട്ടിടങ്ങളുടെ അടിത്തറ PCC കോൺക്രീറ്റ് ഉപയോഗിച്ച് നിർമ്മിക്കുകയും അതിനുമുകളിലായി ഹാർഡ് റോക്കും സിമന്റും കലർത്തിയ മിക്സ്ചർ നിരത്തുകയും ചെയ്യുക. RR ഫൗണ്ടേഷനുകൾക്ക് ഒരു പരിധിവരെ ഈർപ്പം പിടിക്കുന്നത് തടയാൻ കഴിയും. ഫൗണ്ടേഷൻ നിർമ്മിക്കുമ്പോൾ അത്യാവശ്യം ഉയരത്തിൽ നിർമിക്കുന്നതാണ് ഏറ്റവും നല്ലത്.

9

ഒറ്റ നില വീടുകൾ വയ്ക്കുമ്പോൾ മൂലകളിൽ കോൺക്രീറ്റ് തൂണുകൾ നിർമ്മിക്കുന്നത് പ്രളയത്തിനുശേഷം ഭിത്തികളിൽ വിള്ളൽ ഉണ്ടാകാതിരിക്കാൻ ഫലപ്രദമാണ്.


1:6 അല്ലെങ്കിൽ 1:5 എന്ന അനുപാതത്തിൽ മാത്രമേ ഭിത്തികൾ നിർമ്മിക്കാവൂ. PCC യുടെ 1:3:6 എന്ന അനുപാതത്തിലും, രണ്ടിഞ്ച് വീതിയിലും ഫൗണ്ടേഷനു ചുറ്റും ബെൽറ്റ് നിർമ്മിക്കുന്നത് ഈർപ്പം കയറുന്നത് തടയും.

10

image courtesy : onmanorama

പ്ലോട്ടിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകാൻ ആവശ്യമായ ഡ്രെയിനേജ് സൗകര്യങ്ങളോ സ്‌ലോപ്കളോ നിർമ്മിക്കുക. എന്നാൽ ഇവ നിർമ്മിക്കുമ്പോൾ റോഡിലെ പൊതു ഡ്രെയിനേജ് സംവിധാനത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ ആകരുത്.