ഗ്രാനൈറ്റ്/മാർബിൾ ഫ്ളോറിങ് അറിയാം ഇവ

നിങ്ങളുടെ വീട് ഫ്ലോറിങ്ങിന് ഏത് മെറ്റീരിയൽ വേണം എന്ന് തീരുമാനിച്ചോ ? മാർബിൾ, ഗ്രാനൈറ്റ് ഇവയിൽ ഏതാണ് മികച്ചത് എന്നറിയാം .തിരഞ്ഞെടുക്കാം

ഗ്രാനൈറ്റ് ഫ്ളോറിങ്

ഗ്രാനൈറ്റും പ്രകൃതിയിൽ നിന്നുതന്നെ ലഭിക്കുന്നു.

വിവിധതരം നിറങ്ങളിലും വലുപ്പത്തിലും ഗ്രാനൈറ്റ് ലഭ്യമാണ്. ഏറ്റവും കൂടുതൽ ഖനനം നടക്കുന്നത് പ്രധാനമായും കർണാടക, ആന്ധ്ര, തമിഴ്നാട്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ്.

മാർബിളിൽ എന്നപോലെ ഗ്രാനൈറ്റിലും കനം കൂടിയവയും കുറഞ്ഞവയും ഉണ്ട്.

മിക്കവാറും ഗ്രാനൈറ്റുകൾ പോളിഷ് ചെയ്താണ് ലഭിക്കുന്നത്. കനം കുറഞ്ഞ ഗ്രാനൈറ്റ് ഇട്ടാൽ കാലക്രമേണ നിറം മങ്ങുകയും പൊട്ടലുകൾ ഉണ്ടാവുകയും ചെയ്യുന്നു. കേരളത്തിലെ കാലാവസ്ഥയിൽ കനം കുറഞ്ഞവ ഉപയോഗിച്ചാൽ ഈർപ്പം പിടിക്കാനും സാധ്യതയുണ്ട്.

കനമുള്ളവയിൽ റൂബിറെഡ്, ചില്ലിറെഡ്, പാരഡൈസോ, സ്റ്റീൽ ഗ്രേ, എല്ലാതരം കറുത്ത ഗ്രാനൈറ്റുകളും, റ്റാൻ ബ്രൗൺ, ഗ്യാലക്സി തുടങ്ങിയവയുമാണുള്ളത്. ഇപ്പോൾ ഇറ്റലി, ചൈന, ഈജിപ്റ്റ്, സ്പെയിൻ, ഓസ്ട്രേലിയ, നോർവേ എന്നീ രാജ്യങ്ങളിൽ നിന്നും ഗ്രാനൈറ്റ് ഇറക്കുമതി ചെയ്യുന്നുണ്ട്.

വിലയോ 300 രൂപ മുതൽ 1500 രൂപ വരെ. ഇവ നിറത്തിലും കനത്തിലും ഇന്ത്യൻ ഗ്രാനൈറ്റിനെപ്പോലെ തന്നെയാണ്.

ബ്ലാക്ക് ഗ്യാലക്സി ഗ്രാനൈറ്റ് ഏറ്റവും കൂടുതൽ ഖനനം ചെയ്യുന്നത് ആന്ധ്രാപ്രദേശിലെ ഓഗോൾ എന്ന സ്ഥലത്തുനിന്നുമാണ്.

സ്ക്വയർഫീറ്റിന് 120 രൂപ മുതൽ 1500 രൂപ വരെ വിലയുണ്ട്.

ഗ്രാനൈറ്റിനാണ് കേരളത്തിൽ കൂടുതൽ ഡിമാൻഡ്. കാരണം ഇത് വലിയ വലുപ്പത്തിൽ കിട്ടും. മാത്രമല്ല, പോളിഷ് ചെയ്തതുമാണ്. സാധാരണയായി സിറ്റ്ഔട്ട്, സ്റ്റെയർകെയ്സ്, കിച്ചൻടോപ്പ് എന്നീ സ്ഥലങ്ങളിലാണ് ഗ്രാനൈറ്റ് വിരിക്കുന്നത്.

വാങ്ങിക്കുമ്പോൾ കനം കൂടിയവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. തലമുടിനാരിന്റെ വലുപ്പത്തിലുള്ള പൊട്ടലുകൾ ഇല്ലെന്ന് ഉറപ്പുവരുത്തണം.

അതിലുപരി പോളിഷ് നല്ലതാണോ എന്നും ശ്രദ്ധിക്കണം.
ഗ്രാനൈറ്റിൽ വിവിധതരം പോളിഷുകൾ ചെയ്യാറുണ്ട്. ഓക്സൈഡ്, എപ്പോക്സി, എമിരി സ്റ്റോൺ എന്നിവയാണവ. ഇതിൽ എമിരി സ്റ്റോൺ പോളിഷ് കൂടുതൽ ഈടു നിൽക്കുന്നതാണ്.

മാർബിൾ ഫ്ളോറിങ്

മാർബിൾ ഒരു പ്രകൃതിദത്ത ഉൽപന്നമാണ്. ഏകദേശം അൻപതിൽപരം നിറങ്ങളിൽ ലഭ്യമാണ്. രാജസ്ഥാനാണ് മാർബിളിന്റെ ഉറവിടം.

ഗുജറാത്തിന്റെ ചില ഭാഗങ്ങളിലും മാർബിൾ ലഭ്യമാണ്. നിറങ്ങളിൽ ഏറ്റവും മികച്ചത് തൂവെള്ളയാണെന്നു പറയാം. ഇതിൽ 99% കാൽസ്യം കാർബണേറ്റ് അടങ്ങിയിരിക്കുന്നു.

മറ്റുള്ളവയിൽ 60-80% വരെ മാത്രമാണ് കാൽസ്യം കാർബണേറ്റ് ഉള്ളത്. അതുകൊണ്ട് ഇവ കാലക്രമേണ നിറം മങ്ങുകയും പൊടിഞ്ഞുപോവുകയും ചെയ്യുന്നു.

വെള്ള മാർബിൾ ഉൽപാദനത്തിൽ രാജസ്ഥാനിലെ മക്രാണ വളരെ പേരുകേട്ട സ്ഥലമാണ്. താജ്മഹൽ നിർമിച്ചിരിക്കുന്നതും തൂവെള്ള മാർബിളിലാണ്.

വെട്ടിത്തിളങ്ങുന്ന വിട്രിഫൈഡ് ടൈലിന്റെ പരിവേഷത്തിൽ മാർബിളിന്റെ തിളക്കം അൽപം മങ്ങിപ്പോയി എന്നു വേണമെങ്കിൽ പറയാം.

കേരളത്തിൽ 2500 സ്ക്വയർഫീറ്റിന് മുകളിൽ വീട് വയ്ക്കുന്ന ഏതൊരാൾക്കും നേരിട്ട് രാജസ്ഥാനിൽപോയി ഇഷ്ടമുള്ള നിറത്തിലും അളവിലും മിതമായ വിലയ്ക്ക് മാർബിൾ വാങ്ങിക്കൊണ്ടുവരാൻ പറ്റും.

ചില നിയമപ്രശ്നങ്ങൾ: ഫ്ലാറ്റ് അല്ലെങ്കിൽ വീട് വാങ്ങിക്കുമ്പോൾ നിയമപരമായി എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?