ഫ്ലാറ്റ് ജീവിതം തിരഞ്ഞെടുക്കുന്നതിനു മുൻപായി.

ഫ്ലാറ്റ് ജീവിതം തിരഞ്ഞെടുക്കുന്നതിനു മുൻപായി.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കൂടുതൽ ആളുകളും വിദേശത്ത് ജോലി ചെയ്യുന്നവരാണ്.

ജോലി ആവശ്യങ്ങൾക്ക് വേണ്ടി വിദേശത്ത് താമസമാക്കുന്നുവർ വെക്കേഷൻ സമയത്ത് നാട്ടിൽ വന്നാൽ താമസിക്കാനുള്ള ഒരിടം എന്ന രീതിയിൽ കൂടുതലായും തിരഞ്ഞെടുക്കുന്നത് ഫ്ലാറ്റുകളാണ്.

പ്രത്യേകിച്ച് ടൗണുകളോട് ചേർന്ന് ഫ്ലാറ്റ് തിരഞ്ഞെടുക്കുകയാണെങ്കിൽ എയർപോർട്ട് , റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും വളരെ പെട്ടെന്ന് എത്തിച്ചേരാൻ സാധിക്കും എന്നതും ഫ്ലാറ്റുകളോടുള്ള പ്രിയം വർദ്ധിപ്പിക്കുന്നു.

അതേസമയം ഒരു വീട് നൽകുന്ന സൗകര്യങ്ങളെല്ലാം ഫ്ലാറ്റ് നൽകുമോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല.

പലപ്പോഴും നാട്ടിൽ വലിയ ഒരു വീട് കെട്ടിയിട്ട് പിന്നീട് ഉപയോഗിക്കാതെ നശിച്ചു പോകുന്ന അവസ്ഥ പല സ്ഥലങ്ങളിലും കണ്ടുവരുന്നുണ്ട്.

അത്തരം സാഹചര്യങ്ങളിൽ ഫ്ലാറ്റുകൾ തിരഞ്ഞെടുക്കുന്നത് തന്നെയാണ് കൂടുതൽ ഉചിതം എന്ന് പറയേണ്ടി വരും.

ഫ്ലാറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

ഫ്ലാറ്റ് ജീവിതം തിരഞ്ഞെടുക്കുന്നതിന് മുൻപായി.

ഒരു ഫ്ലാറ്റ് വാങ്ങുമ്പോൾ പലരും പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണ് അതിനു വലിപ്പമില്ല എന്നത്. എന്നാൽ ഇവിടെ അറിഞ്ഞിരിക്കേണ്ട കാര്യം ഫ്ലാറ്റിന്റെ വലിപ്പത്തിൽ അല്ല കാര്യം ഉള്ളത്.

ഫ്ലാറ്റ് ലൊക്കേഷൻ, അതുമായി ബന്ധപ്പെട്ട പാർക്കിംഗ് സൗകര്യങ്ങൾ എന്നിവയിലെല്ലാമാണ്.

പലപ്പോഴും ഒരു സിറ്റിയുടെ അകത്ത് 5 സെന്റ് ഭൂമി വാങ്ങി വീട് വയ്ക്കുമ്പോൾ ചിലവഴിക്കേണ്ടി വരുന്ന തുകയുടെ പകുതി തുക കൈവശമുണ്ടെങ്കിൽ ഒരു ഫ്ലാറ്റ് വാങ്ങി എല്ലാവിധ സൗകര്യങ്ങളോടും കൂടി ജീവിക്കാൻ സാധിക്കും.

മാത്രമല്ല നമ്മുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഫ്ലാറ്റ് തിരഞ്ഞെടുക്കുക എന്നതിലാണ് പ്രാധാന്യം.

ഒരുപാട് മുറികളുള്ള വീടുകളിൽ പലപ്പോഴും ഒന്നോ രണ്ടോ മുറികൾ മാത്രമാണ് സ്ഥിരമായി ഉപയോഗിക്കുന്നത്.

അതേ സമയം ആവശ്യമുള്ള മുറികൾ മാത്രം ഉൾപ്പെടുന്ന രീതിയിൽ ഒരു ഫ്ലാറ്റ് തിരഞ്ഞെടുക്കുമ്പോൾ അവിടെ കൃത്യമായ രീതിയിൽ മുറികൾ ഉപയോഗപ്പെടുത്താൻ സാധിക്കും.

അതോടൊപ്പം തന്നെ പാർക്കിംഗ്, കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ പാർക്ക്, ക്ലബ്ബ് ഹൗസ്, നടക്കാനുള്ള സ്ഥലം, സിമ്മിംഗ് പൂൾ എന്നിവകൂടി ലഭിക്കുന്നതിലൂടെ ഫ്ലാറ്റിനെ ഒരു കാരണവശാലും വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്യാൻ സാധിക്കുകയില്ല.

ഫ്ലാറ്റുകളിൽ താമസിക്കാത്ത അവസ്ഥ വരുമ്പോൾ

പലരും ചെയ്യുന്ന ഒരു കാര്യമാണ് നാട്ടിൽ ഒരു ഫ്ലാറ്റ് വാങ്ങി ഇടുകയും പിന്നീട് ജോലി ആവശ്യങ്ങൾക്കും മറ്റുമായി പുറം രാജ്യങ്ങളിൽ സ്ഥിരതാമസമാക്കി തിരിഞ്ഞു നോക്കാത്ത അവസ്ഥയും.

ഇത്തരം സാഹചര്യങ്ങളിൽ സംഭവിക്കുന്നത് വാങ്ങിച്ചിടുന്ന ഫ്ലാറ്റ് കൂടുതൽ കാലം ഉപയോഗിക്കാതെ ഇടുമ്പോൾ അവ വാസയോഗ്യമല്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുക എന്നതാണ്.

പലപ്പോഴും തങ്ങൾ വാങ്ങിയ ഫ്ലാറ്റ് മറ്റുള്ളവർക്ക് വാടകയ്ക്ക് കൊടുക്കാൻ പോലും പലർക്കും താല്പര്യമില്ല.

അതുകൊണ്ടുതന്നെ താമസസൗകര്യം അന്വേഷിച്ച് കൂടുതൽ ആളുകൾ ദൂരസ്ഥലങ്ങളിൽ പോയി താമസിക്കേണ്ട അവസ്ഥയും നേരിടേണ്ടി വരാറുണ്ട്.

മാത്രമല്ല പല ആഡംബര ഫ്ലാറ്റുകളും സിറ്റിയോട് ചേർന്നാണ് ഉണ്ടാവുക. അതുകൊണ്ടുതന്നെ ചെറിയ രീതിയിലുള്ള ഫ്ലാറ്റുകൾ അവിടെ ലഭിക്കുക എന്നത് പലപ്പോഴും പ്രായോഗികമായ കാര്യമല്ല. ആഡംബര ഫ്ളാറ്റുകൾ വാങ്ങി ഉപയോഗ ശൂന്യമായി ഇടുന്ന തിനേക്കാൾ നല്ലത് അത്യാവശ്യ സൗകര്യങ്ങളോടു കൂടിയ ഒരു ഫ്ലാറ്റ് വാങ്ങി അവിടെ താമസത്തിന് വരുന്നതു വരെ റെന്റിനു നൽകുന്നത്.

ഫ്ലാറ്റ് തിരഞ്ഞെടുക്കുമ്പോൾ

ഒരു ഫ്ലാറ്റ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്. അവ നിർമ്മിച്ച് നൽകുന്ന ബിൽഡർമാരെ പറ്റി കൃത്യമായ അന്വേഷണം നടത്തണം. അല്ലാത്തപക്ഷം ചിലപ്പോൾ ഫ്ലാറ്റിന്റെ പണി പകുതിയിൽ ഉപേക്ഷിച്ച് പൂർത്തിയാക്കാതെ ഇട്ടു പോകുന്ന അവസ്ഥ പല പ്രമുഖ നഗരങ്ങളിലും കാണാറുള്ളതാണ്. മാത്രമല്ല ബിൽഡേഴ്സ് മുൻപ് ചെയ്ത പ്രൊജക്ടുകളെ പറ്റി വിശദമായി അന്വേഷിക്കുന്നതും ഏതെങ്കിലും രീതിയിലുള്ള നിയമപ്രശ്നങ്ങൾ നില നിൽക്കുന്നുണ്ടോ എന്ന കാര്യങ്ങളും അന്വേഷിക്കാവുന്നതാണ്. ഫ്ലാറ്റ് നിൽക്കുന്ന ഭാഗത്തേക്ക് ഉള്ള വഴി, സ്ഥല ഉടമയെ പറ്റിയുള്ള വിവരങ്ങൾ, ജലലഭ്യത, വേസ്റ്റ് മാനേജ്മെന്റ്, സെക്യൂരിറ്റി ഫീച്ചറുകൾ എന്നിവയെപ്പറ്റിയെല്ലാം കൃത്യമായി ചോദിച്ച മനസ്സിലാക്കിയ ശേഷം വേണം എഗ്രിമെന്റ് എഴുതാൻ.

ബിൽഡേർസ് പറയുന്ന എല്ലാ കാര്യങ്ങളും എഗ്രിമെന്റിൽ ചേർത്തുവേണം എഴുതി വാങ്ങാൻ. ബിൽഡറുടെ ഭാഗത്തു നിന്നും ചെയ്ത് തരാമെന്ന പറഞ്ഞ വർക്കുകൾ എല്ലാം ഒരു എഗ്രിമെന്റ് എഴുതി ഇടുകയാണെങ്കിൽ ഭാവിയിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാതെ നോക്കാം. മാത്രമല്ല കെട്ടിട നിയമങ്ങളെല്ലാം പാലിച്ചു കൊണ്ടാണ് ഫ്ലാറ്റ് നിർമ്മിക്കുന്നത് എന്ന കാര്യം ഉറപ്പുവരുത്തേണ്ടതുണ്ട്. അതല്ല എങ്കിൽ പിന്നീട് നിയമപ്രശ്നങ്ങൾ വരികയാണെങ്കിൽ കെട്ടിടം പൊളിച്ചു മാറ്റേണ്ട അവസ്ഥ വരെ ഉണ്ടാകും. ഓരോ ഘട്ടത്തിലും എത്ര തുകയാണ് നിങ്ങൾ നൽകേണ്ടി വരിക എന്നതിനെപ്പറ്റി ഒരു കൃത്യമായ ധാരണ ഉണ്ടാക്കി വയ്ക്കണം. രജിസ്ട്രേഷൻ ,പൊസഷൻ, പണി പൂർത്തിയാക്കി തരുന്ന വർഷം എന്നിവയെ പറ്റിയെല്ലാം ചോദിച്ച് മനസ്സിലാക്കിയതിനു ശേഷം മാത്രമേ അഡ്വാൻസ് തുക പോലും നൽകാൻ പാടുള്ളൂ.

ഫ്ലാറ്റ് ജീവിതം തിരഞ്ഞെടുക്കുന്നതിനു മുൻപായി ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ പിന്നീട് പ്രശ്നങ്ങളിൽ പോയി ചാടേണ്ടി വരില്ല.