ഒരു രൂപ കടം വാങ്ങാതെ ആടിനെ വിറ്റും തേങ്ങ വെട്ടിയും സ്വരുക്കൂട്ടി ഒരുക്കിയ ഒരു ഉഗ്രൻ വീട്

9 ലക്ഷം രൂപയ്ക്ക് (₹9,00,000/-) 700സ്ക്വയർഫീറ്റിൽ ഒരുക്കിയിരിക്കുന്ന ഈ മനോഹരമായ കൊച്ചു വീടിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതൊന്നുമല്ല. കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയിൽ ഷറഫുദ്ദീനും, ഭാര്യയും, മാതാവും അടങ്ങുന്ന ഈ കൊച്ചു കുടുംബത്തിന് ഒരു വീട് വെക്കണം എന്ന് ആഗ്രഹം ഉണ്ടാവുകയും. എന്നാൽ അതിനായി ഒരു രൂപ ആരുടെ കയ്യിൽ നിന്നും കടം വാങ്ങുകയില്ല എന്ന തീരുമാനം എടുക്കുകയും ചെയ്തു.

അന്യരുടെയും അയൽപക്കകാരുടെയും വീടുകൾ കണ്ടു കൊതിച്ച്, അതുപോലെ ഒന്ന് ആക്കി തീർക്കാനായി ശ്രമിച്ച് കടക്കെണിയിൽ ആകുകയില്ല എന്ന് ഷറഫുദ്ദീൻ ആദ്യംതന്നെ തീരുമാനമെടുത്തിരുന്നു. അങ്ങിനെ ആ തീരുമാനത്തിന്റെ ബലത്തിലാണ് ഈ കൊച്ചു അതിമനോഹരമായ വീട് ഒരുങ്ങിയത്. അതുതന്നെയാണ് ഈ വീടിന്റെ വലിയ പ്രത്യേകതയും

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് 700 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. സ്ക്വയർഫീറ്റിന് 45 രൂപ മാത്രം വിലയുള്ള ടൈലുകൾ ആണ് ഫ്ലോറിങ്ങിനു ഉപയോഗിച്ചിരിക്കുന്നത്. വില അല്പം കുറവാണ് എങ്കിലും ഈ വീടിന്റെ ലാളിത്യത്തോട് ചേർന്നു നിൽക്കുന്നതും, ഏറ്റവും മനോഹരമാക്കുന്നതും ഈ ടൈലുകൾ തന്നെയാണ്.

മഡ് ലോക്ക് കട്ടകൾ ഉപയോഗിച്ച് കൊണ്ടാണ് ഭിത്തികളുടെ നിർമാണം. മഡ് ലോക്ക് കട്ടകൾ ആയതുകൊണ്ട് പ്ലാസ്റ്ററിങ്ങിന്റെ അധികച്ചെലവും ഇതിലൂടെ കുറയ്ക്കാനായി. സിറ്റൗട്ടിന്റെയും അടുക്കളയുടെയും റൂഫിങ് കോൺക്രീറ്റിലാണ് ചെയ്തിരിക്കുന്നത് . ബാക്കിയുള്ള ഭാഗങ്ങൾ ട്രസ് വർക്ക് ചെയ്തതിനുശേഷം നാടൻ ഓട് പാകി മനോഹരമാക്കിയിരിക്കുന്നു. ഓട് പാകിയിരിക്കുന്നതുകൊണ്ടുതന്നെ വീടിനുള്ളിൽ എപ്പോഴും കുളിർമയുള്ള അന്തരീക്ഷം നിലനിൽക്കുന്നുണ്ട്.

അത്യാവശ്യം വിസ്തൃതമായ സിറ്റൗട്ട് നയിക്കുന്നത് സ്വീകരണമുറിയിലേക്കാണ് ലിവിങ് ഏരിയയും, ഡൈനിങ് ഏരിയയും തമ്മിൽ സെപ്പറേഷൻ ഒന്നും ചെയ്തിട്ടില്ല, അതുകൊണ്ടുതന്നെ അതിവിശാലമായ ഒരു ഫീൽ ഈ ചെറിയ സ്വീകരണമുറിയിൽ നിന്ന് ലഭിക്കുന്നുണ്ട്.


രണ്ട് ബെഡ്റൂം ആണ് ഈ വീട്ടിലുള്ളത്. ഒരു മോഡേൺ റിസോർട്ടിന്റെ മാതൃകയിലാണ് ഈ 2 ബെഡ് റൂമുകളും ഒരുക്കിയിരിക്കുന്നത്. ബെഡ് റൂമുകൾക്ക് നടുവിലായി ഒരു കോമൺ ബാത്ത് റൂമും ഒരുക്കിയിട്ടുണ്ട്.


ഒരു അടുക്കളയും അടുക്കള യോടൊപ്പം തന്നെ ഒരു വർക്ക് ഏരിയയും ഒരുക്കിയിരിക്കുന്നു.
കൃത്യമായ ആസൂത്രണത്തോടെയും ഉറച്ച തീരുമാനങ്ങളോടെയും നിർമ്മിച്ചിരിക്കുന്ന ഈ വീട് ഒരുക്കാനായി ഒൻപതു ലക്ഷം രൂപ മാത്രമേ ആവശ്യമായി വന്നുള്ളൂ.

ഇതിന്റെ ഉടമസ്ഥനായ ഷറഫുദ്ദീൻ തെങ്ങുകയറ്റത്തൊഴിലാളിയും, ആട് കർഷകനുമാണ് അതിൽനിന്നു കിട്ടുന്ന ചെറിയ വരുമാനത്തിൽ നിന്നാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. വീടുവെച്ച് കടക്കെണിയിൽ ആകുന്ന മലയാളികൾ കണ്ട് പഠിക്കേണ്ട ഒരു പാഠം തന്നെയാണ് ഷറഫുദ്ദീൻ.

Area: 700 Sqft
Plot: 6 Cent
Client : Mr. Sharafudheen
Location: Omassery, Calicut
Designer : Salih, Maak Engineers & Builders (maak_engineers_builders) Calicut.
Budget : 9 Lakhs