പെയിന്റും നനവും ചേരില്ല: ഈർപ്പം കാരണം പെയിൻറിംഗ് വരാവുന്ന ചില പ്രശ്നങ്ങൾ

പെയിൻറിംഗും നനവും ചേരില്ല. അതുപോലെതന്നെ പെയിൻറിങ്ങും മഴയും. 

ധാരാളം മഴ കിട്ടുന്ന ഒരു നാടാണ് നമ്മുടേത്. പലപ്പോഴും കാലക്രമം അനുസരിച്ചാണ് മഴയുടെ വരവും. 

എന്നാൽ കാലാവസ്‌ഥ തകിടം മറിഞ്ഞ ഈ കാലത്ത് എപ്പോൾ മഴപെയ്യും എന്നോ ഇല്ലെന്നോ തീർത്തു പറയാനാവില്ല. വീട് നിർമ്മാണത്തെ സംബന്ധിച്ച് പുറത്തേ പെയിൻറിങ് വർക്കും, നേരം തെറ്റി വരുന്ന മഴയും ശത്രുക്കളാണ്.

മഴ പെയ്യുമ്പോൾ നാം ആരും പെയിൻറിങ് നടത്താറില്ല. എങ്കിലും ഒരു ശക്തമായ മഴയ്ക്ക് എത്രനാൾ ശേഷമാണ് പിന്നീട് പെയിൻറിങ് തുടരാൻ കഴിയുക എന്നത് നാം പരക്കെ കേൾക്കുന്ന ഒരു ചോദ്യമാണ്. അതുപോലെതന്നെ ഒരു മഴക്കാലം മുഴുവൻ നനവിനോട് വിധേയമായ ചുവരുകൾ പിന്നീട് ഏതെങ്കിലും ട്രീറ്റ്മെൻറ്റിന് ശേഷം മാത്രമാണോ പെയിൻറിങ് ചെയ്യേണ്ടത് എന്നുള്ളതും ചോദ്യം തന്നെ.

ഈ വിഷയവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ആണ് ഈ ലേഖനത്തിൽ കുറിക്കുന്നത്:

മഴയും പെയിൻറിങ്ങും

വീട് നിർമാണ സമയത്തും തേപ്പിന്റെ സമയത്തുമെല്ലാം ശക്തിയായ മഴ ഉണ്ടാകുകയും പിന്നീട് അവ തോർന്നതിന് ശേഷം നാം പെയിൻറിംഗ് പുനരാരംഭിക്കുകയും ചെയ്യുന്നു.

എന്നാൽ ഇങ്ങനെ പെയിൻറിംഗ് ചെയ്‌തതിനു ശേഷം പെയിൻറ് പൊളിഞ്ഞു വരുന്നത് വലിയൊരു പ്രശ്നമായി മാറാറുണ്ട്. പാളികളായി പെയിൻറ് പൊളിഞ്ഞു വരുന്നതാണ് ഇങ്ങനത്തെ അവസരങ്ങളിൽ കാണുന്നത്. 

ഈ വിഷയവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിൽ ഏറ്റവുമാദ്യം എന്നു പറയുന്നത്

അനുയോജ്യമായ കാലാവസ്ഥയിൽ മാത്രമേ പെയിന്റ് ജോലികൾ നടത്താവൂ എന്നുള്ളതാണ്. 

പെയിൻറിങ് ചെയ്യുമ്പോൾ അതിനടിയിൽ പൊടി, ചെളി, ഈർപ്പം ഇവയൊന്നും  കയറിക്കൂടുന്നത് നല്ലതല്ല. മാത്രമല്ല ഈർപ്പം ഭിത്തിയിൽ ലവണാംശമുണ്ടാകാൻ ഇടയാക്കുകയും ചെയ്യും. ഇത് പെയിൻറിനെ നശിപ്പിക്കും. 

ഇനി ഇങ്ങനെ ഒരു അവസ്ഥ വന്നാൽ ഒരിക്കലും പൊളിഞ്ഞിളകുന്ന പാളിയുടെ മുകളിൽ പെയിൻറടിക്കരുത്. പകരം പഴയ പെയിന്റ് ഉരച്ച് കളയുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇങ്ങനെ ചെയ്തതിനുശേഷം അതിന് മുകളിൽ  പ്രൈമർ അടിക്കുക. 

ഇതിനുശേഷം പുട്ടിയിട്ടിട്ട് നന്നായി മിനുസപ്പെടുത്തിയതിനുശേഷം പുതിയ പെയിൻറിംഗ് ആരംഭിക്കാം.

പെയിൻറിങ് ശേഷം ഈർപ്പം കാരണം ഉണ്ടാകുന്ന പാച്ചുകൾ (patches)

ഭിത്തിയിൽ പെയിന്റ് അടിച്ചതിന് മാസങ്ങൾക്ക് അകം തന്നെ ഭിത്തിയിൽ പാച്ചുകൾ പോലെ വരുന്നതും നാം വ്യാപകമായി കാണുന്നതാണ്.

പെയിന്റ് ചെയ്യുന്ന സമയത്ത് പൊടിയോ ഈർപ്പമോ കയറിയാൽ പാച്ചുകൾ ഉണ്ടാകുന്നതിന് കാരണമാകും. ഈർ‍പ്പം മാറുന്നതിനു മുമ്പ് പെയിൻറ് ചെയ്യുന്നതുമൂലം പൂപ്പൽ പിടിക്കുന്നതാണ് ഭിത്തിയിലുണ്ടാകുന്ന ഈ പാച്ചുകൾക്കു പ്രധാന കാരണം. 

ഇങ്ങനെ വരുമ്പോൾ മുറിയിലെ വെൻറിലേഷൻ ക്രമീകരിച്ച് ഒരു പരിധിവരെ ഇത് പരിഹരിക്കാം. ജനാലകൾ തുറന്നിടുന്നതും എക്സ്ഹോസ്റ്റ് ഫാൻ ഘടിപ്പിക്കുന്നതും ഇതിനുളള മറ്റ് പരിഹാരങ്ങളാണ്. 

അതുപോലെതന്നെ ഈർപ്പമുളള ചുവരിൽ വോൾ പേപ്പർ ഒട്ടിക്കുമ്പോഴും ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. ഇങ്ങനെയുള്ള അവസരത്തിൽ  ഫംഗസിനെ നിയന്ത്രിക്കാനുളള പശയുപയോഗിച്ച് വോൾ പേപ്പർ ഒട്ടിച്ചാൽ ഇതും ഒരു പരിധിവരെ പരിഹരിക്കാം.