4.1 സെന്റിലെ മനോഹര ഭവനം.പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന മാതൃകയാണ് കോഴിക്കോട് ജില്ലയിലെ ജാവേദിന്റെ വീട്.

കുറഞ്ഞ സ്ഥലത്ത് കൂടുതൽ സൗകര്യങ്ങളോടു കൂടി നിർമ്മിച്ച ഈ വീടിന്റെ പേര് ‘എയ്ഷ് ‘ എന്നാണ് നൽകിയിരിക്കുന്നത്.

അറബിയിൽ കൂട് എന്നതാണ് ഈ വാക്കിന്റെ അർത്ഥം. എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് നിർമ്മിച്ച ഈ ഇരുനില വീടിന്റെ കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാം.

4.1 സെന്റിലെ മനോഹര ഭവനം, കൂടുതൽ വിശേഷങ്ങൾ.

1989 ചതുരശ്ര അടിയാണ് ഈ ഇരുനില വീടിന്റെ ആകെ വിസ്തീർണ്ണം. വീടിന്റെ എടുത്തു പറയേണ്ട പ്രത്യേകത കരിങ്കല്ല് ഉപയോഗിച്ച് നിർമ്മിച്ച ചുമരുകളാണ്.വീട്ടിലേക്ക് പ്രവേശിക്കുന്ന ഏതൊരു വ്യക്തിയുടെയും ശ്രദ്ധ ആദ്യം പിടിച്ചു പറ്റുക ഈ ഭിത്തികളിലേക്കാണ്. മാത്രമല്ല ഇത് വീടിന് ഒരു റസ്റ്റിക് ലുക്ക് കൊണ്ടു വരാനും സഹായിച്ചു.

വീട് നിർമ്മാണത്തിലെ ചിലവ് പരമാവധി കുറക്കുന്ന രീതിയിലുള്ള ഇന്റീരിയർ വർക്കുകളാണ് ചെയ്തിട്ടുള്ളത്. വലിയ ആർഭാടങ്ങളൊന്നും കാണിക്കാതെ മിനിമലിസ്റ്റിക് ആശയത്തെ പിന്തുടർന്നു കൊണ്ടാണ് ഇന്റീരിയർ ഡിസൈൻ ചെയ്തത്.

പ്രകൃതിക്ക് ഹാനികരമല്ലാത്ത രീതിയിൽ നിർമ്മിച്ച വീടിന് എല്ലാവിധ സൗകര്യങ്ങളും വേണമെന്ന നിബന്ധന കൃത്യമായി പാലിക്കപ്പെട്ടിരിക്കുന്നു.

പ്ലോട്ടിന്റെ ഘടന പുറകു വശത്തേക്ക് വീതി കൂടിയതും മുൻ ഭാഗത്തേക്ക് വീതി കുറഞ്ഞു വരുന്ന രീതിയിലുമാണ് ഉണ്ടായിരുന്നത്.അതു കൊണ്ടുതന്നെ പ്ലോട്ടിന് അനുസരിച്ച് ഒരു വീട് നിർമ്മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല.

വീടിന്റെ നിർമ്മാണ പ്രവർത്തികൾക്കായി കൂടുതലും പ്രകൃതിദത്ത വസ്തുക്കളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെയാണ് ചെങ്കല്ല് പോലുള്ള ഒരു മെറ്റീരിയൽ തിരഞ്ഞെടുത്ത് ചുമരുകൾ കെട്ടാനുള്ള കാരണവും.

വീടിന്റെ ഉൾഭാഗം മുഴുവൻ പ്ലാസ്റ്ററിങ് ചെയ്യാതെ ചില ഭാഗത്ത് ചുമരുകൾ ഒഴിച്ച് വിട്ടിട്ടുണ്ട്. ഇത്തരം ഭാഗങ്ങളിൽ ഭിത്തി നിർമ്മിക്കാനായി ഇഷ്ടികയാണ് ഉപയോഗിച്ചത്.

സീലിങ്ങിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള ബാംഗ്ലൂർ ടൈൽ റൂഫിങ്ങിന്റെ ഭംഗി ഇരട്ടിയാക്കുന്നതിന് സഹായിച്ചു. നേരിട്ട് സീലിംഗ് നൽകാതെ ഡബിൾ പെർലിൻ രീതിയിലാണ് ചെയ്തെടുത്തത്.

വീടിന്റെ ഫ്ലോറിങ്ങിനായി ടെറാക്കോട്ട സ്റ്റോണുകൾ ഉപയോഗപ്പെടുത്തിയത് പ്രകൃതിയോട് ഇണങ്ങിയ ഒരു ഫീൽ കൊണ്ടു വരുന്നു. വീട്ടിനകത്തേക്ക് കൂടുതൽ വെളിച്ചവും വായു ലഭ്യതയും ഉറപ്പു വരുത്താനായി സെറ്റ് ചെയ്ത പാഷിയോ സ്പേസിൽ വ്യത്യസ്ത പാറ്റേണുകളിൽ ഉള്ള ടൈലുകളാണ് ഉപയോഗിച്ചത്.

വീടിന്റെ സിറ്റൗട്ടിന് ലെതർ ഫിനിഷിൽ ഉള്ള കോട്ടാ സ്റ്റോണുകളാണ് തിരഞ്ഞെടുത്തത്.

കൂടുതൽ ഇന്റീരിയർ വിശേഷങ്ങൾ.

സിറ്റൗട്ട്,ലിവിങ്, ഒരു ബെഡ്റൂം,കിച്ചൻ ഡൈനിങ് ഏരിയ, വർക്ക് ഏരിയ എന്നിവയാണ് താഴത്തെ നിലയിൽ നൽകിയിട്ടുള്ളത്.

താഴത്തെ നിലയിൽ ഒരു പാഷിയോ സെറ്റ് ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നതു കൊണ്ട് ഡൈനിങ് ഏരിയയോട് ചേർന്ന് അത് നൽകി.

അതോടൊപ്പം തന്നെ ഒരു വാഷ് ഏരിയയ്ക്ക് കൂടി സ്ഥലം കണ്ടെത്തി. സാധാരണ വീടുകളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ വിശാലത തോന്നിപ്പിക്കുന്ന ഡൈനിങ് ഏരിയ പെട്ടെന്ന് ശ്രദ്ധ പിടിച്ചു പറ്റുന്നു. ഇവിടെ നിന്ന് തന്നെയാണ് സ്റ്റെയർ ഏരിയയും നൽകിയിട്ടുള്ളത്.

സ്റ്റെയർകെയ്സ് നിർമ്മിക്കുന്നതിന് സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ച ഹാൻഡ് റെയിലുകളാണ് തിരഞ്ഞെടുത്തത്. ഫസ്റ്റ് ഫ്ലോറിൽ ഒരു ഫാമിലി ലിവിങ് ഏരിയക്ക് സ്ഥലം കണ്ടെത്തിയിരിക്കുന്നു.

കുടുംബാംഗങ്ങൾക്ക് ആശയങ്ങൾ പങ്കു വയ്ക്കാനുള്ള ഒരിടം എന്ന രീതിയിൽ ഇവിടം വളരെയധികം നല്ല രീതിയിൽ ഉപയോഗപ്പെടുത്താം. ലിവിങ്ങിനോട് ചേർന്ന് കുട്ടികൾക്ക് പഠിക്കാനായി ഒരു സ്റ്റഡി ഏരിയ സെറ്റ് ചെയ്ത് നൽകി.

മുകളിൽ നൽകിയിട്ടുള്ള രണ്ട് ബെഡ്റൂമുകളും അറ്റാച്ച്ഡ് ബാത്റൂം സൗകര്യങ്ങളോടു കൂടിയാണ് നൽകിയിട്ടുള്ളത്. കിടപ്പ് മുറികൾക്ക് വലിപ്പം ലഭിക്കുന്നതിന് വേണ്ടി വാർഡ്രോബുകൾ വളരെയധികം ശ്രദ്ധയോടു കൂടി ഡിസൈൻ ചെയ്തിരിക്കുന്നു.

മുകളിലത്തെ നിലയിൽ ഒരു യൂട്ടിലിറ്റി ടെറസിന് സ്ഥലം കണ്ടെത്തിയത് കൊണ്ട് തന്നെ തുണി ഉണക്കാനും മറ്റും ഈ ഒരു ഭാഗം ഉപയോഗപ്പെടുത്താം.

ഇന്റീരിയറിൽ ആഡംബരങ്ങൾ പാടെ ഒഴിവാക്കണമെന്ന് നിർബന്ധമുള്ളതു കൊണ്ടുതന്നെ വളരെ ലളിതമായ അലങ്കാരങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയത്.

മാത്രമല്ല ഇത് പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒരു ഫീൽ വീടിന് കൊണ്ടു വരാനും സാധിച്ചു. ഫർണിച്ചറുകളിൽ ഇൻബിൽട്ട് രീതി ഉപയോഗപ്പെടുത്തിയത് കൊണ്ട് തന്നെ ഉള്ള സ്ഥലങ്ങൾ കൂടുതൽ നല്ല രീതിയിൽ ഉപയോഗപ്പെടുത്താനായി.

സിവിൽ എഞ്ചിനീയർ ആയ ശരത് എം.പിയാണ് ഈയൊരു മനോഹര ഭവനം ഡിസൈൻ ചെയ്ത് നൽകിയിട്ടുള്ളത്.

4.1 സെന്റിലെ മനോഹര ഭവനം, കൗതുകമുണർത്തുന്ന ഒരു കാഴ്ച തന്നെയാണ്