വീടുകൾക്ക് നൽകുന്ന സൺഷെയ്ഡുകൾ സുരക്ഷിതമോ?കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയ മാധ്യമങ്ങളിൽ കൂടുതൽ പേർ കണ്ടിരുന്ന ഒരു വീഡിയോ ആയിരിക്കും വീടിന്റെ സൺഷൈഡിൽ നിന്നും വീഴുന്ന അനിയനെ താങ്ങി രക്ഷിച്ച ഏട്ടൻ.
അപൂർവ്വം സാഹചര്യങ്ങളിൽ ഇത്തരം അപകടങ്ങളിൽ നിന്നും രക്ഷ നേടാൻ സാധിക്കുമെങ്കിലും നമ്മുടെയെല്ലാം വീടുകളിൽ നിർമ്മിക്കുന്ന സൺഷെയ്ഡുകൾ എത്രമാത്രം സുരക്ഷിതമാണ് എന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു.
പല വീടുകളിലും വീടിന് ചുറ്റും വീതി കുറച്ച് സൺഷെയ്ഡുകൾ നിർമിച്ച് നൽകുന്ന രീതി കണ്ടു വരുന്നുണ്ട്.
മഴക്കാലത്ത് ഇത്തരം ഭാഗങ്ങളിൽ ചപ്പും ചവറും അടിഞ്ഞ് അവ ക്ലീൻ ചെയ്യാനായി മുകളിൽ കയറുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായും ഉള്ളത്.
അധികം ഹൈറ്റിൽ അല്ലാതെ സൺഷെയ്ഡുകൾ നിർമ്മിക്കുമ്പോൾ അവ വലിയ അപകടങ്ങൾ വിളിച്ചു വരുത്തുന്നില്ല എങ്കിലും ഉയരം കൂടിയ ഭാഗങ്ങളിൽ നിന്നും വീണ ഉണ്ടാകുന്ന ആക്സിഡന്റുകൾ ചിലപ്പോൾ ജീവ ഹാനിക്ക് വരെ കാരണമായേക്കാം.
സൺഷെയ്ഡുകളുടെ നിർമ്മാണവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.
വീടുകൾക്ക് നൽകുന്ന സൺഷെയ്ഡുകൾ സുരക്ഷിതമോ? ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ.
സാധാരണയായി വീടുകൾക്ക് അമിതമായി ഉണ്ടാകുന്ന ചൂടിൽ നിന്നും മഴയിൽ നിന്നും സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്ന ഉദ്ദേശത്തോടെ കൂടിയാണ് ഇത്തരത്തിൽ സൺഷെയ്ഡുകൾ നിർമ്മിച്ച് നൽകുന്നത്.
ലിന്റൽ വാർത്ത് നൽകിയതിൽ നിന്നും മൂന്ന് ഇഞ്ച് കനത്തിലുള്ള സ്ലാബുകൾ ഉപയോഗിച്ച് രണ്ടടി പുറത്തേക്ക് നിൽക്കുന്ന രീതിയിലാണ് ഇവ നിർമ്മിച്ച നൽകുന്നത്.
സത്യത്തിൽ ജനലുകൾ, വാതിലുകൾ എന്നിവയോട് ചേർന്നു വരുന്ന ഭാഗങ്ങളിൽ മാത്രം ആവശ്യമായി വരുന്ന സൺഷെയ്ഡ് വീടിന് ചുറ്റും നൽകുമ്പോൾ അത് നിർമ്മാണ ചിലവ് കൂട്ടുകയും കൂടുതൽ അപകടങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യുന്നു.
മഴക്കാലത്ത് ഇത്തരം ഭാഗങ്ങളിൽ ഇലകളും വെള്ളവും കെട്ടിനിന്ന് പായൽ പിടിക്കാനും അത് വൃത്തിയാക്കാൻ കയറുമ്പോൾ അപകടങ്ങൾ സംഭവിക്കാനുമുള്ള സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്.
വ്യത്യസ്ത രീതികളിൽ സൺഷൈഡുകൾ നിർമ്മിച്ചു നൽകാൻ സാധിക്കുമെങ്കിലും നമ്മുടെ നാടിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഡിസൈനുകളാണോ അതിനായി ഉപയോഗപ്പെടുത്തുന്നത് എന്ന കാര്യം പലരും അന്വേഷിക്കാറില്ല.
സൺഷെയ്ഡുകളിൽ നൽകുന്ന കോൺക്രീറ്റ് റൂഫുകൾ വഴി ആവശ്യത്തിന് വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ പ്രത്യേക പൈപ്പുകൾ നൽകേണ്ടി വരാറുണ്ട്.
മാത്രമല്ല ഇവയിൽ ബ്ലോക്കുകൾ വരികയാണെങ്കിൽ വെള്ളം കെട്ടി നിൽക്കുകയും ഒഴുകിപ്പോകുന്ന വെള്ളത്തിന്റെ അളവ് കുറയുകയും ചെയ്യുന്നു.
ചപ്പ് ചവറുകളോടൊപ്പം കെട്ടി നിൽക്കുന്ന വെള്ളത്തിൽ നിന്നും ഉണ്ടാകുന്ന ഈർപ്പം ഭിത്തികളിലേക്ക് കൂടി പടർന്ന് വീടിനകത്ത് വിള്ളൽ ചോർച്ച പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യത കൂടുതലാണ്.
സൺഷെയ്ഡ് നിർമ്മാണത്തിലെ അബദ്ധങ്ങളും ബദൽ മാർഗവും.
കഴിഞ്ഞ രണ്ട് വർഷത്തെ കാലാവസ്ഥ രീതികൾ അനുസരിച്ച് കേരളത്തിൽ കനത്ത മഴയാണ് എല്ലാ വർഷവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
അതുകൊണ്ടുതന്നെ വീട്ടിനകത്തേക്ക് മഴ പെയ്യുമ്പോൾ വെള്ളം അടിക്കാതിരിക്കാനായി സൺഷെയ്ഡുകൾ മാത്രം നിർമിച്ച് നൽകുന്നതു കൊണ്ട് യാതൊരു പ്രയോജനവും ഇല്ല എന്നതാണ് സത്യം.
മാത്രമല്ല പല വീടുകളിലും ശരിയായ രീതിയിൽ അല്ലാത്ത സൺഷെയ്ഡ് നിർമ്മാണം വീടുകളിൽ ജനാലകൾ തുറക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിക്കാറുമുണ്ട്.
നമ്മുടെ നാട്ടിലെ മഴയുടെ അളവനുസരിച്ച് സൺഷെയ്ഡുകൾക്ക് പകരമായി റെയിൻ ഷെയ്ഡുകളാണ് നിർമിച്ച് നൽകേണ്ടത്. പണ്ട് കാലത്ത് നമ്മുടെ നാട്ടിൽ നിർമ്മിച്ചിരുന്ന പല വീടുകളിലും ഈയൊരു രീതി നൽകിയിരുന്നു എന്നതാണ് സത്യം.
ഏകദേശം ഒരു മീറ്റർ വലിപ്പത്തിലുള്ള കഴുക്കോൽ ഉപയോഗിച്ച് അതിന് മുകളിൽ പട്ടികകൾ വച്ചടിച്ച് ഓടുകൾ പാകി നൽകുന്ന രീതിയിലാണ് ജനാലകൾക്ക് മുകളിലായി റെയിൻ ഷെയ്ഡുകൾ നൽകുന്നത്.
ഇവ വളരെ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും എന്ന് മാത്രമല്ല വെള്ളം നല്ല രീതിയിൽ ഒഴുകി പോവുകയും ചെയ്യും. വീടിന്റെ ജനാലകൾക്കും വാതിലുകൾക്കും സംരക്ഷണം നൽകാൻ റെയിൻ ഷെയ്ഡുകൾ തിരഞ്ഞെടുക്കുന്നത് വഴി സാധിക്കും.
അതല്ല സൺഷെയ്ഡുകൾ തന്നെ വീടിന് നിർമ്മിക്കണമെന്ന് നിർബന്ധമുള്ളവർ തീർച്ചയായും മഴക്കാലം തുടങ്ങുന്നതിന് മുൻപ് തന്നെ അവ നല്ല രീതിയിൽ അടിച്ചു വൃത്തിയാക്കി ഇടാനായി ശ്രദ്ധിക്കുക.
മഴ തുടങ്ങി കഴിഞ്ഞു ഇലയും ചപ്പുചവറുമെല്ലാം എടുത്തുമാറ്റാനുള്ള ശ്രമങ്ങൾ നടത്തുമ്പോഴാണ് വലിയ അപകടങ്ങൾ സംഭവിക്കുന്നത്.
വീടുകൾക്ക് നൽകുന്ന സൺഷെയ്ഡുകൾ സുരക്ഷിതമോ? ബദൽ മാർഗ്ഗങ്ങളും പരിഹാരങ്ങളുമാണ് ഇവിടെ നൽകിയിട്ടുള്ളത്.