ബാങ്കിൽ പല തവണ കയറിയിറങ്ങിയിട്ടും ഹോം ലോൺ ലഭിക്കുന്നില്ലേ? ഭവന വായ്പ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ഇവയെല്ലാമാണ്.

ഒരു സാധാരണ കുടുംബത്തെ സംബന്ധിച്ച് വീട് നിർമ്മിക്കുന്നതിന് ആവശ്യമായ മുഴുവൻ പണവും കൈവശം ഉണ്ടായിക്കൊള്ളണമെന്നില്ല.

ഇനി അതല്ല കൂടുതൽ പണം കൈവശമുള്ള ഒരാൾക്ക് പോലും ഒറ്റത്തവണയായി മുഴുവൻ പണവും ഉണ്ടാക്കി വീട് വാങ്ങുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

ഇത്തരം സാഹചര്യങ്ങളിലാണ് ഹോം ലോണുകളെ പലരും ചിന്തിക്കുന്നത്. വ്യത്യസ്ത ബാങ്കുകൾ വ്യത്യസ്ത രീതിയിലുള്ള പലിശനിരക്കിൽ ആണ് ഹോം ലോണുകൾ നൽകുന്നത്.

മിക്കപ്പോഴും ഹോം ലോൺ ലഭിക്കുന്നതിനു വേണ്ടി പല ബാങ്കുകളിലും കയറി ഇറങ്ങി മടുത്തവരായിരിക്കും നമ്മളിൽ പലരും.

ഇതിനുള്ള പ്രധാന കാരണം ബാങ്കിൽ സബ്മിറ്റ് ചെയ്യുന്ന രേഖകൾ ശരിയല്ലാത്തതും കൃത്യമല്ലാത്തതും ആകാം.

ചില ബാങ്കുകളിൽ ഹോം ലോൺ ലഭിക്കുന്നതിനായി ഒരു കുടുംബത്തിലെ ഭാര്യക്കും, ഭർത്താവിനും അക്കൗണ്ട് ആവശ്യമായി വരാറുണ്ട്.

പലപ്പോഴും ഒരു ബാങ്കിൽ തന്നെ ഇത്തരത്തിൽ രണ്ടുപേർക്കും അക്കൗണ്ട് ഉണ്ടാവുക എന്നത് അപൂർവ്വമായ കാര്യമായിരിക്കും.

എന്തായാലും ഹോം ലോൺ ലഭിക്കുന്നതിനു വേണ്ടി ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യേണ്ട അവസ്ഥയും കുറവല്ല.

ബാങ്ക് ആവശ്യപ്പെടുന്ന എല്ലാ രേഖകളും കൃത്യമായി സബ്മിറ്റ് ചെയ്താൽ മാത്രമാണ് ഹോം ലോൺ ലഭിക്കുകയുള്ളൂ.

ഹോം ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ എന്തെല്ലാമാണെന്ന് കൃത്യമായി അറിഞ്ഞിരിക്കാം.

ഭവന വായ്പ്ക്ക് വേണ്ടി ബാങ്കിൽ നൽകേണ്ട രേഖകൾ.

  • പഞ്ചായത്ത്/ മുൻസിപ്പാലിറ്റി / കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന വീടിന്റെ അപ്പ്രൂവ്ഡ് പ്ലാൻ കോപ്പി.
  • ഹോം ലോൺ ലഭിക്കുന്നതിനു വേണ്ടി ഏത് ബാങ്കിനെ സമീപിച്ചാലും നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വീടിന്റെ അപ്രൂവ്ഡ് പ്ലാൻ കോപ്പി നിർബന്ധമായും സബ്മിറ്റ് ചെയ്യേണ്ടിവരും.
  • വില്ലേജ് ഓഫീസിൽ നിന്നും സാക്ഷ്യപ്പെടുത്തി ലഭിച്ച കൈവശാവകാശ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പൊസഷൻ സർട്ടിഫിക്കറ്റ്. ബാങ്ക് ലോൺ ലഭിക്കുന്നതിനായി പൊസഷൻ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽ നിന്നും നിർബന്ധമായും വാങ്ങിക്കണം. കൂടാതെ സ്ഥലത്തിന്റെ ലൊക്കേഷൻ സ്കെച്ച്, വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ അവസാനമായി കരമടച്ച രസീത് എന്നിവകൂടി വില്ലേജ് ഓഫീസിൽ നിന്നും സാക്ഷ്യപ്പെടുത്തി വാങ്ങണം.
  • ബാങ്കിൽ ലോണിനായി അപേക്ഷിക്കുന്ന വ്യക്തിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ, പാൻ കാർഡ്, ആധാർ കാർഡ് എന്നിവ നൽകേണ്ടതുണ്ട്. ഒന്നിൽ കൂടുതൽ പേർ ചേർന്നാണ് അതായത് ഭാര്യയും ഭർത്താവും ചേർന്നാണ് ലോണിനായി അപേക്ഷിക്കുന്നത് എങ്കിൽ രണ്ടുപേരുടെയും ആവശ്യമായ രേഖകൾ ബാങ്കിൽ സബ്മിറ്റ് ചെയ്യേണ്ടതുണ്ട്.
  • വീട് നിർമ്മാണത്തിന് ഏകദേശം എത്ര രൂപ ചിലവഴിക്കും എന്നതിന്റെ എസ്റ്റിമേറ്റ് സർട്ടിഫൈഡ് എൻജിനീയറിൽ നിന്നും വാങ്ങി ബാങ്കിൽ സബ്മിറ്റ് ചെയ്യേണ്ടതുണ്ട്.
  • എസ്റ്റിമേഷൻ തയ്യാറാക്കുമ്പോൾ നിർമിക്കാനുദ്ദേശിക്കുന്ന വീടിന്റെ എസ്റ്റിമേറ്റി നേക്കാൾ 25 ശതമാനം മുതൽ 30 ശതമാനം വരെ കൂട്ടി ബാങ്കിൽ നൽകാനായി ശ്രദ്ധിക്കണം. അതല്ല എങ്കിൽ പിന്നീട് ഇന്റീരിയർ വർക്കുകൾ ചെയ്യാനും മറ്റും പണമില്ലാത്ത അവസ്ഥ വരും. ആവശ്യമായ എല്ലാ ചിലവുകളും മുൻകൂട്ടി കണ്ടുകൊണ്ടുള്ള ഒരു വ്യക്തമായ എസ്റ്റിമേറ്റ് ആയിരിക്കണം എൻജിനീയറോട് പറഞ്ഞ് ബാങ്കിൽ സബ്മിറ്റ് ചെയ്യേണ്ടത്.

അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍ കൂടി

പ്രധാന രേഖകളെല്ലാം ബാങ്കിൽ സബ്മിറ്റ് ചെയ്ത ശേഷം അവ വെരിഫൈ ചെയ്ത് പ്രശ്നങ്ങളൊന്നുമില്ല എന്ന് ബോധ്യപ്പെട്ടാൽ മാത്രമാണ് ബാങ്കിൽ നിന്നും ലോൺ ലഭിക്കുകയുള്ളൂ.

അതേസമയം നിങ്ങൾ പണി നടന്നു കൊണ്ടിരിക്കുന്ന ഒരു ഫ്ലാറ്റ് ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ പണിയുടെ വ്യത്യസ്ത ഘട്ടങ്ങൾ പൂർത്തിയാകുന്നതിന് അനുസരിച്ച മാത്രമാണ് ബാങ്കിൽ നിന്നും ലോൺ ലഭിക്കുകയുള്ളൂ.

ഇവയിൽ തന്നെ ഇന്റീരിയർ വർക്കിന് ലോൺ ആവശ്യമാണ് എങ്കിൽ അത് അഡീഷണൽ ആയി എസ്റ്റിമേറ്റിൽ ആഡ് ചെയ്യണം. വീടുപണി മുഴുവൻ പൂർത്തിയായി കഴിയുമ്പോൾ മാത്രമാണ് ഇന്റീരിയർ വർക്കിന് ആവശ്യമായ പണം ബാങ്ക് അനുവദിക്കുകയുള്ളൂ.

ലോണിനായി അപ്ലൈ ചെയ്യുന്ന വ്യക്തിയുടെ സിബിൽ സ്കോർ, സാമ്പത്തികാവസ്ഥ എന്നിവയ്ക്ക് ബാങ്ക് ലോൺ ലഭിക്കുന്നതിൽ വളരെയധികം പങ്കുണ്ട് എന്ന കാര്യം മറക്കാതിരിക്കുക.