കോൺക്രീറ്റ് കെട്ടിടങ്ങളുടെ ആയുസ്സ്. ഓടിട്ട വീടുകളിലെ ജീവിതം സുരക്ഷിതമല്ലെന്ന് കരുതി കോൺക്രീറ്റ് വീടുകൾ നിർമ്മിക്കാനാണ് ഇന്ന് കൂടുതൽ പേരും താല്പര്യപ്പെടുന്നത്.

എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മുടെ നാട്ടിൽ നിർമ്മിക്കുന്ന കോൺക്രീറ്റ് വീടുകൾക്ക് എത്രമാത്രം ബലവും ആയുസ്സും ലഭിക്കുന്നുണ്ട് എന്നത് ചിന്തിക്കേണ്ട കാര്യം തന്നെയാണ്.

സാധാരണ ഗതിയിൽ കോൺക്രീറ്റ് വീടുകളുടെ ആയുസ്സ് നിർണയിക്കപ്പെടുന്നത് ബിൽഡിംഗ് ക്വാളിറ്റിയെ അടിസ്ഥാനമാക്കിയാണ്.

ഉപയോഗിക്കുന്ന മെറ്റീരിയലുകളിൽ യാതൊരു കോംപ്രമൈസും ചെയ്തിട്ടില്ല എങ്കിൽ ഏകദേശം ഒരു 50 വർഷം വരെയൊക്കെ കോൺക്രീറ്റ് വീടുകൾ നിലനിൽക്കും എന്ന് പറയപ്പെടുന്നു.

കോൺക്രീറ്റ് വീടിന്റെ ആയുസ്സ് നിർണയിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

കോൺക്രീറ്റ് കെട്ടിടങ്ങളുടെ ആയുസ്സ് നിർണയിക്കുന്ന ഘടകങ്ങൾ.

വീട് നിർമ്മാണത്തിന് ചിലവ് കുറയ്ക്കാനായി ക്വാളിറ്റി ഇല്ലാത്ത മെറ്റീരിയലുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അത് ഏത് വീടിന്റെയും ആയുസ്സ് കുറയ്ക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്.

അത്തരം സാഹചര്യങ്ങളിലാണ് രണ്ടോ മൂന്നോ വർഷം കഴിയുമ്പോൾ തന്നെ വീടിന് ചെറിയ രീതിയിലുള്ള വിള്ളലുകൾ വരികയും പിന്നീട് അത് വലിയ രീതിയിലേക്ക് പടർന്ന് കെട്ടിടത്തെ മുഴുവനായും ബാധിക്കുകയും ചെയ്യുന്നത്.

എന്നാൽ വീടുകളുടെ ആയുസ്സ് വർദ്ധിപ്പിക്കാനായി ചെയ്യാവുന്ന ഒരു കാര്യം ഭിത്തികൾ, വീടിന്റെ മേൽക്കൂര എന്നിവ അധികം മഴയും വെയിലും തട്ടാത്ത രീതിയിൽ ചരിച്ച് വാർത്ത് നൽകുക എന്നതാണ്.

അതല്ലെങ്കിൽ വീടിന് മുകളിൽ ട്രസ് വർക്ക് ചെയ്തു കൂടുതൽ സുരക്ഷിതത്വം ഉറപ്പു വരുത്താം. ചെറിയ രീതിയിലുള്ള പ്രശ്നങ്ങൾ കണ്ടു തുടങ്ങുമ്പോഴേക്കും അതിനുള്ള പ്രതിവിധികൾ കണ്ടെത്തുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്.

എന്നാൽ പലരും ചിന്തിക്കുന്ന മറ്റൊരു കാര്യം ജോലി ആവശ്യങ്ങൾക്കും മറ്റുമായി പുറം നാടുകളിൽ പോകേണ്ട സാഹചര്യത്തിൽ വില കൂടിയ മെറ്റീരിയലുകൾ വാങ്ങി വീട് പണിയാണോ എന്നതാണ്.

കൂടാതെ ഒരേ വീട്ടിൽ തന്നെ എത്ര വർഷം താമസിക്കും എന്നതും പലരും ചിന്തിക്കുന്നു. അതുകൊണ്ട് താൽക്കാലിക ആവശ്യങ്ങൾ നിറവേറ്റുക എന്ന് ഉദ്ദേശത്തോടു കൂടിയാണ് പലരും വീട് നിർമ്മാണത്തിലേക്ക് എത്തിച്ചേരുന്നത്.

നമ്മുടെ നാട്ടിലെ കാലാവസ്ഥയും വീടുകളുടെ ആയുസ്സും.

കടുത്ത വേനലിൽ ഏകദേശം 42 ഡിഗ്രി വരെ ചൂട് ലഭിക്കുന്ന സ്ഥലങ്ങൾ കേരളത്തിലുണ്ട്.

അതുപോലെ കനത്ത മഴ പെയ്യുന്ന സമയത്ത് 3000 മില്ലിമീറ്റർ മഴ എന്ന അളവിലാണ് കേരളത്തിലെ ശരാശരി മഴക്കാലത്തെ കണക്കാക്കുന്നത്.

കൂടുതൽ മഴ ലഭിക്കുന്ന സ്ഥലങ്ങളിൽ അതിനനുസൃതമായ രീതിയിൽ വീടിന്റെ നിർമ്മാണ പ്രവർത്തികൾ നടത്തിയില്ല എങ്കിൽ അവ പെട്ടെന്ന് നശിച്ചു പോകുന്നതിന് കാരണമാകും.

ഇത്തരം സാഹചര്യങ്ങളിൽ നിന്നെല്ലാം വീടിന് സുരക്ഷ ഒരുക്കണമെങ്കിൽ വീടിന്റെ സാധാരണ മേൽക്കൂരയോടൊപ്പം മറ്റൊരു രീതിയിലുള്ള പ്രൊട്ടക്ഷൻ കൂടി കണ്ടെത്തേണ്ടി വരും.

ചൂടിനെയും തണുപ്പിനെയും ഒരേ രീതിയിൽ പ്രതിരോധിച്ചു നിർത്താൻ സാധിക്കുന്ന രീതിയിലുള്ള നിർമ്മാണ രീതികൾ വീട് നിർമ്മാണ രംഗത്ത് വരേണ്ടിയിരിക്കുന്നു. കോൺക്രീറ്റിൽ നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് ഈടും ഉറപ്പുമുണ്ട് എന്നത് സത്യം തന്നെയാണ്.

എന്നാൽ വലിയ കെട്ടിടങ്ങൾക്ക് ലഭിക്കുന്ന ഈടും ഉറപ്പും ചെറിയ കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് ഉറപ്പു പറയാനായി സാധിക്കില്ല. നമ്മുടെ നാട്ടിലെ ചെറിയ വീടുകളിൽ രണ്ട് മേൽക്കൂര എന്ന ആശയം പ്രാവർത്തികമാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.

വീട് നിർമ്മിച്ചതിന് ശേഷം അതിന് മുകളിൽ വീണ്ടും ട്രസ് വർക്ക് ചെയ്ത് ഷീറ്റ് ഇടുന്നതിനായി പണം ചിലവഴിക്കുക എന്നതും അത്ര പ്രായോഗികമായ കാര്യമായി പലർക്കും തോന്നില്ല.

ഈ കാരണങ്ങളെല്ലാം മുന്നിൽ കണ്ടു കൊണ്ട് കൂടുതൽ ഈടും ഉറപ്പുമുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ നമ്മുടെ നാട്ടിൽ എത്തണമെങ്കിൽ അതിന് അനുസൃതമായ നിർമ്മാണ രീതികൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

കോൺക്രീറ്റ് കെട്ടിടങ്ങളുടെ ആയുസ്സ് നിർണയിക്കുന്നത് അവയുടെ നിർമ്മാണ രീതി, വീട് നിൽക്കുന്ന പ്ലോട്ട്, ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയൽ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ്.