വീടുപണിയിൽ പതിവായി പറ്റുന്ന തെറ്റുകൾ;ഒഴിവാക്കാം ഇവ

വീട് പണി എന്നത് പലപ്പോളും ഒരു പരീക്ഷണം തന്നെയാണ്.നിരവധി ആളുകൾ ഈ പരീക്ഷണം മുൻപ് ചെയ്യ്ത് നോക്കിയിരിക്കുന്നത് കൊണ്ട് അവർക്ക് പറ്റിയ അബദ്ധങ്ങൾ ഇവിടെ കൊടുക്കുന്നു.ഒന്ന് വായിച്ച് മനസിലാക്കിയാൽ ഈ അബദ്ധങ്ങൾ പൂർണമായും ഒഴിവാക്കി നിങ്ങളുടെ പരീക്ഷണം വിജയം ഉറപ്പിക്കാനാകും

ബാത്റൂമിന് പൊക്കക്കുറവ്

മുകൾനില പിന്നീട് പണിയാം എന്ന ഉദ്ദേശ്യത്തോടെ ഒറ്റനിലവീട് പണിയുകയാണെങ്കിൽ മേൽക്കൂര വാർക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഒരേ നിരപ്പിൽ മേൽക്കൂര വാർക്കാതെ പകരം മുകളിൽ ബാത്റൂം പണിയാൻ ഉദ്ദേശിക്കുന്ന സ്ഥാനത്ത് 25 സെമീ എങ്കിലും താഴ്ത്തിവേണം വാർക്കാൻ. ബാത്റൂമിൽനിന്ന് വെള്ളം തടസ്സമില്ലാതെ ഒലിച്ചുപോകാനായി ഫ്ളോർ ട്രാപ് നൽകണമെങ്കിൽ തറയ്ക്ക് 20-25 സെമി പൊക്കം വേണം എന്നതാണ് കാരണം. ടെറസിൽ നിന്ന് ഇത്രയും പൊക്കി കെട്ടിയ ശേഷം ബാത്റൂം നിർമിച്ചാൽ പ്രായമായവർക്കും കുട്ടികൾക്കും ഇവിടേക്ക് കയറാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. വീൽചെയറോ മറ്റോ കയറ്റാനും പ്രയാസമായിരിക്കും. മാത്രമല്ല, ബാത്റൂമിന് റെഡിമെയ്ഡ് വാതിൽ ഉപയോഗിക്കാൻ പറ്റാതെ വരികയും ചെയ്യും. ബാത്റൂമിന്റെ സ്ഥാനത്ത് താഴ്ത്തി വാർത്ത ശേഷം അതിനു മുകളിൽ മണ്ണിട്ട് മേൽക്കൂരയുടെ നിരപ്പിൽ പ്ലാസ്റ്റർ ചെയ്ത് വാട്ടർപ്രൂഫ് ചെയ്താൽ പിന്നീട് ആവശ്യം വരുമ്പോൾ ഈ ഭാഗത്തെ മാത്രം പ്ലാസ്റ്ററിങ് പൊട്ടിച്ച് മണ്ണും നീക്കം ചെയ്ത ശേഷം ബാത്റൂം പണിയാനാകും.


ഓപൻ ടെറസും മുറികളും ഒരേ നിരപ്പിൽ

ഇരുനില വീടിൽ മുകളിലെ മുറികളും ഓപൻ ടെറസും ഒരേ നിരപ്പിൽ പണിയരുത്. നല്ല മഴയത്ത് ഓപൻ ടെറസിൽ കുറച്ചു നേരത്തേക്കെങ്കിലും വെള്ളം നിറയാനും മുറിക്കുള്ളിലേക്ക് ഒഴുകാനും സാധ്യതയുണ്ട്. അഞ്ച് സെമീ എങ്കിലും താഴ്ത്തി വേണം ഓപൻ ടെറസിന്റെ ഭാഗം വാർക്കാൻ. അതുപോലെ മുകൾനിലയിൽ നിന്ന് ഓപൻ ടെറസിലേക്ക് ഇറങ്ങാനുള്ള വാതിലിനു മുകളിൽ ആവശ്യത്തിന് ഷേഡ് പിടിപ്പിക്കുകയും വേണം. ഇല്ലെങ്കിൽ സ്ഥിരമായി മഴവെള്ളം വീണ് വാതിലിനു കേടുവരാം.


എൻജിനീയറുടെ മേൽനോട്ടമില്ലാതെ ബീം വാർക്കുക

ബീം, കോളം എന്നിവ വാർക്കുമ്പോൾ എൻജിനീയറുടെയോ ആർക്കിടെക്ടിന്റെയോ മേൽനോട്ടം ഉണ്ടായിരിക്കണം. കമ്പിയുടെയും സിമന്റിന്റെയും അളവ് കുറയുകയോ കൂടുകയോ ചെയ്യാതെ കൃത്യമായി വന്നാലേ ഇവ കൊണ്ട് ഉദ്ദേശിക്കുന്ന പ്രയോജനം ലഭിക്കൂ. ഇക്കാര്യത്തിൽ കോൺട്രാക്ടർ ചെയ്യുന്നത് ശരിയാണോ എന്ന് തിരിച്ചറിയാനുള്ള കഴിവ് വീട്ടുകാരന് ഉണ്ടാകണമെന്നില്ല. എന്നാൽ, എൻജിനീയർക്ക് പണം കൊടുക്കേണ്ടി വരുമല്ലോ എന്നോർത്ത് വീട്ടുകാരൻ തന്നെ മേൽനോട്ടം വഹിക്കുന്നതാണ് മിക്കയിടത്തും കണ്ടുവരുന്നത്.


പടികൾക്ക് ഒരേ പൊക്കമാവാതിരിക്കുക

സ്റ്റെയർകെയ്സ് പണിയുമ്പോൾ പിന്തുടരുന്ന ഒരു സമവാക്യമുണ്ട്. പടികളുടെ പൊക്കത്തിന്റെ ഇരട്ടിയും വീതിയും തമ്മിൽ കൂട്ടുമ്പോൾ 60 സെമീ ആയിരിക്കണം. പൊക്കത്തിൽ ഒരു സെമീ വ്യത്യാസം വരുകയാണെങ്കിൽ അതിനനുസരിച്ച് വീതിയിലും വ്യത്യാസം വരുത്തണം. ഏതെങ്കിലും പടികളുടെ ഉയരത്തിലോ പൊക്കത്തിലോ ചെറിയ മില്ലിമീറ്ററിന്റെ വ്യത്യാസം വന്നാൽപോലും കയറുന്ന ആളുകൾ വീഴാനുള്ള സാധ്യത കൂടുതലാണ്. കാരണം ആ രീതിയിലാണ് മനുഷ്യന്റെ തലച്ചോറിന്റെ ഘടന.


കമ്പികൾ ചവിട്ടി താഴ്ത്തുക

റീഇൻഫോഴ്സ്മെന്റ് സിമന്റ് ബീമുകളോ കാന്റിലിവർ ബീമുകളോ വാർക്കുന്ന സമയത്ത് കമ്പികളുടെ മേലെ കൂടി പണിക്കാർ നടക്കുമ്പോൾ കമ്പികളുടെ സ്ഥാനം മാറി അവ താണുപോവാറുണ്ട്. ആളുകളുടെയോ ചട്ടിയുടെയോസിമന്റിന്റെയോ ഭാരം കൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത്. ഇത് ബീമിന്റെ ഘടനയെ ബാധിക്കും. ഭാവിയിൽ ചെറിയ പൊട്ടലുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.


ഭംഗിക്കായി കാന്റിലിവറിന് തൂൺ കൊടുക്കുക

കാർപോർച്ച് തുടങ്ങിയ സ്ഥലങ്ങളിൽ കാന്റിലിവർ സ്ലാബ് ആയിരിക്കും പ്ലാൻ ചെയ്തിട്ടുണ്ടാവുക. ഒടുവിൽ ഭംഗിക്ക് തൂൺ ഇരിക്കട്ടെ എന്നു വിചാരിച്ച് ചിലർ സ്ലാബിന്റെ അറ്റത്ത് തൂൺ പണിയും. കാന്റിലിവർ ബീമിൽ മുകളിലാണ് കമ്പി കൊടുക്കുന്നത്. അടിഭാഗത്ത് കമ്പി കൊടുക്കാതെ അവിടെ തൂൺ വന്ന് മുട്ടിച്ചു നിർത്തിയാൽ അത് സ്ലാബിന്റെ ബലത്തെ ബാധിക്കാനിടയുണ്ട്.


കമ്പി കൂടുതൽ കൊടുക്കുക

ചിലർക്ക് ഒരു തോന്നലുണ്ട് – വീടിനു ബലം കൂടാൻ കൂടുതൽ കമ്പി കൊടുക്കാം എന്ന്. പക്ഷേ, അങ്ങനെ ചെയ്യുന്നത് കെട്ടിടത്തിന്റെ ബലത്തെ ദോഷമായി ബാധിക്കും. ഭൂമികുലുക്കം പോലുള്ള ശക്തിയായ പ്രകമ്പനങ്ങളിൽ സാധാരണ കെട്ടിടങ്ങൾക്ക് ഉലച്ചിൽ മാത്രം സംഭവിക്കുമ്പോൾ, കമ്പി കൂടുതൽ ഉപയോഗിച്ചവ പെട്ടെന്ന് തകരാൻ ഇടയാകും.


തട്ടുപൊളിക്കുന്നതിന് ക്രമമില്ലാതിരിക്കുക

കൂടുതലും വലിയ കെട്ടിടങ്ങൾക്കാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്. തട്ടുപൊളിക്കുന്ന സമയത്ത് അതിനുള്ള ക്രമം കൂടി എൻജിനീയർമാർ പണിക്കാർക്ക് പറഞ്ഞുകൊടുക്കേണ്ടതുണ്ട്. കാന്റിലിവർ ആണെങ്കിൽ അറ്റത്തുനിന്ന് സപ്പോർട്ടിന്റെ ഭാഗത്തേക്ക് ക്രമമായി വേണം പൊളിക്കാൻ. ഡോം പോലുള്ള ഭാഗത്ത് മധ്യത്തിൽ നിന്ന് വൃത്താകൃതിയിൽ വേണം ഭിത്തിയുടെ ഭാഗത്തേക്കു പൊളിക്കാൻ. സൂക്ഷിച്ചില്ലെങ്കിൽ ആ ഭാഗം പൊളിയാൻ സാധ്യത വളരെ കൂടുതലാണ്.


ഉദ്ദേശ്യം മറക്കുന്ന സ്റ്റെയർകെയ്സ്

ഒന്നുകിൽ പൊങ്ങച്ച പ്രകടനത്തിനായി വീടിനു നടുവിൽ കെട്ടിയൊരുക്കി നിർമിക്കും. അല്ലെങ്കിൽ ഏതെങ്കിലുമൊരു മൂലയിൽ ഇടുക്കിയൊതുക്കും. ഈ രണ്ടു രീതിയിലുമല്ല സ്റ്റെയർകെയ്സ് പണിയേണ്ടത്. ലോറി കയറാവുന്ന വലുപ്പത്തിൽ അതിവിശാലമായ സ്റ്റെയർകെയ്സ് വീടിന് ആവശ്യമില്ല. തീരെ ഇടുക്കം തോന്നുന്ന രീതിയും നല്ലതല്ല. ഉചിതമായ സ്ഥാനത്ത് അനുയോജ്യവലുപ്പത്തിലുള്ള സ്റ്റെയർകെയ്സ് ആണ് അഭികാമ്യം. ആഡംബരത്തിനല്ല, ഉപയോഗക്ഷമതയ്ക്കായിരിക്കണം പ്രഥമ പരിഗണന


മണ്ണു പരിശോധന നടത്താതിരിക്കുക

വീടുപണിയുന്നതിനു മുമ്പ് മണ്ണു പരിശോധന നടത്താതിരിക്കുക എന്നത് പലർക്കും പറ്റുന്ന അബദ്ധമാണ്. ഓരോതരം സ്ഥലത്തിനും ഓരോതരം ഫൗണ്ടേഷൻ ആണ് ചെയ്യേണ്ടത്. അതുകൊണ്ടാണ് മണ്ണു പരിശോധന അത്യാവശ്യമാണ്

content courtesy : fb group