ഇലക്ട്രിക്കൽ വർക്കും പതിയിരിക്കുന്ന അപകടങ്ങളും.

ഇലക്ട്രിക്കൽ വർക്കും പതിയിരിക്കുന്ന അപകടങ്ങളും.വീട് നിർമ്മാണത്തിന് വേണ്ടി ലക്ഷങ്ങൾ ചിലവഴിക്കാൻ പ്രശ്നമില്ലാത്ത പല വീടുകളിലും ഇലക്ട്രിക്കൽ വർക്കിനായി കുറച്ചധികം പണം ചിലവഴിക്കേണ്ടി വരുമ്പോൾ അത് ചെയ്യാനായി താല്പര്യപ്പെടുന്നില്ല.

അതിനുള്ള പ്രധാനകാരണം ഭിത്തികൾക്കുള്ളിൽ ഉപയോഗിച്ച വയറിങ് മെറ്റീരിയൽ പൈപ്പുകൾ എന്നിവയൊന്നും മറ്റുള്ളവർ കാണുന്നില്ലല്ലോ എന്നതാണ്. എന്നാൽ ഇത്തരത്തിലുള്ള അബദ്ധങ്ങൾ കൊണ്ടെത്തിക്കുന്നത് വലിയ രീതിയിലുള്ള അപകടങ്ങളിലേക്കാണ് എന്നത് പലരും അറിയുന്നില്ല.

വീടു നിർമ്മാണത്തിൽ അലങ്കാരങ്ങൾക്ക് വേണ്ടി പണം ചിലവഴിക്കുന്നതിന്റെ പകുതി പണം നല്ല ക്വാളിറ്റിയുള്ള ഇലക്ട്രിക്കൽ വയറിങ് മെറ്റീരിയലുകൾക്ക് വേണ്ടി ചിലവഴിക്കുകയാണെങ്കിൽ അത് പല അപകടങ്ങളിൽ നിന്നും രക്ഷിക്കും.

ഇലക്ട്രിക്കൽ വർക്ക് ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ സംഭവിക്കാൻ സാധ്യതയുള്ള അപകടങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.

ഇലക്ട്രിക്കൽ വർക്കും പതിയിരിക്കുന്ന അപകടങ്ങളും ഇവയെല്ലാമാണ്.

വീടിനകത്ത് ആവശ്യത്തിന് വായു സഞ്ചാരം ഇല്ലാത്ത സാഹചര്യങ്ങളിൽ രാത്രി സമയത്ത് ഷോർട് സർക്യൂട്ട് പോലുള്ള അപകടങ്ങൾ സംഭവിക്കുകയാണെങ്കിൽ വിഷം നിറഞ്ഞ കാർബൺ മോണോക്സൈഡ് ശ്വസിച്ച് ബോധക്ഷയം, ശ്വാസംമുട്ടൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

മാത്രമല്ല പൂർണ്ണമായും വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെടുന്നതോടെ എങ്ങോട്ട് പോകണമെന്ന് അറിയാത്ത അവസ്ഥയും ഉണ്ടാകുന്നു.

മിക്കപ്പോഴും ഉറങ്ങി കിടക്കുന്ന സാഹചര്യങ്ങളിൽ വിഷ പുക ശ്വസിക്കുമ്പോഴായിരിക്കും പലരും ഉറക്കത്തിൽ നിന്നും ഉണരുന്നതും പിന്നീട് ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥ വരുന്നതും.ഇത്തരം പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണം വയറിങ്ങിനായി തിരഞ്ഞെടുക്കുന്ന മെറ്റീരിയൽ, MCB എന്നിവയ്ക്ക് ആവശ്യത്തിന് ക്വാളിറ്റി ഇല്ലാത്തതാവാം.

അതുകൊണ്ടു തന്നെ ഇലക്ട്രിക്കൽ വർക്കുകൾക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകൾ നല്ല ക്വാളിറ്റിയിൽ ഉള്ളതും ട്രേഡ് മാർക്ക് ഉള്ളതുമാണെന്ന് ഉറപ്പ് വരുത്തുക.

വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വേണ്ടി നൽകുന്ന ആഡംബരത്തിന്റെ പകുതി ശ്രദ്ധയെങ്കിലും ഇലക്ട്രിക്കൽ വർക്കുകൾക്ക് വേണ്ടി നൽകുകയാണെങ്കിൽ ഇത്തരത്തിൽ സംഭവിക്കുന്ന പകുതി അപകടങ്ങളും ഒഴിവാക്കാൻ സാധിക്കുന്നതാണ്.

അപകടങ്ങൾ ഒഴിവാക്കാനായി ശ്രദ്ധിക്കാവുന്ന കാര്യങ്ങൾ.

ഷോർട് സർക്യൂട്ട് പോലുള്ള അപകടങ്ങൾ ഉണ്ടായി വീടിനകത്ത് പുക നിറയുമ്പോൾ അത് പുറത്തുള്ളവർക്ക് അറിയുന്നതിനായി ഒരു ഫയർ അലാം സെറ്റ് ചെയ്യാവുന്നതാണ്.

സ്‌മോക്ക് ഡീറ്റെക്ട് ചെയ്യുന്ന രീതിയിലുള്ള ഫയർ അലാമുകൾക്ക് ഏകദേശം 4500 രൂപ മുതലാണ് വില ആരംഭിക്കുന്നത്. പുകയുടെ സാന്നിധ്യം അറിയുമ്പോൾ തന്നെ ഓട്ടോമാറ്റിക്കായി സെറ്റ് ചെയ്തു വെച്ച നമ്പറുകളിലേക്ക് ജോലികളും മെസ്സേജുകളും അയക്കാവുന്ന രീതിയിലുള്ള ഹോം ഓട്ടോമേഷൻ സിസ്റ്റം ഏകദേശം 20,000 രൂപയ്ക്ക് വിപണിയിൽ ലഭ്യമാണ്.

വീടിനകത്ത് വൈദ്യുത ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടാലും ഒരു ലൈറ്റ് എങ്കിലും തെളിയുന്ന രീതിയിലുള്ള സജ്ജീകരണൾ നൽകുന്നതാണ് എപ്പോഴും നല്ലത്.

ഇതിനായി മെയിൽ സർക്യൂട്ടിലേക്ക് കണക്ഷൻ നൽകാതെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന സെക്കൻഡറി സർക്യൂട്ടിലേക്ക് ഒരു ലൈറ്റ് മാത്രം കണക്ട് ചെയ്തു അതിന് ഹോം ഓട്ടോമേഷൻ സിസ്റ്റത്തിലേക്ക് കണക്ഷൻ നൽകാം.

ഇങ്ങിനെ ചെയ്യുന്നത് വഴി രാത്രി സമയത്ത് കറണ്ട് പോയാലും ഒരു ലൈറ്റ് തെളിയുന്നതാണ്.AC പോലുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്ന വീടുകളിൽ അവ ഉപയോഗിക്കുന്ന മുറികളിൽ പ്ലാസ്റ്റിക് സാധനങ്ങൾ പരമാവധി ഒഴിവാക്കാനായി ശ്രദ്ധിക്കുക.

പല വീടുകളിലും പ്ലാസ്റ്റിക്കിന്റെ വ്യത്യസ്ത കോമ്പൗണ്ടുകൾ ഉപയോഗിച്ച് നിർമ്മിച്ച സീലിങ്ങുകൾ, കർട്ടനുകൾ, അലങ്കാര വസ്തുക്കൾ എന്നിവയെല്ലാം അപകടത്തിന്റെ തീവ്രത കൂട്ടുന്നതിന് കാരണമാകാറുണ്ട്.

അതിനുള്ള പ്രധാനകാരണം ഇത്തരം മെറ്റീരിയലുകളിൽ കൂടുതലായും വിനൈൽ അല്ലെങ്കിൽ പിവിസി പോലുള്ള ഉൽപ്പന്നങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്.

പ്ലാസ്റ്റിക് കത്തി അമരുമ്പോൾ അതിൽ നിന്നും വിഷ വാതകങ്ങൾ പുറന്തള്ളുകയും അത് ശ്വസിക്കുന്നത് വലിയ അപകടങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യും.

അതുകൊണ്ടുതന്നെ കർട്ടനുകൾ അതിനായി ഉപയോഗപ്പെടുത്തുന്ന റോഡുകൾ എന്നിവക്കെല്ലാം പ്ലാസ്റ്റിക് ഒഴിവാക്കുന്നതാണ് നല്ലത്.

പുതിയ വീട് നിർമ്മിക്കുമ്പോൾ ഇലക്ട്രിക്കൽ വർക്കുകൾക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന കേബിൾ,സ്വിച്ച് ബോർഡ്, എം സി ബി, ഇ എൽ സി ബി പോലുള്ളവ നല്ല ക്വാളിറ്റിയിൽ ഉള്ളതുതന്നെ തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കുക.

ഇലക്ട്രിക്കൽ മേഖലയിൽ നല്ല പ്രവർത്തി പരിചയം ഉള്ളവരെ നോക്കി ഇലക്ട്രിക്കൽ വർക്കുകൾ ഏൽപ്പിക്കുന്നതാണ് നല്ലത്.

വീട്ടിൽ നിന്നും ഒരു നിശ്ചിത അകലത്തിൽ ആയി കാർപോർച്ച് നൽകുന്നതാണ് എപ്പോഴും നല്ലത്. അതല്ലെങ്കിൽ വീട്ടിനകത്ത് ചെറിയ രീതിയിലുള്ള തീ പിടിച്ചാൽ പോലും അത് വാഹനത്തിലേക്ക് പടർന്ന് പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുന്ന രീതിയിലുള്ള അപകടങ്ങളിലേക്ക് എത്തിക്കും.

ഒരിക്കൽ ഇലക്ട്രിക്കൽ വർക്ക് ചെയ്തു കഴിഞ്ഞാൽ പിന്നീട് അത് തിരിഞ്ഞു നോക്കാത്ത അവസ്ഥ ഉണ്ടാകരുത്.

എല്ലാവർഷവും വയറിങ്, സർക്യൂട്ടുകൾ എന്നിവയെല്ലാം അഡ്വാൻസ്ഡ് ഹോം ഇൻസ്പെക്ഷൻ നടത്തി ശരിയായ രീതിയിൽ വർക്ക് ചെയ്യുന്നുണ്ട് എന്ന കാര്യം ഉറപ്പു വരുത്തുക.

ഇലക്ട്രിക്കൽ വർക്കും പതിയിരിക്കുന്ന അപകടങ്ങളും ഇവയെല്ലാമാണ്.