വീടിനകത്തെ ഇലക്ട്രിക്കൽ പിഴവുകൾ ജീവനു തന്നെ ആപത്താകുമ്പോൾ.

വീട് നിർമ്മാണത്തിൽ വളരെയധികം ശ്രദ്ധ നൽകേണ്ട ഒന്നാണ് ഇലക്ട്രിക്കൽ വർക്കുകൾ. മറ്റ് കാര്യങ്ങൾക്ക് വേണ്ടി മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നത് പോലെയല്ല ഇലക്ട്രിക്കൽ വർക്കുകൾക്ക് വേണ്ടി മെറ്റീരിയൽ തിരഞ്ഞെടുക്കേണ്ടത്.

തീർച്ചയായും ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിച്ച് ഇലക്ട്രിക്കൽ വർക്കുകൾ ചെയ്തില്ല എങ്കിൽ അവ നമ്മുടെ ജീവനുതന്നെ ആപത്ത് സൃഷ്ടിച്ചേക്കാം.

പലപ്പോഴും വീടുകളിലും മറ്റു കെട്ടിടങ്ങളിലും ഷോർട്ട് സർക്യൂട്ട് വില്ലനാകുന്നത് വീട്ടുകാർ പോലും അറിയാറില്ല എന്നതാണ് സത്യം. ഷോർട്ട് സർക്യൂട്ട് മൂലം ഉണ്ടാകുന്ന അപകടങ്ങൾ മറ്റുള്ളവർ അറിയുമ്പോഴേക്കും വലിയ നഷ്ടങ്ങളായിരിക്കും സംഭവിക്കുക.

അതുകൊണ്ടുതന്നെ വീട് നിർമ്മിക്കുമ്പോൾ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി ചെയ്യേണ്ടതായ ചില കാര്യങ്ങളുണ്ട്.

രാത്രി സമയങ്ങളിൽ ഉറങ്ങി കിടക്കുന്ന സമയത്ത് ഷോട്ട് സർക്യൂട്ട് സംഭവിച്ചാൽ അത് തിരിച്ചറിയുന്നത് പുക പുറത്തേക്ക് വരുമ്പോഴാണ്.

കാർബൺ മോണോക്സൈഡ് ചേർന്ന വിഷപ്പുക ശ്വസിക്കുമ്പോൾ തന്നെ ബോധം നശിച്ച് പിന്നീട് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ വരുന്നു.

രാത്രി സമയത്ത് വൈദ്യുതിബന്ധം പൂർണമായും വിച്ഛേദിക്കുമ്പോൾ ഉണ്ടാകുന്ന ഇരുട്ടിൽ എന്തുചെയ്യണമെന്നറിയാതെ പതറുന്ന അവസ്ഥ. അപ്പോഴേക്കും വീടിനകത്തേക്ക് തീ മുഴുവൻ പടർന്നിട്ടുണ്ടാകും.

തീപടർനന്ന് ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനായി വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി മനസ്സിലാക്കാം.

1) സെറ്റ് ചെയ്യാം ഒരു ഫയർ അലാം

വീട് നിർമ്മിക്കുമ്പോൾ ചിലവഴിക്കുന്ന തുകയുടെ കുറച്ചു മാത്രം ഉണ്ടെങ്കിൽ വീട്ടിനകത്ത് ഒരു ഫയർ അലാം സിസ്റ്റം അല്ലെങ്കിൽ സ്മോക്ക് ഡിറ്റക്റ്റർ ഫിറ്റ്‌ ചെയ്യാവുന്നതാണ്. ചെറിയ പുകയോ,തീയോ ഉണ്ടെങ്കിൽ തന്നെ അവ മുന്നറിയിപ്പ് നൽകുന്നതാണ്.

അതോടൊപ്പം തന്നെ പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് അടുത്തുള്ള വീടുകളിലേക്ക് കൂടി അപകടം അറിയിക്കും. മുൻപ് തന്നെ സെറ്റ് ചെയ്തു വെച്ച് ഫയർ സേഫ്റ്റി നമ്പറുകളിലേക്ക് കോളുകൾ പോവുകയും മെസ്സേജുകൾ ലഭിച്ച ഉടൻ തന്നെ രക്ഷാപ്രവർത്തകർ വീട്ടിൽ എത്തുകയും ചെയ്യും.

പലരും കരുതുന്നത് ഫയർ അലാം സെറ്റ് ചെയ്യുന്നതിന് വലിയ വില വരില്ലേ എന്നതാണ്. ഏകദേശം 4500 രൂപ മുതൽ ഫയർ അലാം സിസ്റ്റം ഇപ്പോൾ വിപണിയിൽ ലഭിക്കുന്നുണ്ട്.

എന്നാൽ അതോടൊപ്പം തന്നെ ഒരു ഹോം ഓട്ടോമേഷൻ സിസ്റ്റം കൂടി നൽകുന്നുണ്ടെങ്കിൽ മാക്സിമം ചിലവഴിക്കേണ്ടി വരിക 20,000 രൂപയുടെ അടുത്ത് മാത്രമാണ്.

പ്രധാനമായും AC ഉപയോഗപ്പെടുത്തുന്ന വീടുകളിൽ ഒരു ഹോം ഓട്ടോമേഷൻ സിസ്റ്റം ഫിറ്റ് ചെയ്യുന്നതാണ് ഉചിതം.

ജീവന്റെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുമ്പോൾ ഒരു ഹോം ഓട്ടോമേഷൻ സിസ്റ്റം വീട്ടിൽ സെറ്റ് ചെയ്യുന്നത് അത്ര ചിലവുള്ള കാര്യമാണോ.

2) കറന്‍റ് ഇല്ലെങ്കിലും ഒരു ലൈറ്റ് തെളിയിക്കുന്നതിനുള്ള മാർഗം കണ്ടെത്തുക.

പലപ്പോഴും വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുമ്പോൾ അത് ഇരുട്ടിൽ ഒരു പുകമറ യാണ് സൃഷ്ടിക്കുന്നത്.

പിന്നീട് വീടിനെ പറ്റി എത്ര ധാരണയുള്ള ആൾക്കും വാതിൽ, ജനൽ എന്നിവ എവിടെയാണ് എന്നു പോലും മനസ്സിലാക്കാൻ സാധിക്കാത്ത അവസ്ഥ.

ഇതിനെ മറി കടക്കുന്നതിനായി കറണ്ട് ഇല്ലാത്ത അവസരങ്ങളിലും തെളിയുന്ന രീതിയിൽ ഒരു ലൈറ്റ് വീടിന്റെ ബെഡ്റൂമിൽ സെറ്റ് ചെയ്ത് നൽകാവുന്നതാണ്.

എമർജൻസി ലൈറ്റുകൾ ചാർജ് ചെയ്ത് വയ്ക്കുകയാണെങ്കിൽ ഇത്തരം അവസരങ്ങളിൽ അവ ഉപയോഗപ്പെടുത്താനാകും.

അതേസമയം നേരത്തെ പറഞ്ഞതുപോലെ ഹോം ഓട്ടോമേഷൻ സിസ്റ്റം വർക്ക് ചെയ്യുന്ന വീടുകളിൽ പ്രധാന സർക്യൂട്ടിലേക്ക് കണക്ട് ചെയ്യാതെ തന്നെ സെക്കൻഡറി സർക്യൂട്ടിൽ പ്രവർത്തിക്കുന്ന രീതിയിൽ ഒരു ലൈറ്റ് നൽകാവുന്നതാണ്.

ബാറ്ററിയുടെ ബാക്കപ്പ് ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന രീതിയിലാണ് ലൈറ്റ് സജ്ജീകരിച്ച് നൽകേണ്ടത്.

3) ഒഴിവാക്കാം സീലിംഗ് വർക്കുകളും അലങ്കാര പണികളും.

പലപ്പോഴും വീടിന് ഭംഗികൂട്ടാൻ സീലിംഗ് വർക്കുകൾ മിക്ക വീടുകളിലും ഇപ്പോൾ ചെയ്യുന്നുണ്ട്.

എന്നാൽ എസി ഉപയോഗിക്കുന്ന റൂമുകളിൽ സീലിംഗ് വർക്കുകൾ, മറ്റ് അലങ്കാര വസ്തുക്കൾ, പാനലിങ്‌, കർട്ടൻ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.

കാരണം ഇത്തരം വർക്കുകൾ ചെയ്യുന്നതിനു വേണ്ടി ഉപയോഗപ്പെടുത്തുന്ന വിനൈൽ, പിവിസി പോലുള്ള മെറ്റീരിയലുകൾ പെട്ടെന്ന് കത്താനുള്ള സാധ്യതയുണ്ട്.

എന്നുമാത്രമല്ല വളരെ പെട്ടെന്ന് വിഷപ്പുക പുറന്തള്ളാനും ഇവ വഴിയൊരുക്കുന്നു. കർട്ടനുകൾ ക്ക് വേണ്ടി പ്ലാസ്റ്റിക് ബ്ലൈൻഡ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ അവ പെട്ടെന്ന് ഉരുകുന്നതിനുള്ള സാധ്യത മുന്നിൽ കാണണം.

പരമാവധി പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ എസി പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്ന മുറികളിൽ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.

4) ക്വാളിറ്റിയുള്ള ഇലക്ട്രിക് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാം.

വീടു നിർമാണത്തിനായി തിരഞ്ഞെടുക്കുന്ന ഇലക്ട്രിക് ഉൽപ്പന്നങ്ങൾക്ക് ഗുണനിലവാരം ഉണ്ടെന്ന കാര്യം ഉറപ്പുവരുത്തുക. വയറിങ്ങിനായി ഉപയോഗപ്പെടുത്തുന്ന കേബിൾ, സ്വിച്ച് ബോർഡ്,MCB, ELCB എന്നിവ എല്ലാം അംഗീകൃത കമ്പനികളുടെ മാത്രം തിരഞ്ഞെടുക്കുക.

ഇലക്ട്രിക്കൽ വർക്കുകൾ ചെയ്യുന്നതിനായി വിദഗ്ധരായ ആളുകളെ മാത്രം ഏൽപ്പിക്കുക. ഇവിടെ നിങ്ങൾ ചെയ്യുന്ന ഒരു ചെറിയ തെറ്റ് പോലും വലിയ അപകടത്തിലേക്കാണ് പിന്നീട് വഴി വെക്കുക.

5) വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ ശ്രദ്ധ നൽകണം.

ഒരു കാരണവശാലും വീടിന്റെ ജനാലകൾ, ഭിത്തി എന്നിവയോട് ചേർന്ന് വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.

ഇങ്ങനെ ചെയ്യുന്നത് വഴി വാഹനത്തിന്റെ പെട്രോൾ ടാങ്കിൽ തീ പടരുകയാണ് എങ്കിൽ അത് പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതിനും വീട്ടിലേക്ക് തീ ആളി പടരുന്നതിനും കാരണമാകും.വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഏരിയ സെറ്റ് ചെയ്യുമ്പോൾ ഒരു നിശ്ചിത അകലം നൽകിയിട്ടുണ്ട് എന്ന കാര്യം ഉറപ്പു വരുത്തണം.

6) ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വേണം ശ്രദ്ധ.

മിക്ക വീടുകളിലും ഒരു തവണ വാങ്ങിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ പിന്നീട് ചെറിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിലും ശരിയാക്കാൻ ശ്രമിക്കാറില്ല. തുടക്കത്തിൽ ചെറിയ പ്രശ്നങ്ങൾ ആണ് ഉള്ളത് എങ്കിലും പിന്നീട് അവ വലിയ പ്രശ്നങ്ങളിലേക്കാണ് വഴിവെക്കുന്നത്.

അതുകൊണ്ടുതന്നെ വർഷത്തിൽ ഒരു തവണയെങ്കിലും വീട്ടിൽ നൽകിയിട്ടുള്ള വയറിംഗ്, ഇലക്ട്രിക് ഉപകരണങ്ങളിലേക്ക് ഉള്ള കണക്ഷൻ എന്നിവ പരിശോധിക്കാനായി ശ്രദ്ധിക്കുക.

ഇതിനായി അഡ്വാൻസ്ഡ് ഹോം ഇൻസ്പെക്ഷൻ സോഫ്റ്റ്‌വെയറുകൾ ഇപ്പോൾ ലഭ്യമാണ്. ഒരു ഇൻഫ്രാറെഡ് ക്യാമറയുടെ സഹായത്തോടെ ഇലക്ട്രിക് സർക്യൂട്ടിന്റെ ചിത്രങ്ങൾ എടുത്ത് പിഴവുകൾ കണ്ടെത്തുന്ന രീതിയിലാണ് ഇവ വർക്ക് ചെയ്യുന്നത്.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി ഒരുപരിധിവരെ ഇലക്ട്രിക്കൽ പിഴവുകൾ മൂലം ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നും ചെറുത്തു നിൽക്കാൻ സാധിക്കും.