സ്റ്റോൺ ക്ലാഡിങ് നൽകി വാളുകൾ ഭംഗിയാക്കാം. മനസിലാക്കാം ഗുണങ്ങളും ദോഷങ്ങളും.

വീടിന്റെ ഇന്റീരിയർ ഭംഗി ആക്കുന്നതിന് വളരെയധികം ശ്രദ്ധ പുലർത്തുന്നവരാണ് ഇന്ന് മിക്ക ആളുകളും.

പ്രത്യേകിച്ച് വീടിന്റെ ചുമരുകൾക്ക് ഇന്റീരിയർ വർക്കുകൾ ചെയ്തു എങ്ങനെ കൂടുതൽ അട്രാക്റ്റീവ് ആക്കി മാറ്റാം എന്നതാണ് പലരും ചിന്തിക്കുന്ന കാര്യം. ഇതിനായി വാൾപേപ്പറുകൾ സ്റ്റിക്കറുകൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്താറുണ്ട്.

അതോടൊപ്പം തന്നെ വീടിന്റെ എക്സ്റ്റീരിയറിനും ഇന്റീരിയറിന് നൽകുന്ന അതേ പ്രാധാന്യം നൽകാനാണ് പലരും ഇപ്പോൾ ഇഷ്ടപ്പെടുന്നത്. അതിനുള്ള കാരണം ഒരു വീടിന്റെ മോടി വിളിച്ചോതുന്നത് വീടിന്റെ പുറം കാഴ്ചകൾ തന്നെയാണ്.

എക്സ്റ്റീരിയർ വർക്കുകൾക്കായി തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ് സ്റ്റോൺ ക്ലാഡിങ്. വ്യത്യസ്ത രീതിയിൽ സ്റ്റോൺ ക്ലാഡിങ് ചെയ്യാനായി സാധിക്കും.

അവ ചെയ്യേണ്ട രീതി, ഉപയോഗിക്കുന്ന മെറ്റീരിയലുകൾ എന്നിവയെപ്പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം.

എന്താണ് സ്റ്റോൺ ക്ലാഡിങ്?

ക്ലാഡിങ് എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത് പുറത്തുള്ള വസ്തുവിനെ കാണാത്ത രീതിയിൽ മറ്റൊരു വസ്തു ഉപയോഗിച്ച് കവർ ചെയ്യുന്നതിനെയാണ്. കല്ലുകൾ ഉപയോഗിച്ച് വാളുകൾ പുതിയ രൂപത്തിൽ ആക്കി എടുക്കുന്നതാണ് സ്റ്റോൺ ക്ലാഡിങ് എന്ന പേരിൽ അറിയപ്പെടുന്നത്. ക്ലാഡിങ് പ്രധാനമായും രണ്ടു രീതിയിൽ തരംതിരിച്ചിട്ടുണ്ട്.

  • വെറ്റ് ക്ലാഡിങ്

വളരെ കട്ടിയുള്ള പശ ഉപയോഗപ്പെടുത്തി കല്ലുകൾ ചുമരിൽ ഒട്ടിച്ചു നൽകുന്നതിനെയാണ് വെറ്റ് ക്ലാഡിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

  • ഡ്രൈ ക്ലാഡിങ്

ഡ്രൈ ക്ലാഡിങ് ചെയ്യുന്നതിനായി സ്ക്രൂ, ക്‌ളാമ്പുകൾ എന്നിവ ഉപയോഗിച്ച് സ്റ്റോൺ ചുമരിലേക്ക് ഫിറ്റ് ചെയ്ത് നൽകുകയാണ് ചെയ്യുന്നത്.

സ്റ്റോൺ ക്ലാഡിങ്ങിന്റെ തുടക്കകാലത്ത് പ്രത്യേക ആകൃതികളിൽ നിർമ്മിച്ചെടുത്ത സ്റ്റോണുകൾ മാത്രമാണ് വാളിൽ പതിപ്പിക്കാനായി വിപണിയിൽ ലഭിച്ചിരുന്നുള്ളൂ. ഇത്തരത്തിൽ ലഭിക്കുന്ന മെറ്റീരിയൽ വീട്ടിൽ കൊണ്ടു വന്ന് ആവശ്യാനുസരണം കട്ട് ചെയ്ത് വേണം ഒട്ടിച്ചു നല്കാൻ. സ്റ്റോൺ കട്ട് ചെയ്ത് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ലേബർ കോസ്റ്റ്, കട്ട് ചെയ്ത് കളയുന്ന മെറ്റീരിയൽ വേസ്റ്റേജ് എന്നിവ കൂടുതൽ ആയിരുന്നു.ഇന്ന് അതിൽ നിന്നും തീർത്തും വ്യത്യസ്തമായി 2*9 സൈസിലുള്ള കല്ലുകൾ പ്രത്യേക രീതിയിൽ ലോക്ക് ചെയ്ത് വിപണിയിൽ ലഭിക്കുന്നുണ്ട്. ഇത്തരം കല്ലുകൾ വാങ്ങി നേരിട്ട് ചുമരിലേക്ക് ഒട്ടിച്ചു നൽകാനായി സാധിക്കും. റെഡിമെയ്ഡ് സ്റ്റോണുകൾ വാൾ ക്ലാഡിങ്ങിനായി ഉപയോഗപ്പെടുത്തുമ്പോൾ മെറ്റീരിയൽ വേസ്റ്റേജ് വരാതെയും, കട്ടിംഗ് കോസ്റ്റ് വരാതെയും പണി പൂർത്തിയാക്കാൻ സാധിക്കും.

സ്റ്റോൺ ക്ലാഡിങ്ങിന്റെ ഉപയോഗം

എക്സ്റ്റീരിയർ വർക്കുകൾക്ക് വേണ്ടി മാത്രമല്ല ഇന്റീരിയർ വർക്കുകൾക്ക് വേണ്ടിയും സ്റ്റോൺ ക്ലാഡിങ് ഉപയോഗപ്പെടുത്തുന്നുണ്ട്. അതേസമയം വീടിന്റെ മുഴുവൻ ഭാഗത്തും സ്റ്റോൺ ക്ലാഡിങ് ഉപയോഗപ്പെടുത്തുന്നത് അത്ര ഗുണകരമായ കാര്യമല്ല.

പ്രധാനമായും ടിവി വയ്ക്കുന്ന പാനലിന്റെ ഭാഗം, വാഷ്ബേസിൻ സെറ്റ് ചെയ്യുന്ന ഏരിയ, വീടിന്റെ പുറംഭാഗത്ത് നൽകുന്ന തൂണുകൾ, പ്രത്യേക വാളുകൾ എന്നിവയിലാണ് സ്റ്റോൺ ക്ലാഡിങ് ചെയ്യാൻ ഏറ്റവും അനുയോജ്യമായ ഭാഗങ്ങൾ.

കൂടാതെ കുട്ടികളും പ്രായമായവരും ഉള്ള വീടുകളിൽ സ്റ്റോൺ ക്ലാഡിങ് വർക്കുകൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

സ്റ്റോൺ ക്ലാഡിങ്ങിനായി ഉപയോഗപ്പെടുത്തുന്ന കല്ലുകളുടെ അറ്റം കൂർത്താണ് ഉണ്ടാവുക. അതുകൊണ്ടുതന്നെ കുട്ടികൾ വീഴുകയോ മറ്റോ ചെയ്താൽ അവ തട്ടി മുറിവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

വീടിന്റെ എക്സ്റ്റീരിയർ വർക്കുകൾക്കായി സ്റ്റോണുകൾ തിരഞ്ഞെടുക്കുമ്പോൾ നാച്ചുറൽ സ്റ്റോൺ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. ഇത് കൂടുതൽ ഭംഗി നൽകുകയും ഈടു നിൽക്കുകയും ചെയ്യും. ആർട്ടിഫിഷ്യൽ സ്റ്റോണുകൾ ആണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അവ പലപ്പോഴും പെട്ടെന്ന് കേടായി പോകുന്ന അവസ്ഥ വരാറുണ്ട്.

സ്റ്റോൺ ക്ലാഡിങ് ചെയ്യുന്നതിന് വരുന്ന ചിലവ്

ക്വാളിറ്റിയുടെ വ്യത്യാസമനുസരിച്ച് സ്റ്റോണിന്റെ വിലയിലും വ്യത്യാസം വരുന്നതാണ്. വ്യത്യസ്ത ഡിസൈനിലും പാറ്റേണിലുമുള്ള കല്ലുകൾക്ക് വിലയിൽ മാറ്റമുണ്ടായിരിക്കും.

സ്ക്വയർഫീറ്റിന് 110 രൂപ മുതൽ സ്റ്റോൺ ക്ലാഡിങ് ചെയ്യുന്നതിന് ആവശ്യമായ സ്റ്റോണുകൾ ഇപ്പോൾ വിപണിയിൽ ലഭിക്കുന്നുണ്ട്. സ്റ്റോണുകൾ പതിപ്പിക്കുന്നതിന് ആവശ്യമായ ലേബർ കോസ്റ്റ്,പശ എന്നിവ സ്ക്വയർ ഫീറ്റിന് 60 രൂപ നിരക്കിലാണ് വരുന്നത്.

സ്റ്റോൺ പർച്ചേസ് ചെയ്ത് വർക്ക് പൂർത്തീകരിക്കാൻ വരുന്ന ചിലവ് ഏകദേശം 170 രൂപയുടെ അടുത്താണ് സ്ക്വയർഫീറ്റിന് വരിക.

വീടുകൾക്ക് കൂടുതൽ ഭംഗി നൽകാൻ സ്റ്റോൺ ക്ലാഡിങ് ഉപയോഗപ്പെടുത്താമെങ്കിലും രണ്ടു മാസത്തെ ഇടവേളകളിൽ അവ നല്ല രീതിയിൽ വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

അതല്ല എങ്കിൽ പൊടി പിടിച്ച് പഴയ ലുക്ക് തോന്നുന്നതിന് കാരണമാകും.

എക്സ്റ്റീരിയർ വർക്കുകൾക്ക് വേണ്ടി സ്റ്റോൺ ക്ലാഡിങ് ചെയ്യുന്നുണ്ട് എങ്കിൽ അവയുടെ ഷെയ്ഡ് മങ്ങി പോകുന്ന സാഹചര്യങ്ങളിൽ പ്രത്യേക കെമിക്കൽ വാങ്ങി അവക്ക് മുകളിൽ അപ്ലൈ ചെയ്തു നൽകാവുന്നതാണ്.

തീർച്ചയായും സ്റ്റോൺ ക്ലാഡിങ് ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കിക്കൊണ്ട് മെറ്റീരിയൽ പർച്ചേസ് ചെയ്തു ഉപയോഗിക്കുന്നതാണ് നല്ലത്.