വെർട്ടിക്കൽ ഗാർഡൻ നിർമിക്കാൻ പഠിക്കാം

വീട് നിർമ്മിക്കുമ്പോൾ സ്ഥല കുറവുള്ള ചെടികളെയും, പൂവിനെയും, പച്ചപ്പിനെയും ഇഷ്ടപ്പെടുന്നവർക്ക് മികച്ച ഒരു പരിഹാരമാർഗമാണ് വെർട്ടിക്കൽ ഗാർഡൻ

വീടിനകത്തും പുറത്തും മതിലുകളിലും അടുക്കളയിലും ടോയ്‌ലറ്റിലും എവിടെ വേണമെകിലും ഈ വെർട്ടിക്കൽ ഗാർഡനുകൾ കുരുക്കാൻ കഴിയും എന്നതാണ് ഇവയുടെ വലിയ പ്രത്യേകത.

സ്വന്തമായി വെർട്ടിക്കൽ ഗാർഡൻ നിർമിക്കാൻ ഉദ്ദേശിക്കുന്നവർ ഈ കാര്യങ്ങൾ മനസ്സിലാക്കുക

വെർട്ടിക്കൽ ഗാർഡൻ ആവശ്യമുള്ള സാമഗ്രികൾ

ഭിത്തി

ചെടികൾക്ക് നന്നായി സൂര്യപ്രകാശം ലഭിക്കുന്ന അനുയോജ്യമായ ഒരു ഭിത്തി തിരഞ്ഞെടുക്കുക.

ഫ്രെയിം

പലതരത്തിലും ആകൃതിയിലുമുള്ള ഫ്രെയിമുകൾ പലതരം സാമഗ്രികൾ കൊണ്ടു നിർമിക്കാം.

മെറ്റൽ ഫ്രെയിം ആണെങ്കിൽ വെർട്ടിക്കൽ പോട്ടുകൾ എളുപ്പത്തിൽ ഘടിപ്പിക്കാം. പ്ലാസ്റ്റിക് കൊണ്ടുള്ള ഫ്രെയിംആണെങ്കിൽ പ്ലാസ്റ്റിക് ഷീറ്റ് ഘടിപ്പിക്കണം. പോട്ടുകൾക്കു പകരം ഷീറ്റിലുള്ള ഫാബ്രിക് പോക്കറ്റിൽ ചെടി വയ്ക്കാം.

 പോട്ടുകൾ

പ്ലാസ്റ്റിക് പോട്ടുകൾ, വുഡൻ ബോക്സ്, ഫാബ്രിക് പൗച്ച്, സെറാമിക് പോട്ട്, പ്ലാസ്റ്റിക് ബാഗ് തുടങ്ങിയവ.

പോട്ടിങ് മിക്സ്ചർ

മണ്ണ്, കൊക്കോപീറ്റ് അല്ലെങ്കിൽ ചകിരിച്ചോർ, വെർമിക്കുലൈറ്റ്, കംപോസ്റ്റ്, പെർലൈറ്റ്…

നനയ്ക്കാൻ

ചെറിയ രീതിയിലുള്ളവയ്ക്ക് ഹാൻഡ് സ്പ്രേയറും വലിയ തോതിലുള്ളവയ്ക്ക് ഡ്രിപ് ഇറിഗേഷനും ചെയ്യാം. ഡ്രിപ് സിസ്റ്റം വഴി വളവും നൽകാം.

ചെടികൾ

ചെടികളുടെ തിരഞ്ഞെടുപ്പിലും ശ്രദ്ധ വേണം. കാരണം, സൂര്യപ്രകാശം അധികം ആവശ്യമുള്ളതും ഇല്ലാത്തതുമായ ചെടികളുണ്ട്.

വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്യാം

  • ആദ്യം അനുയോജ്യമായ ചുമര് തിരഞ്ഞെടുക്കുക.
  • അതിനു ശേഷം ഫ്രെയിം ഉണ്ടാക്കണം.
  • ഫ്രെയിമിനു പിറകിൽ വയർമെഷ് പിടിപ്പിക്കുക.
  • അതിലേക്ക് പോട്ടുകൾ ഘടിപ്പിക്കുക.
  • മണ്ണ്, കൊക്കോപീറ്റ് അല്ലെങ്കിൽ ചകിരിച്ചോർ, വെർമിക്കുലൈറ്റ്, കംപോസ്റ്റ്, പെർലൈറ്റ് എന്നിവയടങ്ങുന്ന മിശ്രിതം പോട്ടിൽ നിറയ്ക്കുക. വെർമിക്കുലൈറ്റ് വെള്ളം വാർന്നു പോകാനും പെർലൈറ്റ് വെള്ളം തങ്ങിനിൽക്കാനുമാണ് ഉപയോഗിക്കുന്നത്. ആവശ്യാനുസരണം ഉപയോഗിക്കുക.
  • ചെടി നടുക.
  • അത് പോട്ടിൽ നിറച്ചതിനു ശേഷം ഫ്രെയിമിൽ ഘടിപ്പിക്കുക.
  • നന്നായി നനയ്ക്കുക.
  • വാണിജ്യ സ്ഥാപനങ്ങളിൽ പോട്ടുകൾക്കു പകരം ഡ്രിപ് ഇറിഗേഷൻ സംവിധാനം ഏർപ്പെടുത്തിയ പ്ലാസ്റ്റിക് പോക്കറ്റുകളാണ് നല്ലത്. ഇത് കൈകാര്യം ചെയ്യാൻ എളുപ്പമായിരിക്കും.

പരിചരണം എങ്ങനെ?


ഒരു നല്ല വെർട്ടിക്കൽ പൂന്തോട്ടം സ്വന്തമാക്കാൻ എന്തൊക്കെ ചെയ്യണമെന്ന് നോക്കാം. വീടുകളിലുള്ള ചെറിയ വെർട്ടിക്കൽ ഗാർഡന്റെ പരിചരണം വളരെ എളുപ്പമാണ്.

എന്നാൽ വലിയ തോതിലുള്ളവയുടെ പരിചരണം പ്രയാസമാണ്. അതിന് ജോലിക്കാരുടെ സേവനം ആവശ്യമായി വരും. ഡ്രിപ്പിങ് സിസ്റ്റത്തിലൂടെ നനയ്ക്കാനും വളമേകാനും കഴിയുമെങ്കിലും പ്രൂണിങ്ങും ഉണങ്ങിയതും ആവശ്യമില്ലാത്തതുമായ ഇലകള്‍ നീക്കുന്നതും ബുദ്ധിമുട്ടാണ്.


നല്ല വെർട്ടിക്കൽ ഗാർഡന് അവശ്യം വേണ്ടത് ആവശ്യത്തിനു വളവും കൃത്യസമയങ്ങളിലുള്ള നനയുമാണ്. അങ്ങനെയെങ്കിൽ ആരോഗ്യമുള്ള ചെടി ലഭിക്കും. പ്രൂണിങ്ങും യഥാസമയം ചെയ്യണം. ഉണങ്ങിയ ഇലകൾ, കളകൾ എന്നിവ നീക്കം ചെയ്യുക. വെള്ളം ശരിയായി വാർന്നു പോകാനുള്ള സംവിധാനവും വേണം. സൂര്യപ്രകാശം വേണമെന്നത് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. ആറ്– എട്ട്  മാസങ്ങൾക്കു ശേഷം റീപോട്ടിങ് ചെയ്യണം. അപ്പോൾ വളത്തിനായി ഗാർഡൻ മിക്സ്ചർ ചേർക്കുകയുമാകാം.


വെള്ളം കൂടിയാൽ വേര് ചീയാൻ സാധ്യതയുണ്ട്. വെള്ളം കുറഞ്ഞാലും പ്രശ്നമാണ്; ഇലകൾ ഉണങ്ങിപ്പോവും. പോട്ടിൽ വെള്ളം നിറഞ്ഞിരുന്നാലും ചെടികൾ നശിക്കും.

എവിടെ സെറ്റ് ചെയ്യാം?


ഔട്ട്ഡോർ ആയും ഇൻഡോർ ആയും വെർട്ടിക്കൽ ഗാർഡൻ നൽകാം. ചെടികളുടെ വളർച്ചയ്ക്കു വേണ്ടി നല്ലതുപോലെ സൂര്യപ്രകാശം ലഭിക്കണമെന്നേയുള്ളൂ.

മതിൽ, അകത്തെ ചുമരുകൾ, നടുമുറ്റം തുടങ്ങി പലയിടത്തും വെർട്ടിക്കൽ ഗാർഡൻസെറ്റ് ചെയ്യാം. അനുയോജ്യമായ ഇടവും കാലാവസ്ഥയുമാണ് പ്രധാനം.

കിണർ വൃത്തിയാക്കാൻ ഇറങ്ങുമ്പോൾ ഇവ അറിഞ്ഞിരുന്നാൽ വലിയ അപകടങ്ങൾ ഒഴിവാകാം