മഴക്കാലം വന്നു!! വീട് സംരക്ഷണത്തിനുള്ള ചില കൽപനകൾ

മഴക്കാലം ഇത്തവണ നേരത്തെ എത്തിയിരിക്കുന്നു. മഴ എന്നത് നമുക്കെല്ലാം സന്തോഷം ആണെങ്കിലും മഴക്കാലത്തെ വരവേൽക്കാൻ നാം എടുക്കേണ്ട ചില മുന്നൊരുക്കങ്ങളും ഉണ്ട്. 

വീടിൻറെ സംരക്ഷണവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അനവധിയാണ്. മഴ പെയ്യുമ്പോൾ വീടിനകത്തും പുറത്തും നനവ് തങ്ങി നിൽക്കുകയും തന്മൂലം പല നശീകരണ പ്രക്രിയകൾ നടക്കുകയും ചെയ്യുന്നു.

ഇവയിൽ നിന്ന് നമ്മുടെ വീടിനെയും മറ്റ് ഉപകരണങ്ങളെയും ഫര്ണിച്ചറും സംരക്ഷിക്കാൻ എടുക്കേണ്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്ന ലേഖനം.

മഴക്കാലത്തു എങ്ങനെ ഒരുങ്ങാം:

ഭിത്തിയിലോ മേൽക്കൂരയിലോ ചെറിയ ലീക്കുകള്‍ എത്രയും വേഗം അടയ്ക്കാം. 

പൊട്ടിയ ഓടുകളും മറ്റും മാറ്റി നല്ലത് വയ്ക്കാം. അങ്ങനെ ചെയ്തില്ലെങ്കിൽ വിടവിലൂടെ വെള്ളം ഇറങ്ങി വലിയ പ്രശ്നങ്ങളിലേക്ക് നയിക്കും. 

തുടര്‍ച്ചയായി ഈര്‍പ്പം നിലനില്‍ക്കുന്ന ഇടങ്ങളില്‍ പൂപ്പലും പായലും വളരാതിരിക്കാൻ ഉള്ള പ്രയോഗങ്ങൾ നടത്താം. റൂഫിലും ഭിത്തിയിലുമുള്ള വിള്ളലുകള്‍ പുട്ടി ഉപയോഗിച്ച് അടയ്ക്കാം.

ചവിട്ടിയും കാര്‍പ്പെറ്റും 

വേനല്‍ക്കാലത്ത് ഉപയോഗിച്ചിരുന്ന വില കൂടിയ ചവിട്ടികളും മറ്റും മാറ്റി വയ്ക്കാം. വെള്ളവും ഈര്‍പ്പവും ചവിട്ടികൾ വളരെ വേഗത്തിൽ നശിക്കാന്‍ ഇടയാക്കും. 

മഴക്കാലം കഴിയുന്നത് വരെ ഇവ ഉണങ്ങിയ സ്ഥലത്ത് സൂക്ഷിക്കണം. 

വെള്ളത്തെ പ്രതിരോധിക്കുന്ന തരത്തിലുള്ള മാറ്റും 

കാര്‍പ്പെറ്റുകളും ഈ സമയത്ത് ഉപയോഗിക്കാം. നനഞ്ഞ കാര്‍പ്പെറ്റിലെ ഈര്‍പ്പം നന്നായി മാറ്റിയശേഷം ഉണങ്ങിയ സ്ഥലത്ത് സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. 

ഫര്‍ണിച്ചര്‍

തടി ഫര്‍ണിച്ചറുകള്‍ക്ക് പ്രത്യേകം കരുതല്‍ ആവശ്യമുള്ള സമയമാണ് മഴക്കാലം. അവയിലേക്ക് നേരിട്ട് ഈര്‍പ്പവും വെള്ളവും എത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണം.

തടിയില്‍ നിര്‍മിച്ച ഫര്‍ണിച്ചറുകള്‍ വൃത്തിയാക്കുന്നതിന് വിപണിയില്‍ ഉത്പന്നങ്ങള്‍ ലഭ്യമാണ്. ഇതുപയോഗിച്ച് അവ വൃത്തിയാക്കാം. നനവുള്ള തുണി ഉപയോഗിച്ച് തടി കൊണ്ടുള്ള  ഫര്‍ണിച്ചറുകള്‍ വൃത്തിയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. 

സിലിക്കാ ജെല്‍, ആര്യവേപ്പില, നാഫ്തലീന്‍ ബോള്‍സ് എന്നിവ തടികൊണ്ടുള്ള കബോഡുകളിലും ഡ്രോയറുകളിലും സൂക്ഷിക്കാം. ഈര്‍പ്പത്തില്‍നിന്നും സംരക്ഷിക്കുന്നതിനൊപ്പം മഴക്കാലത്തുള്ള ദുര്‍ഗന്ധവും ഇവ അകറ്റും. 

മഴയത്ത് തറ വൃത്തിയാക്കല്‍

തറ തുടയ്ക്കുമ്പോള്‍ സുഗന്ധമുള്ള ലോഷനുകളും മറ്റും ഉപയോഗിക്കുകയാണെങ്കിൽ  ഈച്ചകളെയും പ്രാണികളെയും വലിയ അളവ് വരെ അകറ്റാം. 

പൊട്ടിയ ടൈലുകളും മറ്റും ഉണ്ടെങ്കില്‍ അവ മാറ്റി സ്ഥാപിക്കാം.

വുഡന്‍ ഫ്‌ളോര്‍ ആണെങ്കില്‍ ഇരട്ടി ശ്രദ്ധ വേണം. നനഞ്ഞ ചെരിപ്പുകള്‍, കുടകള്‍, എന്നിവ അകത്തേക്ക് കയറ്റാതെ നോക്കണം. വെള്ളം വലിച്ചെടുക്കുന്ന മാറ്റുകള്‍ പടികളില്‍ വിരിക്കാം. ഒപ്പം വീടിനുള്ളില്‍ പരമാവധി വായു സഞ്ചാരം ഉറപ്പുവരുത്തണം. 

കോട്ടണ്‍ തുണികള്‍ക്ക് തത്കാലം വിട പറയാം

അന്തരീക്ഷത്തിലെ ഈര്‍പ്പം എല്ലാത്തരം  കോട്ടണ്‍ തുണികളെയും നാശമാക്കും. ബെഡ് ഷീറ്റ്, തലയിണ കവര്‍ തുടങ്ങിയവ കൃത്യ സമയത്ത് മാറ്റണം. വേഗത്തില്‍ ഉണക്കിയെടുക്കാന്‍ കഴിയുന്ന തുണികള്‍ പരമാവധി ഉപയോഗിക്കുക.

കനത്ത മഴയത്ത് വെള്ളം വീടിനുള്ളില്‍ കയറാതെ നോക്കണം. ബാല്‍ക്കണികളിലും ജനലിനും മുകളിലുള്ള ഷേഡുകള്‍ ഇത് ഒരു പരിധിവരെ സാധ്യമാക്കും.

മഴ ശക്തമായ സമയത്ത് ജനലുകള്‍ അടച്ചിടാം. എന്നാല്‍, ബാക്കി സമയത്ത് തുറന്നിടുകയും വേണം.