വീട് നിർമാണത്തിൽ മലയാളികളുടെ സ്ഥിരം മണ്ടത്തരങ്ങൾ ആവർത്തിക്കാതിരിക്കാൻ 7 കാര്യങ്ങൾ

വീട് നിർമ്മാണം മറ്റ് എല്ലാത്തിനേക്കാളും ഉപരി ശരിയായ പ്ലാനിങ് ആണ്. ആണ് ഒരു അഡ്മിനിസ്ട്രേറ്ററുടെ എല്ലാ ചാതുരിയും ഇതിന് ആവശ്യവുമാണ്. നമ്മുടെ ബഡ്ജറ്റ്, നമ്മുടെ ആവശ്യകതകൾ, നമ്മൾ ആഗ്രഹിക്കുന്ന സൗകര്യങ്ങൾ തുടങ്ങി അനവധി കാര്യങ്ങൾ ബാലൻസിൽ കൊണ്ടുപോകുന്ന ഒരു കല കൂടിയാണ് വീടുനിർമാണം. 

നമ്മുടെ ആവശ്യങ്ങൾക്ക് അപ്പുറത്ത് ഒരുപാട് മിഥ്യാധാരണകൾ സമൂഹത്തിൽനിന്ന് നമ്മുടെ ഉള്ളിലേക്ക് വീട് നിർമാണവുമായി ബന്ധപ്പെട്ട് കയറി കൂടാറുണ്ട്. ഇവയിൽ പലതും നമ്മെ വീഴ്ചയിലേക്ക് എത്തിക്കുകയും ചെയ്യും. 

ഇങ്ങനെ നമ്മുടെ സമൂഹത്തിൽ കയറി കൂടിയിട്ടുള്ള ചില തെറ്റായ ധാരണകളെ പൊളിക്കുകയാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്:

1. സങ്കീർണതയ്ക്ക് പുറകെ പോകുന്നത്

സങ്കീർണ്ണമായ ഡിസൈനുകളിൽ എന്തോ പ്രത്യേകത ഉണ്ടെന്ന് വിചാരമാണ് മലയാളികൾക്ക്. അനാവശ്യമായ പല എലിവേഷൻ ഏലമെന്റുകളും 

 കയറ്റുകയും ഇൻറർനെറ്റിലും മാസികകളിലും കാണുന്ന ഘടകങ്ങൾ വേണമെന്ന് വാശി പിടിക്കുകയും ചെയ്തു വലിയ ക്ഷതത്തിലേക്ക് വീഴുന്ന അനവധി പേരെ നാം കാണുന്നുണ്ട്. 

സങ്കീർണ്ണമായ ഡിസൈൻ ആണ് നല്ല എന്നത് തെറ്റായ ധാരണയാണ്. ഉപയോഗപ്രദവും സർഗ്ഗാത്മകവും ആവുക എന്നതാണ് ഒരു നല്ല ഡിസൈനിന്റെ ലക്ഷണം

പലയിടത്തും കാണുന്ന പല നൂതനമായ കാര്യങ്ങൾ ഉൾക്കൊള്ളേണ്ട എന്നല്ല പറയുന്നത്. പകരം അവ നമ്മുടെ ആവശ്യത്തിനും സാഹചര്യത്തിനും ചേരുന്ന രീതിയിൽ ഇത് മാറ്റിയെടുത്തു വേണം പ്രയോഗിക്കാൻ എന്നുമാത്രം.

2. വീട് വെറും സ്റ്റാറ്റസ് സിമ്പിളായി മാറുമ്പോൾ

ഇന്ന് വീട് താമസിക്കാൻ ഒരിടം എന്നതിലുമുപരി അനാവശ്യമായ ആഡംബരങ്ങൾ കാണിച്ചു, കൊക്കിൽ ഒതുങ്ങാത്ത പണച്ചെലവുകൾ നടത്തുന്ന എന്തോ ഒന്നാണ് എന്ന മിഥ്യാധാരണ മലയാളികൾക്കിടയിൽ പരന്നിട്ടുണ്ട്.

ഇത് ശുദ്ധ ഭോഷ്ക് ആണെന്നുള്ളത് എടുത്തുപറയേണ്ടതില്ലല്ലോ. 

പുതിയതായി ഷോറൂമുകളിൽ കാണുന്ന പല കാര്യങ്ങളും നമുക്ക് ആവശ്യം ഇല്ല എന്ന് മാത്രമല്ല താഴ്ന്ന ക്വാളിറ്റി ഉള്ളതും ആവാം. 

ഏത് ആഡംബരം സ്വീകരിക്കുന്നതിനു മുമ്പും ഇത് നമുക്ക് ആവശ്യം ഉള്ളതാണോ എന്നും നമ്മുടെ ദൈനംദിന ജീവിതത്തിന് ഏതെങ്കിലും രീതിയിലുള്ള തടസ്സങ്ങൾ ഉണ്ടാകുമോ എന്ന് ചിന്തിക്കേണ്ടതാണ്.

3. കുടുംബം വളരും കൂടെ വീട് വളർത്താൻ ആവില്ല

ആഡംബരങ്ങൾ സന്നിവേശിപ്പിക്കാൻ വെമ്പൽ കാണിക്കുമ്പോൾ വിട്ടുപോകുന്ന ഒരു കാര്യമാണ് മുന്നോട്ട് ഉള്ള ചിന്ത. ഇപ്പോൾ ഉള്ള ആവശ്യങ്ങൾ മാത്രം കണക്കിലെടുത്ത് മുന്നോട്ട് ഇനി വരാവുന്ന കാര്യങ്ങൾ ചിന്തിക്കാതെ ഉള്ള പ്ലാനിങ്ങും ഡിസൈനിങ്ങും ആണ് പലപ്പോഴും നമുക്കിടയിൽ കാണുന്നത്. ഇത് ഒരു രീതിയിലും ഉചിതമല്ല. ഇനി വരാവുന്ന കുടുംബാംഗങ്ങൾ, ഗസ്റ്റുകൾ തുടങ്ങി പല കാര്യങ്ങൾ ചിന്തിച്ചു വേണം വീട്ടിൽ എന്തൊക്കെ സൗകര്യങ്ങൾ വേണം എന്ന് തീരുമാനിക്കാൻ.

അതിനാൽ ആ വീട്ടിൽ ആരൊക്കെയാണ് താമസിക്കുന്നത്, ഇനി മുന്നോട്ടു ആരൊക്കെ വരാം എന്നുള്ളതാണ് ഈ ഘട്ടത്തിൽ പ്രധാനമായി ചിന്തിക്കേണ്ടത് 

4. തേക്കിൻ തടിയോടുള്ള പ്രണയം

തേക്കിൻ തടി പണക്കാരുടെ ലക്ഷണമാണ് എന്ന് മിഥ്യാധാരണയിൽ മറ്റൊരെണ്ണം. തേക്കിൻ തടി മാത്രമേ നമുക്ക് സുരക്ഷ നൽകു എന്നും ഒരു അന്ധമായ വിശ്വാസം ഉണ്ട്. ഇത് രണ്ടും തെറ്റാണ്. നമ്മുടെ വീടിന് കാഴ്ച ഭംഗിയും വേണ്ട സൗകര്യവും സുരക്ഷിതത്വവും നൽകാവുന്ന അനേകം ഓപ്ഷനുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ് അവയിൽ നിങ്ങൾക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കാനുള്ള മനസ്സ് കാണിക്കണം.

5. പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കുന്നതിൽ പരിമിതി കാണിക്കുക

പണം ചിലവാക്കി ഉള്ള അനേകം ആധുനിക സൗകര്യങ്ങൾ നേടിയെടുക്കാൻ പായുമ്പോൾ പ്രകൃതിദത്തമായി നമുക്ക് കിട്ടുന്ന വിഭവങ്ങൾ നിങ്ങൾ കണ്ടില്ല എന്ന് നടിക്കരുത്. ശുദ്ധമായ വായു, വെളിച്ചം തുടങ്ങിയവ വീടിനുള്ളിൽ പരക്കേണ്ടത് സുസ്ഥിരമായ ആരോഗ്യത്തിന് കൂടി ഏറെ പ്രധാനപ്പെട്ടതാണ്. അതിനാൽ ക്രോസ് വെന്റിലേഷൻ, നാച്ചുറൽ ലൈറ്റിംഗ് തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കി വേണം വീട് പ്ലാൻ ചെയ്യാൻ.

6. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ

പിന്നീട് വീട് നിർമാണത്തിൽ നാം ഏറെ നാടകീയത കാണിക്കുന്ന ഒരിടമാണ് അടുക്കള. അനാവശ്യമായ ഡിസൈനുകളും ഡെക്കറേഷനുകളും ഒരുക്കുന്നതിൽ ആണ് നമ്മുടെ ശ്രദ്ധ.  ഓർക്കുക ഒരു വീട്ടിൽ ഏറ്റവും അധികം ആക്ടിവിറ്റി നടക്കുന്ന ഇടമാണ് കിച്ചൺ. അതിനാൽ തന്നെ സൗകര്യപ്രദമായി  ഇരിക്കുക എന്നുള്ളത് ഏറെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. 

ഇന്നത്തെക്കാലത്ത് ഒരു സാധാരണ കുടുംബത്തിന് ഒരു ഇടത്തരം മോഡുലാർ കിച്ചൻ മതിയാകും. അതോടൊപ്പം ആവശ്യമായ കബോർഡുകളും സജ്ജീകരിക്കുക. സ്ഥലമുണ്ടെങ്കിൽ ഒരു ചെറിയ ബ്രേക്ഫാസ്റ്റ് ടേബിൾ ഒരുക്കുന്നത് ഒരു ചെറു കുടുംബത്തെ സംബന്ധിച്ച് ഏറെ പ്രയോജനപ്രദമായിരിക്കും.

7. ചിലവ് ചുരുക്കാനു ഒടുവിൽ മുറികളുടെ വിസ്താരം കുറയ്ക്കുക

വീട് നിർമാണത്തിന്റെ ചെലവ് അതിൻറെ സ്ക്വയർഫീറ്റ് മായി ഏകദേശം അനുപാതത്തിലാണ് എന്ന് നമുക്ക് അറിയാമല്ലോ. വലിയ വലിയ ആഗ്രഹങ്ങളുമായി വീടുപണി തുടങ്ങിയതിനുശേഷം ഒരു ഘട്ടമെത്തുമ്പോൾ ചിലവ് കുറയ്ക്കാനായി മലയാളികൾക്കിടയിൽ കാണുന്ന ഒരു ഐഡിയ ആണ് വീടിന്റെ വിസ്തീർണ്ണം കുറയ്ക്കുക എന്നുള്ളത്. ഇങ്ങനെ ചെയ്യുമ്പോൾ ഓർക്കുക ഓരോ മുറികളുടെയും വിസ്തീർണം കുറയാൻ കാരണമാവുകയും ചെയ്യും. എന്നാൽ ഈ വേളയിൽ നിർമാണ ചെലവിൽ കാര്യമായ ഒരു മാറ്റവും ഉണ്ടാവുകയുമില്ല എന്നുള്ളത് മാത്രമാണ് യാഥാർത്ഥ്യം. 

ഇതിനു പരിഹാരമായി ചെയ്യേണ്ടത് പ്ലാനിങ് സമയത്ത് തന്നെ പരമാവധി സമയം ആർക്കിടെക്ടിനോട് ഒപ്പം  ചെലവഴിച്ച് ഓരോ സൗകര്യങ്ങളും കൃത്യമായി ബജറ്റിൽ ഒതുങ്ങുന്ന രീതിയിൽ നിശ്ചയിക്കുക എന്നുള്ളത് മാത്രമാണ്.

ചുറ്റുപാടു ഡിസൈൻ ചെയ്യുന്നതിൽ കാണിക്കുന്ന വീഴ്ച 

വീട് പോലെ തന്നെ പ്രധാനമാണ് വീടിൻറെ ചുറ്റുപാടും അതുപോലെ മുറ്റവും. ഒരാൾ വീട്ടിൽ കയറുന്നതിനു മുന്നേ തന്നെ നമ്മുടെ ചുറ്റുപാട് ശ്രദ്ധിക്കുന്നു. 

ശ്രദ്ധിക്കുക ലാൻഡ്സ്കേപ്പിങ്ങിന് വേണ്ടി ഭീമമായ തുക മുടക്കുന്ന കാര്യം അല്ല പറയുന്നത്. പകരം വീടുപണിക്ക് മുന്നേ തന്നെ ചുറ്റുപാടും തീരുമാനിക്കുന്നത് 

പണി തുടങ്ങുമ്പോൾ ആദ്യം തന്നെ എല്ലാ മരങ്ങളും വെട്ടി തീർക്കുക എന്ന അജൻഡ ആദ്യം തന്നെ ഒഴിവാക്കുക. ചുറ്റും വലിയ മരങ്ങളുള്ളത് തന്നെയാണ് എപ്പോഴും ഒരു നല്ല വാസസ്ഥലത്തിന് ആവശ്യം. ഇവ ഡയറക്ട് ആയുള്ള സൂര്യപ്രകാശത്തെ തടയാനും തന്മൂലം വീട്ടിലെ ചൂട് നിയന്ത്രിക്കാൻ സഹായിക്കുന്നു. 

അതുപോലെതന്നെ ആർട്ടിഫിഷ്യൽ ആയി ഉണ്ടാക്കിയെടുക്കുന്ന ഗാർഡനുകളുംമറ്റും പരിപാലിക്കുക എന്നുള്ളത് കേരളത്തിലെ സാഹചര്യത്തിൽ എപ്പോഴും നടക്കുന്ന കാര്യമല്ല. അതിനാൽ അവയെക്കാൾ എത്രയോ നല്ലതാണ് സ്വാഭാവികമായി നിൽക്കുന്ന മരങ്ങൾ.

ഇതിനുപുറമേ ചെറിയ തോട്ടങ്ങളും ഗാർഡനുകളും നമ്മൾ തന്നെ പ്ലാൻ ചെയ്തു ഉണ്ടാക്കാനും പരിപാലിക്കാനും ശ്രമിക്കുക. ആവശ്യമുള്ളിടത്ത് മാത്രം ഇൻറർലോക്ക് ടൈൽസ് വിരിക്കുക.