ആത്തൻഗുഡി ടൈലുകൾ ഫ്ലോറിങ്ങിൽ തീർക്കുന്ന വർണ്ണ വിസ്മയങ്ങൾ.

പേര് കേൾക്കുമ്പോൾ അത്ര പരിചിതമായി തോന്നില്ല എങ്കിലും കാഴ്ചയിൽ വളരെ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നവയാണ് ആത്തൻഗുടി ടൈലുകൾ.

മറ്റ് ടൈലുകളിൽ നിന്ന് ആത്തൻഗുഡി ടൈലുകളെ വ്യത്യസ്തമാക്കുന്നത് എന്താണ് എന്ന് പലർക്കും അറിയുന്നുണ്ടാവില്ല.

ഇവയുടെ മറ്റൊരു പേര് ‘ചെട്ടിനാട് ടൈൽ’ എന്നതാണ്. തമിഴ്നാട്ടിലെ ചെട്ടിനാട് അത്തൻഗുഡി എന്ന ഗ്രാമത്തിലാണ് കഴിവും കരവിരുതും ഒരുമിച്ച് ചേർന്ന ആത്തൻ ഗുഡി ടൈലുകളുടെ വിസ്മയ ലോകം കാണാൻ സാധിക്കുക.

മുൻകാലങ്ങളിൽ വീടുകളുടെ തറകൾക്ക് പ്രധാനമായും ഉപയോഗപ്പെടുത്തിയിരുന്നത് റെഡ് ഓക്സൈഡ്, ബ്ലാക്ക് ഓക്സൈഡ് എന്നിവയായിരുന്നു.

എന്നാൽ ഇവയിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു സാധ്യതയെ കണ്ടെത്തി ഒരു ടൈൽസ് രൂപത്തിലേക്ക് മാറ്റിയെടുക്കുകയാണ് ചെട്ടിനാട് ടൈലുകളിൽ ചെയ്യുന്നത്.

വ്യത്യസ്ത കളറുകൾ ചാലിച്ച് നിർമ്മിക്കുന്ന ടൈലുകളുടെ ഭംഗി വാക്കുകൾക്കും അതീതമാണ്.

ചെട്ടിനാട് പ്രദേശത്ത് കാണുന്ന ഒട്ടു മിക്ക വീടുകളും കൊട്ടാര സദൃശമായതിന് പിന്നിലെ രഹസ്യം ചെട്ടിനാട് ടൈലുകൾ തന്നെയാണ്.

പൂർണമായും കൈകൊണ്ട് നിർമ്മിച്ചെടുക്കുന്ന ഇത്തരം ടൈലുകളുടെ പുറകിൽ നിരവധി കഥകളും പറയാനുണ്ട്.

ഇപ്പോഴും വിപണിയിൽ ലഭ്യമായിട്ടുള്ള ചെട്ടിനാട് ടൈലുകളെ പറ്റിയും അവയുടെ നിർമ്മാണരീതി, ഗുണ, ദോഷങ്ങൾ എന്നിവയെ പറ്റിയും വിശദമായി മനസിലാക്കാം

നിർമ്മാണരീതി

ഒരു ഗ്ലാസ് പ്ലേറ്റിനു മുകളിൽ ഇരുമ്പ് ഫ്രെയിം ഘടിപ്പിച്ച് നൽകുന്നു. ഇരുമ്പ് ഫ്രെയിമിന്റെ സൈസ് അനുസരിച്ചാണ് ടൈലുകളുടെ വലിപ്പം നിശ്ചയിക്കുന്നത്. തുടർന്ന് അതിനുമുകളിൽ ഒരു പ്രത്യേക രൂപത്തിലുള്ള അച്ച് വെച്ച് നൽകുന്നു. ഇരുമ്പ് പട്ടകൾ ഉപയോഗിച്ചാണ് വ്യത്യസ്ത രൂപത്തിലുള്ള അച്ചുകൾ നിർമ്മിച്ചെടുക്കുന്നത്. ഓരോ അച്ചു കളിലേക്കും കലക്കി വച്ചിരിക്കുന്ന വ്യത്യസ്ത നിറങ്ങളിലുള്ള മിശ്രിതം ഒഴിച്ചു കൊടുക്കുന്നു. വളരെയധികം ശ്രദ്ധ നൽകി ചെയ്യേണ്ട ഒരു പ്രോസസ് ആണ് ഇത്. അതല്ല എങ്കിൽ ടൈൽസ് നിർമ്മിച്ച് എടുക്കുമ്പോൾ അവക്ക് പൂർണ ഭംഗി ലഭിക്കില്ല. കരവിരുതിന്റെ ഏറ്റവും ശ്രദ്ധ നൽകേണ്ട ഭാഗമായി നിറങ്ങൾ അച്ചിലേക്ക് ഒഴിക്കുന്നതിനെ കണക്കാക്കാം.

തുടർന്ന് അരിച്ച മണൽ അതിനു മുകളിലേക്ക് വിതറി കൊടുക്കുന്നു. സിമന്റും മണലും ചേർത്ത മിശ്രിതം കൂടി മുകളിലേക്ക് നൽകുമ്പോൾ അച്ചിന്റെ സൈസിലേക്ക് ടൈൽ രൂപപ്പെടുന്നു. പണി പൂർത്തിയായ ടൈലുകൾ മൂന്ന് ദിവസം വെള്ളത്തിൽ മുക്കി വയ്ക്കുന്നു. ഇങ്ങിനെ ചെയ്യുന്നതു വഴി സിമന്റും മണലും നല്ല രീതിയിൽ സെറ്റ് ആകുന്നു. അതിനുശേഷം അവയ്ക്ക് മുകളിൽ നൽകിയിട്ടുള്ള ഗ്ലാസ് പ്ലേറ്റുകൾ എടുത്തു മാറ്റുന്നു. ടൈലിനെ അതിന്റെ ഫൈനൽ സ്റ്റേജിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വക്കുകൾ എല്ലാം നല്ല രീതിയിൽ കട്ട് ചെയ്തു വൃത്തിയാക്കുന്നു. കാഴ്ചയിൽ വളരെയധികം തിളക്കം നൽകുന്ന ഇത്തരം ടൈലുകൾ ഫ്ലോറിങ്ങിന് നൽകുമ്പോൾ ലഭിക്കുന്നത് ഒരു പ്രത്യേക ഭംഗി തന്നെയാണ്. വ്യത്യസ്ത ഡിസൈനുകൾ, വലിപ്പം എന്നിവക്കനുസരിച്ചാണ് ടൈലന്റെ വില നിശ്ചയിക്കപ്പെടുന്നത്. എന്നിരുന്നാലും ഒരു സാധാരണ ടൈൽ 25 രൂപ മുതൽ വില ആരംഭിക്കുന്നു. അളവനുസരിച്ച് ടൈലുകൾ ഓർഡർ ചെയ്ത് ആവശ്യമുള്ള സ്ഥലത്തേക്ക് എത്തിക്കാം.

വിട്രിഫൈഡ് ടൈലുകളുമായി താരതമ്യം ചെയ്യുമ്പോൾ

  • വെയിൽ ഉള്ള ഭാഗങ്ങളിൽ ചെട്ടിനാട് ടൈലുകൾ ഉപയോഗിക്കുമ്പോൾ മങ്ങി പോകാനുള്ള സാധ്യത കൂടുതലാണ്.
  • നിലത്ത് ഷൂസ് പോലുള്ള സാധനങ്ങൾ ഉരച്ച് ഉപയോഗിക്കുകയാണെങ്കിൽ പെട്ടെന്ന് സ്ക്രാച്ച് വീഴാനുള്ള സാധ്യതയും കൂടുതലാണ്.
  • വിട്രിഫൈഡ് ടൈലുകളുടെ അരികുകൾ നൽകിയ രീതിയിൽ അത്രയും പെർഫെക്ഷൻ പ്രതീക്ഷിക്കേണ്ട.
  • ടൈലുകൾക്ക് ഇടയിൽ ഉണ്ടാകുന്ന ഗ്യാപ്പ് ഫിൽ ചെയ്യുന്ന എപ്പോക്സി ഇവിടെ അപ്ലൈ ചെയ്യാൻ സാധിക്കില്ല.

ഇത്തരത്തിൽ ചെറിയ പോരായ്മകൾ മാറ്റിവച്ചാൽ ഉപയോഗിക്കുന്ന അത്രയും കാലം കൂടുതൽ ഭംഗിയോടെയും തിളക്കത്തോടെയും ഉപയോഗിക്കാൻ സാധിക്കുന്നവയാണ് ആത്തൻ ഗുഡി അല്ലെങ്കിൽ ചെട്ടിനാട് ടൈലുകൾ. എന്നുമാത്രമല്ല വ്യത്യസ്ത നിറങ്ങളിലും ഡിസൈനിലും ഉള്ള ഓക്സൈഡ് ടൈലുകൾ തീർച്ചയായും നല്ല രീതിയിൽ ഉപയോഗപ്പെടുത്തുക യാണെങ്കിൽ അവ കാലാകാലങ്ങളോളം യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെ ഉപയോഗപ്പെടുത്താനും സാധിക്കും.