പുറം മോടി മാത്രം നോക്കി വീട് പണിയേണ്ട.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി കൊട്ടാര സദൃശ്യമായ വീടുകൾ നമ്മുടെ നാട്ടിൽ നിറഞ്ഞു തുടങ്ങിയിരിക്കുന്നു.

താമസ യോഗ്യമായ ഒരു വീട് നിർമ്മിക്കുക എന്നതിൽ ഉപരി മറ്റുള്ളവരെ കാണിക്കാനായി വീട് നിർമിക്കാനാണ് ഇന്ന് മിക്ക ആളുകളും താൽപര്യപ്പെടുന്നത്.

അതുകൊണ്ടു തന്നെ ഒരു കൃത്യമായ ബഡ്ജറ്റിൽ വീട് നിർമ്മിക്കാൻ പലരും താല്പര്യപ്പെടുന്നില്ല.

പണി ആരംഭിച്ചു കഴിഞ്ഞ് ആവശ്യത്തിന് അനുസൃതമായി എങ്ങിനെയെങ്കിലും പണമുണ്ടാക്കാം എന്ന് കരുതുന്നവരാണ് കൂടുതൽ പേരും.

അതിനായി കൊള്ള പലിശക്ക് പണം കടമെടുത്ത് പിന്നീട് അത് അടച്ചു തീർക്കാൻ സാധിക്കാതെ കഷ്ടപ്പെടുന്നവരും, വരുമാനത്തെക്കാൾ കൂടുതൽ ഹോം ലോൺ എടുത്ത് വീട് പണിഞ്ഞ് കഷ്ടപ്പെടുന്നവരും നമ്മുടെ നാട്ടിലുണ്ട്.

ആഡംബരത്തിനായി വലിപ്പം കൂട്ടി വീട് നിർമ്മിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ എന്തെല്ലാമാണെന്ന് നോക്കാം.

പുറം മോടി മാത്രം നോക്കി വീട് പണിയേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വീട് നിർമ്മിക്കുമ്പോൾ ചുറ്റും നിന്നും അഭിപ്രായം പറയാനായി 100 പേർ ഉണ്ടായിരിക്കും. എന്നാൽ അതിന് ആവശ്യമായ പണം നൽകി സഹായിക്കാനോ, ആവശ്യമില്ലാത്ത കാര്യങ്ങൾ ഒഴിവാക്കാനായി നിർദ്ദേശം നൽകാനോ അധികമാരും മെനക്കെടാറില്ല.

വീട് നിർമ്മിക്കുമ്പോൾ ഭാവി കാര്യങ്ങൾ കൂടി കണക്കിലെടുത്ത് മുകൾഭാഗം പിന്നീട് പണിയാം എന്ന് കരുതി മാറ്റി വയ്ക്കുന്നവർ നിരവധിയാണ്.

ഒരു കണക്കിന് നോക്കിയാൽ ഈയൊരു രീതി ലാഭകരമാണെന്ന് തോന്നുമെങ്കിലും പിന്നീട് വീടിന്റെ മുകൾഭാഗം നിർമ്മിക്കാനായി കൂടുതൽ പണം ചിലവഴിക്കേണ്ടി വരാറുണ്ട്.

മാത്രമല്ല കാലം മുന്നോട്ടു പോകുന്തോറും വീടിന്റെ അടിത്തറയ്ക്ക് ബലക്ഷയം സംഭവിക്കാനും സാധ്യതയുണ്ട്.

ഇത്തരം കാര്യങ്ങളെല്ലാം മുന്നിൽ കണ്ടു കൊണ്ട് കഴിയുമെങ്കിൽ ഒറ്റയടിക്ക് തന്നെ വീടിന്റെ മുഴുവൻ നിർമ്മാണവും നടത്തുന്നതാണ് നല്ലത്. എന്നാൽ ചിന്തിക്കേണ്ട കാര്യം അതിന്റെ ആവശ്യകത ഉണ്ടോ എന്നതാണ്.

വീട്ടിലെ വളർന്നു വരുന്ന മക്കളെ കണ്ടുകൊണ്ടാണ് വീടിന് മുകൾഭാഗം കൂടി വേണമെന്ന് തീരുമാനിക്കുന്നത് എങ്കിൽ അതിൽ തെറ്റില്ല.

അതേസമയം വിദേശത്തും മറ്റും പോയി വർഷത്തിലൊരു തവണ വരാനായി ആവശ്യമില്ലാതെ വീടിനു മുകൾഭാഗം കൂടി എടുത്തിടുന്നതിൽ യാതൊരു അർത്ഥവുമില്ല.

വലിയ വീടിനെ പറ്റി ചിന്തിക്കാനുള്ള കാരണങ്ങൾ.

അയൽപക്കരെല്ലാം വലിയ വീട് നിർമ്മിച്ച് താമസിക്കുമ്പോൾ തങ്ങൾ മാത്രം ഒരു ചെറിയ വീട് വച്ചാൽ അത് കുറവാകുമോ എന്ന ചിന്തയാണ് കയ്യിൽ പണമില്ലെങ്കിലും അത്യാവശ്യം വലിപ്പമുള്ള ഒരു വീട് നിർമ്മിക്കാം എന്ന് പലരും ചിന്തിക്കുന്നതിനുള്ള കാര്യം.

വീട്ടിനകത്ത് ആവശ്യത്തിന് സൗകര്യങ്ങളൊന്നും നൽകിയിട്ടില്ലെങ്കിലും പുറംമോടിക്ക് കുറവ് വരരുത് എന്നും പലരും ചിന്തിക്കുന്നു.

അതുകൊണ്ടു തന്നെ ബാത്റൂം പോലുള്ള ഇടങ്ങളിലേക്ക് തിരഞ്ഞെടുക്കുന്ന മെറ്റീരിയൽ, ഇലക്ട്രിഫിക്കേഷൻ വർക്കിന് വേണ്ടി വാങ്ങേണ്ട വസ്തുക്കൾ എന്നിവയിലെല്ലാം പിശുക്ക് കാണിക്കുകയും ചെയ്യും.

സത്യത്തിൽ ഇലക്ട്രിക്കൽ ഉപകരണങ്ങളിലെല്ലാം പിശുക്ക് കാണിക്കുന്നത് സ്വന്തം വീടിന്റെയും കുടുംബത്തിന്റെയും സുരക്ഷയ്ക്ക് വരെ ഭീഷണിയാണ് എന്ന കാര്യം ആർക്കും ചിന്തിക്കാൻ താല്പര്യമില്ല.

അതിന് പകരമായി പുറത്തു നിന്ന് കാണുമ്പോൾ തങ്ങളുടെ വീടിന് ഒരു കുറവും ഉണ്ടാകരുത് എന്നാണ് ആളുകൾ ചിന്തിക്കുന്നത്.

മിക്കപ്പോഴും ഇല്ലാത്ത പണമുണ്ടാക്കി നിർമ്മിക്കുന്ന ഇത്തരം കൊട്ടാരസാദൃശ്യമായ വീടുകൾ ഭാവിയിലേക്കുള്ള സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കി വയ്ക്കുന്നത്.

വീട് നിർമ്മാണത്തിനായി പ്രത്യേക തുക മാറ്റി വച്ചിട്ടുണ്ട് എങ്കിൽ അത്യാവശ്യം ആഡംബരം കാണിക്കുന്നതിൽ തെറ്റില്ല. അങ്ങിനെയാണെങ്കിൽ ഭാവിയിൽ ഏതെങ്കിലും ഒരു ആവശ്യത്തിന് പണം കണ്ടെത്താൻ അത്ര ബുദ്ധിമുട്ടൊന്നും നേരിടേണ്ടി വരില്ല.

ആഡംബരം നിറച്ച് വീടുകൾ പണിയുന്നതിന് പകരം ആവശ്യങ്ങൾ അറിഞ്ഞ് വീട് പണിയുക എന്ന രീതിയിലേക്ക് ഇനിയെങ്കിലും കാര്യങ്ങൾ മാറേണ്ടതുണ്ട്.

നിർമ്മാണ സാമഗ്രികൾക്ക് മാസം തോറും വില കുത്തനെ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആഡംബരത്തിന് പ്രാധാന്യം നൽകുന്നത് ഒഴിവാക്കി ആവശ്യങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത് എന്ന കാര്യം നാം ഓർക്കേണ്ടിയിരിക്കുന്നു.

പുറം മോടി മാത്രം നോക്കി വീട് പണിയേണ്ട, ഇനിയെങ്കിലും ഇത്തരം അബദ്ധങ്ങൾ ഒഴിവാക്കിയാൽ വീട് നിർമ്മാണത്തിൽ വലിയ ഒരു തുക ലാഭിക്കാനായി സാധിക്കും.