വലിയ വീടും സ്ഥല പരിമിതികളും.കേൾക്കുമ്പോൾ പരസ്പരം ബന്ധം തോന്നാത്ത രണ്ട് കാര്യങ്ങളാണ് ഇവിടെ തലക്കെട്ടിൽ കൂട്ടിച്ചേർത്തിരിക്കുന്നത്.

ഇപ്പോൾ നിങ്ങളിൽ പലരും ചിന്തിക്കുന്ന കാര്യം വലിയ വീടിന് എന്ത് സ്ഥല പരിമിതിയാണ് ഉണ്ടാവുക എന്നതായിരിക്കും.

എന്നാൽ സംഗതി സത്യമാണ് പുറമേ നിന്ന് വലിപ്പം തോന്നുന്ന പല വീടുകളും അകത്തേക്ക് പ്രവേശിക്കുമ്പോൾ ആവശ്യത്തിന് സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടൽ ഉണ്ടാക്കാറുണ്ട്.

വീടിന്റെ പുറംമോടിക്ക് കൂടുതൽ പ്രാധാന്യം നൽകി ആവശ്യമില്ലാതെ ഷോ വാളുകളും ക്ലാഡിങ് വർക്കുകളും ചെയ്ത് എക്സ്‌റ്റീരിയർ ഭംഗിയാക്കുമ്പോൾ വീടിന്റെ അകം ഭാഗത്ത് ആവശ്യത്തിന് സൗകര്യം ഉണ്ടോ എന്നത് പലരും ചിന്തിക്കുന്നില്ല.

ഏതൊരു വീടും നല്ല രീതിയിൽ ഉപയോഗപ്പെടുത്തണമങ്കിൽ കൃത്യമായ പ്ലാനിങ് ആവശ്യമാണ്. പ്ലാനിന് അനുസരിച്ച് വീടിന്റെ ഓരോ മുക്കും മൂലയും രൂപകൽപ്പന ചെയ്യുകയാണെങ്കിൽ എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തി കൊണ്ട് തന്നെ ഏതൊരു ചെറിയ വീടും വലിയതാക്കി മാറ്റാൻ സാധിക്കും.

വലിയ വീടിനെ സ്ഥല പരിമിതികൾ കൊണ്ട് സങ്കീർണമാക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസിലാക്കാം.

വലിയ വീടും സ്ഥല പരിമിതികളും.

വീട്ടിനകത്ത് വളരെയധികം പ്രാധാന്യം നൽകേണ്ട ഒരു ഭാഗമാണ് നടക്കാനുള്ള ഇടം.

പലപ്പോഴും ഫർണിച്ചറുകൾ കൊണ്ട് തിങ്ങി നിറഞ്ഞ ലിവിങ് ഏരിയയിൽ നിന്നും ഡൈനിങ് ഏരിയ,കിച്ചൻ എന്നിവിടങ്ങളിലേക്ക് പോകാനായി സാധിക്കാറില്ല.

പല വീടുകളിലും കാണുന്ന കാര്യമാണ് ലിവിങ് ഏരിയയിൽ സോഫ, ടിവി യൂണിറ്റ് എന്നിവ സെറ്റ് ചെയ്ത് നൽകിയാൽ പിന്നീട് ഒരു നടപ്പാത ഇല്ലാത്ത അവസ്ഥ വരും.

ഇതേ പ്രശ്നം തന്നെയാണ് ഡൈനിംഗ് ഏരിയയിലും കിച്ചണിലും ഉണ്ടാകുന്നത്.

ഡൈനിങ് ഏരിയയിൽ ഡൈനിങ് ടേബിൾ അറേഞ്ച് ചെയ്ത് കഴിഞ്ഞാൽ പിന്നീട് അടുക്കളയിലേക്ക് പ്രവേശിക്കാൻ ഒരു പാസേജ് ഇല്ലാത്ത അവസ്ഥ വരും.

അതുകൊണ്ട് തന്നെ ഓരോ ഭാഗത്തെയും അളവിന് അനുസൃതമായാണ് ഫർണിച്ചറുകൾ തിരഞ്ഞെടുക്കേണ്ടത്.

പല വീടുകളിലും കണ്ടു വരുന്ന ഒരു പ്രവണതയാണ് ഒരു ഭാഗത്തു നിന്നും മറ്റൊരിടത്തേക്ക് പ്രവേശിക്കുമ്പോൾ അനാവശ്യമായി നല്കുന്ന ഇടനാഴികൾ.

അതുകൊണ്ടുതന്നെ പാസേജ് നൽകുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അനാവശ്യ ഇടനാഴികൾ നൽകുക എന്നതല്ല.

ഇവ കൊണ്ട് പ്രത്യേകിച്ച് പ്രയോജനങ്ങൾ ഇല്ല എന്ന് മാത്രമല്ല ആവശ്യത്തിന് വെളിച്ചം വീട്ടിനകത്തേക്ക് ലഭിക്കുകയുമില്ല.

ബെഡ്റൂമും ബാത്ത്റൂമുകളും.

ബെഡ്റൂമുകളുടെ കാര്യവും മറിച്ചല്ല. വാർഡ്രോബ് സ്പേസ് ബെഡ് എന്നിവ സജ്ജീകരിച്ച് നൽകിയാൽ പിന്നീട് ബാത്റൂമിലേക്ക് പ്രവേശിക്കാനുള്ള ഭാഗം വളരെയധികം ദുർഘടമായിരിക്കും. ചിലപ്പോൾ ബാത്റൂമിൽ നിന്നും ഡോർ തുറക്കുമ്പോൾ അത് ബെഡിലേക്ക് അടിക്കുന്ന രീതിയിൽ വരെ കാര്യങ്ങൾ കാണാൻ സാധിക്കും. ബെഡിന്റെ ഭാഗത്തു നിന്നും ബാത്റൂമിലേക്ക് പോകുവാൻ ഒരു ഇടുങ്ങിയ പാസേജ് മാത്രമാണ് പല വീടുകളിലും നൽകുന്നത്. ബെഡ്റൂമുകളുടെ വലിപ്പം കുറച്ച്കൂട്ടിയാൽ ഈ ഒരു പ്രശ്നം വളരെ എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കും.

അനാവശ്യ ഫർണിച്ചറുകൾ ബെഡ്റൂമുകളിൽ നിന്നും പൂർണമായും ഒഴിവാക്കാനായി ശ്രദ്ധിക്കണം. ഇടുങ്ങിയ ബാത്ത് റൂമുകളും പലപ്പോഴും അരോചകം ഉണ്ടാക്കുന്ന കാര്യമാണ്. ഇത്തരം ബാത്ത്റൂമുകൾ കൊണ്ട് യാതൊരുവിധ പ്രയോജനവും ഇല്ല. പ്രത്യേകിച്ച് പ്രായമായവരും കുട്ടികളും ഉള്ള വീടാണെങ്കിൽ ഡ്രൈ ഏരിയ, വെറ്റ് ഏരിയ എന്നിവ തമ്മിലുള്ള പാർട്ടീഷൻ നൽകാനുള്ള സ്പേസ് എങ്കിലും വിടാനായി ശ്രദ്ധിക്കണം. ഫർണിച്ചറുകൾ നൽകുമ്പോൾ ചുമരിനോട് ചേർന്ന് നൽകിയാൽ കൂടുതൽ സ്പേസ് ലഭിക്കാനായി സാധിക്കും.

അടുക്കള സജ്ജീകരിക്കുമ്പോൾ

പല വീടുകളിലും കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് ഒരാൾക്ക് നിന്ന് തിരിയാൻ പോലും ഇടമില്ലാത്ത അടുക്കളകൾ. സ്വസ്ഥതയോടും സമാധാനത്തോടും കൂടി ജോലി ചെയ്യേണ്ട ഒരിടമാണ് അടുക്കള. അതുകൊണ്ടുതന്നെ അടുക്കളയിൽ ആവശ്യത്തിന് സ്പേസ് ഇല്ലാത്തത് ഭക്ഷണം ഉണ്ടാക്കുന്ന വ്യക്തിയുടെ ഉത്സാഹത്തെ നശിപ്പിക്കുമെന്ന കാര്യത്തിൽ യാതൊരു വിധ സംശയവും വേണ്ട. ലിവിങ് ഏരിയ തൊട്ട് അടുക്കള വരെയുള്ള ഭാഗങ്ങൾ ചുമരിന് സമാന്തരമായോ, അല്ലെങ്കിൽ നേർരേഖ രൂപത്തിലോ ഒരു പാസേജ് ക്രമീകരിച്ച് സ്ഥല പരിമിതി ഒഴിവാക്കാവുന്നതാണ്.

ഏറ്റവും കുറഞ്ഞ സ്ഥലം മാത്രം ഉപയോഗിച്ചു കൊണ്ട് ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് സഞ്ചരിക്കാവുന്ന രീതിയിലാണ് പാസേജ് നൽകേണ്ടത്.പാസേജ് വരുന്ന ഭാഗത്ത് ഫർണിച്ചറുകൾ മറ്റ് തടസങ്ങൾ എന്നിവ ഇല്ല എന്ന കാര്യം ഉറപ്പു വരുത്തണം. വീടിനകത്ത് കോർട്ടിയാഡ് സെറ്റ് ചെയ്ത നൽകുന്നുണ്ടെങ്കിൽ ചുറ്റും സഞ്ചരിക്കാവുന്ന രീതിയിൽ വേണം സെറ്റ് ചെയ്ത് നൽകാൻ. അതല്ലെങ്കിൽ ഒരു വശം മാത്രം മറിച്ച് നൽകുന്ന രീതിയും ഉപയോഗപ്പെടുത്താവുന്നതാണ്. ആഡംബരത്തിന്റെ പര്യായമായി വീടുകൾ നിർമ്മിക്കുമ്പോൾ ഈ കാര്യങ്ങൾക്ക് കൂടി ശ്രദ്ധ നൽകാവുന്നതാണ്.

വലിയ വീടും സ്ഥല പരിമിതികളും വളരെയധികം സങ്കീർണമായ ഒരു വിഷയമാണ് എന്ന് ഇപ്പോൾ മനസിലായി കാണുമല്ലോ.