മെറ്റീരിയൽ ഇല്ലാതെ ലേബർകോൺട്രാക്ട് മാത്രം കൊടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീട് പണിയുമ്പോൾ മെറ്റീരിയൽ ഇല്ലാതെ ലേബർകോൺട്രാക്ട് മാത്രം കൊടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കാം

ലേബർ കോൺട്രാക്ട് കൊടുക്കുന്നവർ ആദ്യം തന്നെ approved drawing, 3D view എന്നിവയുൾപ്പെടെ കോൺട്രാക്ടറെ കാണിക്കുകയും, ചെയ്യാൻ ഉദ്ദേശ്ശിക്കുന്ന കാര്യങ്ങൾ വിവരിക്കുകയും ചെയ്യുക.

കോൺട്രാക്ടറുടെ ചുമതലയിലുള്ള ജോലികൾ എന്തൊക്കെയാണെന്ന് വിശദമായി ചോദിച്ചറിയുകയും കഴിയുമെങ്കിൽ ഒരു പേപ്പറിൽ ക്വട്ടേഷൻ പോലെ എഴുതി വാങ്ങുകയും ചെയ്യുന്നത് പിന്നീടുള്ള തർക്കങ്ങൾ ഒഴിവാക്കാൻ നല്ലതാണ്.

ചെയ്യേണ്ട ജോലികളും അതിനനുസരിച്ചുള്ള തുകയും നിജപ്പെടുത്തിയാൽ ഉടനെ എഗ്രിമെന്റ് തയ്യാറാക്കുക.

കെട്ടിടത്തിൻറെ പ്ലിന്ത് ഏരിയ അടിസ്ഥാനമാക്കിയുള്ള കോൺട്രാക്ട് വ്യവസ്ഥയാണ് കേരളത്തിൽ ഇപ്പോൾ പൊതുവായി കണ്ടു വരുന്നത്.

താഴെപറയുന്ന ജോലികളെല്ലാം കൂടി പ്ലിന്ത് ഏരിയക്ക് സ്ക്വയർ ഫീറ്റിന് ഏകദേശം 325 രൂപ മുതൽ 375 രൂപവരെ (ഇലെക്ട്രിക്കൽ, പ്ലംബിംഗ്, ടൈൽ, പെയിന്റിംഗ്, കാർപെന്ററി തുടങ്ങിയ ജോലികൾ ഉൾപ്പെടുത്തിയിട്ടില്ല) തിരുവനന്തപുരം മേഖലയിൽ നിലവിലുണ്ട്.

പ്രാദേശികമായ ഘടകങ്ങളും, നിർമ്മാണ വസ്തുക്കളുടെ വ്യത്യസ്‌തയും കാരണം കേരളത്തിൽ പലയിടത്തും മേൽപ്പറഞ്ഞ റേറ്റിൽ വ്യതിയാനം ഉണ്ടായേക്കാം.

ലേബർകോൺട്രാക്ട് ഉൾപ്പെടുത്തേണ്ട ജോലികൾ

 • സെറ്റ്-ഔട്ട് & വാനം വെട്ടൽ
 • വാനത്തിൽ 4″/6″ കനത്തിൽ പിസിസി ഇട്ട് വാനം ഉറപ്പിക്കൽ
 • ഫൗണ്ടേഷന് വേണ്ടി 60x60cm അളവിൽ സിമെൻറ് മോർട്ടർ ഉപയോഗിച്ച് പാറകെട്ടൽ.
 • ബേസ്‌മെന്റിനു വേണ്ടി 45×45 cm അളവിൽ സിമെൻറ് മോർട്ടർ ഉപയോഗിച്ച് പാറകെട്ടൽ.
 • 23×15 cm അളവിൽ ബെൽറ്റ് ബീം കമ്പി കെട്ടി, സൈഡ് പലകയടിച്ച് കോണ്‍ക്രീറ്റ്‌ ചെയ്യൽ.
 • പ്ലിന്ത് ഏരിയയ്ക്കുള്ളിൽ മണ്ണ് നിറച്ച് ഇടിച്ചുറപ്പിക്കൽ (earth filling in the plinth & compaction)
 • 6″ കനത്തിലുള്ള സോളിഡ് ബ്ലോക്ക് ഉപയോഗിച്ചുള്ള കട്ട കെട്ടൽ (solid block masonry).
 • ജന്നൽ, വാതിൽ, വെന്റിലേറ്റർ എന്നിവയുടെ കട്ടിള (Wooden Frame) വയ്ക്കൽ.
 • 15×15 cm അളവിൽ ലിന്റൽ ബീം (Lintel beam), 2″/ 3″ കനത്തിൽ സൺഷെയ്ഡ് (sun shade), കിച്ചൻ സ്ളാബ്, ഡിസൈൻ അനുസരിച്ചുള്ള ബീം (Beam), കോളം (column) എന്നിവ ഷട്ടറിങ്ചെയ്ത്, കമ്പി കെട്ടി,കോണ്‍ക്രീറ്റ്‌ ചെയ്യൽ
Buying new house concept
 • 4″ കനത്തിൽ റൂഫ് സ്ളാബ് (roof slab) ഷട്ടറിങ് ചെയ്ത്, കമ്പി കെട്ടി, mixer machine ഉപയോഗിച്ച് മിക്സ് ചെയ്ത് കോണ്‍ക്രീറ്റ്‌ ചെയ്യൽ, വെള്ളം കെട്ടി നിർത്താൻ വേണ്ടി തടയണയുണ്ടാക്കൽ (bund formation).
 • സ്റ്റെയർകേസ് ഷട്ടറിങ് ചെയ്ത്, കമ്പി കെട്ടി, കോണ്‍ക്രീറ്റ്‌ ചെയ്യൽ.
 • 2″/ 3″ കനത്തിൽ പിസിസി ഫ്ളോറിങ്
 • 4″ ബ്ലോക്ക് ഉപയോഗിച്ചുള്ള അരഭിത്തി (parapet) കെട്ടൽ
 • സീലിംഗ്, ഭിത്തികൾ, സൺഷെയ്ഡ്, parapet, ടെറസ് (തട്ട്) എന്നിവ സിമെൻറ് മോർട്ടർ ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്യൽ.
 • ഫിൻവാൾ, പെർഗോള ബീം, ഫ്ലവർ ട്രഫ്, സ്റ്റെപ്സ്.

മേൽപ്പറഞ്ഞവയാണ് സാധാരണയായി ഒരു വീട് പണിയുമ്പോൾ കെട്ടിടനിർമ്മാണ കോൺട്രാക്ട് പ്രകാരം വരുന്ന പ്രധാന ജോലികൾ. ഇത്തരത്തിൽ 350 രൂപ നിരക്കിൽ 1000 Sft വിസ്തൃതിയുള്ള ഒരു കെട്ടിടം നിർമ്മിക്കുമ്പോൾ പ്ലാസ്റ്ററിങ് ഘട്ടം വരെയുള്ള ജോലികൾ പൂർത്തീകരിക്കാൻ ഏകദേശം മൂന്നരലക്ഷം (3.50 ലക്ഷം) രൂപയോളം ലേബർ ചാർജിനത്തിൽ ചെലവ് വരും.

നിർമ്മാണത്തിന് ആവശ്യമായ വെള്ളം, വൈദ്യുതി എന്നിവയും നിർമ്മാണ വസ്തുക്കൾ (സിമൻറ്, മണൽ, പാറ, മെറ്റൽ, സോളിഡ് ബ്ലോക്ക്, കമ്പി, ജന്നൽ/വാതിൽ കട്ടിള തുടങ്ങിയവ) സൈറ്റിൽ എത്തിക്കേണ്ടതും, ഇവയുടെ ഇറക്കുകൂലി, സ്റ്റാക്കിങ് എന്നിവയും ഉടമസ്ഥൻറെ ഉത്തരവാദിത്തമാണ്.

നിർമ്മാണത്തിന് ആവശ്യമായ പണിയായുധങ്ങൾ, mixer machine, വൈബ്രേറ്റർ തുടങ്ങിയവയും ഷട്ടറിങ്ങിന് ആവശ്യമായ പ്ലൈവുഡ്, സോഫ്റ്റ് വുഡ്, കോളം ബോക്സ്, കാറ്റാടിക്കഴ/ മുള/ സ്‌റ്റീൽ സപ്പോർട്, ഷീറ്റ്, ചാരത്തിന് ആവശ്യമായവ (scaffolding material) തുടങ്ങിയവയെല്ലാം സൈറ്റിൽ എത്തിക്കേണ്ടതും ആവശ്യാനുസരണം ഉപയോഗിക്കേണ്ടതും കോൺട്രാക്ടറുടെ ചുമതലയാണ്.

കോൺട്രാക്ടർ താങ്കളെ ചതിച്ചോ അതോ താങ്കൾ കോൺട്രാക്ടറെ ചതിച്ചോ?

ഇലെക്ട്രിക്കൽ, പ്ലംബിംഗ്, ടൈൽ, പെയിന്റിംഗ്, കാർപെന്ററി തുടങ്ങിയ ജോലികൾ മേൽപ്പറഞ്ഞ കോൺട്രാക്ടിൽ ഉൾപ്പെടാത്തതിനാൽ അത്തരം ജോലികൾ അതാത് മേഖലയിൽ പ്രാവീണ്യം നേടിയവരെ ഏൽപ്പിക്കുക.

പ്രത്യേക ശ്രദ്ധയ്ക്ക് – അധികപ്പറ്റ് (over payment) വാങ്ങുന്ന ചില കോൺട്രാക്ടർമാർ കെട്ടിട ഉടമയ്ക്ക് പലപ്പോഴും വെല്ലുവിളിയാകുന്നുണ്ട്. ആയതിനാൽ ഓരോ ഘട്ടത്തിലും (mile stone payment ) ചെലവാകാവുന്ന തുകയുടെ വിശദമായ ഒരു റിപ്പോർട്ട് എഴുതി സൂക്ഷിക്കുക.