മഴക്കാലത്ത് വീടിന് പരിരക്ഷ നൽകാൻ.കഴിഞ്ഞ കുറച്ചു വർഷങ്ങളായി മഴക്കാലത്തെ നമ്മൾ .മലയാളികൾ വളരെയധികം ഭയക്കുന്നുണ്ട്. അതിനുള്ള പ്രധാന കാരണം പ്രളയം അവശേഷിപ്പിച്ച നമ്മുടെ നാട്ടിലെ വീടുകൾ തന്നെയാണ്.

വളരെയധികം കെട്ടുറപ്പോട് കൂടി കെട്ടിയ പല വീടുകളും കണ്മുന്നിൽ തകർന്നടിയുന്ന ഒരു കാഴ്ചയാണ് പല സ്ഥലത്തും കാണേണ്ടി വന്നത്.

അതുകൊണ്ടുതന്നെ മഴക്കാലം വരുന്നതിനു മുൻപേ വീടിന് സുരക്ഷ ഒരുക്കേണ്ടത് എങ്ങിനെ എന്ന് ചിന്തിക്കുന്നവരായരിക്കും പലരും.

സാധാരണയായി മഴപെയ്ത് വെള്ളം താഴോട്ട് എത്തുമ്പോൾ മണ്ണാണ് ഉള്ളത് എങ്കിൽ നേരിട്ട് ആഴ്ന്ന് ഇറങ്ങുകയും, അതല്ല കോൺക്രീറ്റിംഗ് ചെയ്ത നിലങ്ങളിൽ അത് ചാലുകളിലേക്ക് ഒഴുകി പോവുകയാണ് ചെയ്യുന്നത്.

ഇവിടെ ചെറിയ രീതിയിൽ ഒരു പാളിച്ച പറ്റുമ്പോൾ അത് വീടിനെ കൂടി ബാധിക്കും എന്ന കാര്യം പലരും ചിന്തിക്കുന്നില്ല.

മഴപെയ്യുമ്പോൾ അത് വീടിന് എങ്ങനെ ബാധിക്കുന്നു എന്ന കാര്യം കൃത്യമായി മനസിലാക്കാം.

മഴക്കാലത്ത് വീടിന് പരിരക്ഷ നൽകാൻ

മഴ പെയ്ത് ഉണ്ടാകുന്ന വെള്ളം മണ്ണിലേക്ക് ആഴ്ന്ന് ഇറങ്ങുകയാണ് ചെയ്യുന്നത് എങ്കിൽ അത് കിണറിനോട് ചേർന്ന് അടിത്തട്ടിലേക്ക് എത്തുകയും അവിടെ ഒരു ജലസംഭരണിയുടെ രൂപത്തിൽ സ്റ്റോർ ചെയ്യപ്പെടുകയും സംഭവിക്കുന്നു.

പിന്നീട് വേനൽക്കാലത്ത് മണ്ണിലെ ഉറവ പോലെ അവ നമുക്ക് ജലലഭ്യത ഉറപ്പുവരുത്തുന്നു.

എന്നാൽ ഇവ കൂടാതെ നമുക്ക് തന്നെ മഴവെള്ളം സംഭരിച്ചു വയ്ക്കാനായി പല മാർഗങ്ങളും ഉപയോഗപ്പെടുത്താവുന്നതാണ്.

മുകളിൽ നിന്നും പെയ്തിറങ്ങുന്ന മഴ വെള്ളം വലിയ ജാറുകളിൽ സൂക്ഷിക്കുകയോ, ഒരു കുഴിയുണ്ടാക്കി ഷീറ്റ് വിരിച്ച് നൽകി സംഭരിച്ചു വയ്ക്കുകയോ ചെയ്യാം.

അമിതമായി ഉണ്ടാകുന്ന മഴ പലപ്പോഴും വീടിനു മുഴുവൻ ദോഷം ചെയ്യും.

മഴക്കാലത്ത് വീടിന് പരിരക്ഷ നൽകാൻ ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ

മഴക്കാലം തുടങ്ങുന്നതിനു മുൻപ് തന്നെ വീടിന് ഏതെങ്കിലും രീതിയിലുള്ള വിള്ളലുകൾ ഉണ്ടെങ്കിൽ അവ പൂർണ്ണമായും അടയ്ക്കാനായി ശ്രദ്ധിക്കണം.

ചെറിയ വിള്ളലുകളിൽ നിന്ന് വെള്ളം ഒഴുകി അത് ഈർപ്പ രൂപത്തിൽ നിൽക്കാനും പിന്നീട് അതു മൂലം പ്ലാസ്റ്റർ, പെയിന്റ് എന്നിവ അടർന്നു വരാനുള്ള സാധ്യതയും കൂടുതലാണ്.

മാത്രമല്ല ടെറസിന് മുകളിൽ ചപ്പുചവറുകൾ കെട്ടിക്കിടക്കുന്നുണ്ട് എങ്കിൽ അത് അടിച്ചു വൃത്തിയാക്കി വെള്ളം പോകാനുള്ള ഹോളുകൾ അടയാതെ ഇരിക്കാനായി ശ്രദ്ധിക്കുക.

വീടിനോട് ചേർന്ന് കിണർ ഉണ്ടെങ്കിൽ മഴക്കാലം തുടങ്ങുന്നതിനു മുൻപ് തന്നെ ഒരു വല വാങ്ങി കെട്ടണം. ശക്തമായ കാറ്റിൽ ഇലകളും മറ്റും കിണറിലേക്ക് വീഴുന്നത് തടയാനും ശുദ്ധജല ലഭ്യത ഉറപ്പു വരുത്താനും ഇത് സഹായിക്കും. മഴക്കാലത്തിനു തൊട്ടു മുൻപായി വീടിന് പെയിന്റ് ചെയ്യാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. പലപ്പോഴും ചെയ്ത വർക്കുകൾ എല്ലാം പായലും പൂപ്പലും പിടിച്ച് ഭംഗിയില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്നതിന് ഇത് കാരണമാകുന്നു.

ഡ്രൈനേജ് നല്കുമ്പോള്‍

വീടിന്റെ മുറ്റം ഇന്റർലോക്ക് ബ്രിക്കുകൾ പാകിയാണ് നൽകിയിട്ടുള്ളത് എങ്കിൽ വെള്ളം ശരിയായ രീതിയിൽ പോകാൻ പ്രത്യേക ഡ്രൈനേജ് സിസ്റ്റം, ചാലുകൾ എന്നിവ കീറി നൽകാവുന്നതാണ്. ഇത് മുറ്റത്ത് വെള്ളം കെട്ടി നിൽക്കാതിരിക്കാൻ സഹായിക്കും. മഴക്കാല രോഗങ്ങളെ തടയാനായി കിണറ്റിലെ വെള്ളം ഇടയ്ക്കിടയ്ക്ക് ക്ലോറിനേഷൻ ചെയ്യാനായി ശ്രദ്ധിക്കുക. വീടിന് ചുറ്റും വെള്ളം കെട്ടി നിൽക്കുന്ന രീതിയിൽ പാത്രങ്ങൾ ചിരട്ടകൾ എന്നിവയുണ്ടെങ്കിൽ അവ കമിഴ്ത്തി വയ്ക്കാനായി ശ്രദ്ധിക്കുക.

ഇലക്ട്രിക്കൽ വർക്കുകൾ ചെയ്ത ഭാഗത്ത് ഈർപ്പം കെട്ടി നിൽക്കുന്നില്ല എന്ന കാര്യം ഉറപ്പുവരുത്തണം. ഏതെങ്കിലും കാരണവശാൽ ഈർപ്പം കെട്ടി നിൽക്കുന്നുണ്ടെങ്കിൽ മഴ പെയ്യുന്ന സമയത്ത് ആ ഭാഗത്തെ സ്വിച്ചുകൾ ഉപയോഗപ്പെടുത്താതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വീടിന്റെ ഏതെങ്കിലും ഭാഗത്ത് ലീക്കേജ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവ മഴ തുടങ്ങുന്നതിനു മുൻപ് തന്നെ കണ്ടെത്തി അടയ്ക്കാനായി ശ്രദ്ധിക്കുക.

വാട്ടർ പ്രൂഫിങ്

ടെറസിന്റെ മുകൾഭാഗം ഏതെങ്കിലുമൊരു വാട്ടർ പ്രൂഫിംഗ് കോമ്പൗണ്ട് ഉപയോഗപ്പെടുത്തി അടിച്ച് ചോർച്ച ഇല്ലാതാക്കാവുന്നതാണ്. വാട്ടർപ്രൂഫ് അടിച്ചു നൽകുന്നതിനു മുൻപായി ടെറസിന്റെ മുകൾഭാഗം നല്ല രീതിയിൽ അടിച്ചു വൃത്തിയാക്കി വെള്ളം ഉപയോഗിച്ച് കഴുകണം. ചപ്പുചവറുകൾ ഉണ്ടെങ്കിൽ അവ പൂർണമായും എടുത്തു കളഞ്ഞ ശേഷം മാത്രം വാട്ടർപ്രൂഫിങ് ഏജന്റ് അപ്ലൈ ചെയ്യുക. ചെറിയ രീതിയിലുള്ള സുഷിരങ്ങൾ പോലും പ്രഷർ ഗ്രൗട്ടിങ് ഉപയോഗപ്പെടുത്തി അടയ്ക്കാൻ എക്സ്പർട്ട് ആയ ആളുകളെ സമീപിക്കാവുന്നതാണ്.

വാട്ടർ പ്രൂഫിങ് ഏജന്റ് തിരഞ്ഞെടുക്കുമ്പോൾ കെമിക്കൽ ഉള്ളവ തന്നെ തിരഞ്ഞെടുക്കണം. പരസ്യങ്ങൾ കണ്ടോ പെയിന്റ് കടയിൽ പോയോ അവർ പറയുന്ന ഏതെങ്കിലും ഒരു വാട്ടർപ്രൂഫിങ് ഏജന്റ് അടിച്ചത് കൊണ്ട് വീടിന് യാതൊരുവിധ പ്രയോജനവും ലഭിക്കില്ല.

മഴക്കാലത്ത് വീടിന് പരിരക്ഷ ഒരുക്കാൻ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കാം.