ചെറിയ കിടപ്പുമുറികൾക്ക് വലിപ്പം തോന്നിപ്പിക്കാൻ.നഗരപ്രദേശങ്ങളിലും മറ്റും വയ്ക്കുന്ന വീടുകളിൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് സ്ഥലപരിമിതി.

വീട് നിർമ്മാണത്തിനായി മാറ്റി വെച്ച തുകയുടെ ഒരു വലിയ എമൗണ്ട് പ്ലോട്ട് വാങ്ങുന്നതിന് വേണ്ടി മാത്രം ചിലവഴിക്കേണ്ടി വരാറുണ്ട്.

അതുകൊണ്ടു തന്നെ ബാക്കി കൈവശമുള്ള തുകക്ക് അനുസൃതമായി ആവശ്യങ്ങൾ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ട് വീട് നിർമ്മിക്കുന്ന രീതിയാണ് പലരും പിന്തുടരുന്നത്.

പ്രത്യേകിച്ച് ഫ്ലാറ്റുകളിൽ ബെഡ്റൂമുകൾക്കും മറ്റും വലിപ്പ കുറവ് സാധാരണയായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്.

എന്നാൽ ഏതൊരു ചെറിയ കിടപ്പുമുറിയും വലിപ്പമുള്ളതാക്കി തോന്നിപ്പിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ചെറിയ കിടപ്പുമുറികൾക്ക് വലിപ്പം തോന്നിപ്പിക്കാൻ, ചെയ്യേണ്ട കാര്യങ്ങൾ.

വലിപ്പ കുറവുള്ള മുറികൾക്ക് വലിപ്പമുള്ളതായി തോന്നിപ്പിക്കാൻ ഇളം നിറത്തിലുള്ള പെയിന്റുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

ബീജ്,വൈറ്റ് പോലുള്ള നിറങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ കൂടുതൽ വലിപ്പവും വെളിച്ചവും മുറികൾക്ക് ലഭിക്കുന്നതാണ്. ലൈറ്റ് നിറങ്ങൾക്ക് പ്രകാശത്തെ പ്രതിഫലിപ്പിക്കാനുള്ള കഴിവ് കൂടുതലായതു കൊണ്ടാണ് അവ ഉപയോഗിക്കാനായി നിർദ്ദേശിക്കുന്നത്.

ഡാർക്ക് നിറങ്ങളിലുള്ള പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ അവ പ്രകാശത്തെ ആഗിരണം ചെയ്യുകയും അത് മുറിക്ക് ഒരു അടഞ്ഞ പ്രതീതി കൊണ്ടു വരികയും ചെയ്യുന്നു.

മുറികൾക്ക് ആവശ്യത്തിന് വലിപ്പമില്ലെങ്കിൽ ഫ്ലോറിങ്ങിനായി ടൈലുകൾ അല്ലെങ്കിൽ മാർബിൾ എന്നിവ തിരഞ്ഞെടുക്കാം.

ഒരു കാരണവശാലും വുഡൻ ഫ്ളോറിങ് തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്. ഇവയ്ക്ക് ചിലവ് കൂടുതലാണ് എന്ന് മാത്രമല്ല മുറിക്ക് ഒരു ഇടുങ്ങിയ അവസ്ഥയും ഉണ്ടാക്കുന്നു.

മാർബിൾ അല്ലെങ്കിൽ ലൈറ്റ് നിറത്തിലുള്ള ടൈലുകൾ ഉപയോഗപ്പെടുത്തുമ്പോൾ പ്രകാശ പ്രതിഫലന ശേഷി കൂടുതലായിരിക്കും.

ഫ്ളോറിങ്ങിൽ കാർപെറ്റ് തിരഞ്ഞെടുക്കുമ്പോഴും കൂടുതൽ വലിപ്പത്തിലുള്ളവ നോക്കി തിരഞ്ഞെടുക്കാതിരിക്കുന്നതാണ് അനുയോജ്യം.

വാർഡ്രോബുകളും ഷെൽഫുകളും കൂടുതൽ എണ്ണം നൽകാനായി ശ്രദ്ധിക്കുക. സ്ഥലപരിമിതി പ്രശ്നമായിട്ടുള്ള ബെഡ്റൂമുകളിൽ ബിൽട്ട് ഇൻ സ്റ്റോറേജ് രീതിയാണ് ഫർണിച്ചറുകൾക്ക് അനുയോജ്യം.

സ്റ്റോറേജ് ടൈപ്പ് ബെഡുകൾ, കുട്ടികളുടെ ബെഡ്റൂമുകളിലേക്ക് ഡബിൾ ഡെക്കർ രീതിയിലുള്ള ബെഡ്ഡുകൾ എന്നിവയെല്ലാം തിരഞ്ഞെടുക്കാം.

അതോടൊപ്പം തന്നെ വിൻഡോ സീറ്റുകൾ, അതോടൊപ്പം സ്റ്റോറേജ്, ഹൈഡ്രോളിക് ടൈപ്പ് ബെഡുകൾ, ബോക്സ് ടൈപ്പ് ബെഡുകൾ എന്നിവയും തിരഞ്ഞെടുക്കുന്നത് ശരിയായ രീതിയാണ്.

പ്രകാശ ലഭ്യത ഉറപ്പു വരുത്താൻ.

ബെഡ്റൂമിന് വലിപ്പം കുറവാണെങ്കിൽ കൂടുതൽ വെളിച്ചം ലഭിക്കാനായി പരീക്ഷിക്കാവുന്ന ഒരു കാര്യം ഡെകോർ ഐറ്റംസ് തിരഞ്ഞെടുക്കുമ്പോൾ മിറർ ഉൾപ്പെടുന്നവ നോക്കി വാങ്ങുക എന്നതാണ്. മിററുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് അനുസരിച്ച് പ്രകാശ പ്രതിഫലനവും കൂടുതലായിരിക്കും. മിററുകൾ ഉപയോഗപ്പെടുത്തുമ്പോൾ അത് ജനാലകൾക്ക് ഓപ്പോസിറ്റ് ആയി വരുന്ന ഭാഗങ്ങളിലും അതല്ലെങ്കിൽ സജ്ജീകരിച്ച് നൽകുന്ന കൃത്രിമ ലൈറ്റുകൾക്ക് ഓപ്പോസിറ്റ് ആയോ സെറ്റ് ചെയ്യാനായി ശ്രദ്ധിക്കുക.

സോഫ്റ്റ് ഫർനിഷിങ് മെറ്റീരിയലുകളിലും ശ്രദ്ധ നൽകേണ്ടതുണ്ട്. കുഷ്യൻ കവറുകൾ, ബെഡ്ഷീറ്റ് കവറുകൾ എന്നിവയെല്ലാം ഡാർക്ക് നിറങ്ങളിലുള്ളവ പരമാവധി ഒഴിവാക്കാം. അതിന് പകരം ലൈറ്റ് നിറങ്ങളിലുള്ള കോട്ടൻ അല്ലെങ്കിൽ ലിനൻ മെറ്റീരിയൽ നോക്കി തിരഞ്ഞെടുക്കാവുന്നതാണ്.

ജനാലയോട് ചേർത്ത് കർട്ടനുകൾ നൽകുന്നുണ്ടെങ്കിൽ ബ്ലൈൻഡ്സുകൾ ഉപയോഗപ്പെടുത്തുന്നതാണ് കൂടുതൽ അനുയോജ്യം. അതല്ലെങ്കിൽ ലൈറ്റ് വെയിറ്റ് രീതിയിലുള്ള മെറ്റീരിയലുകൾ നോക്കി പർച്ചേസ് ചെയ്യാം.

കൂടുതൽ ആഡംബരങ്ങൾ അലങ്കാരവിളക്കുകൾ എന്നിവയെല്ലാം ഒഴിവാക്കി ബെഡ് ലാമ്പുകൾ, ഫ്ലോർ ലാമ്പുകൾ എന്നിവയെല്ലാം കൂടുതൽ ഭംഗിയായി തിരഞ്ഞെടുക്കാം. അങ്ങിനെ ചെയ്യുന്നത് വഴി മുറിക്ക് കൂടുതൽ വെളിച്ചം ലഭിക്കുകയും അലങ്കാരവസ്തുക്കളുടെ എണ്ണം പരമാവധി കുറയ്ക്കുകയും ചെയ്യാം.

ചെറിയ കിടപ്പുമുറികൾക്ക് വലിപ്പം തോന്നിപ്പിക്കാൻ ഇത്തരം കാര്യങ്ങൾ പരീക്ഷിച്ചു നോക്കാവുന്നതാണ്.