CCTV വീഡിയോ സർവലൈൻസ് – ഉപകരണങ്ങൾ പരിചയപ്പെടാം

ഒരു സാധാരണ അനലോഗ് CCTV സിസ്റ്റത്തിൽ ഉൾപ്പെടുന്ന ഉപകരണങ്ങൾ ഏതൊക്കെ എന്ന് മനസ്സിലാക്കാം

CCTV സിസ്റ്റത്തിൽ ഉൾപ്പെടുന്ന ഉപകരണങ്ങൾ വിശദമായി

CCTV Cameras:

പൊതുവെ രണ്ടു തരത്തിലുള്ള ക്യാമറകൾ ആണ്‌ സി സി ടി വി സിസ്റ്റത്തിൽ ഉപയോഗിച്ചു വരുന്നത്. ഒന്ന് ഡോം ക്യാമറ രണ്ട് ബുള്ളറ്റ് ക്യാമറ.

ഒരു ചിരട്ട മുറിയുടെ ആകൃതിയിൽ ചുവരിലോ സീലിംഗിലോ ഒക്കെ ഉറപ്പിച്ചു വയ്ക്കാവുന്ന കാമറകൾ ആണ്‌ ഡോം കാമറകൾ. കുഴൽ രൂപത്തിൽ പ്രത്യേകം ആക്സിസിൽ ഉറപ്പിച്ചു വച്ചിരിക്കുന്നവയാണ്‌ ബുള്ളറ്റ് ക്യാമറകൾ.

വിലയുടെ കാര്യം പറയുമ്പോൾ ഡോം ക്യാമറകൾക്ക് ബുള്ളറ്റ് കാമറകളേക്കാൾ വിലക്കുറവാണ്‌. ഫോക്കസ് , കവറേജ് ഏരിയ തുടങ്ങിയവ പൊതുവേ ഡോം ക്യാമറകളേ അപേക്ഷിച്ച് ബുള്ളറ്റ് ക്യാമറകൾക്ക് കൂടുതൽ ആയിരിക്കും .

സാധാരണയായി ഇൻഡോർ കവറേജിനു ഡോം കാമറയും ഔട് ഡോർ കവറേജിൻ ബുള്ളറ്റ് കാമറയും ആണ്‌ ഉപയോഗിക്കുന്നത്.

ഇതിൽ തന്നെ എല്ലാ ബുള്ളറ്റ് കാമറകളും മഴയും വെയിലുമൊക്കെ കൊള്ളാൻ പാകത്തിലുള്ള ഔട്‌ഡോർ ഉപയോഗത്തിനു പറ്റിയവ ആകണമെന്നില്ല.

അതിനാൽ അത്തരം ഉപയോഗങ്ങൾക്ക് ഐപി68 സ്റ്റാൻഡേഡിലുള്ള ബുള്ളറ്റ് കാമറകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. സാധാരണ കൂടുതലായി ഉപയോഗിച്ച് കാണുന്നില്ലെങ്കിലും Pan Twilt Zoom (PTZ) സൗകര്യങ്ങളോടു കൂടിയ കാമറകളും ഉണ്ട്.

ശബ്ദം കൂടി റെക്കോഡ് ചെയ്യാൻ സഹായിക്കുന്ന മൈക്രോഫോൺ കൂടിയുള്ള ക്യാമറകളും ലഭ്യമാണ്‌. മിക്കവാറും ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന ക്യാമറകളിലെല്ലാം നൈറ്റ് വിഷൻ സൗകര്യം കൂടി ഉള്ളതാണ്‌. ഇതിലേക്കായി പ്രത്യേകമായി ഒന്നും തന്നെ ചെയ്യേണ്ടതില്ല.

ക്യാമറകളുടെ മെഗാ പിക്സൽ റേറ്റിംഗിനനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടായിരിക്കും. പൊതുവേ 2 മെഗാ പിക്സൽ ക്യാമറകളാണ്‌ കൂടുതലായി ഇന്സ്റ്റാൾ ചെയ്ത് കണ്ടൂ വരുന്നത്.

DVR


ഡിജിറ്റൽ വീഡിയോ‌ റേക്കോഡർ എന്ന ഡി. വി ആർ ആണ്‌ ഒരു സി സി ടി വി സിസ്റ്റത്തിന്റെ ഹൃദയഭാഗം . എല്ലാ കാമറകളും പ്രത്യേക കേബിളുകൾ മുഖേന ഡി വി ആറുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.

സ്വന്തമായി ചെറിയ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള ഒരു കൊച്ചു കമ്പ്യൂട്ടർ ആണ്‌ ഡി വി ആറുകൾ. ഇതിൽ മൗസും മോണിറ്ററും ഘടിപ്പിക്കാനുള്ള സൗകര്യവും ക്യാമറകൾ കണക്റ്റ് ചെയ്യാനുള്ള സോക്കറ്റുകളും ഉണ്ടായിരിക്കും .

ചാനലുകളുടെ (ക്യാമറകളുടെ) എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഡി വി ആറുകൾ വിപണിയിൽ ഇറക്കിയിരിക്കുന്നത്. 4 ചാനൽ ഡി വി ആറുകൾ ആണ്‌ ഏറ്റവും അടിസ്ഥാനമായ മോഡൽ. ഇതിൽ പരമാവധി 4 കാമറകൾ കണക്റ്റ് ചെയ്യാവുന്നതാണ്‌.

അഞ്ചു ക്യാമറകൾ കണക്റ്റ് ചെയ്യണമെങ്കിൽ 5 ചാനൽ ഡി വി ആറുകളോ 6 ചാനൽ ഡി വി ആറുകളോ വിപണിയിൽ ലഭ്യമല്ല. അതിനായി 8 ചാനൽ ഡി വി ആറുകൾ തന്നെ വാങ്ങേണ്ടി വരും.

8 ചാനൽ കഴിഞ്ഞാൽ പിന്നെ പൊതുവേ 16 ചാനൽ 32 ചാനൽ തുടങ്ങിയവയാണ്‌ കണ്ടു വരുന്നത്.

നമ്മുടെ നാട്ടിൽ പൊതുവേ ഉപയോഗിച്ചു കണ്ടിട്ടുള്ള മോഡലുകളാണ്‌ Hikvision, CpPlus, Godrej, BPL, Sony, iBall തുടങ്ങിയവ. ഇതിൽ HikVision, CpPlus തുടങ്ങിയവ വളരെ കൂടുതലായി കണ്ടു വരുന്നു.

4 ചാനൽ ഡി വി ആറുകളും 8 ചാനൽ ഡി വി ആറുകളും തമ്മിൽ വിലയിൽ അതനുസരിച്ചുള്ള വലിയ വ്യത്യാസങ്ങൾ ഇല്ല എന്നറിയുക.

ഓരോ ചാനലിലും എത്ര മെഗാപിക്സൽ ക്യാമറകളാണ്‌ കണക്റ്റ് ചെയ്യാനാവുക എന്നും ഏത് ഫോർമാറ്റിൽ ആണ്‌ റെക്കോഡിംഗ് സാദ്ധ്യമാകുന്നത് എന്നതിലും വ്യത്യാസമുണ്ടായിരിക്കും.

720P യിൽ റെക്കോഡ് ചെയ്യുന്ന ഡി വി ആറുകളേക്കാൾ വില കൂടുതലായിരിക്കും 1080P യിൽ റെക്കോഡ് ചെയ്യുന്നവയ്ക്ക്.

വിപണിയിലുള്ള പ്രമുഖ കമ്പനികളുടെ ഡി വി ആർ മോഡലുകളിലെല്ലാം ഇന്റർനെറ്റുമായി ബന്ധിയ്ക്കാനുള്ള നെറ്റ്‌‌വർക്ക് പോർട്ടുകളും ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അതനുസരിച്ചുള്ള സജ്ജീകരണങ്ങളും ഉണ്ടായിരിക്കും.

വയർലെസ് ഡി വി ആറുകൾ എന്നൊരു വിഭാഗം കൂടി ഉണ്ട്. ഇതിൽ വയർലെസ് കാമറകൾ ആണ്‌ ഉപയോഗിക്കുന്നത്.

ക്യാമറകളൂം ഡി വി ആറും തമ്മിലുള്ള ദൂരപരിധി പരിമിതമാണെന്നതിനാൽ ഇത്തരം ഡി വി ആറുകൾ അധികമായി ഉപയോഗിക്കാറില്ല എന്നുമാത്രമല്ല വിപണിയിൽ പ്രമുഖ കമ്പനികളുടേതായി ഇത്തരത്തിലുള്ളവ ലഭ്യവുമല്ല.

പക്ഷേ ചൈനീസ് പോർട്ടലുകളിൽ ഇവ യഥേഷ്ടം ലഭ്യമാണ്‌ .

SMPS


കാമറകൾ പ്രവർത്തിക്കുന്നതിനാവശ്യമായ 12 വോൾട്ട് ഡി സി പവർ സപ്ലെ നൽകുവാനാണ്‌ ഇത് ഉപയോഗിക്കുന്നത്.

എത്ര ചാനലുകൾ ഉപയോഗിക്കുന്നുവോ അതനുസരിച്ച് SMPS ന്റെ കറന്റ് റേറ്റിംഗിലും വ്യത്യാസം വരും .

CCTV വീഡിയോ സർവലൈൻസ് – നിങ്ങൾക്കുതന്നെ ഇന്‍സ്റ്റോള്‍ ചെയ്യാം part – 1