CCTV വീഡിയോ സർവലൈൻസ് – നിങ്ങൾക്കുതന്നെ ഇന്‍സ്റ്റോള്‍ ചെയ്യാം

CCTV വീഡിയോ സർവലൈൻസ് – ഉപകരണങ്ങളും ഉപയോഗിക്കുന്ന ടെക്നോളജികളും മനസ്സിലായല്ലോ ഇനി ഇനി ഒരു സി സി ടി വി സിസ്റ്റം എങ്ങനെ അസംബിൾ ചെയ്യും എന്ന് മനസ്സിലാകാം

എത്ര ക്യാമറ വേണമെന്നും ഏത് തരം ക്യാമറ ഉപയോഗിക്കണമെന്നുമെല്ലാമുള്ള ഒരു ഏകദേശ ധാരണയെങ്കിലും ഉണ്ടാകുമല്ലോ. ഒരു 4 ചാനൽ സിസ്റ്റം സ്വന്തമായി വാങ്ങി ഇൻസ്റ്റാൾ ചെയ്യാൻ വരുന്ന ഏകദേശ ചെലവ് ചുവടെ ചേർക്കുന്നു. (ഹൈക്ക് വിഷൻ എന്ന പ്രമുഖ മോഡൽ ആണ്‌ ഇവിടെ ഉദാഹരണമായി എടുക്കുന്നത്)

  • DVR (Hikvision DS-7204HQHI-F1)
  • Two Dom Camera (2 Mega Pixel) Hikvision Ds-2Ce56D0T-Irp Full Hd1080P
  • Two Bullet Camera (Hikvision DS-2CE16D0T-IRP 2MP )
  • Cable (CP Plus Copper 90 Mtr)
  • Connectors (BNC 8 Nos DC 4 nos)+Cable Clips
  • SMPS
  • Hard Disc – (1 TB)
  • Mouse.
  • Monitor (If required)

ഇതെല്ലാം പ്രത്യേകമായും കിറ്റ് ആയും ഓൺലൈനിൽ ലഭ്യമാണ്‌ . മേൽ സൂചിപ്പിച്ചവയെല്ലാം കൂടി ഒരു കിറ്റ് ആയി 12000 – 13000 രൂപയ്ക്ക് ലഭ്യമാണ്‌.

(HD വേണ്ടെങ്കിൽ , 1 മെഗാപിക്സൽ ക്യാമറ മതി എങ്കിൽ വില ഇതിലും വളരെ കുറയും). ഹാർഡ്‌ ഡിസ്കിനായി 3500 രൂപ അധികമായി ചെലവുണ്ടാകും.

മോണിറ്റർ ആയി നിങ്ങൾ നിലവിൽ ഒന്നുകിൽ നിലവിൽ ഉപയോഗിക്കുന്ന ടി വിയോ അല്ലെങ്കിൽ പ്രത്യേകം കമ്പ്യൂട്ടർ മോണിറ്ററോ ഉപയോഗിക്കാവുന്നതാണ്‌.

സുരക്ഷിതമായ ഒരിടത്ത് ആയിരിക്കണം ഡി വി ആർ ഇൻസ്റ്റാൾ ചെയ്യേണ്ടത്. ആദ്യമായി ആവശ്യമായ ഇടങ്ങളിൽ ക്യാമറകൾ ഉറപ്പിക്കുക.

ഡ്രിൽ മെഷീൻ, വാൾ പ്ലഗ്ഗുകൾ സ്ക്രൂ തുടങ്ങിയവയൊക്കെ ഇതിനായി ആവശ്യമായി വരുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഓരോ ക്യാമറകളിലേയും പവർ സപ്ലെ, വീഡിയോ കേബിളുകൾ കണക്റ്റ് ചെയ്ത് ഡി വി ആർ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഇടം വരെ റൂട്ട് ചെയ്യുക.

ഡി വി ആറിൽ ഹാർഡ് ഡിസ്ക് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകില്ല. ഡി വി ആറിന്റെ കവർ തുറന്ന് സ്കൂ ഉപയോഗിച്ച് ഹാർഡ് ഡിസ്ക് നിർദ്ദിഷ്ട സ്ഥാനത്ത് ഉറപ്പിച്ച് അതിലെ സാറ്റാ കേബിളും പവർ കേബിളും കണക്റ്റ് ചെയ്യുക (ധാരാളം യൂടൂബ് വീഡീയോകൾ റഫറൻസിനായി ലഭ്യമാണ്‌ ).

അതിനു ശേഷം വീഡിയോ കേബിളുകൾ നിർദ്ദിഷ്ട വീഡിയോ ഇൻപുട് കണക്റ്ററുകളിലേക്കും ഓരോ ക്യാമറയുടേയും പവർ സപ്ലെ എസ് എം പി എസ്സിലേക്കും കണക്റ്റ് ചെയ്യുക .

ചില എസ് എം പി എസ്സുകളിൽ ഓരോ ചാനലുകൾക്കും പ്രത്യേകം പ്രത്യേകം കണക്റ്റ് ചെയ്യാനായി പോസിറ്റീവ് നെഗറ്റീവ് ടെർമിനലുകളുള്ള കണക്റ്ററുകൾ ഉണ്ടായിരിക്കും .

മറ്റു ചിലതിലാകട്ടെ പോസിറ്റീവ് നെഗറ്റീവ് ആയി ഒരൊറ്റ ഡി സി ടെർമിനൽ മാത്രമേ ഉണ്ടാകൂ.

ഈ അവസരത്തിൽ എല്ലാ ക്യാമറകളുടേയ്യും പോസിറ്റീവ് വയറുകൾ ഒന്നിച്ച് ബന്ധിപ്പിച്ച് പോസിറ്റീവിലേക്കും നെഗറ്റീവ് വയറുകൾ ബന്ധിപ്പിച്ച് നെഗറ്റീവിലേക്കും കണക്റ്റ് ചെയ്യുക.


മൗസ്, മോണിറ്റർ എന്നിവ കണക്റ്റ് ചെയ്ത് ഡി വി ആർ പവർ ഓൺ ചെയ്യുക.

അപ്പോൾ സ്ക്രീനിൽ യൂസർ നേം പാസ് വേഡ് എന്റർ ചെയ്യാനുള്ള ഒപ്ഷൻ കാണാം.

മിക്കവാറും ഡി വി ആറുകളിൽ യൂസർ നേം admin ആകും പാസ് വേഡ് ഒന്നുകിൽ admin അല്ലെങ്കിൽ ബ്ലാങ്ക് പാസ് വേഡ് ആയിരിക്കും .

യൂസർ മാന്വലിൽ ഈ വിവരം രേഖപ്പെടുത്തിയിട്ടുണ്ടാകും .

ഇതിൽ കാണുന്ന എല്ലാ മെനു ഒപ്ഷനുകളും സെൽഫ് എക്പ്ലനേറ്ററി ആണ്‌. വളരെ പ്രചാരമുള്ള ഡി വി ആറുകളുടെ എല്ലാം കോൺഫിഗറേഷൻ വീഡീയോകൾ യൂടൂബിൽ ലഭ്യമായതിനാൽ യാതൊരു വിധ ബുദ്ധിമുട്ടുകളും ആ വിഷയത്തിൽ ഉണ്ടാകില്ല.


ആദ്യ ഭാഗത്തു തന്നെ സൂചിപ്പിച്ചതുപോലെ മൊബൈൽ ഫോണുകളിൽ ക്യാമറ ലൈവ് കാണാനുള്ള P2P വ്യൂവിംഗ് സംവിധാനം എല്ലാ പ്രമുഖ ഡി വി ആറുകളിലും ഉണ്ട്. അതിനായി നിങ്ങളുടെ ഇന്റർ നെറ്റ് റൗട്ടർ ലാൻ കെബിൾ വഴി ഡി വി ആറിന്റെ നെറ്റ് ‌‌വർക്ക് പോർട്ടിൽ കണക്റ്റ് ചെയ്യുക.

ഹൈക്ക് വിഷന്റെ ഉൾപ്പെടെ ധാരാളം p2p Camera viewing മൊബൈൽ ആപ്പുകളിൽ ഡി വി ആറിന്റെ യുണീക് ഐഡിയും യൂസർ നേമും പാസ് വേഡും നൽകി എളുപ്പത്തിൽ എല്ലാ ക്യാമറകളും വീക്ഷിക്കാവുന്നതാണ്‌.

ഇതിനായുള്ള ക്രമീകരണങ്ങൾ ഡി വി ആറിന്റെ Network Setup മെനുവിൽ ആണ്‌ ലഭിക്കുന്നത്. ഇതിൽ P2P എനേബിൾ ചെയ്യുക എന്നതാണ്‌ പ്രധാന ഭാഗം.

ഇത്തരം പീർടു പീർ വെബ് വ്യൂവിന്റെ പ്രധാന സുരക്ഷാ പ്രശ്നം എന്താണെന്ന് വച്ചാൽ റാൻഡം ആയി ഡി വി ആർ / കാമറ കോഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്താൽ ആർക്കും ക്യാമറ കാണാനാകും എന്നതു തന്നെ.

അതിനാൽ ഒരു പ്രാഥമിക സുരക്ഷ എന്ന നിലയിൽ ഡി വി ആറിന്റെ ഡീഫോൾട്ട് യൂസർ നേമും പാസ് വേഡും മാറ്റേണ്ടത് അത്യാവശ്യമാണ്‌.

ഇത്തരത്തിൽ വെബ് ബ്രൗസറുകൾ വഴിയും പ്രത്യേക സോഫ്റ്റ്‌‌വെയറുകൾ വഴിയും ഒക്കെ ക്യാമറകളൂടെ വിദൂര വീക്ഷണം സാദ്ധ്യമാണ്‌.

എല്ലായിടത്തും സി സി ടി വി സിസ്റ്റം സർവ്വസാധാരണമായപ്പോൾ കുറ്റവാളികളും അതിനനുസരിച്ച് അപ്ഡേറ്റഡ് ആയിട്ടുണ്ട്.

അതിനാൽ മോഷണ വസ്തുക്കളോടൊപ്പം ഡി വി ആർ കൂടി അടിച്ചു മാറ്റിക്കൊണ്ടു പോകുന്നത് ഇപ്പോൾ സർവ്വ സാധാരണമാണ്‌. അതിനാൽ ഡി വി ആറുകൾ അത്ര പെട്ടന്ന് കവർന്നെടുക്കാൻ പറ്റാത്ത വിധം സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമാണ്‌.

ഇന്റർനെറ്റുമായി ബന്ധിപ്പിച്ച്വ വീഡിയോ ക്ലൗഡ് സെർവ്വറുകളിൽ റെക്കോഡ് ചെയ്ത് സൂക്ഷിക്കുന്നത് ഏറെ സുരക്ഷിതമായ ഒരു മാർഗ്ഗം ആണെങ്കിലും വലിയ ആവർത്തനെച്ചെലവുകളും ഇന്റർനെറ്റ് കണൿഷന്റെ ബാൻഡ് വിഡ്ത് പരിമിതികളും പ്രായോഗിക തലത്തിൽ ഇത് അപ്രാപ്യമാക്കുന്നു.

hand holding 3d rendering mobile connect with security camera

ധാരാളം ക്ലൗഡ് സ്റ്റോറേജ് സർവീസുകൾ വിവിധ കമ്പനികളുടേതായി ലഭ്യമാണെങ്കിലും അതിന്റെ ചെലവ് താങ്ങാനാകുന്നതാകണമെന്നില്ല.

നല്ല ഇന്റർനെറ്റ് കണൿഷൻ ഉണ്ടെങ്കിൽ ഡി വി ആർ മോഷൻ ഡിറ്റക്ഷൻ അലാം ഇമേജുകളും വീഡീയോ ക്ലിപ്പുകളുമെല്ലാം മറ്റൊരു സ്ഥലത്ത് കണക്റ്റ് ചെയ്തിരിക്കുന്ന നിങ്ങളുടെ തന്നെ ഒരു കമ്പ്യൂട്ടറിലേക്ക് അപ് ലോഡ് ചെയ്യുന്ന രീതിയിൽ ഡി വി ആറിനെ കോൺഫിഗർ ചെയ്യാനാകും .

ഇതിനായി നിങ്ങളുടെ കമ്പ്യൂട്ടറിനെ ഒരു FTP സർവ്വർ ആക്കി മാറ്റുകയും അതിന്റെ വിവരങ്ങൾ ഡി വി ആറിലെ നെറ്റ് വർക്ക് സെറ്റിംഗ്സിലെ നിർദ്ദിഷ്ട ഫീൽഡുകളിൽ നൽകിയാൽ മതി.

ഇവിടെ നിങ്ങളുടെ ഇന്റർനെറ്റ് കണൿഷന് സ്റ്റാറ്റിക് ഐപി അഡ്രസ് ഇല്ലാത്തതിനാൽ ഡൈനാമിക് ഐപി അഡ്രസ്സിനെ സ്റ്റാറ്റിക് ആക്കി മാറ്റുവാനുള്ള No Ip തുടങ്ങിയ ഏതെങ്കിലും സർവീസുകൾ ഉപയോഗിക്കുകയും ഇന്റർനെറ്റ് റൗട്ടറിൽ FTP പോർട്ട് (21) ഫോർവേഡ് ചെയ്യുകയും വേണ്ടി വരും .

സാങ്കേതികമായി അല്പം സങ്കീർണ്ണമാണെന്ന് തോന്നുമെങ്കിലും ധാരാളം സപ്പോർട്ടീംഗ് വീഡിയോകളും മറ്റു വിവരങ്ങളും ഇന്റർനെറ്റിൽ ലഭ്യമായതിനാൽ നിരാശരാകേണ്ടതില്ല.

നല്ല അപ്‌‌ലോഡ് ബാൻഡ് വിഡ്ത് ഉള്ള ഇന്റർനെറ്റ് കണ‌‌ക്‌‌ഷൻ ആവശ്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വെറും വ്യൂവിംഗിനു മാത്രമാണെങ്കിൽ സാധാരണ ബ്രോഡ് ബാൻഡ്‌ കണ‌‌ൿഷൻ തന്നെ ധാരാളം.

എത്ര തന്നെ ശ്രദ്ധിച്ചാലും മിടുക്കന്മാരായ – സാങ്കേതിക പരിജ്ഞാനമുള്ള കള്ളന്മാരെ പറ്റിക്കുവാൻ ഒരു പടി കൂടി കടന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഡി വി ആറുകളും ക്യാമറകളും നശിപ്പിക്കുക, പവർ സപ്ലെ കട്ടാക്കുക, ഇന്റർനെറ്റ് കണൿഷൻ വിച്ഛേദിക്കുക തുടങ്ങി പല പണികളും കുറ്റവാളികൾ ചെയ്യുമെന്ന് മുൻകൂട്ടിക്കണ്ട് അതിനെ മറികടക്കുവാനായി അധികമായി ഡമ്മി ക്യാമറകൾ ഫിറ്റ് ചെയ്യുക, പെട്ടന്ന് ശ്രദ്ധയിൽ പെടാത്ത ഇടങ്ങളിൽ ലോക്കൽ സ്റ്റോറേജോടു കൂടിയ പിൻ ഹോൾ സ്റ്റാൻഡ് അലോൺ ക്യാമറകൾ ഘടിപ്പിക്കുക, പവർ സപ്ലെ ബാക്കപ് ഉറപ്പു വരുത്തുക, തുടങ്ങിയവയൊക്കെ പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടത് കൊടുക്കേണ്ടത് ഉണ്ട്.

CCTV വീഡിയോ സർവലൈൻസ് – നിങ്ങൾക്കുതന്നെ ഇന്‍സ്റ്റോള്‍ ചെയ്യാം part – 1

CCTV വീഡിയോ സർവലൈൻസ് – ഉപകരണങ്ങളും ഉപയോഗിക്കുന്ന ടെക്നോളജികളും എങ്ങനെ അസംബിൾ ചെയ്യും എന്ന് മനസ്സിലായല്ലോ ഇനി നിങ്ങളുടെ വീട്ടിൽ CCTV വീഡിയോ സർവലൈൻസ് നിങ്ങൾക്ക് തന്നെ ഒരുക്കമല്ലോ