ഇലക്ട്രിക്കൽ സുരക്ഷ Part 2: RCCB യും മറ്റ് സുരക്ഷ ഉപകരണങ്ങളും

നമ്മുടെ വീടുകളുടെ ഏറ്റവും വലിയ ഫംഗ്ഷനാലിറ്റിയിൽ ഒന്നാണ് അത് മുഴുവനായി ഇലക്ട്രിസിറ്റിയുമായി കണക്ട് ആണ് എന്നുള്ളത്. വലിയ വോൾട്ടേജ്കൾ സ്റ്റേഷനിൽ ഉണ്ടാക്കുകയും അത് ട്രാൻസ്മിഷൻ ചെയ്തു ഇലക്ട്രിക് പോസ്റ്റുകൾ വഴി നമ്മുടെ വീടുകളിലേക്ക് എത്തുകയും ആണല്ലോ ചെയ്യുന്നത്. 

എന്നാൽ നമ്മുടെ വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഉപകരണങ്ങൾക്ക് വേണ്ടിവരുന്ന കറന്റിന്റെ എത്രയോ മടങ്ങ് ആണ് ഈ ഇലക്ട്രിക് പോസ്റ്റുകളുടെയും സബ്സ്റ്റേഷനിലും ഉള്ളത്. ഇങ്ങനെ വരുന്ന മാരകമായ വൈദ്യുതിയെ നിയന്ത്രണത്തിന് വിധേയമാക്കി വീടുകളിൽ ഉപയോഗിക്കാനാണ് നാം പലതരം സ്വിച്ചുകൾ പ്രയോജനപ്പെടുത്തുന്നത്. 

ഇതിൽ തന്നെ ഇന്ന് നമ്മുടെ വീട്ടിൽ വരുന്നതും അവിടെ നിന്ന് ഓരോ ലൈനിലേക്ക് പോകുന്നതുമായ വൈദ്യുതിയെ നിയന്ത്രിക്കാൻ നാം ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളാണ് ELCB, MCB, RCCB തുടങ്ങിയവ.

ഇവയെ പറ്റി പറയുന്ന വിശദമായ രണ്ട് ഭാഗങ്ങൾ ഉള്ള ലേഖനമണിത്. 

ഈ ഭാഗത്തിൽ നാം MCB യെ കുറിച്ച് സംസാരിക്കുന്നു.

ഒന്നാം ഭാഗം വായിക്കാൻ: 

ഇലക്ട്രിക്കൽ സുരക്ഷ: Part 1 – Miniature Circuit Breakers അഥവാ MCB

RCCB (Residual Current Circuit Breaker )

ഇലക്ട്രിക്കൽ ലീക്കേജ് കറന്റിൽ നിന്നും വീടിനെ സംഭരക്ഷിക്കുന്നതിനു വേണ്ടിയാണ് റെസിഡ്യൂവൽ കറന്റ് സർക്യൂട്ട് ബ്രൈക്കർ ഉപയോഗിക്കുന്നത്.

അതായത് മനുഷ്യന് ഷോക്ക് ഏൽക്കുമ്പോഴും, ബോഡിയിൽ ഷോക്ക് ഉള്ള എർത്ത് സപ്ലൈ വയറുമായി ഷോർട്ടായ) ഉപകരണങ്ങൾ കണക്ട് ചെയ്യുമ്പോഴും ലീക്കേജ് കറന്റ് ഉണ്ടാകുന്നു. ഇത്തരം സന്ദർഭങ്ങളിൽ ട്രിപ്പ് ആകുന്നതിനാണ് RCCB ഉപയോഗിക്കുന്നത്. 

വീടുകളിൽ  നിർബന്ധമായും ഉപയോഗിക്കേണ്ട ഒരു ഉപകരണമാണ് RCCB. ഇവ ഇല്ലാത്ത പഴയ വീടുകളിൽ ഇത് വാങ്ങി ഫിറ്റ് ചെയ്യുക.  ഇതിനെ RCD (Residual Current Device ) എന്നും പറയുന്നു.

RCCB ഓവർ ലോഡിലും, ഷോർട്ട് സർക്യൂട്ടിലും ട്രിപ്പ് ആകുകയില്ല. 

ഒരു RCCB യുടെ പ്രവർത്തനം, പവർ സപ്ലൈയുടെ തുടക്കത്തിൽ കണക്ട് ചെയ്യുന്ന  RCCB എപ്പോഴും ഫേസിലൂടെ  ഉപകരങ്ങളിലേക്ക് പോകുന്ന  കറന്റും  ന്യൂട്രലിലൂടെ തിരിച്ചു വരുന്ന കറന്റും നിരീക്ഷിച്ചുകൊണ്ടിരിക്കും. 

നോർമൽ അവസ്ഥയിൽ  പോകുന്ന കറന്റും തിരിച്ചു വരുന്ന കറന്റും എപ്പോഴും തുല്യമായിരിക്കും. 

അതായത് ഫേസിലൂടെ ഒരു 10.3A കറണ്ടാണ് പോകുന്നതെങ്കിൽ  ന്യൂട്രലിലൂടെ കറക്റ്റ്  10.3A കറന്റ് തിരിച്ചു വരും. 

ഈ ബാലൻസാണ് RCCB എപ്പോഴും നിരീക്ഷിച്ചുകൊണ്ടരിക്കുന്നത്.

എന്നാൽ  ആർക്കെങ്കിലും ഷോക്ക് ഏൽക്കുകയാണെങ്കിൽ ചെറിയ ഒരു കറന്റ് ഷോക്ക് ഏൽക്കുന്ന വ്യക്തിയുടെ ശരീരത്തിലൂടെ പ്രവഹിക്കും.

 ഇങ്ങനെ പ്രവഹിക്കുന്ന കറന്റ് തിരിച്ചു വരുന്ന ന്യൂട്രൽ കറന്റിൽ നിന്ന്  കുറവ് കാണിക്കും.

ഇത്തരത്തിൽ കുറവ് കണ്ടാൽ ഉടനെ RCCB ട്രിപ്പ് ആയി ഷോക്കേറ്റ ആളെ സംഭരക്ഷിക്കുന്നു.

ഉദാഹരണത്തിന് :

ഫേസിലൂടെ ഒരു 15.7A കറന്റ് പോയികൊണ്ടിരിക്കുകയാണെന്നു കരുതുക, ഈ സമയത്തു ഒരു വ്യക്തിക്ക് ഷോക്കേറ്റ്  ആ വ്യക്തിയുടെ ശരീരത്തിലൂടെ ഒരു 50mA കറന്റ് പ്രവഹിച്ചെന്നു കരുതുക.

 ഈ സമയം  ന്യൂട്രലിൽ തിരിച്ചുവരുന്ന കറന്റ്  15.65A ആണ്. അതായത് ഫേസിലൂടെ പോകുന്നതിനേക്കാളും കുറവാണു ന്യൂട്രലിൽ തിരിച്ചു വരുന്നത്.

ഈ കുറവ് നിരീക്ഷിച്ച  RCCB യ്ക്ക് മനസിലാകും എവിടെയോ കറന്റ് ലീക്കായിട്ടുണ്ടെന്നും ഉടനെതന്നെ സെക്കൻഡുകൾക്കുള്ളിൽ RCCB സപ്ലൈ ഓഫ് ചെയ്യുന്നു.

RCCB സാധാരണ 30mA, 100mA, 300mA എന്നീ കറന്റ് റേറ്റിംഗിൽ ലഭ്യമാണ്. 30mA ആണ് വീടുകളിൽ കൂടുതലായും ഉപയോഗിക്കുന്നത്. 30mA എന്നാൽ 30mA ലീക്കേജ് ഉണ്ടായാൽ സെക്കൻഡുകൾക്കുള്ളിൽ RCCB ട്രിപ്പ് ആകുന്നു.

ELCB ( Earth leakage circuit breaker )

RCCB കണ്ടുപിടിക്കുന്നതിനു മുൻപ് ഇലക്ട്രിസിറ്റി എർത്ത് ലീക്കേജിൽ നിന്നും  സംപ്രക്ഷണം ലഭിക്കുന്നതിനാണ്  പണ്ടുകാലങ്ങളിൽ  ELCB ഉപയോഗിച്ചിരുന്നത്.

ELCB ഇന്ന് ആരും ഉപയോഗിക്കുന്നില്ല. ഇന്ന് ELCB യ്ക്ക് പകരം വന്ന RCCB മാത്രമേ ഉപയോഗിക്കുന്നുള്ളൂ. 

RCCB യ്ക്ക് ELCB യെക്കൽ ഒരുപാടു ഗുണങ്ങൾ ഉള്ളതുകൊണ്ടാണ് ഇപ്പോൾ RCCB ഉപയോഗിക്കുന്നതും ELCB ഉപയോഗിക്കാത്തതും. ഇന്ന് ELCB ലഭ്യമല്ല.

എന്നാൽ ഇന്നും പലരും RCCB യെ ELCB എന്ന് പറയുന്നവരുണ്ട് അത് തെറ്റാണ്. RCCB യും ELCB യും രണ്ടും  രണ്ടാണ്. ഇനിമുതൽ RCCB എന്ന് മാത്രം പറയുക.

RCCB യിൽ നിന്നും വ്യത്യസ്തമാണ് ELCB യുടെ പ്രവർത്തനം. ELCB യിൽ എർത്ത് ലൈൻ  കൂടി കണക്ട് ചെയ്യണം. 

എല്ലാ ഉപകരണങ്ങളിൽ നിന്നുമുള്ള എർത്ത് ELCB യിൽ കൂടിയാണ് ഭൂമിയിലോട്ടു പോകുന്നത്. 

ELCB എപ്പോഴും ELCB യിൽ കണക്ട് ചെയ്ത  എർത്ത് ലൈനിനെ  നിരീക്ഷിക്കുന്നു. 

ഏതെങ്കിലും ഉപകരണം വഴിയോ അല്ലാതെയോ പവർ  സപ്ലൈ വയറിനു  എയർത്തുമായി ബന്ധം വന്നാൽ എർത്ത് വയറിൽ ഒരു വോൾട്ടേജ് ഉണ്ടാകുകയും ഈ വോൾട്ടേജിനെ കണ്ടെത്തുന്ന ELCB ഉടനെ ട്രിപ്പ് ആകുകയും ചെയ്യുന്നു.

ELCB ഇലക്ട്രിക്ക് ഷോക്കിൽ നിന്നും സംഭരക്ഷണം നൽകുന്നില്ല.

ELCB വോൾട്ടേജിനെ നിരീക്ഷിക്കുന്ന ഉപകാരണമായതുകൊണ്ട് വോൾട്ടേജ്  ഓപ്പറേറ്റഡ് എന്നും  RCCB കറന്റിനെ നിരീക്ഷിക്കുന്നതായതുകൊണ്ടു കറന്റ് ഓപ്പറേറ്റഡ് എന്നും പറയുന്നു.

ISOLATER (ഐസൊലേറ്റർ)

പണ്ട് കാലങ്ങളിൽ  ഉപയോഗിച്ചിരുന്ന മെയിൻ സ്വിച്ചിനു പകരമാണ്  ഐസൊലേറ്റർ  ഉപയോഗിക്കുന്നത്. 

ഇതൊരു സാധാരണ സ്വിച്ച് എന്നതിലുപരി യാതൊരു പ്രത്യകതയും ഇതിനില്ല.

ഐസൊലേറ്ററിന്റ പ്രവർത്തനം ഈ സ്വിച്ച് മുകളിലേക്ക് ഓൺ ചെയ്യുമ്പോൾ പോസ്റ്റിൽ നിന്നും വരുന്ന പവർ സപ്ലൈ നമ്മുടെ വീടിനകത്തേക്ക് ലഭിക്കുന്നു.

 ഐസൊലേറ്ററിന്റെ ഉപയോഗം വയറിങ്ങിലോ മറ്റോ ഏതെങ്കിലും  വിധത്തിലുള്ള മെയ്ന്റനൻസ് (റിപ്പയർ) ചെയ്യുമ്പോൾ വീടിനകത്തേക്കുള്ള പവർ സപ്ലൈ വിച്ഛേദിക്കുന്നതിനു വേണ്ടിയാണ്.