പുതിയ വീട് വൈദ്യുതി കണക്ഷൻ – ശ്രദ്ധിക്കാം

വീട് പണിയാനായി സ്ഥലവും പ്ലാനും തയാറായാൽ പിന്നെ അടുത്തപണി നിർമ്മാണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കലാണ്. വെള്ളം, വൈദ്യുതി കണക്ഷൻ, സാമഗ്രികൾ സൂക്ഷിച്ചു വയ്ക്കാനുള്ള സൗകര്യം തുടങ്ങിയവയെല്ലാം ഇതിൽപ്പെടുന്നു. ഈ ഗണത്തിൽ പ്രധാനപ്പെട്ട വൈദ്യുതകണക്ഷൻ ലഭിക്കുന്നതിനു വേണ്ട നടപടിക്ക്രമങ്ങളും ഒരുക്കങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

പുതിയ വീട് പണിയുമ്പോൾ നിർമ്മാണ ആവശ്യങ്ങൾക്കായി താൽക്കാലിക വൈദ്യുതി കണക്ഷൻ എടുക്കുക.

അംഗീകൃത ലൈസൻസിയുടെ സഹായത്താൽ താൽക്കാലിക വയറിംഗ് നടത്തിയ ശേഷം വേണം ഇലക്ട്രിസിറ്റി ഓഫീസിൽ അപേക്ഷ നൽകാൻ.

RCCB (ELCB) യോടു കൂടിയ മെയിൻ സ്വിച്ച് ബോർഡിനും പ്ലഗ് പോയിൻറുകൾക്കും ഒപ്പം മോട്ടോറുണ്ടെങ്കിൽ അതിന്‍റേ സ്റ്റാർട്ടറും കൂടി ചേർത്തു തയാറാക്കുന്ന താൽക്കാലിക സംവിധാനത്തിൽ വൈദ്യുത മീറ്റർ ഉറപ്പിക്കാനുള്ള സ്ഥലവും കാണും.

ഇരുമ്പിലോ തടിയിലോ തീർത്ത ബോർഡിലോ, നിർമ്മാണ സ്ഥലത്ത് താൽക്കാലിക ഷെഡ്‌ പണിതിട്ടുണ്ടെങ്കിൽ അതിന്‍റെ ഭിത്തിയിലോ ആകും ഈ സംവിധാനങ്ങൾ ഉറപ്പിക്കുക.

വൈദ്യുതി കണക്ഷൻ

മഴ നനയാതിരിക്കാനുള്ള മുൻകരുതൽ വേണം. ഒപ്പം നിയമം അനുശാസിക്കുന്ന വിധത്തിൽ എർത്തിങ്ങും നൽകണം.സാമഗ്രികളും, പണിക്കൂലിയുമുൾപ്പെടെ ഏകദേശം 8,000 രൂപയോളം ഇതിനു ചെലവു വരുന്നു.

വയറിംഗ് ജോലി പൂർത്തിയായി കഴിഞ്ഞാൽ ബന്ധപ്പെട്ട സെക്ഷൻ ഓഫീസിലെ പണം സ്വീകരിക്കുന്ന കൌണ്ടറിൽ നിന്നും 10 രൂപ നൽകി വൈദ്യുത കണക്ഷനുള്ള അപേക്ഷാ ഫോം വാങ്ങിക്കാം.

ആർക്കാണോ കെട്ടിട നിർമ്മാണത്തിനു അനുവാദം കിട്ടിയിരിക്കുന്നത് ആ വ്യക്തിയുടെ പേരിൽ വേണം അപേക്ഷാഫോം. വയറിംഗ് നടത്തിയ ലൈസൻസിയെക്കൊണ്ട് ഇതിലെ പ്രസക്ത ഭാഗങ്ങൾ പൂരിപ്പിച്ചു സീലും ഒപ്പുമിട്ടു വാങ്ങുക.

അപേക്ഷയിൽ 200 രൂപയുടെ COURT FEE സ്റ്റാമ്പ് പതിക്കണം. അതിനു ശേഷം ബിൽഡിംഗ്‌ പെർമിറ്റ്‌, തിരിച്ചറിയൽ കാർഡ്‌, വില്ലേജ് ഓഫീസിൽ ബന്ധപ്പെട്ട വസ്തുവിന്‍റെ കരമടച്ച രസീത് എന്നിവയുടെ കോപ്പികളോടൊപ്പം വേണം അപേക്ഷ സമർപ്പിക്കാൻ.

വൈദ്യുത സംവിധാനത്തിന്‍റേയും അതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെയും സുരക്ഷയ്ക്കായി RCCB (ELCB) വച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനായി അത് വാങ്ങുമ്പോൾ കിട്ടുന്ന ടെസ്റ്റ്‌ സർട്ടിഫിക്കറ്റും കണക്ഷനുള്ള അപേക്ഷയോടൊപ്പം വയ്ക്കണം.

ബന്ധപ്പെട്ട സെക്ഷനിലെ അസ്സിസ്റ്റന്‍റ് എഞ്ചിനീയർക്കാണ് അപേക്ഷ നൽകേണ്ടത്. അതിനു ശേഷം ഓവർസീയർ സ്ഥലപരിശോധന നടത്തി സംവിധാനങ്ങൾ കൃത്യവും, സുരക്ഷിതവും, കുറ്റമറ്റതുമാണെന്ന് ഉറപ്പുവരുത്തി അസ്സിസ്റ്റന്‍റ് എഞ്ചിനീയർക്ക് റിപ്പോർട്ട് നൽകുന്നു.

പിന്നാലെ സർവീസ് കണക്ഷൻ ചാർജ്ജും കാഷ് ഡെപ്പോസിറ്റും മറ്റും അടക്കാനുള്ള അനുമതി തരുന്നു. അതിനുശേഷം മുൻഗണനാക്രമത്തിലും സാമഗ്രികളുടെ ലഭ്യത അനുസരിച്ചുമാകും കണക്ഷൻ നൽകുക.

നുറുങ്ങ് അറിവുകൾ: ഇലക്ട്രിക്കൽ പ്ലാനും പ്ലംബിങ് പ്ലാനും