വീട്ടിലെ കറണ്ട് ബില്ല് ലാഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാം BLDC ഫാനുകൾ.

വേനൽക്കാലം ശക്തമായിക്കൊണ്ടിരിക്കുന്ന ഈയൊരു സാഹചര്യത്തിൽ ഏ സി, ഫാൻ എന്നിവ ഉപയോഗിക്കാതെ വീട്ടിനകത്ത് ഇരിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. അതേസമയം മുഴുവൻ സമയവും ഫാൻ പ്രവർത്തിക്കുന്നത് പലപ്പോഴും കറണ്ട് ബില്ല് കൂടി വരുന്നതിന് കാരണമാകുന്നു. സാധാരണ മാസങ്ങളിൽ തന്നെ മിക്ക വീടുകളിലും രണ്ട് മാസത്തേക്കുള്ള കറണ്ട് ബില്ലായി വരുന്നത് 1000 രൂപയ്ക്ക് മുകളിലാണ്. അതോടൊപ്പം വേനൽക്കാലത്തെ ചൂടു കൂടി എത്തുമ്പോൾ വീടുകളിലെ കറണ്ട് ബില്ല് ഇരട്ടിയായി വർദ്ധിക്കുന്നു . എന്നാൽ ഇതിന് ഒരു പരിഹാരമെന്നോണം ഉപയോഗപ്പെടുത്താവുന്നവയാണ് BLDC ഫാനുകൾ. മിക്ക ആളുകൾക്കും ഇപ്പോൾ ബി എൽ ഡി സി ഫാനുകൾ സുപരിചിതമാണ് എങ്കിലും അവയുടെ ഉപയോഗരീതി, ഗുണദോഷങ്ങൾ എന്നിവയെ പറ്റി കൃത്യമായ ധാരണ പലർക്കുമില്ല. BLDC ഫാനുകളെ പറ്റി വിശദമായി മനസ്സിലാക്കാം.

എന്താണ് BLDC ഫാനുകൾ?

സാധാരണ ഉപയോഗിക്കുന്ന ഫാനുകളുടെ അതേ രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ് ബി എൽ ഡി സി ഫാനുകൾ. ഇതിനായി പ്രത്യേക സജ്ജീകരണങ്ങൾ ഒന്നുംതന്നെ ഇലക്ട്രിക്കൽ സർക്യൂട്ടിൽ നൽകേണ്ടി വരുന്നില്ല.

സാധാരണ AC സർക്യൂട്ടുകളിൽ ഇവ ഉപയോഗപ്പെടുത്താൻ സാധിക്കുമെങ്കിലും ഇലക്ട്രിക് സർക്യൂട്ടുകൾ കറണ്ട് ഡിസി ആക്കി മാറ്റിയാണ് ഇവിടെ പ്രവർത്തിക്കുന്നത്. സാധാരണ ഫാൻ 60 നും 70 വാട്ടിനും ഇടയിൽ കറണ്ട് ഉപയോഗപ്പെടുത്തുമ്പോൾ ബി എൽ ഡി സി ഫാനുകൾ 28 W നും 35 W നും ഇടയിൽ മാത്രമാണ് വൈദ്യുതി ഉപയോഗപ്പെടുത്തുന്നുള്ളൂ.
അതായത് ഒരു വർഷം BLDC ഫാനുകൾ ഉപയോഗപ്പെടുത്തുന്നത് വഴി 1500 രൂപ വരെ ലാഭം നേടാവുന്നതാണ്.BLDC ഫാനുകൾ അറിയപ്പെടുന്ന മറ്റൊരു പേരാണ് ഗോറില്ല ഫാനുകൾ. വ്യത്യസ്ത ബ്രാൻഡുകളുടെ ബി എൽ ഡി സി ഫാനുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ബി എൽ ഡി സി ഫാനിന്‍റെ വ്യത്യസ്ത പാർട്ടുകൾ

ഒരു സാധാരണ ഫാൻ കാണുമ്പോൾ ഉണ്ടാകുന്ന അതേ പ്രതീതി തന്നെയാണ് BLDC ഫാനുകൾ കാണുമ്പോഴും തോന്നുക. എന്നാൽ ഇവയിൽ ചെറിയ രീതിയിൽ വ്യത്യാസം വരുന്നത് മോട്ടോറിന്റെ ഭാഗമാണ്. മിക്ക ബ്രാൻഡുകളുടെയും ഫാനിന് താഴെയായി LED ലൈറ്റുകൾ നൽകിയിട്ടുണ്ട്. കൂടാതെ റിമോട്ട് ഉപയോഗിച്ചാണ് ഇവ വർക്ക് ചെയ്യിപ്പിക്കുന്നത്. റിമോട്ട് ഉപയോഗിച്ച് ഫാൻ ഓൺ ചെയ്യുന്നതിനും ഓഫ് ചെയ്യുന്നതിനും സാധിക്കും.

കൂടാതെ വോയ്സ് അസിസ്റ്റന്റ് സർവീസുകൾ ആയ അലക്സ,ഗൂഗിൾ മിനി പോലുള്ള സിസ്റ്റം ഉപയോഗപ്പെടുത്തിയും ഇവ വർക്ക് ചെയ്യിപ്പിക്കാൻ സാധിക്കും . സാധാരണ ഫാനുകളെ അപേക്ഷിച്ച് BLDC ഫാനുകൾ കറങ്ങുമ്പോൾ ഉണ്ടാകുന്ന ശബ്ദം വളരെ കുറവായിരിക്കും. ഫാ നിന്റെ സ്പീഡ് കണ്ട്രോൾ ചെയ്യുന്നതിന് ബൂസ്റ്റ് എന്ന ഓപ്ഷൻ ഉപയോഗപ്പെടുത്താവുന്നതാണ്. അതോടൊപ്പം ഏ സിയുടെ ടൈമർ സെറ്റ് ചെയ്ത് നൽകുന്ന രീതിയിൽ ഫാൻ എത്ര സമയത്തേക്കാണോ ഓടേണ്ടത് അത്രയും നേരം ടൈമർ ഉപയോഗപ്പെടുത്തി സെറ്റ് ചെയ്ത് നൽകാനും സാധിക്കും.

BLDC ഫാനുകൾ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

  • സാധാരണ ഫാനുകളെ അപേക്ഷിച്ച് കറണ്ട് ബില്ല് വളരെ കുറവായിരിക്കും.
  • ഫാനിന്റെ എല്ലാ കാര്യങ്ങളും കൺട്രോൾ ചെയ്യുന്നത് ഒരു റിമോട്ട് ഉപയോഗിച്ചാണ്.
  • സാധാരണ ഫാനുകളെ അപേക്ഷിച്ച് ഇവക്ക് ശബ്ദം കുറവായിരിക്കും.
  • കാഴ്ചയിൽ വളരെയധികം ഭംഗിയുള്ള രീതിയിലാണ് BLDC ഫാൻ ഡിസൈൻ ചെയ്തിട്ടുള്ളത്.
  • വോയിസ്‌ അസിസ്റ്റന്റ് സർവീസ് ഉപയോഗപ്പെടുത്തി കണ്ട്രോൾ ചെയ്യാൻ സാധിക്കും.
  • ആവശ്യമുള്ള സമയം മാത്രം ഫാൻ പ്രവർത്തിപ്പിക്കുന്നതിന് വേണ്ടി ടൈം സെറ്റ് ചെയ്ത് നൽകാം.

ദോഷങ്ങൾ

  • ഫാനിന്റെ വേഗത കൂടുന്നതിനനുസരിച്ച് ശബ്ദത്തിന്റെ അളവും കൂടുന്നതാണ്.
  • ഇവയിൽ ഉപയോഗപ്പെടുത്തുന്ന ഇലക്ട്രോണിക് സർക്യൂട്ട്, റിമോട്ട് എന്നിവ കേടു വരുന്നതിനുള്ള ചാൻസ് കൂടുതലാണ്.
  • ഉപയോഗിച്ചുകൊണ്ടിരിക്കുന്ന റിമോട്ട് നഷ്ടപ്പെടുകയാണെങ്കിൽ പുതിയത് കണ്ടെത്താൻ ബുദ്ധിമുട്ടേണ്ടി വരും.

കാലത്തിന് അനുസരിച്ച് മാറ്റങ്ങൾ ഉൾക്കൊണ്ട് കൊണ്ടാണ് BLDC ഫാനുകൾ നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അവയുടേതായ ഗുണങ്ങളും, ദോഷങ്ങളും ഉണ്ട് എന്ന കാര്യം മനസ്സിലാക്കി മാത്രം BLDC ഫാനുകൾ വീടുകളിലേക്ക് തിരഞ്ഞെടുക്കാവുന്നതാണ്.