വീട് നിർമ്മാണത്തിൽ ചിലവ് കുറക്കാനും തണുപ്പ് നിലനിർത്താനും പ്രകൃതിദത്തമായ ‘വേദിക് സിമന്‍റ്’ ഉപയോഗപ്പെടുത്താം.

വേനൽക്കാലത്ത് വീടിനകത്തെ ചൂടിനെ പ്രതിരോധിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി പല മാർഗ്ഗങ്ങളും പരീക്ഷിച്ച് പരാജയപ്പെട്ടവരായിരിക്കും മിക്ക ആളുകളും.

ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുന്നതിനു വേണ്ടി ഉപയോഗപ്പെടുത്താവുന്ന മാര്‍ഗമാണ് വേദിക്സിമന്‍റ്. പൂരണമായും പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ കൊണ്ട് നിർമ്മിച്ചെടുക്കുന്നവയാണ് വേദിക് സിമന്‍റ്.

ഈഒരു ആശയം കണ്ടെത്തിയത് ഹരിയാനയിലുള്ള ഡോക്ടർ ശിവ ദർശൻ മാലിക് എന്ന വ്യക്തിയാണ്.

ഇത്തരമൊരു കണ്ടുപിടിത്തത്തിലേക്ക് ഡോക്ടറെ നയിച്ചത് 2005 കാലയളവിൽ ഐഐടി ഡൽഹിയിൽ പരിസ്ഥിതി പ്രൊജക്ടുകൾക്ക് വേണ്ടി കൺസൾട്ടന്‍റ് ആയി വർക്ക് ചെയ്ത സമയത്തായിരുന്നു.

വേദിക് സിമന്റ് എന്ന ആശയത്തിലേക്ക് എത്തുന്നതിന് മുൻപായി ചാണകം ഉണക്കി അതിൽ നിന്നും എങ്ങിനെ നല്ല രീതിയിൽ ഊർജ്ജം ഉൽപാദിപ്പിക്കാം എന്നതിനെപ്പറ്റി ഒരു കണ്ടെത്തലും അദ്ദേഹം നടത്തി.

വേദിക് സിമന്‍റിനെ സാധാരണ സിമന്‍റില്‍ നിന്നും വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണ്?

  • പൂർണമായും പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ചുണ്ണാമ്പുകല്ല്, ജിപ്സം, സാധാരണ മണ്ണ്, കളിമണ്ണ്, ചാണകം, വേപ്പില എന്നിവയിൽ നിന്നുമാണ് വേദിക് സിമന്റ് നിർമ്മിച്ചെടുക്കുന്നത് .
  • ഇവ ഉപയോഗിച്ച് ഭിത്തികൾ പ്ലാസ്റ്റർ ചെയ്യുന്നതു വഴി അത് പുറത്തു നിന്നും ഭിത്തിയിലേക്ക് അടിക്കുന്ന ചൂട് ആഗിരണം ചെയ്യുകയും വീടിനകത്ത് നല്ല കൂളിംഗ് ലഭിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു.
  • പുറത്ത് അനുഭവപ്പെടുന്ന ചൂടിന്‍റെ ഏഴ് ഡിഗ്രിയിൽ താഴെ മാത്രമാണ് വീടിന് അകത്തേക്ക് ചൂട് അനുഭവപ്പെടുകയുള്ളൂ.
  • അതേസമയം തണുപ്പു കാലത്ത് വീടിനകത്തേക്ക് ചൂട് പകരാനും വേദിക് സിമന്റ് പ്ലാസ്റ്ററിംഗ് വഴി സാധിക്കുന്നു.

തീർത്തും പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ നിർമ്മിച്ചെടുക്കുന്ന വേദിക് സിമന്റ് എന്ന ആശയം 2005ൽ ഡോക്ടർ ശിവ ദർശൻ ജനങ്ങൾക്കു മുന്നിൽ എത്തിക്കുകയും ഇന്ന് ഏകദേശം ഇന്ത്യയിൽ ഇരുപതിനായിരത്തോളം വീടുകൾ ഈയൊരു ടെക്നോളജി ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കാഴ്ചയിൽ സാധാരണ സിമന്റ് ഉപയോഗിച്ച് ഭിത്തി തേച്ച അതേ പ്രതീതി ഉളവാക്കുന്നതിനും വേദിക് സിമന്റിനുള്ള പ്രാധാന്യം ചെറുതല്ല. മിനുസമുള്ള രീതിയിൽ ഭിത്തികൾ തേച്ചെടുക്കാൻ ഇവക്ക് സാധിക്കുന്നു.

ഇപ്പോൾ പലർക്കും മനസ്സിൽ തോന്നുന്ന കാര്യം നിർമ്മാണം പൂർത്തിയായ വീടുകളിൽ വേദിക് സിമന്റ് പരീക്ഷണം നടത്താൻ സാധിക്കുമോ എന്നതായിരിക്കും. കോൺക്രീറ്റ് കെട്ടിടങ്ങളുടെ ഭിത്തികളിൽ നൽകിയിട്ടുള്ള സാധാരണ സിമന്റ് അടർത്തി മാറ്റി വേദിക് സിമന്റ് ഉപയോഗിച്ച് പ്ലാസ്റ്ററിംഗ് നടത്താൻ സാധിക്കുന്നതാണ്.

വീടിന്റെ ഭിത്തികളിൽ മാത്രമല്ല ആവശ്യമെങ്കിൽ മേൽക്കൂരകളിലും വേദിക് പ്ലാസ്റ്റർ ഉപയോഗപ്പെടുത്താൻ സാധിക്കും.വേനൽക്കാലത്തും മഴക്കാലത്തും വീടുകൾക്ക് സുരക്ഷാ കവചമൊരുക്കാൻ സാധിക്കുന്ന വേദിക് സിമന്റ് ഓരോ വർഷവും 5 ടൺ എന്ന കണക്കിൽ നിർമ്മിക്കപ്പെടുന്നുണ്ട്. രാജസ്ഥാനിൽ സ്ഥിതിചെയ്യുന്ന ബിക്കാനീർ നിർമാണശാലയിൽ ഉൽപാദിപ്പിക്കപ്പെടുന്ന വേദിക് സീമന്‍റിന് ആവശ്യക്കാർ കൂടും എന്ന കാര്യത്തിൽ സംശയമില്ല.