വീട്ടിനകത്ത് കുഞ്ഞു വർണ്ണമത്സ്യങ്ങൾ തുള്ളിക്കളിക്കുന്ന അക്വേറിയം സെറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്നവരായിരിക്കും മിക്ക ആളുകളും.
പലപ്പോഴും കടയിൽ നിന്നും അക്വാറിയത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങി കൊണ്ടു വന്ന് വീടിന്‍റെ ഏതെങ്കിലും ഒരു മൂലയിൽ സെറ്റ് ചെയ്യുക എന്നതാണ് പലരും ചെയ്യുന്ന കാര്യം.
എന്നാൽ അക്വേറിയം സെറ്റ് ചെയ്യുന്നതിന് ഫെങ്ഷിയുടെ തത്വം നോക്കുകയാണെങ്കിൽ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. വീടിനു മുന്നിലാണ് അക്വേറിയം സെറ്റ് ചെയ്യുന്നത് എങ്കിൽ അതിന്റെ വലിപ്പം വളരെ വലുതാകാൻ പാടില്ല എന്ന് പറയപ്പെടുന്നു.
അതേ സമയം ഒരു ചെറിയ കുളത്തിന്റെ രൂപത്തിൽ ജലാശയം സെറ്റ് ചെയ്യുന്നതിൽ തെറ്റില്ല. വീടിനോട് ചേർന്ന് ഒരു വലിയ കുളം നിർമ്മിക്കണമെങ്കിൽ അത് കിഴക്ക് അല്ലെങ്കിൽ വടക്ക് ഭാഗത്ത് വരുന്ന രീതിയിൽ മാത്രമാണ് പാടുകയുള്ളൂ.
വീടിനോട് ചേർന്ന് ഒരു ജലാശയം നിർമിക്കുമ്പോൾ അതിന്റെ പരമാവധി വലിപ്പം 41*49 ഇഞ്ച് വലിപ്പത്തിൽ കൂടാൻ പാടുള്ളതല്ല.
ജലാശയം നിർമ്മിച്ച് അതിൽ മത്സ്യങ്ങളും ചെടികളും ഇല്ലാതെ ഒഴിച്ച് ഇടുന്നത് ഒട്ടും ഉചിതമായ കാര്യമല്ല.ഫെങ്ഷുയിയിൽ മത്സ്യങ്ങളെ കാണുന്നത് സമൃദ്ധിയുടെ പ്രതീകം എന്ന രീതിയിലാണ്.
അതുകൊണ്ടുതന്നെ വ്യത്യസ്ത രീതിയിലുള്ള മീനുകളെ ജലാശയത്തിൽ ഇടാൻ പാടില്ല എന്നും പറയപ്പെടുന്നു. പ്രത്യേകിച്ച് എയ്ഞ്ചൽ ഫിഷ് വിഭാഗത്തിൽ പെട്ടവ ഫെങ്ഷുയിയിൽ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നില്ല.
വെള്ളവുമായി ബന്ധപ്പെട്ട അക്വേറിയം പോലുള്ളവ ഒരു കാരണവശാലും കിടപ്പുമുറികളിൽ സെറ്റ് ചെയ്യാൻ പാടുള്ളതല്ല. ഇപ്പോൾ മിക്ക ആളുകളും ഫ്ലാറ്റ് ജീവിതം നയിക്കുന്നവരാണ്.
അത്തരം സാഹചര്യങ്ങളിൽ സ്ഥലപരിമിതി മനസ്സിലാക്കി കൊണ്ട് ചെറിയ അക്വേറിയങ്ങൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ ഉചിതം.
അതായത് വളരെ വലിപ്പത്തിലുള്ള ഒരു അക്വേറിയം സെറ്റ് ചെയ്യുന്നതിന് പകരം 9 മീനുകൾക്ക് സുഖമായി നീന്താൻ സാധിക്കുന്ന രീതിയിൽ ഒരു അക്വേറിയം സെറ്റ് ചെയ്യുക എന്നതിൽ ശ്രദ്ധ നൽകുക. ഏതൊരു ഫിഷ് അക്വേറിയം സെറ്റ് ചെയ്യുമ്പോഴും വെള്ളം ഓക്സിജനേറ്റ് ചെയ്യാൻ ഒരു കാരണവശാലും മറക്കരുത്.
വീടിന്‍റെ ലിവിങ് റൂം,ഡൈനിങ് ഏരിയ എന്നീ സ്ഥലങ്ങളിൽ വാട്ടർ ഫീച്ചറുകൾ വയ്ക്കുന്നതിൽ തെറ്റില്ല.
വാട്ടർ ഫീച്ചർ വിഭാഗത്തിൽ ഉൾപ്പെടുന്നത് ചെറിയ അക്വേറിയങ്ങൾ, മത്സ്യങ്ങളെ ഇടാവുന്ന ബൗളുകൾ, ഫൗണ്ടനുകൾ എന്നിവ മാത്രമല്ല.
മറിച്ച് വെള്ളത്തെ പശ്ചാത്തലമാക്കി വരുന്ന ചിത്രങ്ങൾ, പെയിന്റ്റിങ് എന്നിവയും ഉൾപ്പെടുന്നു എന്നകാര്യം അറിഞ്ഞിരിക്കുക.
അതുകൊണ്ടുതന്നെ വെള്ളത്തെ ആധാരമാക്കി വരച്ച ചിത്രങ്ങളും, മറ്റും ബെഡ്റൂം പോലുള്ള സ്ഥലങ്ങളിൽ നിന്നും ഒഴിവാക്കാൻ ശ്രദ്ധിക്കുക.