ഓട് ആണോ വാർപ്പാണോ വീടിന് അനുയോജ്യം.

ഓട് ആണോ വാർപ്പാണോ വീടിന് അനുയോജ്യം.പണ്ട് കാലങ്ങളിൽ പ്രധാനമായും നമ്മുടെ നാട്ടിൽ ഓടിട്ട വീടുകൾ ആണ് കൂടുതലായും ഉണ്ടായിരുന്നത്.

ചിലവ് കുറച്ച് ആവശ്യാനുസരണം വീട് നിർമ്മിക്കാൻ ഓടുകൾ സഹായകരമായിരുന്നു. എന്നാൽ പിന്നീട് പതുക്കെ വാർപ്പ് വീടുകൾ എന്ന സങ്കൽപ്പത്തിലേക്ക് ആളുകൾ മാറി തുടങ്ങി.

ഇന്ന് വീണ്ടും പഴയ ട്രെൻഡ് ഫോളോ ചെയ്ത് വീടിന്റെ മേൽക്കൂരകളിൽ ട്രസ് വർക്ക് ചെയ്ത് ഓട് പാകുന്ന രീതി കൂടുതലായും കണ്ടു വരുന്നുണ്ട്.

പലപ്പോഴും വീടിനകത്തേക്ക് ഉള്ള ചൂട് കുറയ്ക്കാനും, തണുപ്പ് നിലനിർത്താനും വേണ്ടിയാണ് ഓടുകൾ ഇത്തരത്തിൽ പാകി നൽകുന്നത്.

എന്നാൽ യഥാർത്ഥത്തിൽ സെറാമിക് ഓടുകൾ മേൽക്കൂരകളിൽ പാകി നൽകുന്നത് എത്രമാത്രം ഗുണം ചെയ്യും എന്നതിനെപ്പറ്റി വിശദമായി അറിയേണ്ടിയിരിക്കുന്നു.

ഓട് ആണോ വാർപ്പ് ആണോ വീടിന് അനുയോജ്യമെന്ന കാര്യം വിശദമായി മനസ്സിലാക്കാം.

ഓട് ആണോ വാർപ്പ് ആണോ വീടിന് അനുയോജ്യം.

മിക്ക ആളുകളും പറഞ്ഞു കേൾക്കുന്ന ഒരു പരാതിയാണ് ചൂടുകാലത്ത് വാർപ്പ് വീടുകളിൽ ചൂട് കൂടുതലാണ് എന്ന കാര്യം.

പണ്ട് കാലങ്ങളിൽ വീടുകളിൽ തണുപ്പ് നൽകിയിരുന്നത് ഓട് ഇട്ട നൽകിയതു കൊണ്ടാണ് എന്നും പറയപ്പെടുന്നു.

എന്നാൽ പല പഴയ വീടുകളും തട്ട് ഇട്ടാണ് നിർമ്മിച്ചിരുന്നത്.

അതുകൊണ്ടുതന്നെ ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവ് തട്ടുകൾക്ക് ഉണ്ടായിരുന്നു എന്നതാണ് സത്യം.

സെറാമിക് ടൈലുകൾ ഉപയോഗപ്പെടുത്തി വീടിന്റെ മേൽക്കൂര ചെയ്യുമ്പോൾ ഏകദേശം ഒരു 10 മണി ആകുമ്പോൾ തന്നെ ഓട് ചൂടായി തുടങ്ങും,

പിന്നീട് ഉച്ചയ്ക്ക് 3 മണി വരെ അവയ്ക്ക് മാറ്റം ഒന്നും വരുന്നില്ല. സാധാരണ ഓടുകൾ പോലെയല്ല പുതിയ രീതിയിലുള്ള റൂഫിങ് ഓടുകൾ നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ അവയ്ക്ക് ചൂട് വലിച്ചെടുക്കാനുള്ള ശേഷി കൂടുതലാണ്. അതേസമയം റൂഫിങ് ടൈലുകൾക്ക് താഴെയായി സെറാമിക് ഓടുകൾ ഒരു ലയർ രൂപത്തിൽ നൽകുകയാണെങ്കിൽ ചൂട് ഒരു പരിധിവരെ കുറയ്ക്കാനായി സാധിക്കും.

റൂഫ് ടൈലുകൾ പതിക്കുന്നതിന് ട്രസ് വർക്കാണോ കോൺക്രീറ്റ് ആണോ കൂടുതൽ നല്ലത്.

ഇന്ന് മിക്ക വീടുകളിലും റൂഫ് ടൈലുകൾ നൽകുന്നത് ട്രസ് വർക്കിലാണ്. വളരെ ചിലവു ചുരുക്കി അതേസമയം കൂടുതൽ ഭംഗിയായി സെറാമിക് ടൈലുകൾ നൽകാനായി ട്രസ് വർക്കുകൾക്ക് സാധിക്കും. കോൺക്രീറ്റിന് മുകളിലായി ഓടുകൾ പതിച്ചു നൽകുമ്പോഴും പല ഗുണങ്ങളുണ്ട്. സാധാരണയായി ട്രസ്സ് വർക്ക് ചെയ്ത് സീലിംഗ് വർക്കുകൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു പ്രശ്നം അതിനുള്ളിലൂടെ എലി പോലുള്ള ജീവികൾ വീടിനകത്തേക്ക് പ്രവേശിക്കാനുള്ള സാധ്യത കൂടുതലാണ് എന്നതാണ്.

മാത്രമല്ല ട്രസ് വർക്ക് ചെയ്ത് ഓട് പാകുമ്പോൾ ചെറിയ ഗ്യാപ്പുകൾ ഉണ്ടെങ്കിൽ പോലും വെള്ളം താഴേക്ക് ഊർന്നു വീഴാനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും ചിലവ് കുറയ്ക്കാൻ എന്നപേരിൽ കോൺക്രീറ്റ് വർക്കുകൾ ചെയ്യുകയും, പിന്നീട് വീടിനകത്ത് ചൂട് കൂടുമ്പോൾ മുകളിൽ വീണ്ടും ട്രസ് വർക്ക് ചെയ്ത് നൽകുന്ന രീതിയും കണ്ടു വരുന്നുണ്ട്. ഇത് ശരിക്കും ചിലവ് കൂട്ടുന്ന ഒരു കാര്യമാണ്. വീടിന്റെ മുകൾഭാഗം വാർത്ത ശേഷം നേരിട്ട് റൂഫ് ടൈലുകൾ നൽകുകയാണെങ്കിൽ അത് ചിലവ് കുറയ്ക്കാനും സഹായിക്കും. അതേസമയം വീടിനകത്തേക്ക് തണുപ്പ് ലഭിക്കുകയും ചെയ്യും.

ട്രസ് വർക്ക്‌ ആർക്കിടെക്ചറുകൾ

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മനസിന് ഇണങ്ങുന്ന രീതിയിൽ ആർക്കിടെക്ചറുകൾ ചെയ്തെടുക്കാൻ ട്രസ് വർക്കിനുള്ള സ്ഥാനം ചെറുതല്ല. മനസ്സിൽ ആഗ്രഹിക്കുന്ന രീതിയിൽ കണ്ടമ്പററി, മിയാമി സ്റ്റൈലിൽ വീടുകൾ നിർമ്മിക്കാൻ ഏറ്റവും നല്ല രീതി ട്രസ് വർക്കുകൾ തിരഞ്ഞെടുക്കുക എന്നത് തന്നെയാണ്. ഒരിക്കൽ നൽകിയ ആർക്കിടെക്ചർ പിന്നീട് ആവശ്യാനുസരണം എടുത്തു മാറ്റി മറ്റൊരു രീതിയിലേക്ക് ആക്കാൻ പോലും ഇത്തരം വർക്കുകൾ കൊണ്ട് സാധിക്കുന്നു.

പണി പൂർത്തിയായ വീടിന്റെ സ്ട്രക്ച്ചറിൽ യാതൊരുവിധ മാറ്റങ്ങളും നൽകാതെ തന്നെ ട്രസ് വർക്കുകൾ ഭംഗിയായി ചെയ്തെടുക്കാൻ സാധിക്കും. ജോയിന്റുകൾ നൽകുമ്പോൾ പുറത്തേക്ക് നൽകാത്ത രീതിയിൽ നിർമിക്കുകയാണെങ്കിൽ എപ്പോഴും ട്രസ്സ് വർക്ക് ചെയ്ത വീട് ഒരു യഥാർത്ഥ ഓടിട്ട വീടിന്റെ പ്രതീതിയാണ് തരുന്നത്. മണ്ണിൽ നിർമിച്ച ഓടുകളോട് കിടപിടിക്കാൻ ഒരു കാരണവശാലും നാനോ റൂഫിങ് ടൈലുകൾക്ക് സാധിക്കുന്നില്ല. അതേസമയം ഒരു പ്രധാന പോരായ്മ മണ്ണിൽ തീർത്ത ഓടുകൾ പെട്ടെന്ന് പൊട്ടി പോകും എന്നതാണ്. മാത്രമല്ല ഇത്തരം ഓടുകൾക്ക് ഭാരം കൂടുതലാണ് എന്നതാണ് പലരും ഒഴിവാക്കാനുള്ള കാരണമായി പറയുന്നത്. ഏകദേശം രണ്ടര കിലോ ഭാരം വരുന്ന ഓടുകൾ വീടിനു മുകളിൽ വേണോ എന്നത് പലർക്കും സംശയമുള്ള കാര്യമാണ്. അതേസമയം നാനോ റൂഫിംഗ് ഓടുകൾ ഉപയോഗപ്പെടുത്തുമ്പോൾ അവയ്ക്ക് മുകളിലൂടെ ഒരു വാഹനം കയറി ഇറങ്ങിയാൽ പോലും ഒന്നും സംഭവിക്കുന്നില്ല.

ഓട് ആണോ വാർപ്പാണോ അനുയോജ്യം എന്നതിനുള്ള ഉത്തരം നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് തിരഞ്ഞെടുക്കുക എന്നതാണ്.