ടോയ്ലറ്റ് പ്ലംബിങ് വർക്കുകൾ ചെയ്യുമ്പോൾ മിക്ക വീടുകളിലും ഉണ്ടാകാറുള്ള അബദ്ധങ്ങൾ.

വീടുനിർമ്മാണത്തിൽ ടോയ്ലറ്റ് പ്ലംബിങ് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. അതല്ല എങ്കിൽ പിന്നീട് ലീക്കേജ് പോലുള്ള പ്രശ്നങ്ങളും, വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയുമെല്ലാം ഉണ്ടാകാറുണ്ട്.

പ്രധാനമായും ടോയ്ലറ്റ് ഏരിയയിൽ നൽകുന്നത് ഒരു ക്ലോസെറ്റ്, ഷവർ, ചൂട് വെള്ളം ലഭിക്കുന്നതിന് ആവശ്യമായ ഗീസർ പോയിന്റ്, ആവശ്യമെങ്കിൽ ഒരു വാഷ്ബേസിൻ ഏരിയ എന്നിവയാണ്.

അതുകൊണ്ടുതന്നെ ടോയ്‌ലറ്റിന് ആവശ്യമായ പ്ലംബിങ് വർക്കുകൾ ചെയ്യുമ്പോഴും ഈ കാര്യങ്ങൾക്കെല്ലാം വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്.

പ്രധാനമായും രണ്ട് രീതിയിലുള്ള പ്ലംബിങ് വർക്കുകളാണ് ടോയ്‌ലറ്റിൽ ചെയ്യുന്നത്. അവയെ പറ്റി വിശദമായി മനസ്സിലാക്കാം.

ടോയ്‌ലറ്റിൽ പ്ലംബിങ് വർക്കുകൾ ചെയ്യുമ്പോൾ

രണ്ട് രീതിയിലുള്ള പ്ലംബിങ് വർക്കുകൾ നിർബന്ധമായും ടോയ്‌ലറ്റിൽ ചെയ്യേണ്ടതുണ്ട്.നല്ല വെള്ളം അകത്തേക്ക് എടുക്കുന്നതിന് വേണ്ടിയും,മലിന ജലം പുറത്തേക്ക് തള്ളുന്നതിനു വേണ്ടിയും. പ്ലംബിങ് വർക്കുകൾ ചെയ്യുന്നതിനായി ഇപ്പോൾ പ്രധാനമായും CPVC പൈപ്പുകൾ ആണ് ഉപയോഗിക്കുന്നത്. അതേസമയം മുൻകാലങ്ങളിൽ പിവിസി പൈപ്പുകൾ, ലോഹ പൈപ്പുകൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്തിയിരുന്നു.

ക്ലോറിനേറ്റഡ പോളി വിനൈൽ ക്ലോറൈഡ് എന്നതാണ് CPVC യുടെ പൂർണ്ണരൂപം. സാധാരണ പിവിസി പൈപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ സി പിവിസി പൈപ്പുകൾ വഴി ചൂടുവെള്ളം വലിച്ചാലും അവ ഉരുകി പോകാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ കൺസീൽഡ് വർക്കുകൾ ക്കായി സി പിവിസി പൈപ്പുകൾ ഉപയോഗിക്കുന്നു. അതേ സമയം വേസ്റ്റ് വാട്ടർ മാനേജ് ചെയ്യുന്നതിനായി വ്യത്യസ്ത സൈസുകളിൽ ഉള്ള പൈപ്പുകൾ ആവശ്യാനുസരണം ഉപയോഗപ്പെടുത്തുന്നു. ഇവയിൽ തന്നെ ക്ലോസെറ്റിൽ നിന്നുള്ള വെള്ളം പോകുന്നതിന് 4 ഇഞ്ച് വലിപ്പത്തിലുള്ള പൈപ്പാണ് ഉപയോഗിക്കുന്നത്.

അളവുകൾ തിരഞ്ഞെടുക്കുമ്പോൾ

ബാത്ത്റൂം ഫിറ്റിങ്സിന്റെ വലിപ്പത്തിന് പ്ലംബിങ്ങുമായി വളരെയധികം ബന്ധമുണ്ട്. അതായത് ക്ലോസറ്റിന്റെ വലിപ്പം അനുസരിച്ചാണ് പൈപ്പിന്റെ സൈസ് തിരഞ്ഞെടുക്കേണ്ടത്.

കൂടാതെ ക്ലോസെറ്റിലേക്ക് ആവശ്യമായ വെള്ളം വരുന്നതിനും മലിനജലം പുറത്തേക്ക് പോകുന്നതിനും നൽകുന്ന പൈപ്പുകളുടെ അളവിലും കൃത്യമായ ശ്രദ്ധ നൽകേണ്ടതുണ്ട്. തുടക്കത്തിൽ കൃത്യമായ അളവുകൾ നോക്കാതെ ഫിറ്റിംഗ്സ്,പൈപ്പ് എന്നിവ നൽകി കഴിഞ്ഞാൽ പിന്നീട് ടൈൽ മുറിച്ച് റീ വർക്കുകൾ ചെയ്യേണ്ടതായി വരും.

ടോയ്‌ലറ്റിനകത്ത് പൈപ്പ് ലൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൃത്യമായ അളവിൽ പൈപ്പുകൾ തിരഞ്ഞെടുത്ത് ടോയ്‌ലറ്റിന് കത്ത് പൈപ്പ് ലൈൻ നൽകിയശേഷം പ്രഷർ ടെസ്റ്റ് ചെയ്യേണ്ടതുണ്ട്.24 മണിക്കൂർ സമയത്തിനുള്ളിൽ ആണ് പ്രഷർ ടെസ്റ്റ് ചെയ്യേണ്ടത്.ഇങ്ങനെ ചെയ്യുന്നത് വഴി ഏതെങ്കിലും രീതിയിലുള്ള ലീക്കുകൾ ഉണ്ടെങ്കിൽ അവ കണ്ടെത്താൻ സാധിക്കും.

വേസ്റ്റ് ലൈൻ നൽകുമ്പോൾ വീടിന്റെ താഴ് ഭാഗത്ത് ടോയ്ലറ്റ് നൽകിയിട്ടുണ്ടെങ്കിൽ അതേ പൈപ്പിലൂടെ തന്നെയാണോ വെള്ളം പോകുന്നത് എന്ന കാര്യം ഉറപ്പ് വരുത്തേണ്ടതുണ്ട്.ഏതെങ്കിലും കാരണവശാൽ ടൈലിൽ നിന്നും ലീക്കേജ് വരികയാണെങ്കിൽ അവ ഫ്ലോറിൽ കെട്ടി നിൽക്കാനും താഴ് ഭാഗം ലീക്കേജ് ഉണ്ടാകാനും സാധ്യതയുണ്ട്. അതേസമയം സ്പൗട്ട് നൽകുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി സാധിക്കും.

പ്രധാനമായും ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ

  • മിക്സർ ടാപ്പ് നൽകുമ്പോൾ ഹോട്ട് വാട്ടർ, കോൾഡ് വാട്ടർ, ഷവർ എന്നിവയിലേക്ക് വെള്ളം ലഭിക്കുന്ന രീതിയിൽ വേണം നൽകാൻ.
  • ഫ്ലോർ ലെവലിൽ നിന്നും ഒരു മീറ്റർ ഹൈറ്റിൽ ആണ് മിക്സർ ടാപ് നൽകേണ്ടത്.
  • വാഷ് ബേസിൻ നൽകുമ്പോൾ ബേസ് ലെവലിൽ നിന്നും 45 സെന്റീമീറ്റർ വ്യത്യാസത്തിൽ വേണം നൽകാൻ.
  • ബാത്റൂമിൽ സ്മെൽ ഉണ്ടാകാതെ ഇരിക്കാനാണ് ഫ്ലോർ ട്രാപ് നൽകുന്നത്.
  • ടോയ്‌ലറ്റിൽ നിന്നും പുറത്തേക്ക് പോകുന്ന വെള്ളം ലീക്ക് ആകാതെ ഇരിക്കുന്നതിന് ഒരു അഡീഷണൽ സ്പൗട്ട് നൽകാവുന്നതാണ്.
  • സ്ട്രക്ചർ വർക്കിൽ സ്ലങ്കൻ സ്ലാബ് ചെയ്യുമ്പോൾ 10 അല്ലെങ്കിൽ 15 സെന്റീമീറ്റർ വലിപ്പത്തിൽ ബാത്റൂം ഏരിയയിൽ കർബ് ചെയ്തു നൽകാനായി ശ്രദ്ധിക്കണം.
  • പ്ലാസ്റ്ററിങ് വർക്കുകൾ പൂർത്തിയായ ശേഷമാണ് പ്ലംബിങ് വർക്കുകൾ ചെയ്തു തുടങ്ങേണ്ടത്.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി ഒരു പരിധി വരെ ടോയ്‌ലറ്റുമായി ബന്ധപെട്ട പ്ലംബിംഗ് വർക്ക് പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നതാണ്.