പേസ്റ്റൽ നിറങ്ങൾ ഇന്റീരിയറിൽ.

പേസ്റ്റൽ നിറങ്ങൾ ഇന്റീരിയറിൽ.വീടിന്റെ പെയിന്റിങ്ങിൽ വ്യത്യസ്ത വർണ്ണ ചാരുതകൾ തീർക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും.

പഴയ രീതികളിൽ നിന്നും വ്യത്യസ്തമായി ഇന്റീരിയറിൽ ഡാർക്ക് നിറങ്ങൾ നൽകാൻ പലർക്കും വലിയ താല്പര്യമില്ല.

വീടിനകത്ത് ഒരു അടഞ്ഞ പ്രതീതി ഉണ്ടാക്കുന്നതിലും പോസിറ്റീവ് എനർജി ഇല്ലാതാക്കുന്നതിനും ഇവ കാരണമാകുമെന്ന് പലരും കരുതുന്നു.

മാത്രമല്ല വീടിനകത്ത് ആവശ്യത്തിന് വലിപ്പവും വെളിച്ചവും ഇല്ലാത്ത ഒരു അവസ്ഥയും ഡാർക്ക് നിറങ്ങൾ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങളാണ്.

അതുകൊണ്ടു തന്നെ പേസ്റ്റൽ നിറങ്ങളോടുള്ള പ്രിയം എല്ലാവർക്കും കൂടുതൽ വന്നു കഴിഞ്ഞു.

മുൻകാലങ്ങളിൽ ഉണ്ടായിരുന്നതു പോലെ ലൈറ്റ് നിറങ്ങൾ വീട്ടിനകത്ത് ഉപയോഗപ്പെടുത്തിയാൽ ചളിയും കറയും പിടിക്കും എന്ന് പേടിയൊന്നും ഇപ്പോൾ ആർക്കും ഇല്ല.

കറപിടിച്ചാലും വാഷ് ചെയ്ത് കളയാവുന്ന രീതിയിലുള്ള പെയിന്റുകൾ വിപണിയിൽ ലഭിച്ചു തുടങ്ങി എന്നതാണ് ഇതിനുള്ള പ്രധാന കാരണം.

ഇന്റീരിയറിൽ പെയിന്റിങ്ങിനായി പേസ്റ്റൽ നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

പേസ്റ്റൽ നിറങ്ങൾ ഇന്റീരിയറിൽ തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

ഏത് ഡാർക്ക് നിറവും ലൈറ്റ് നിറങ്ങളിലേക്ക് വളരെ എളുപ്പം മാറ്റിയെടുക്കാൻ സാധിക്കും എന്നതാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

മുൻപ് നിറങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വലിയ രീതിയിലുള്ള പരിമിതികൾ ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് നമ്മുടെ നാട്ടിൽ ആഗ്രഹിക്കുന്ന നിറങ്ങളിലെല്ലാം പെയിന്റുകൾ കമ്പനികൾ ഇറക്കി തുടങ്ങി.

അതുകൊണ്ടു തന്നെ ഏതെങ്കിലും ഒരു നിറം തിരഞ്ഞെടുക്കേണ്ട അവസ്ഥ വരുന്നില്ല. വ്യത്യസ്ത തീമുകൾക്ക് അനുസൃതമായി നിറങ്ങൾ തിരഞ്ഞെടുക്കുന്നവരും കുറവല്ല.

വീടിന്റെ ലിവിങ് ഏരിയയിൽ പിങ്ക്, ഓഷ്യൻ ബ്ലൂ, പീച്ച്,പിസ്താ ഗ്രീൻ പോലുള്ള പേസ്റ്റൽ നിറങ്ങൾ സ്ഥാനം പിടിച്ചു കഴിഞ്ഞു .

ചുമരിന്റെ മൂന്ന് ഭാഗങ്ങളിൽ ലൈറ്റ് നിറം നൽകിയും ഒരു വോൾ മാത്രം ഹൈലൈറ്റ് ചെയ്യുന്ന രീതിയിൽ അതിനോട് ചേർന്ന് നിൽക്കുന്ന ഡാർക്ക് നിറം തിരഞ്ഞെടുക്കുന്ന രീതിയും കൂടുതലായി ഉപയോഗപ്പെടുത്തുന്നുണ്ട്.

ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിലേക്ക് പേസ്റ്റൽ നിറങ്ങൾ തിരഞ്ഞെടുക്കുന്നത് കൊണ്ട് പല ഗുണങ്ങളും ഉണ്ട്.

ഫ്ലാറ്റുകളിലെല്ലാം സ്ഥലക്കുറവ് ഒരു വലിയ തലവേദനയായി മാറുമ്പോൾ പേസ്റ്റൽ നിറങ്ങൾ തിരഞ്ഞെടുക്കുന്നത് വഴി ആ ഭാഗത്തിന് കൂടുതൽ വിശാലത തോന്നുകയും വെളിച്ചം ലഭിക്കുകയും ചെയ്യും.

പേസ്റ്റൽ നിറങ്ങളിൽ തന്നെ ഒരു നിറം തന്നെ ഏറ്റവും കൂടിയ ഷേഡ് മുതൽ കുറഞ്ഞ ഷേഡ് വരെ ഉപയോഗപ്പെടുത്താനായി സാധിക്കും.

അത്തരം നിറങ്ങളോട് യോജിച്ചു നിൽക്കുന്ന കർട്ടനുകളും ഫർണിച്ചറുകളും ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ആക്സസറീസ് തിരഞ്ഞെടുക്കുമ്പോൾ

പേസ്റ്റൽ നിറങ്ങൾ ഉപയോഗപ്പെടുത്തിയുള്ള ആക്സസറീസും മുൻകാലങ്ങളെ വച്ച് താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ കൂടുതലായി ലഭിക്കുന്നുണ്ട്.

ഇന്റീരിയർ വർക്കിനായി തിരഞ്ഞെടുക്കുന്ന വാർഡ്രോബ് മെറ്റീരിയലുകളിൽ പോലും ഇത്തരം നിറങ്ങൾ സ്ഥാനം പിടിച്ചു കഴിഞ്ഞു.

എണ്ണയും കറയും കൂടുതലായി പറ്റിപ്പിടിക്കുമെന്ന പേടി കൊണ്ട് അടുക്കളയിൽ നിന്ന് പലരും ലൈറ്റ് നിറങ്ങളെ അകറ്റി നിർത്തിയിരുന്നു.

എന്നാൽ കൊറിയൻ സ്റ്റോൺ നാനോ വൈറ്റ് പോലുള്ള മെറ്റീരിയലുകൾ കൗണ്ടർ ടോപ്പുകളിൽ വരെ സ്ഥാനം പിടിച്ച ഈയൊരു കാലഘട്ടത്തിൽ പേസ്റ്റൽ നിറങ്ങൾ വാർഡ്രോബുകളിൽ പരീക്ഷിക്കുക എന്നത് അത്ര ചാലഞ്ചേറിയ കാര്യമാണെന്ന് തോന്നുന്നില്ല.

അടുക്കളയിലെ വാളുകളിലും വൈറ്റ് അല്ലെങ്കിൽ ലൈറ്റ് നിറങ്ങളിലുള്ള ടൈലുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത് എന്ന് എല്ലാവരും മനസ്സിലാക്കി കഴിഞ്ഞു.

കാരണം കറ പിടിച്ചാലും അവ പെട്ടെന്ന് ശ്രദ്ധയിൽ പതിയും എന്നതാണ് അതിനുള്ള കാരണമായി പലരും പറയുന്നത്.

ഡൈനിങ്‌ ഏരിയ പോലുള്ള ഭാഗങ്ങളിൽ പേസ്റ്റൽ നിറങ്ങളിൽ തന്നെ കുറച്ച് ഡാർക്ക് ഷേയ്ഡ് ഉപയോഗപ്പെടുത്താനാണ് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്.

യെല്ലോ, ഓറഞ്ച് എന്നിവ പോലുള്ള നിറങ്ങളുടെ ലൈറ്റ് ഷെയ്ഡുകളാണ് ഇത്തരം ഭാഗങ്ങളിലേക്ക് കൂടുതൽ അനുയോജ്യം.

ബെഡ്റൂമുകളിലേക്ക് പേസ്റ്റൽ നിറങ്ങൾ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ബ്ലൂ, ഗ്രീൻ എന്നിവയുടെ ലൈറ്റ് ഷേഡുകൾ നോക്കി തിരഞ്ഞെടുക്കാം.

വ്യത്യസ്ത നിറങ്ങൾ ഓൺലൈൻ വഴി ചുമരുകളിൽ പരീക്ഷിച്ചു നോക്കി തിരഞ്ഞെടുക്കാനുള്ള അവസരവും മിക്ക പെയിന്റ് കമ്പനികളും നൽകുന്നുണ്ട്.

ഒറിജിനൽ നിറത്തോട് വൈറ്റ് നിറം മിക്സ് ചെയ്താണ് വ്യത്യസ്ത നിറങ്ങളിലേക്ക് മാറ്റിയെടുക്കുന്നത്. വെള്ളനിറത്തിന്റെ അളവ് കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് നിറങ്ങളിലും വ്യത്യാസങ്ങൾ വരുന്നു.

പേസ്റ്റൽ നിറങ്ങൾ ഇന്റീരിയറിൽ തിരഞ്ഞെടുക്കുമ്പോൾ അവ വീടിന് നൽകുന്നത് ഒരു പ്രത്യേക ലുക്ക് തന്നെയാണ്.