വീടിനായി പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ.

വീടിനായി പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ.പുതിയതായി വീട് നിർമ്മിക്കുമ്പോൾ വളരെയധികം ശ്രദ്ധ നൽകി ചെയ്യേണ്ട ഒരു കാര്യമാണ് പെയിന്റിങ് വർക്കുകൾ.

വീടിനായി പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ അത് ട്രെൻഡ് അനുസരിച്ചും, അതേസമയം മികച്ച ക്വാളിറ്റിയിൽ ഉള്ളതും നോക്കി വേണം തിരഞ്ഞെടുക്കാൻ.

അല്ലായെങ്കിൽ പെയിന്റ് പെട്ടെന്ന് ഭിത്തികളിൽ നിന്നും അടർന്നു വരാനുള്ള സാധ്യത കൂടുതലാണ്.

ട്രെൻഡ് അനുസരിച്ച് പെയിന്റ് തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും.

അതേസമയം വീടിന്റെ ഇന്റീരിയർ,എക്സ്റ്റീരിയർ എന്നിവയ്ക്കു വേണ്ടി പ്രത്യേകരീതിയിലുള്ള പെയിന്റ് നോക്കി വേണം തിരഞ്ഞെടുക്കാൻ.

ഇന്റീരിയറിൽ തന്നെ വീടിന്റെ പല ഭാഗങ്ങളിലേക്കും പല രീതിയിലായിരിക്കും പെയിന്റിങ് തിരഞ്ഞെടുത്ത് നൽകേണ്ടി വരിക.

കാലം മാറുന്നതനുസരിച്ച് തിരഞ്ഞെടുക്കുന്ന പെയിന്റിംഗ് നിറങ്ങളിലും വലിയ രീതിയിലുള്ള വ്യത്യാസങ്ങൾ വന്നു കഴിഞ്ഞു.

തുടക്കത്തിൽ ഡാർക്ക് നിറങ്ങളോടായിരുന്നു കൂടുതലായും എല്ലാവർക്കും ഇഷ്ടം ഉണ്ടായിരുന്നത് എങ്കിൽ ഇന്ന് പേസ്റ്റൽ നിറങ്ങൾ തിരഞ്ഞെടുക്കാനാണ് മിക്കവരും ഇഷ്ടപ്പെടുന്നത്.

വീടിന്റെ ഓരോ ഭാഗങ്ങളിലേക്കും ആവശ്യമായ പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

വീടിനായി പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ.

വീട്ടിനകത്തേക്ക് പോസിറ്റീവ് എനർജി കൊണ്ടു വരാൻ ഏറ്റവും അനുയോജ്യം ലൈറ്റ് നിറങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ്.

പേസ്റ്റൽ കളറുകൾ ആയ ലൈറ്റ് ഗ്രീൻ, ഗ്രേ, ബീജ് പോലുള്ള നിറങ്ങൾ തിരഞ്ഞെടുത്താൽ വീട്ടിനകത്തേക്ക് നല്ല പ്രകാശം ലഭിക്കുകയും അതേസമയം കൂടുതൽ വലിപ്പമുള്ളതായി തോന്നിക്കുകയും ചെയ്യും.

പുതിയ വീടുകളിൽ മാത്രമല്ല പഴയ വീടുകളിലും ഒരു മാറ്റം കൊണ്ടു വരാൻ ആഗ്രഹിക്കുന്നവർക്ക് ആദ്യം പരീക്ഷിക്കാവുന്ന കാര്യം പെയിന്റിങ് വരുത്താവുന്ന ചെറിയ മാറ്റങ്ങൾ തന്നെയാണ്.

സ്ഥിരമായി കണ്ടു മടുത്ത നിറങ്ങളിൽ നിന്നും ഒരു നിറത്തിലേക്ക് മാറുക എന്നതാണ് ഇവിടെ പ്രധാനം. ലിവിംഗ് ഏരിയ, കിച്ചൺ,ബെഡ്റൂം എന്നിവിടങ്ങളിൽ നൽകുന്ന നിറങ്ങൾക്ക് നമ്മുടെ മനസിനെയും സ്വാധീനിക്കാനുള്ള കഴിവുണ്ട്.

പലപ്പോഴും ഡാർക്ക് നിറങ്ങൾ തിരഞ്ഞെടുക്കുന്ന വീടുകളിൽ ഇരുട്ടു നിറഞ്ഞ അവസ്ഥയാണ് കാണാറുള്ളത്.

അത്തരത്തിലുള്ള ഒരു അന്തരീക്ഷം മനസിനകത്ത് നെഗറ്റീവ് എനർജി ഉണ്ടാക്കുന്നതിനു വരെ കാരണമായേക്കാം.

പ്രത്യേക വാളുകൾ ഹൈലൈറ്റ് ചെയ്ത് നൽകാൻ താൽപര്യപ്പെടുന്നവർക്ക് ഒരു വാളിൽ മാത്രം ഡാർക്ക് നിറം പരീക്ഷിച്ചു നോക്കുന്നതിൽ തെറ്റില്ല.

ബെഡ്റൂമുകളിൽ ഡാർക്ക് നിറങ്ങൾ നൽകുമ്പോൾ അവ കൂടുതൽ ഇടുങ്ങിയ തായ ഒരു ഫീൽ ഉണ്ടാക്കും.

ഓരോ റൂമിലേക്കും വ്യത്യസ്ത നിറത്തിലുള്ള പെയിന്റ് തിരഞ്ഞെടുക്കുന്നതിന് പകരം ഒരു തീമിനെ മാത്രം അടിസ്ഥാനമാക്കി എല്ലാ ഭാഗത്തേക്കും ഒരേ നിറം തന്നെ തിരഞ്ഞെടുക്കുന്നത് വീടിനു കൂടുതൽ വിശാലത തോന്നിപ്പിക്കും.

ശരിയായ രീതിയിൽ പെയിന്റ് ചെയ്തിട്ടുള്ള ഒരു വീട്ടിൽ അലങ്കാര ലൈറ്റുകൾ, ആഡംബര വസ്തുക്കൾ എന്നിവയുടെ ആവശ്യം വരുന്നില്ല എന്നതാണ് സത്യം.

മിനിമൽ ഡിസൈൻ ഫോളോ ചെയ്ത ലൈറ്റ് നിറങ്ങൾ കൊണ്ട് ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ ഒരു എലഗന്റ് ലുക്ക് വീടിന് വന്നു ചേരും.

ലിവിങ്, ഡൈനിങ്, അടുക്കള എന്നിവിടങ്ങളിലേക്ക് പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ

വീട്ടിലേക്ക് വരുന്ന അതിഥികളെ ആദ്യം സ്വീകരിക്കുന്ന ഇടം ലിവിങ് ഏരിയയാണ്. അതുകൊണ്ടുതന്നെ വളരെയധികം സന്തോഷം നിറക്കുന്ന നിറങ്ങൾ ലിവിങ് ഏരിയക്ക് വേണ്ടി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം . ടിവി യൂണിറ്റ് സജ്ജീകരിച്ച് നൽകുന്ന ഭാഗത്ത് ആവശ്യമെങ്കിൽ വാൾ ഹൈലൈറ്റ് ചെയ്യുന്നതിനായി ഏതെങ്കിലുമൊരു ഡാർക്ക് നിറം പരീക്ഷിക്കാം. ഫോട്ടോ വാൾ അലങ്കാരമായി നൽകാൻ ലൈറ്റ് നിറങ്ങളിലുള്ള ഏതെങ്കിലും പെയിന്റ് ഹൈലൈറ്റ് ചെയ്യാൻ ഉപയോഗപ്പെടുത്താവുന്നതാണ്. ലിവിങ് ഏരിയയിലേക്ക് കൂടുതലായും പേസ്റ്റൽ നിറങ്ങൾ തിരഞ്ഞെടുക്കാനാണ് ഇപ്പോൾ മിക്കവരും ഇഷ്ടപ്പെടുന്നത്. ഇന്റീരിയറിൽ ഉപയോഗിച്ചിട്ടുള്ള ആക്സസറീസ്, ആഡംബര വസ്തുക്കൾ എന്നിവയോട് യോജിച്ചു പോകുന്ന ഏത് പേസ്റ്റൽ നിറം വേണമെങ്കിലും ലിവിങ്ങിൽ നൽകാവുന്നതാണ്.

ഡൈനിങ് ഏരിയ ഭക്ഷണത്തോടൊപ്പം സന്തോഷം നിറയ്ക്കാനുള്ള ഒരിടമായതു കൊണ്ട് തന്നെ ഓറഞ്ച്, മഞ്ഞ,പീച്ച് പോലുള്ള ഇളം നിറങ്ങൾ തിരഞ്ഞെടുക്കാം. ഒരു കാരണവശാലും ഡൈനിങ് ഏരിയ പോലുള്ള ഭാഗങ്ങളിൽ വൈറ്റ് ബ്ലാക്ക് കോമ്പിനേഷൻ ഉപയോഗപ്പെടുത്താതെ ഇരിക്കുന്നതാണ് നല്ലത്. അടുക്കളയിലേക്ക് ആവശ്യമായ പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ അവ വാട്ടർപ്രൂഫ് ആണോ എന്ന കാര്യം ഉറപ്പുവരുത്തുക. കൂടുതലായി ചൂടും തണുപ്പും തട്ടുന്ന ഇടമായതു കൊണ്ടുതന്നെ അതിനനുസരിച്ചുള്ള പെയിന്റ് നോക്കി വേണം തിരഞ്ഞെടുക്കാൻ. വെളിച്ചം കുറവുള്ള അടുക്കളകളിൽ ലൈറ്റ് നിറത്തിലുള്ള പെയിന്റ് തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്. കറകളും മറ്റും പിടിക്കുമെന്ന് പേടി ഉള്ളവർക്ക് ആവശ്യമെങ്കിൽ ഡാർക്ക് നിറങ്ങൾ തിരഞ്ഞെടുത്ത് അതിനനുസരിച്ചുള്ള ലൈറ്റിംഗ്സ് കിച്ചണിൽ നൽകാവുന്നതാണ്.

ബെഡ്റൂമുകൾ, ബാത്റൂം, പഠനമുറി

കുട്ടികൾ പഠിക്കുന്ന പഠന മുറിക്ക് ആവശ്യമായ നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധ നൽകണം. ഇളം പച്ച പോലുള്ള നിറങ്ങൾ പഠന മുറിയിൽ നൽകുന്നത് കുട്ടികൾക്ക് ഒരു പോസിറ്റീവ് എനർജി നൽകും. പച്ചയോട് സാമ്യമുള്ള മറ്റ് നിറങ്ങളായ് സീ ഗ്രീൻ, ഇളംനീല പോലുള്ള നിറങ്ങളും കുട്ടികളുടെ ബെഡ്റൂമുകൾക്കും പഠനമുറിക്കും അനുയോജ്യമാണ്. മുതിർന്ന ആളുകൾക്ക് ബെഡ്റൂമിന് ആവശ്യമായ പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ ശാന്തമായ നിറം എന്ന രീതിയിൽ വെള്ള തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്. അതല്ല എങ്കിൽ ബീജ് പോലുള്ള ലൈറ്റ് നിറങ്ങളും പരീക്ഷിച്ച് നോക്കാവുന്നതാണ്. ഇളം നീല നിറം മനസ്സിന് ശാന്തത നൽകുന്നതിൽ കൂടുതൽ ഗുണം ചെയ്യും.

ബെഡ്റൂമിന് പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ അത് ആർക്കു വേണ്ടി ചെയ്യുന്നു എന്നതിൽ വളരെയധികം പ്രാധാന്യമുണ്ട്. പ്രായമായവർ താമസിക്കുന്ന ബെഡ്റൂമുകൾ ക്ക് ഡാർക്ക് നിറങ്ങൾ നൽകുന്നത് ഒട്ടും യോജിക്കില്ല. വീടിന്റെ മറ്റ് ഭാഗങ്ങളിൽ നൽകിയിട്ടുള്ള നിറങ്ങളോട് യോജിക്കുന്ന രീതിയിലുള്ള ഏത് നിറം വേണമെങ്കിലും ബെഡ്റൂമിന് വേണ്ടി തിരഞ്ഞെടുക്കാം. ബാത്ത്റൂമുകളിൽ ആക്സസറീസ് തിരഞ്ഞെടുക്കുമ്പോൾ മാത്രമല്ല പെയിന്റ് തിരഞ്ഞെടുക്കുമ്പോഴും ഇന്ന് മിക്ക ആളുകളും അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. ബാത്റൂം ആക്സസറീസ്,മിറർ എന്നിവയോട് യോജിച്ചു പോകുന്ന രീതിയിൽ ഗോൾഡൻ, ബ്രൗൺ പോലുള്ള നിറങ്ങളാണ് കൂടുതലായും ആളുകൾ ഇപ്പോൾ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്.

വീടിനായി പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി തീർച്ചയായും അറിഞ്ഞിരിക്കുക.