വീട് തണുപ്പിക്കാൻ – തണൽ മരങ്ങൾ

തണൽ മരങ്ങൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നമ്മുടെ കാലാവസ്ഥക്കും വീടിനും ഇണങ്ങുന്ന തണൽ മരങ്ങളും പരിചയപ്പെടാം

വിശാലമായ ഒരു മുറ്റം, മുറ്റത്തിന്റെ അതിരിൽ തണൽ വിരിക്കുന്ന വിവിധങ്ങളായ  മരങ്ങൾ, ഒത്ത നടുക്കായി ഒതുങ്ങിയ ഒരു നല്ല വീട് അങ്ങനെ പോകുന്നു മലയാളികളുടെ വീടും വീടിന്റ പരിസരങ്ങളുടെയും സ്വപ്നങ്ങൾ.

തണലും തണുപ്പും ഉള്ള ഒരു വീട് എല്ലാവർക്കും ഇഷ്ടമാണ് എങ്കിലും, ആ സൗഭാഗ്യം ഒരുക്കാൻ കഴിയുന്നവർ വളരെ ചുരുക്കമാണ്. സ്ഥല കുറവും സമയക്കുറവും ഇതിനു കാരണമാവാറുണ്ട് എങ്കിലും, ഇതിനേക്കാളൊക്കെ ഉപരി ഏത് മരം വെക്കണം എന്നുള്ള ഒരു ആശയക്കുഴപ്പം പലരിലും.

വീട്ടുവളപ്പിൽ കുറച്ചു സ്ഥലമുണ്ടെങ്കിൽ ചെറിയ വൃക്ഷങ്ങൾ നട്ടുപിടിപ്പിയ്ക്കാൻ എല്ലാവർക്കും ഇഷ്ടമാണ് തണലിനുവേണ്ടിയും, പൂക്കളും പഴങ്ങളും ലഭിക്കുന്നതിനും അലങ്കാരമായിയുമാണ് സാധാരണയായി മരങ്ങൾ നട്ടുപിടിപ്പിക്കാറുള്ളത് എന്നാൽ വാസ്തു, ലക്ഷണങ്ങൾ എന്നിവ നോക്കി വൃക്ഷങ്ങൾ വെക്കുന്നവരും കുറവല്ല.

എന്തുതന്നെയായാലും വൃക്ഷങ്ങൾ വീടിന്റെ മുറ്റത്തിന് അലങ്കാരമാണ് ജീവവായുവാണ്. ഒരിക്കൽ നട്ടാൽ ഒന്നുരണ്ട് വര്‍ഷമെങ്കിലും ചിട്ടയായ തുടര്‍പരിചരണം നൽകിയാൽ മതിയാകും  അലങ്കാര പൂമരങ്ങളും, ഫലവൃക്ഷങ്ങളും, ആയാല്‍ എന്നെന്നും നമുക്ക് പ്രയോജനപ്പെടുത്താനാവും.

തണൽ മരങ്ങൾ നടുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

  • മരങ്ങൾ നടുമ്പോൾ മനസ്സിൽ സൂക്ഷിക്കേണ്ട പ്രധാനപ്പെട്ട കാര്യം ഇലകൾ ദൂരേക്ക് പറന്ന് പോകുന്നതും, ചില്ലകൾ വലുതായി വളരുന്നതുമായ മരങ്ങൾ ഒഴിവാക്കുക. നമ്മുടെ സന്തോഷം മറ്റുള്ളവർക്ക് ശല്യമാകരുത്. അയൽക്കാരന്റെ സന്തോഷവും നമ്മൾ പരിഗണിക്കേണ്ടതുണ്ട് .
  • വൃക്ഷങ്ങൾ നടുമ്പോൾ കാതലില്ലാത്ത, ഉറപ്പില്ലാത്ത മരങ്ങൾ നട്ട് വളർത്തരുത് കാരണം ഇവ ചെറിയ കാറ്റുവീശിയാൽ പോലും  ഒടിഞ്ഞോ മറിഞ്ഞോ വീണ് വലിയ അപകടമുണ്ടാക്കും.
  • എന്നാൽ വലിയ വൃക്ഷങ്ങളെയും ഒഴിവാക്കണം കാരണം വടവൃക്ഷമായി പടര്‍ന്നുപന്തലിച്ച് നില്‍ക്കുന്നവ  വീട്ടുപരിസരത്തെ വിലപ്പെട്ട സ്ഥലം അപഹരിക്കപ്പെടും.
  • വേരുകള്‍ നീണ്ടുവളര്‍ന്നുവരുന്ന ഇനങ്ങളെ തീർത്തും ഒഴിവാക്കണം കാരണം  ക്രമേണ മുറ്റത്തും വീടിന്റെ തറയുടെ അടിഭാഗത്തും ഇരച്ചുകയറി ചുവരിനും മറ്റും ദോഷംചെയ്യും.

തണൽ മരങ്ങൾ ആയി നടാവുന്ന ചില വൃക്ഷങ്ങൾ 

കണിക്കൊന്ന:

നല്ല പൂമരമാണ്.കൊന്നപ്പൂ കാണാൻ ഇഷ്ടമില്ലാത്തവർ കാണില്ല  അലങ്കാരവൃക്ഷമായി നടാം. അധികം ഉയരത്തില്‍ വളരില്ല. വിത്തുവഴിയാണ് തൈകള്‍ ഉല്‍പ്പാദിപ്പിക്കുക. വരള്‍ച്ചയും മഴയും ചെറുത്ത് വളരും. തണല്‍ തരും.

നെല്ലി

 ഒരു വീട്ടില്‍ ഒരു നെല്ലിമരം അത്യാവശ്യമാണ്. നെല്ലിക്ക പോഷക–ഔഷധ ഗുണങ്ങളില്‍ മുമ്പനാണ്. അധികം ഉയരത്തില്‍ വളരാറില്ല അധികം പടർന്നു വളരാറില്ല എന്നതാണ് ഇതിന്റെ ഗുണം.

വരള്‍ച്ചയും ശൈത്യവും എല്ലാം താങ്ങാനാവും. ബലമുള്ള കാതലാണ്. 45 സെ.മീ. സമചതുരവും ആഴവുമുള്ള കുഴിയെടുത്ത് ജൈവവളവും ചേര്‍ത്ത് നിറച്ച് തൈകള്‍ നടാം.

പ്ളാവ്, മാവ്:

 ഇവ രണ്ടും വീട്ടുവളപ്പില്‍ അനുയോജ്യമാണ്. വീട്ടുപരിസരത്തുനിന്നഎ അല്‍പ്പം മാറ്റി നടുക. പഴവര്‍ഗവിളയായും തണല്‍മരമായും എല്ലാം പ്രയോജനപ്പെടും.

വിത്തുപാകി മുളപ്പിച്ച തൈകളാണ് ഉപയോഗിക്കുക. ഒട്ടുമാവുകളും ഒട്ടുപ്ളാവുകളും നിലവിലുണ്ട്. ഇവ കൂടുതല്‍ ഉയരത്തില്‍ വളരില്ല. നാടന്‍ പ്ളാവും സംരക്ഷിക്കപ്പെടണം.

തണൽ മരങ്ങൾ – വാളന്‍പുളി:

വീട്ടുപരിസരത്ത് ഒരു പുളിമരം (വാളന്‍പുളി) ആവശ്യമാണ്. ഇലകൾ ചെറുതാണെങ്കിലും നല്ല തണലും നൽകും കാതലിനു നല്ല ബലവുമാണ് .വിത്തുപാകി മുളപ്പിച്ച തൈകള്‍ നടാം. രണ്ടുമൂന്നുവര്‍ഷം വേനല്‍ക്കാല സംരക്ഷണം നല്‍കണം

അശോകം:

പൂമരമാണ്. അലങ്കാരമായും ഔഷധമായുമെല്ലാം ഉപയോഗിക്കാം. കടുത്ത ഓറഞ്ച് നിറത്തിലുള്ള പൂക്കളും താഴേക്ക് തൂങ്ങിനില്ക്കുന്ന ഇലകളും അഴകാണ് .

അധികം ഉയരത്തില്‍ വളരില്ല. വിത്തിലൂടെയാണ് പ്രജനനം. വീട്ടുപരിസരത്ത് ഈ മരം ഐശ്വര്യമാണ്. അലങ്കാരമാണ്.

ഇലഞ്ഞി:

നിത്യഹരിത ഇടത്തരം മരമാണ്. പൂന്തോട്ടത്തിൽ അലങ്കാര വൃക്ഷമായി വളർത്തി വരുന്നു .

പൂക്കള്‍ സുഗന്ധം പരത്തും. തടി ബലമുള്ളതും ഭംഗിയുള്ളതുമാണ്. വരള്‍ച്ചയെയും മഴയെയുമെല്ലാം ചെറുക്കും. വിത്തു മുളപ്പിച്ച തൈകള്‍ ഉപയോഗിക്കാം.