വീട്ടിൽ ഒരു പൂന്തോട്ടമൊരുക്കുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ.

ഏതൊരു വീടിനെയും കൂടുതൽ ഭംഗിയാക്കുന്നതിൽ ഗാർഡനുകൾക്കുള്ള പ്രാധാന്യം എടുത്ത് പറയേണ്ടത് തന്നെയാണ്. ഏതൊരു ചെറിയ വീട്ടിൽ വേണമെങ്കിലും പൂന്തോട്ടം ഭംഗിയായി ഒരുക്കാൻ സാധിക്കും.

എന്നാൽ ചില കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് മാത്രം. പൂന്തോട്ടം നിർമ്മിക്കുക എന്നത് മാത്രമല്ല കാര്യം അവ എങ്ങിനെ പരിപാലിക്കുന്നു എന്നതിലും വളരെയധികം പ്രാധാന്യമുണ്ട്. പൂന്തോട്ടം നിർമ്മിച്ച് പരിപാലിക്കും പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.

ആവശ്യത്തിന് മാത്രം വെള്ളം നൽകിയാൽ മതി.

മിക്ക ആളുകളും പൂന്തോട്ടം നിർമ്മിച്ചു കഴിഞ്ഞാൽ ചെയ്യുന്ന ഒരു തെറ്റാണ് കൂടുതൽ വെള്ളംഒഴിച്ച് നൽകുക എന്നത്. എല്ലാ ജീവജാലങ്ങളും ശ്വസിക്കുന്നതു പോലെ ചെടികൾക്കും ശ്വസിക്കാൻ വായു ആവശ്യമാണ്.

മണ്ണിൽ നൽകിയിട്ടുള്ള വായു അറകൾ വഴിയാണ് സസ്യങ്ങൾ ശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ വായു അറകളിൽ വെള്ളം കൂടുതലായി കെട്ടി നിന്നാൽ അത് ചെടികൾക്ക് ശ്വസിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കും.

വായു അറകളിൽ കൂടുതൽ വെള്ളം കെട്ടി നിന്നാൽ അത് ചെടികൾ ജീർണിക്കുന്നതിനും കാരണമാകും. ചെടി നനയ്ക്കുന്ന സമയത്ത് ആവശ്യത്തിനുമാത്രം വെള്ളം നൽകുക എന്നതാണ് പ്രധാനം.

ചെടികൾ തിരഞ്ഞെടുക്കുമ്പോൾ കാലാവസ്ഥയ്ക്ക് അനുയോജ്യമാണോ എന്ന് പരിശോധിക്കുക.

പൂന്തോട്ടത്തിൽ ഏതെങ്കിലുമൊക്കെ ചെടികൾ വാങ്ങി വയ്ക്കുക എന്നതിലല്ല കാര്യം. മറിച്ച് കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചെടികൾ കണ്ടെത്തി വേണം നടാൻ.

ചില ചെടികൾക്ക് കൂടുതൽ ചൂട് ആവശ്യമായി വരില്ല. അതേസമയം നല്ല രീതിയിൽ സൂര്യപ്രകാശം ലഭിച്ചാൽ മാത്രം വളരുന്ന ചെടികളും ഉണ്ടായിരിക്കും.

വീടിന്റെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ ചെടികൾ തിരഞ്ഞെടുക്കുക എന്നത് വളരെയധികം പ്രാധാന്യമുള്ള കാര്യമാണ്.

ചെടികളിൽ അധികമായി വളരുന്ന ശാഖകൾ മുറിച്ചു മാറ്റണം.

മിക്ക വീടുകളിലും ഒരു തവണ ചെടി നട്ടാൽ പിന്നീട് അവ എങ്ങിനെ വളരുന്നു എന്നത് ശ്രദ്ധിക്കാറില്ല. ഇത് ചെടി പെട്ടെന്ന് നശിക്കുന്നതിന് കാരണമാകും.നശിച്ചു തുടങ്ങിയ ചെടികളുടെ അഗ്രഭാഗം കൃത്യമായ ഇടവേളകളിൽ മുറിച്ചു മാറ്റാനായി ശ്രദ്ധിക്കണം.ഇത് ചെടിയുടെ വളർച്ച ത്വരിത പെടുത്തുന്നുതിൽ സഹായകരമാകും.

ആവശ്യത്തിന് മതി സൂര്യപ്രകാശം.

ഒരുപാട് വെയിൽ അടിക്കുന്ന ഭാഗത്ത് ചെടികൾ നടുന്നത് ചെടികളുടെ വളർച്ചയെ ബാധിക്കും.ഓരോ ചെടിക്കും ആവശ്യമായ സൂര്യ പ്രകാശം എത്രയാണ് എന്ന് മനസ്സിലാക്കി മാത്രം ചെടി നടുക. ഓരോ ചെടിക്കും വളരാനാവശ്യമായ പ്രത്യേക ഇടം കണ്ടെത്തി മാത്രം നട്ടാൽ മാത്രമാണ് അവ നല്ല രീതിയിൽ വളരുകയുള്ളൂ.

ചെടികൾ തമ്മിൽ ആരോഗ്യകരമായ രീതിയിൽ അകലം നൽകണം.

പൂന്തോട്ടം നിറയെ ചെടികൾ എന്ന രീതിയല്ല തിരഞ്ഞെടുക്കേണ്ടത്. ഓരോ ചെടിയും തമ്മിൽ നിശ്ചിത അകലം നൽകിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക. ചില ചെടികൾക്ക് വേര് പടർന്നു പിടിക്കുന്നതിന് കൂടുതൽ സ്ഥലം ആവശ്യമായിവരും. കൂടാതെ നിശ്ചിത അകലം ചെടികൾ തമ്മിൽ വിട്ടിട്ടില്ല എങ്കിൽ ഒരു ചെടിയിൽ നിന്നും മറ്റൊരു ചെടിയിലേക്ക് അസുഖങ്ങൾ പടരുന്നതിനു കാരണമാകും.

വേരുകളുടെ സുഗമമായ വളർച്ചയ്ക്ക് ബെഡ് തയ്യാറാക്കാം.

ചില ചെടികൾക്ക് വേര് നല്ലതുപോലെ ആഴ്ന്നിറങ്ങിയാകും വളർച്ച ഉണ്ടാവുക. അതുകൊണ്ട് ചെടികൾ നടുമ്പോൾ മണ്ണ് നല്ലതുപോലെ ഇളക്കി ചട്ടിയിൽ ഒരു ബെഡ് നൽകാവുന്നതാണ്. അല്ലാത്തപക്ഷം ചെടി നടുന്ന ഭാഗത്തെ മണ്ണ് കൂടുതൽ കട്ടിയുള്ളതായി മാറുകയും വേര് മണ്ണിലേക്ക് ഇറങ്ങി പോകാൻ പറ്റാത്ത അവസ്ഥ വരികയും ചെയ്യും. വെള്ളം വേരുകൾക്ക് മാത്രമായി നൽകാൻ ശ്രദ്ധിക്കുക.

കീടനാശിനി പ്രയോഗം ശ്രദ്ധിച്ച് മാത്രം മതി

ചെടികൾക്ക് പല രീതിയിലുള്ള പ്രാണി പ്രശ്നങ്ങളും മറ്റും ഉണ്ടാകാറുണ്ട്. കൂമ്പ് വാട്ടം പോലുള്ള പ്രശ്നങ്ങളും കൂടുതലായി ചെടികളിൽ കാണുന്നുണ്ടെങ്കിൽ കീടനാശിനി പ്രയോഗം നടത്താവുന്നതാണ്.

കാലാവസ്ഥ അനുസരിച്ച് മാത്രം കീടനാശിനി പ്രയോഗം നടത്താനായി ശ്രദ്ധിക്കണം. ശക്തമായ മഴ,കാറ്റ് എന്നിവ ഉണ്ടെങ്കിൽ കീടനാശിനി ഉപയോഗിക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്.

കാറ്റും മഴയും ഉള്ള സമയങ്ങളിൽ കീട നാശിനി പ്രയോഗിച്ചാൽ അവ ചെടിയിൽ നിന്നും പോകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ കൃത്യമായ ഫലം ലഭിക്കുകയില്ല.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി ഏതൊരു ചെറിയ സ്ഥലത്തും സുന്ദരമായ ഒരു പൂന്തോട്ടം തയ്യാറാക്കി എടുക്കാവുന്നതാണ്.