വീടിന്‍റെ മുറ്റം അലങ്കരിക്കാനായി പരീക്ഷിക്കാം ഈ വഴികൾ.

ഏതൊരു ചെറിയ വീടിന്റെ കാര്യത്തിലും അതിന്റെ മുറ്റത്തിന് പ്രത്യേക പ്രാധാന്യം നൽകേണ്ടതുണ്ട്.

വീട്ടിലേക്ക് വരുന്ന വഴി വൃത്തിയായി കിടന്നാൽ മാത്രമാണ് അവിടേക്ക് ആളുകൾക്ക് പ്രവേശിക്കാൻ തോന്നുകയുള്ളൂ.

മുൻകാലങ്ങളിൽ വീടിന്റെ മുറ്റം മണ്ണിട്ട് സെറ്റ് ചെയ്തും, ചാണകം കൊണ്ട് മെഴുകിയും ഭംഗിയാക്കിയിരുന്നു. എന്നാൽ ഇന്ന് കാലം മാറി ആർക്കും അത്തരത്തിൽ കാര്യങ്ങൾ ചെയ്യാനുള്ള സമയം ഇല്ലാതായി.

അതുകൊണ്ടുതന്നെ മുറ്റം വൃത്തിയാക്കി ഇടുന്നതിന് പലരും കണ്ടെത്തിയ മാർഗം ഇന്റർലോക്ക് ബ്രിക്കുകൾ നൽകുകയോ, കരിങ്കല്ല് പാകി നൽകുകയോ ആണ്.

ഇത്തരത്തിൽ വ്യത്യസ്ത മെറ്റീരിയലുകൾ പാവിങ്ങിനായി വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട് എങ്കിലും അവ ഉപയോഗിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങളും ദോഷങ്ങളുമുണ്ട്.

വ്യത്യസ്ത മെറ്റീരിയലുകൾ പാവിങ് ചെയ്യുന്നതിനായി ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണദോഷങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

മുറ്റം അലങ്കരിക്കാൻ

സാധാരണ കരിങ്കല്ല് മുതൽ, കോട്ട സ്റ്റോണുകൾ വരെ നീണ്ടു നിൽക്കുന്ന ഒരു വലിയ ലിസ്റ്റ് വീടിന്റെ മുറ്റം ഒരുക്കാനായി ഉപയോഗപ്പെടുത്തുന്നുണ്ട്.

അതോടൊപ്പം കോൺക്രീറ്റ് മിക്സ് ചെയ്ത് നിർമ്മിക്കുന്ന ടൈലുകൾ വ്യത്യസ്ത നിറത്തിലും പാറ്റേണിലും ഉള്ളത് കുറഞ്ഞ ചിലവിൽ വാങ്ങി മുറ്റം ഭംഗിയാക്കുകയും ചെയ്യാം.

അതോടൊപ്പം തന്നെ 3D മോഡൽ ടൈലുകൾ കൂടി വിപണിയിൽ എത്തിയതോടെ ആളുകളുടെ ശ്രദ്ധ മുഴുവൻ അത്തരം ടൈലുകളിലേക്ക് മാറി.

പാവിങ് ടൈൽ നൽകുമ്പോൾ

മിക്ക വീടുകളിലും കണ്ടുവരുന്ന ഒരു കാര്യമാണ് പേവിങ്‌ ചെയ്യുന്നതിനായി ആദ്യം മുറ്റം കോൺക്രീറ്റ് ചെയ്യുന്നത്.

പലരും ചെയ്യുന്ന കാര്യം കോൺക്രീറ്റ് മുറ്റം നൽകി അതിനു മുകളിൽ മണ്ണിട്ട ശേഷം വീണ്ടും ടൈലുകൾ ഒട്ടിച്ചു നൽകുന്ന രീതിയാണ്. അങ്ങിനെ ചെയ്യുന്നത് കൊണ്ട് യാതൊരുവിധ പ്രയോജനവും ഇല്ല.

പലപ്പോഴും ഇത്തരത്തിൽ ടൈലുകൾ പാകി നൽകുമ്പോൾ അത് മണ്ണിലേക്ക് ആവശ്യത്തിനു വെള്ളം വലിച്ചെടുക്കാനുള്ള അവസ്ഥ ഇല്ലാതാക്കുന്നു.

അതേസമയം ചില കാര്യങ്ങളിൽ ശ്രദ്ധ നൽകുകയാണെങ്കിൽ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ തന്നെ ടൈലുകൾ പാകി നൽകുകയും ചെയ്യാം.

ടൈലുകൾ നൽകുന്നതിന് മുൻപായി ആദ്യം ചെയ്യേണ്ടത് മണ്ണിനെ ഒരുക്കുക എന്നതാണ്. നിങ്ങൾ ഏതു രീതിയിലുള്ള ലാൻഡ് സ്കേപിങ്‌ ആണോ കൊടുക്കാൻ ഉദ്ദേശിക്കുന്നത് അതേ രീതിയിൽ മണ്ണ് സെറ്റ് ചെയ്തു നൽകാവുന്നതാണ്.

മാറ്റത്തിന്റെ നടുഭാഗത്ത് ഒരു കൂന പോലെ നൽകിയോ, മറ്റ് ഭാഗങ്ങളിൽ പൂർണമായും നിരപ്പായി ഇട്ടോ എല്ലാം ലാൻഡ്സ്കേപ്പ് ഒരുക്കാറുണ്ട്.

ടൈൽ ഉപയോഗപ്പെടുത്തേണ്ട രീതി.

പേവിങ് ടൈലുകൾ ഒട്ടിച്ച് നൽകുന്നതിനായി 6 mm തിക്ക്നെസ് വരുന്ന മെറ്റൽ ആണ് ഉപയോഗിക്കുന്നത്.അതല്ല ബേബി മെറ്റൽ ലഭിക്കുമെങ്കിൽ അവ ഉപയോഗിക്കുന്നതും കൂടുതൽ നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി മഴപെയ്യുമ്പോൾ വെള്ളം മണ്ണിലേക്ക് എളുപ്പത്തിൽ ഇറങ്ങുന്നതിന് സഹായിക്കും. മഴ പെയ്യുമ്പോൾ വെള്ളം നല്ല രീതിയിൽ മണ്ണിലേക്ക് ഇറങ്ങുകയാണ് എങ്കിൽ വീടിന്റെ കിണറ്റിൽ ശുദ്ധജല ലഭ്യത ഉറപ്പു വരുത്താനും സാധിക്കും.

പലരും ടൈലുകൾക്ക് ഇടയിലായി ആർട്ടിഫിഷ്യൽ ഗ്രാസ് അല്ലെങ്കിൽ നാച്ചുറൽ ഗ്രാസ് നൽകാറുണ്ട്. അങ്ങിനെ ചെയ്യുമ്പോൾ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം അവ പെട്ടെന്ന് കാടു പിടിച്ച അവസ്ഥയിലേക്ക് മാറുന്നു എന്നതാണ്. അതേസമയം ഗ്രാസ് മുഴുവനായും വെട്ടി കളയുകയാണ് എങ്കിൽ കല്ലുകളിൽ കെട്ടി നിൽക്കുന്ന വെള്ളം നേരെ ഒഴുകി റോഡിലേക്കോ മറ്റോ പോകാനുള്ള സാധ്യതയാണ് ഉള്ളത്. മുറ്റത്ത് നല്ല രീതിയിൽ ലാൻഡ്സ്കേപ്പിങ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ ഏറ്റവും മികച്ച മെറ്റീരിയൽ കോട്ട സ്റ്റോൺ തന്നെയാണ്. വ്യത്യസ്ത ഷേപ്പുകളിൽ കട്ട് ചെയ്ത് കോട്ട സ്റ്റോൺ വാങ്ങാൻ സാധിക്കും. മാർബിൾ ചിപ്സ് ഉപയോഗപ്പെടുത്തിയും മുറ്റം നല്ല രീതിയിൽ ഭംഗിയാക്കി സെറ്റ് ചെയ്യാവുന്നതാണ്.

ആർട്ടിഫിഷ്യൽ ഗ്രാസ് തിരഞ്ഞെടുക്കുമ്പോൾ

വീടിന്റെ മുറ്റം ഒരുക്കാൻ ആർട്ടിഫിഷ്യൽ ഗ്രാസ് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ പെട്ടെന്ന് കേടാകും എന്നതാണ്. കൂടാതെ അവ വെള്ളം ഭൂമിയിലേക്ക് ഇറക്കി വിടുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. ആർട്ടിഫിഷ്യൽ ഗ്രാസ് പതിപ്പിക്കുന്നതിനായി ആണികൾ ഉപയോഗിച്ച് ഫിക്സ് ചെയ്ത് നൽകുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവ ശരിയായ രീതിയിൽ നൽകിയില്ല എങ്കിൽ പെട്ടെന്ന് അടർന്നു വരാനുള്ള സാധ്യത കൂടുതലാണ്.

ആർട്ടിഫിഷ്യൽ ഗ്രാസുകൾ തന്നെ വ്യത്യസ്ത ക്വാളിറ്റിയിൽ വിപണിയിൽ ലഭ്യമാണ്. ചൈന, നാഗാലാൻഡ് പോലുള്ള സ്ഥലങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതും ഇന്ത്യൻ നിർമ്മിത ഗ്രേസുകളും സുലഭമായി വിപണിയിൽ ലഭിക്കുന്നുണ്ട്.ഇവയിൽ മികച്ച ക്വാളിറ്റിയിൽ ഉള്ളത് തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. കൂടാതെ അവ ഫിക്സ് ചെയ്യുന്നതിനായി എക്സ്പേർട്ട് ആയ ആളുകളെ കണ്ടെത്തുകയും വേണം.

ഇത്തരത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങൾക്കും നിങ്ങളുടെ വീടിന്റെ മുറ്റം കൂടുതൽ ഭംഗിയാക്കി അലങ്കരിച്ച് നൽകാവുന്നതാണ്.