പൂമുഖങ്ങൾക്ക് വീണ്ടും പ്രാധാന്യമേറുമ്പോൾ.

പൂമുഖങ്ങൾക്ക് വീണ്ടും പ്രാധാന്യമേറുമ്പോൾ.പഴയകാല വീടുകളെ ഓർമ്മപ്പെടുത്തുന്നതിൽ പൂമുഖങ്ങൾക്കുള്ള പ്രാധാന്യം ഒട്ടും ചെറുതല്ല.

മലയാളി മനസുകളിൽ നൊസ്റ്റാൾജിയ ഉണർത്തുന്ന പൂമുഖ ങ്ങൾക്ക് വീണ്ടും പ്രാധാന്യം ലഭിച്ചു തുടങ്ങിയിരിക്കുന്നു.

നിർമ്മാണ രീതിയിൽ പൂർണമായും പഴയ രീതി പിന്തുടരാൻ മിക്കവരും താല്പര്യപ്പെടുന്നില്ല എങ്കിലും ചാരുകസേരയും തൂണുകളും നീണ്ട വരാന്തയും നൽകി കൊണ്ടുള്ള പൂമുഖ ങ്ങളോടാണ് ഇപ്പോഴും ആളുകൾക്ക് കൂടുതൽ പ്രിയം.

പഴയ രീതിയിൽ ഓടിട്ട വീടുകളിൽ ചോർച്ച പോലുള്ള പ്രശ്നങ്ങൾ പൂമുകങ്ങളിൽ ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് അത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കോൺക്രീറ്റിന് മുകളിൽ റൂഫിംഗ് ടൈലുകൾ ഉപയോഗിക്കുകയും, നിലത്ത് പഴമയും പുതുമയും ഒത്തിണക്കി കൊണ്ടുള്ള ടെറാക്കോട്ട ടൈലുകൾ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

ചൂടും തണുപ്പും ഒരേ രീതിയിൽ ആസ്വദിക്കാൻ കഴിയുന്ന ഒരിടം വീടിനോട് ചേർന്ന് നൽകുന്ന പൂമുഖങ്ങൾ തന്നെയാണ്.

പഴയകാല വീടുകളിൽ അതിഥികളെ സൽക്കരിക്കാനുള്ള ഒരിടം എന്ന രീതിയിലാണ് പൂ മുഖങ്ങൾ നൽകിയിരുന്നത് എങ്കിൽ ഇന്ന് ആ റോൾ മിക്ക വീടുകളിലും ലിവിങ് ഏരിയ കയ്യടക്കി കഴിഞ്ഞു.

അനുഷ്ഠാനങ്ങളുടെയും ആഭിജാത്യത്തിന്റെയും ഭാഗമായി നൽകിയിരുന്ന പൂമുഖങ്ങൾക്ക് ഇന്ന് പുതിയ മാനം കൈവരിച്ചിരിക്കുന്നു.

പൂമുഖങ്ങൾക്ക് വീണ്ടും പ്രാധാന്യമേറുമ്പോൾ.

ഗൃഹാതുരത്വ ഓർമ്മകൾ വിളിച്ചോതുന്ന പൂമുഖങ്ങൾ നമ്മുടെ മുന്നിലേക്ക് ആദ്യമെത്തിക്കുന്നത് മരത്തിൽ തീർത്ത ഉരുണ്ട തൂണുകളും വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നൽകിയിരുന്ന മംഗള പലകയുമെല്ലാം ആയിരിക്കും.

വീട്ടിലേക്ക് വരുന്ന അതിഥികൾക്ക് കൈ കാൽ കഴുകാനുള്ള കിണ്ടിയും വെള്ളവും മാറി അതിനു പകരം ഒരു ടാപ്പ് ഫിറ്റ് ചെയ്തു നൽകുന്ന രീതി പല വീടുകളിലും കാണുന്നുണ്ട്.

കാവി നിറത്തിലുള്ള ഓക്സൈഡ് ഫ്ലോറുകളാണ് മുൻപ് കൂടുതലായും കണ്ടു വന്നിരുന്നത് എങ്കിൽ ഇന്ന് ആസ്ഥാനം ടൈലുകൾ കൈയ്യടക്കി കഴിഞ്ഞു.

പഴയകാല വീടുകളിലെ ഒരു മുഖ മുദ്രയായിരുന്ന പൂമുഖങ്ങൾ ഇന്ന് വീണ്ടും തിരിച്ചെത്തി കഴിഞ്ഞു എന്നത് ഒരു നല്ല കാര്യം തന്നെ.

എന്നാൽ ശരിയായ അളവുകളെ അടിസ്ഥാന പ്പെടുത്തി കൊണ്ടാണോ അവ നിർമ്മിക്കുന്നത് എന്നതിൽ ആരും അത്ര പ്രസക്തി നൽകുന്നില്ല.

ശരിയായ രീതിയിൽ വീടിനോട് ചേർന്ന് ഒരു പൂമുഖം നൽകുന്നത് വീടിന്റെ ആകെ വിസ്താരത്തിന്റെ മൂന്നിലൊന്ന് ഭാഗമെങ്കിലും നൽകി വേണം എന്നാണ് പറയപ്പെടുന്നത്.

എന്നാൽ കാഴ്ചയിൽ ഭംഗി നൽകാനായി പൂമുഖങ്ങൾ നിർമ്മിക്കുമ്പോൾ അളവുകൾക്ക് അത്ര പ്രാധാന്യം നൽകാൻ ആരും താല്പര്യപ്പെടുന്നില്ല.

പഴയ പൂമുഖവും പുതിയതും തമ്മിൽ ഒരു താരതമ്യം

പഴയ പൂമുഖങ്ങൾ നിർമ്മിക്കാനായി ഉപയോഗിച്ചിരുന്ന മെറ്റീരിയലുകൾ ഒന്നുംതന്നെ ഇന്ന് ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് ഒരു പ്രധാന വസ്തുത. അളവുകളിൽ മാത്രമല്ല ഉപയോഗിക്കുന്ന മെറ്റീരിയലുകളിലും വലിയ രീതിയിലുള്ള വ്യത്യാസങ്ങളാണ് വന്നിട്ടുള്ളത്. പഴയകാല വീടുകളിൽ ചാരുപടികൾ നിർമിക്കുന്നതിനു വേണ്ടി തേക്ക്,മഹാഗണി പോലുള്ള തടികളാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് പോളിഷ് വുഡ് ഇനത്തിൽപ്പെട്ട മൾട്ടിവുഡ്, പ്ലൈവുഡ്, സ്റ്റീൽ എന്നിവ ഉപയോഗപ്പെടുത്തിയാണ് ചാരുപടികൾ നിർമ്മിക്കുന്നത്. ചെങ്കല്ല് അല്ലെങ്കിൽ മരത്തിൽ തീർത്ത തൂണുകൾക്ക് പകരമായി കോൺക്രീറ്റിൽ തീർത്ത തൂണുകൾ നിർമ്മിച്ച് അവക്ക് ചായമടിക്കുകയാണ് ചെയ്യുന്നത്.

വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കരിങ്കല്ലിൽ നിർമ്മിച്ച പടികൾ ആയിരുന്നു പണ്ട് കാലത്ത് നൽകിയിരുന്നത്. ഇന്ന് അത് മാറി കരിങ്കല്ലിനോട് സാമ്യം തോന്നുന്ന രീതിയിൽ ആർട്ടിഫിഷ്യൽ സ്റ്റോണുകൾ പാകിയാണ് പൂമുഖത്തേക്ക് പ്രവേശിക്കുന്ന ഭാഗത്തേക്കുള്ള പടി കെട്ടുകൾ നൽകുന്നത്.ഉപയോഗിക്കുന്ന മെറ്റീരിയലുകളിലും, രൂപത്തിലും വ്യത്യാസങ്ങൾ വന്നുവെങ്കിലും പൂമുഖങ്ങൾ നൽകുന്നത് വഴി അന്നും ഇന്നും ഒരേ രീതിയിൽ പ്രാധാന്യം ലഭിക്കുന്ന കാര്യം വീട്ടിലെ കുടുംബാംഗങ്ങൾക്ക് ഒത്തു കൂടുമ്പോൾ സംസാരിച്ചിരിക്കാനുള്ള ഒരിടം എന്ന രീതിയിലും ആഘോഷങ്ങൾ നടത്താനുള്ള ഒരിടം എന്ന രീതിയിലും ഉപയോഗപ്പെടുത്താൻ സാധിക്കും എന്നത് തന്നെയാണ്.

പൂമുഖങ്ങൾക്ക് വീണ്ടും പ്രാധാന്യമേറുമ്പോൾ പഴയ രീതികളും പുതിയതും തമ്മിൽ വന്ന മാറ്റങ്ങൾ ഒരു താരതമ്യം നടത്തി നോക്കാവുന്നതാണ്.