കനത്ത വേനലിലും ശുദ്ധമായ തണുത്ത വെള്ളം ലഭിക്കാൻ കിണറുകളിൽ ഉപയോഗിക്കാം കളിമൺ റിങ്ങുകൾ.

ഏതൊരു വീടിനും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കിണറുകൾ.പലപ്പോഴും വേനൽക്കാലത്ത് വെള്ളം ലഭിക്കാത്ത അവസ്ഥയും, കലങ്ങിയ വെള്ളം വരുന്ന അവസ്ഥയുമൊക്കെ മിക്ക സ്ഥലങ്ങളിലും ഉണ്ടാകാറുണ്ട്.

ഇന്ന് മിക്ക വീടുകളിലും ഒരു സാധാരണ കിണറും, കുഴൽ കിണറും വെള്ളത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. അതോടൊപ്പം തന്നെ വ്യത്യസ്ത കുടിവെള്ള പദ്ധതികൾ വഴിയും സംസ്ഥാനത്ത് ജല വിതരണം നടത്തുന്നുണ്ട്.

എന്നിരുന്നാലും ശുദ്ധമായ തണുത്ത വെള്ളം ഉപയോഗിക്കുക എന്നത് തന്നെയാണ് മിക്ക ആളുകളുടെയും ആഗ്രഹം. അത്തരം ആളുകൾക്ക് കിണറുകളിൽ ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് കളിമൺ റിങ്ങുകൾ. കളിമൺ റിംഗ്കളുടെ ഉപയോഗരീതി,അവ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്നിവ വിശദമായി മനസ്സിലാക്കാം.

കളിമൺ റിങ്ങുകൾ കിണറ്റിൽ ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ

വ്യത്യസ്ത വലിപ്പത്തിലും അളവിലും ഉപയോഗിക്കാവുന്ന കളിമൺ റിങ്ങുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. സാധാരണ റിംഗുകളിൽ നിന്നും വ്യത്യസ്തമായി ഒരു ചെമ്പിന്റെ ആകൃതിയിലാണ് ഇവ നിർമ്മിച്ചെടുക്കുന്നത്.

റിങ്ങുകൾ കിണറ്റിലേക്ക് ഇറക്കുന്നതിന് ആവശ്യമായി ചുറ്റും ചെറിയ ഹോളുകൾ അറ്റാച്ച് ചെയ്ത് നൽകിയിട്ടുണ്ട്. ഇതിലൂടെ വെള്ളം അകത്തേക്ക് ഫിൽട്ടർ ചെയ്യുന്നതിനും സാധിക്കുന്നു.

റിങ്ങ് പൂർണമായും താഴേക്ക് ഇറക്കുമ്പോൾ പൂർണമായും കവർ ചെയ്താൽ വെള്ളത്തിന്റെ ഫിൽറ്ററിങ് നടക്കില്ല. അതിനുവേണ്ടിയാണ് കൃത്യമായ അകലങ്ങളിൽ ഹോളുകൾ ഇട്ടു നൽകുന്നത്.

കിണറിന്റെ ആഴം അനുസരിച്ച് വ്യത്യസ്ത അളവുകളിൽ റിങ്ങുകൾ താഴേക്ക് ഇറക്കുന്നു. ഇവ കാഴ്ചയിലും കിണറിന് വളരെ ഭംഗി നൽകുന്നതിന് സഹായിക്കുന്നു.

പ്രധാനമായും അഞ്ച് സൈസുകളിലാണ് കളിമൺ റിങ്ങുകൾ നിർമ്മിക്കുന്നത്. ഏറ്റവും വലിയ റിംഗ് ആറര അടി വലിപ്പവും, ഏറ്റവും ചെറിയ ത് രണ്ടര അടി വലിപ്പവും ആണ് വരുന്നത്.

പഴയ കിണറുകളിൽ കളിമൺ റിങ്ങ് ഇറക്കാൻ സാധിക്കുമോ?

പുതിയതായി നിർമ്മിക്കുന്ന കിണറുകളിൽ മാത്രമല്ല പഴക്കം ചെന്ന കിണറുകളിലും കളിമൺ റിംഗ് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കേടുവന്ന ഭാഗങ്ങളിൽ റിംഗ് ഇറക്കി കിണറിന് കൂടുതൽ ബലം നൽകാൻ സാധിക്കും.

ചെറുതും വലുതുമായ എല്ലാ കിണറുകളിലും കളിമൺ റിങ് ഉപയോഗപ്പെടുത്താവുന്നതാണ്.ഏറ്റവും വലിയ റിങ് ആറര അടിക്ക് ഏകദേശം 8500 രൂപയുടെ അടുത്താണ് വില വരുന്നത്.

റിങ്ങുകൾ ചൂളയിൽ ആണ് നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ ഇവയുടെ ബലത്തിന്റെ കാര്യത്തിൽ യാതൊരു സംശയവും വേണ്ട. കളിമൺ റിങ്ങുകളെ പറ്റി പലർക്കും ഉള്ള സംശയം ഇവ പെട്ടെന്ന് പൊട്ടി പോകില്ലേ എന്നതാണ്. എന്നാൽ നല്ലപോലെ ചൂട് തട്ടി നിർമ്മിക്കുന്നത് കൊണ്ട് തന്നെ ഇവപെട്ടന്ന് പൊട്ടി പോകുന്നില്ല.

കളിമൺ റിങ്ങുകൾ കിണറ്റിൽ ഇറക്കുന്നത് വഴി നല്ല ശുദ്ധമായ തണുത്ത വെള്ളം എല്ലാകാലത്തും ലഭിക്കും. വീട്ടിലെ കൂജയിൽ വെക്കുന്ന വെള്ളത്തിന്റെ അതേ തണുപ്പ് കിണറ്റിൽ നിന്നും എടുക്കുമ്പോഴും വെള്ളത്തിന് ഉണ്ടാകും.

കിണറ്റിൽ റിംഗ് ഇറക്കി അതിന് ചുറ്റും മണൽ അല്ലെങ്കിൽ ബേബി മെറ്റൽ, കരി എന്നിവ ഇട്ട് നൽകുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ വെള്ളം ഫിൽട്ടർ ചെയ്ത് ശുദ്ധീകരിച്ചാണ് ഉപയോഗത്തിനായി എത്തുന്നത്.

കളിമൺ റിംഗ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

സാധാരണ കിണറുകളിൽ പലപ്പോഴും വെള്ളം കെട്ടി കിടക്കുമ്പോൾ പൂപ്പൽ ഉണ്ടാകാറുണ്ട്. കളിമൺ റിങ് ഇറക്കിയാലും പൂപ്പൽ ഉണ്ടാകും. അതിനായി എല്ലാവർഷവും കിണർ വൃത്തിയാക്കുക എന്നതാണ് പ്രധാനം.

തെങ്ങു പോലുള്ള മരങ്ങളുടെ ഭാഗത്ത് റിംഗ് നൽകുമ്പോൾ പ്രത്യേക ശ്രദ്ധ നൽകണം. ഏതെങ്കിലും കാരണവശാൽ റിംഗ് കേടായാലും, കേടായ റിങ് മാത്രമായി റീപ്ലേസ് ചെയ്യാൻ സാധിക്കും.

പൂർണ്ണമായും നാച്ചുറൽ ആയി കളിമണ്ണിൽ തീർത്ത് എടുക്കുന്ന റിങ്ങുകൾ കൂടുതൽ കാലം ഈട് നില്ക്കുകയും, കിണറിൽ നിന്നും ശുദ്ധമായ വെള്ളം നൽകുകയും ചെയ്യുന്നു.