ദീർഘ ദൂരയാത്രകളും ചെടികളുടെ പരിരക്ഷയും.

ദീർഘ ദൂരയാത്രകളും ചെടികളുടെ പരിരക്ഷയും.ഇന്ന് പല വീടുകളിലും നേരിടേണ്ടി വരുന്ന ഒരു സാഹചര്യമാണ് അത്യാവശ്യ സന്ദർഭങ്ങളിൽ മക്കളുടെ ആവശ്യങ്ങൾക്ക് വേണ്ടി വിദേശരാജ്യത്ത് കുറച്ചുനാളത്തേക്ക് പോയി താമസിക്കേണ്ടി വരുന്ന അവസ്ഥ.

അതല്ല എങ്കിൽ പെട്ടെന്ന് പ്ലാൻ ചെയ്യുന്ന വിനോദയാത്രകളിലും പലർക്കും പ്രശ്നം നേരിടേണ്ടി വരുന്ന സന്ദർഭം വീട്ടിലെ ചെടികൾ എങ്ങിനെ പരിപാലിക്കും എന്നതായിരിക്കും.

ദീർഘ ദിവസത്തെ യാത്രക്ക് വേണ്ടി പുറപ്പെടുമ്പോൾ വീട്ടിലെ ചെടികൾക്ക് ഒരു പ്രത്യേക പരിരക്ഷ ഉറപ്പു വരുത്തേണ്ടതുണ്ട്.

ആവശ്യത്തിന് വെളിച്ചവും വെള്ളവും ലഭിക്കാതെ വന്നാൽ ചെടികൾ പെട്ടെന്ന് വാടി പോകും.

യാത്ര കഴിഞ്ഞു വരുമ്പോൾ ചെടികൾ ഇല്ലാതായി പോകുന്ന അവസ്ഥ അവ പരിപാലിച്ചവർക്ക് വിഷമം സൃഷ്ടിക്കുന്ന കാര്യമാണ്.

അതുകൊണ്ടു തന്നെ ദീർഘദൂര യാത്രകൾക്ക് തയ്യാറെടുക്കുന്നതിനു മുൻപ് ചെടികൾക്ക് ആവശ്യമായ പരിരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ദീർഘ ദൂരയാത്രകളും ചെടികളുടെ പരിരക്ഷയും

ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നീണ്ട യാത്രകൾ പോയി തിരിച്ചു വന്നാലും വീട്ടിലെ ചെടികൾക്ക് യാതൊരുവിധ കേടുപാടും സംഭവിക്കില്ല.

വെള്ളത്തിന്റെ അളവ് കൂടിയാലും കുറഞ്ഞാലും ചെടികളെ അത് ദോഷകരമായ രീതിയിൽ ബാധിക്കും.

യാത്ര പുറപ്പെടുന്നതിനു മുൻപായി വീടിന് അകത്തും പുറത്തുമുള്ള പ്ലാന്റുകൾ അധികം സൂര്യപ്രകാശം തട്ടാത്ത ഒരിടത്തേക്ക് മാറ്റിവയ്ക്കാനായി ശ്രദ്ധിക്കണം.

അതായത് ചെറിയ രീതിയിലെങ്കിലും തണുപ്പ് നിലനിർത്താൻ സാധിക്കുന്ന ഭാഗം നോക്കി വേണം ചെടി വക്കാൻ.

ഇങ്ങനെ ചെയ്യുന്നത് വഴി ചെടിയിൽ ഒഴിച്ചു കൊടുത്ത വെള്ളം പെട്ടെന്ന് വറ്റി പോകുന്നത് ഒഴിവാക്കാൻ സാധിക്കും.

നല്ല രീതിയിൽ വെള്ളമൊഴിച്ചു കൊടുക്കേണ്ട ചെടികൾ ആണെങ്കിൽ ഈ രീതി ചെയ്യുന്നത് വഴി ചട്ടിയിലെ വെള്ളം ഒരാഴ്ച വരെ നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സാധിക്കും.

കളിമണ്ണ് ഉപയോഗിച്ച് നിർമ്മിക്കുന്ന ചട്ടികളിൽ വെള്ളം പെട്ടെന്ന് ബാഷ്പീകരിക്കപ്പെടുന്നതാണ്. അതേസമയം പ്ലാസ്റ്റിക് അല്ലെങ്കിൽ സെറാമിക് ചട്ടികൾ ആണ് എങ്കിൽ വെള്ളം കൂടുതൽ സമയം നില നിർത്താനായി സാധിക്കും.

സൂര്യപ്രകാശം ചെറിയ രീതിയിൽ ലഭിക്കുന്ന ലിവിങ് ഏരിയ യോട് ചേർന്ന തിട്ടുകൾ, കിച്ചനിൽ ഉള്ള ജനാലയോട് ചേർന്ന് വരുന്ന ഭാഗം എന്നിവിടങ്ങളിൽ ചട്ടികൾ സജ്ജീകരിച്ച് നൽകുന്നത് കൂടുതൽ ഗുണം ചെയ്യും.

പലരും കരുതുന്നത് വീടിനു പുറത്തു വയ്ക്കുന്ന ചെടികൾക്ക് മാത്രം സുരക്ഷ നൽകിയാൽ മതി എന്നതായിരിക്കും.

എന്നാൽ പുറത്തു നൽകുന്ന ചെടികളുടെ അത്രയും പരിരക്ഷ തന്നെ ഇൻഡോർ പ്ലാന്റുകൾ ക്കും ആവശ്യമാണ്.

ചെടി നനക്കാനായി തുണിച്ചരട് രീതി ഉപയോഗപ്പെടുത്താം.

വളരെയധികം ഫലപ്രദമായ രീതിയിൽ അതേസമയം ആർക്കുവേണമെങ്കിലും എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ചെടി നനയ്ക്കുന്ന രീതിയാണ് തുണിച്ചരട് രീതി. അതായത് ഒരു പാത്രമെടുത്ത് അതിൽ നിറയെ വെള്ളം നിറച്ച ശേഷം ഒരു ചരട് അല്ലെങ്കിൽ ചകിരി വെള്ളത്തിൽ കുറച്ചു സമയം മുക്കിവയ്ക്കുക. കോട്ടൺ തുണിയിൽ നിർമിച്ച ചരട് നോക്കി വേണം തിരഞ്ഞെടുക്കാൻ. തുടർന്ന് ചരടിന്റെ മറ്റേ അറ്റം ചെടി ചട്ടിയിലേക്ക് നൽകണം. വെള്ളം നിറച്ച പാത്രത്തിൽ നിന്നും ചെറിയ രീതിയിൽ വെള്ളം ചെടി ചട്ടിയിലേക്ക് ലഭിക്കുന്നതു കൊണ്ടു തന്നെ കൃത്യമായ അളവിൽ വെള്ളത്തിന്റെ അംശം നിലനിർത്തപ്പെടുകയും രണ്ടോ മൂന്നോ ആഴ്ച കാലയളവിലേക്ക് ചെടിയിലേക്ക് വെള്ളം ലഭിക്കുന്നതിനും ഇത് സഹായിക്കുന്നു.

അതല്ല എങ്കിൽ ടൗവ്വൽ ഉപയോഗപ്പെടുത്തിയും ചെടിക്ക് ആവശ്യത്തിന് വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്താൻ സാധിക്കും. അതിനായി ചെടിച്ചട്ടി വയ്ക്കുന്ന ഭാഗത്തെ സിങ്ക് അല്ലെങ്കിൽ ബാത്ത് ടബ്ബ് വെള്ളം പുറത്തേക്ക് ലീക്ക് ആകാത്ത രീതിയിൽ ക്ലോസ് ചെയ്ത് വയ്ക്കുക. തുടർന്ന് ഒരു നിശ്ചിത ഉയരത്തിൽ ടബ്ബിൽ/സിങ്കിൽ വെള്ളം നിറച്ചു നൽകുക. അതിന് മുകളിലായി ടവ്വലുകൾ നിരത്തി വെച്ച ശേഷം ചെടിച്ചട്ടികൾ സജ്ജീകരിച്ചു നൽകുക. ചെടിയിൽ നിന്നും വെള്ളം ബാഷ്പീകരിക്കപ്പെടുന്നതിന്റെ തോത് അനുസരിച്ച് ടൗവ്വലിൽ നിന്നും ആവശ്യത്തിനുള്ള വെള്ളം ചെടിച്ചട്ടിയിലെ മണ്ണിലേക്ക് വലിച്ചെടുക്ക പെടുന്നതാണ്.

ഡ്രിപ്പ് സിസ്റ്റം ഉപയോഗപ്പെടുത്തുമ്പോൾ

വളരെയധികം എഫക്റ്റീവ് ആയ എന്നാൽ നിർമ്മിക്കാൻ എളുപ്പമുള്ള ഒരു രീതിയാണ് ഡ്രിപ്പ് സിസ്റ്റം. ഒരു ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പിയെടുത്ത് അതിന്റെ അടപ്പിനു മുകളിൽ നിറയെ ദ്വാരങ്ങൾ ഇട്ടു നൽകുക. യാത്ര പുറപ്പെടുന്നതിനു മുൻപായി ബോട്ടിലിൽ വെള്ളം നിറച്ച ശേഷം ചട്ടിക്ക് മുകളിൽ തലകീഴായി വേണം കുപ്പികൾ സജ്ജീകരിച്ച് നൽകാൻ. കുപ്പിക്ക് ഓട്ട ഇട്ടു നൽകുമ്പോൾ വലിപ്പം കൂടിയ ഓട്ടകൾ നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

അല്ലെങ്കിൽ വെള്ളത്തിന്റെ അളവ് കൂടി ചെടികൾ അളിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. കുപ്പിയിലെ ദ്വാരങ്ങൾ മണ്ണിലേക്ക് പൂർണ്ണമായും ഇറങ്ങിയിരിക്കുന്ന രീതിയിൽ വേണം സജ്ജീകരിക്കാൻ. മണ്ണിൽ നിന്നും വെള്ളം നഷ്ടപ്പെടുന്ന തോതിൽ കുപ്പിയിലെ വെള്ളം ഉപയോഗിച്ച് ചെടി ഈർപ്പം നിലനിർത്തും. ഏകദേശം ഒരാഴ്ച കാലയളവിലേക്ക് ഈ ഒരു രീതി ഉപയോഗപ്പെടുത്തി ചെടിയിലേക്ക് ആവശ്യമായ വെള്ളം എത്തിക്കാനായി സാധിക്കും. വെള്ളം, പ്രകാശം എന്നിവയുടെ അളവ് കൂടുന്നതും കുറയുന്നതും ചെടിയെ വലിയ രീതിയിൽ ബാധിക്കും എന്ന കാര്യം ഒരിക്കലും മറക്കേണ്ട.

ദീർഘ ദൂരയാത്രകളും ചെടികളുടെ പരിരക്ഷയും മനസിലാക്കിയിരുന്നാൽ യാത്രകളിൽ അവ തീർച്ചയായും ഉപകാരപ്പെടും.