മുറ്റം ഭംഗിയാക്കാൻ കല്ലു വിരിക്കുമ്പോൾ.

മുറ്റം ഭംഗിയാക്കാൻ കല്ലു വിരിക്കുമ്പോൾ.വീട് നിർമ്മാണം പൂർത്തിയായി കഴിഞ്ഞാൽ ശ്രദ്ധ നൽകേണ്ട മറ്റൊരു ഭാഗം വീടിന്റെ മുറ്റം ഭംഗിയാക്കുക എന്നതാണ്.

പണ്ടു കാലങ്ങളിൽ മുറ്റം ചെത്തിയും തേച്ചും ഭംഗിയാക്കുന്ന രീതിയാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്നത് കല്ലുകൾ പാകി കാഴ്ചയിൽ ഭംഗി നിറയ്ക്കുന്ന രീതികളിലേക്ക് മാറിയിരിക്കുന്നു.

മുറ്റത്ത് പാകുന്ന പ്രത്യേക ടൈലുകളും, കല്ലുകളും വിപണിയിൽ സുലഭമായി ലഭിച്ചു തുടങ്ങിയതോടെ ആളുകളെല്ലാം അതിന് പുറകെയായി.

എന്നാൽ മുറ്റത്ത് കല്ല് വിരിച്ച ശേഷം പലരും പറഞ്ഞു കേൾക്കുന്ന ഒരു കാര്യം ഇന്റർലോക്ക് കട്ടകൾ മുറ്റത്ത് പാകി കഴിഞ്ഞതിനു ശേഷം വീട്ടിനകത്ത് ചൂട് കൂടുതലാണ് എന്നതും, മഴവെള്ളം കെട്ടിക്കിടക്കുന്നു എന്നതുമെല്ലാം ആയിരിക്കും.

ശരിയായ രീതിയിൽ മുറ്റം ഭംഗിയാക്കാനായി കല്ല് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

മുറ്റം ഭംഗിയാക്കാൻ കല്ലു വിരിക്കുമ്പോൾ പലതുണ്ട് നോക്കാൻ.

മുറ്റത്ത് പാകാനായി വ്യത്യസ്ത രീതിയിൽ ഉള്ള ടൈലുകൾ, സ്റ്റോണുകൾ എന്നിവയെല്ലാം മുൻകാലങ്ങളെ വച്ച് താരതമ്യം ചെയ്യുമ്പോൾ ഇന്ന് വളരെ കൂടുതലായി ലഭിക്കുന്നുണ്ട്. ഇവയിൽ തന്നെ നാച്ചുറൽ സ്റ്റോണുകളും ആർട്ടിഫിഷ്യലായി നിർമ്മിച്ച് എടുക്കുന്ന സിമന്റ് കട്ടകളും ലഭ്യമാണ്.

കൊടുക്കുന്ന വില അനുസരിച്ച് ക്വാളിറ്റിയുടെ കാര്യത്തിലും വലിയ മാറ്റങ്ങളാണ് കട്ടകൾ തമ്മിൽ ഉള്ളത്.

മുറ്റം കോൺക്രീറ്റ് ചെയ്ത് കട്ടകൾ പാകി നൽകുന്നതു കൊണ്ട് ഗുണങ്ങളും ദോഷങ്ങളും ഉണ്ട്.

മുറ്റത്തെ മണ്ണിന്റെ സ്വാഭാവികത നഷ്ടപ്പെടും എന്നത് ഒരു ദോഷമായി പറയുമ്പോൾ എളുപ്പത്തിൽ മുറ്റം വൃത്തിയാക്കാനും, ഇഴ ജന്തുക്കളും മറ്റും വീട്ടിലേക്ക് വരുന്നത് തടയാനും കല്ലുകൾ പാകുന്നത് കൊണ്ട് ഒരു പരിധിവരെ ഉപകാരപ്പെടും.

എന്നാൽ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കാനായി കല്ലുകൾക്കിടയിൽ പ്രകൃതിദത്തമായ പുല്ലുകൾ, ഉരുളൻ കല്ലുകൾ എന്നിവ നൽകുന്നത് ഉപകാരപ്പെടും.

സ്റ്റോൺ പതിച്ച് നൽകുന്നതിന് എക്സ്പേർട്ട് ആയ ആളുകളെ കൊണ്ടു തന്നെ അത്തരം പണികൾ ചെയ്യിപ്പിക്കുന്നതാണ് എപ്പോഴും നല്ലത്.

കല്ലുകൾ വിരിച്ച് നൽകുമ്പോൾ ശരിയായ രീതിയിൽ പാറപ്പൊടി,ചിപ്സ് എന്നിവ മിക്സ് ചെയ്ത് ഗ്രൗട്ട് കലക്കി ഒഴിച്ചു തന്നെ ഡ്രസ്സ് ചെയ്തെടുക്കാൻ ശ്രദ്ധിക്കുക.

പലരും ചിലവ് കുറയ്ക്കാനായി ചിപ്സ് ഇട്ട് കല്ല് ഇട്ട് നൽകുന്ന രീതി ചെയ്യാറുണ്ട്. ഇത് കല്ലുകൾ പെട്ടെന്ന് കേടായി പോകുന്നതിന് വഴി വെക്കും.

കല്ലുകൾ തിരഞ്ഞെടുക്കുമ്പോൾ

പൂർണ്ണമായും പ്രകൃതിയോടിണങ്ങി മുറ്റമൊരുക്കാൻ താല്പര്യപ്പെടുന്നവർക്ക് പ്രകൃതിദത്ത വിഭാഗത്തിൽ ഉൾപ്പെടുന്ന ബാംഗ്ലൂർ സ്റ്റോൺ, കടപ്പാ സ്റ്റോൺ എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്.

4 ഇഞ്ച് വലിപ്പം തൊട്ട് വിപണിയിൽ ലഭ്യമായിട്ടുള്ള ബാംഗ്ലൂർ സ്റ്റോൺ പ്രധാനമായും വൈറ്റ്,ഗ്രേ പോലുള്ള നിറങ്ങളിലാണ് ലഭ്യമായിട്ടുള്ളത്.

ഇവ ഒരു പ്രകൃതി ദത്ത സ്റ്റോൺ വിഭാഗത്തിൽ ഉൾപ്പെടുന്നത് കൊണ്ട് തന്നെ ഒരു സ്ക്വയർഫീറ്റിന് 110 രൂപയുടെ അടുത്താണ് കല്ലിന് വില നൽകേണ്ടി വരുന്നത്.

അതേസമയം പൂർണ്ണമായും ഒരു പരുക്കൻ ടച്ച് ആണ് മുറ്റത്തിന് നൽകാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഫ്ലെയ്മ്ഡ് ഫിനിഷിൽ വരുന്ന ഗ്രാനൈറ്റ് തിരഞ്ഞെടുക്കാം.

മഞ്ഞ, കറുപ്പ്, ഗ്രേ എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ ലഭിക്കുന്ന ഇത്തരം സ്റ്റോണുകൾ 3 രീതിയിൽ തിരഞ്ഞെടുക്കാൻ സാധിക്കും.

ഹാഫ് കട്ട്, ബോക്സ് കട്ട് , ബോട്ടം ഫ്ലയ്മ്ഡ് രീതിയിൽ വിപണിയിൽ എത്തുന്ന കല്ലുകൾക്ക് ഏകദേശം 110 രൂപയുടെ അടുത്താണ് സ്ക്വയർഫീറ്റിന് വില വരുന്നത്.

ഇവ കൂടാതെ ആന്ധ്രപ്രദേശിൽ നിന്നും ഇറക്കുമതി ചെയ്യുന്ന താന്തൂർ സ്റ്റോണുകൾ 65 രൂപ നിരക്കിലും,മെഷീൻ കട്ട് അല്ലെങ്കിൽ ഹാൻഡ് കട്ട് രീതിയിൽ വിപണിയിലെത്തുന്ന കോബിൾ സ്റ്റോൺ 100 രൂപ നിരക്കിലുമാണ് സ്ക്വയർഫീറ്റിന് വില നൽകേണ്ടി വരുന്നത്.

എന്നാൽ പൂർണ്ണമായും നമ്മുടെ നാടിന് അനുയോജ്യമായ രീതിയിൽ മുറ്റമൊരുക്കണം എന്ന് നിർബന്ധമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷൻ കറുപ്പ്,ഗ്രേ നിറങ്ങളിൽ വരുന്ന നാടൻ കല്ലുകൾ തന്നെയാണ്.

ഏകദേശം 85 രൂപ നിരക്കിലാണ് ഇവയ്ക്ക് ഒരു കട്ടക്ക് വിലയായി നൽകേണ്ടി വരുന്നത്. വീട്ടിലേക്ക് വലിയ രീതിയിൽ ചൂട് തട്ടാത്ത രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഇത്തരം സ്റ്റോണുകൾ മുറ്റം പാകാനായി തിരഞ്ഞെടുക്കാം.

മുറ്റം ഭംഗിയാക്കാൻ കല്ലു വിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്.