അയൽവാസിയുടെ വസ്തുവിലുള്ള മരം നിങ്ങൾക്ക് ശല്യം ആകുന്നുണ്ടോ ? അറിഞ്ഞിരിക്കാം നിയമവശങ്ങൾ.

അയൽവാസിയുടെ വസ്തുവിലുള്ള മരവും മരക്കൊമ്പുകളും വീടിനും മതിൽ കെട്ടിനുമെല്ലാം ഭീഷണിയാകുമ്പോൾ നിയമത്തിൽ അതിനുള്ള പരിഹാരം എന്താണ് എന്ന് അന്വേഷിച്ചു കാണാറുണ്ട് ഈ വിഷയത്തിൻ്റെ അല്പം നിയമവശം മനസ്സിലാക്കാം.

ഒരു വ്യക്തിക്ക് തന്റെ വസ്തു നിയമാനുസൃതമുള്ള ഏതാവശ്യത്തിനും യഥേഷ്ടം ഉപയോഗിക്കാനും പരമാവധി അനുഭവസൗകര്യങ്ങൾക്കു കോട്ടം വരാതെ പരിരരക്ഷിക്കാനും അനിഷേധ്യമായ അവകാശമുണ്ട്. ഈ അവകാശം സ്വാഭാവികമായി സിദ്ധിക്കുന്നതാണ്.
(അയൽ വസ്തു ഉടമയ്ക്കും ഈ അവകാശം ഉണ്ടെന്നതും ഓർക്കുക). അതുകൊണ്ട് വസ്തു ഉടമയെന്ന അവകാശം നമ്മൾ ഉപയോഗിക്കുമ്പോൾ അയൽവസ്തു ഉടമയ്ക്ക് സ്വാഭാവികമായി സിദ്ധിച്ചിട്ടുള്ള അനുഭവ സൗകര്യങ്ങൾക്കു ഹാനികരമായ വിധത്തിൽപ്രവർത്തിക്കാൻ നിയമം അനുവദിക്കുന്നില്ല. രണ്ടു പേരുടെയും അവകാശങ്ങൾ തമ്മിൽ പൊരുത്തപ്പെടാതെ വരുമ്പോഴാണ് അയൽപക്ക വഴക്കുകൾ ഉണ്ടാകുന്നത്.

നമ്മുടെ വസ്തുവിൽ മരം വച്ചു പിടിപ്പിക്കുമ്പോൾ അതു ഭാവിയിൽ അയൽവസ്തു ഉടമയ്ക്ക് ശല്യമാകരുത്. മറ്റൊരു പുരയിടത്തിലേക്കു ചാഞ്ഞു നിൽക്കുന്ന മരങ്ങളും ശാഖകളും പലപ്പോഴും തർക്കത്തിലേക്കും വഴക്കിലേക്കും നയിക്കും. പടർന്നു വളരുന്ന മരങ്ങൾ അതിരിൽ വച്ചു പിടിപ്പിക്കാതിരിക്കുകയാണു നല്ലത്. ഇപ്പോൾ മിക്ക വീടുകളും ചെറിയ ചെറിയ പ്ലോട്ടുകളിലാണെന്നും ഓർക്കുക. അയൽപക്കത്തുളളവർക്ക് ഉപദ്രവകരമാകാത്ത രീതിയിലേ നമ്മളുടെ വസ്തു ഉപയോഗിക്കാവൂ.

അയൽപക്കത്തേക്കു ചാഞ്ഞു നിൽക്കുന്ന മരങ്ങളോ ശല്യം ചെയ്യുന്ന ശാഖകളോ മുറിച്ചു മാറ്റുന്നതിന് വിവിധ നിയമ നടപടികൾ പരാതിക്കാർക്കു സ്വീകരിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബാധകമായ നിയമങ്ങളിൽ ഇക്കാര്യം സംബന്ധിച്ചു പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്.

പഞ്ചായത്ത് ആക്ട് 238–ാം വകുപ്പനുസരിച്ച് ഏതെങ്കിലും വൃക്ഷമമോ അതിന്റെ ശാഖയോ കായ്കളോ വീഴാനും തൻമൂലം ആർക്കെങ്കിലുമോ, എടുപ്പുകൾക്കോ, കൃഷിക്കോ ആപത്തുണ്ടാകാൻ ഇടയുണ്ടെന്നും ഗ്രാമപഞ്ചായത്തിനു ബോധ്യമായാൽ ഉചിതമായ നടപടികൾ സ്വീകരിക്കാം. മുനിസിപ്പാലിറ്റി നിയമത്തിലും ഇതുപോലെ വ്യവസഥ ചെയ്തിട്ടുണ്ട്. മറ്റൊരു മാർഗം ക്രിമിനൽ നടപടി നിയമം 133–ാം വകുപ്പനുസരിച്ച് സബ്ഡിവിഷണൽ മജിസ്ട്രേട്ടിനെ (ആർ.ഡി.ഒ) സമീപിക്കുകയെന്നുള്ളതാണ്. അടുത്തുള്ളവരുടെ ജീവനോ, സ്വത്തിനോ സംഭവിച്ചേക്കാവുന്ന അപകടസാധ്യതയാണ് സബ്ഡിവിഷണൽ മജിസ്ട്രേട്ട് പരിഗണിക്കുന്നത്.

പരാതിക്കാരന് സിവിൽ കോടതിയെയും സമീപിക്കാം. മരം മുറിച്ചു മാറ്റണമെന്ന് ആജ്ഞാപിക്കാൻ കോടതിക്ക് അധികാരമുണ്ടെന്നു ഹൈക്കോടതി വിധികളുണ്ട്. മരമോ, ശാഖയോ അന്യ പുരയിടത്തിലേക്ക് അതിക്രമിച്ചു നിൽപ്പുണ്ടെങ്കിൽ അയൽവസ്തുവിന്റെ ഉടമസ്ഥന് എന്തെങ്കിലും നഷ്ടം ഉണ്ടാകണമെന്നില്ല. എന്നാൽ മരം അയല്‍പുരയിടത്തിലേക്കു കടന്നുനിൽക്കുകയാണെന്നും അയൽവസ്തു ഉടമസ്ഥന്റെ അനുഭവ സൗകര്യങ്ങൾക്ക് അതു ഹാനികരമാണെന്നും തെളിയിച്ചാൽ വെട്ടിമാറ്റേണ്ടിവരും. മരമോ, ശാഖയോ അന്യപുരയിടത്തിലേക്കു കടന്നു നിൽക്കുന്നതുകൊണ്ട് ആ ഭാഗത്തു കൃഷി അസാധ്യമാകുന്നത് ഉദാഹരണം. പഴക്കമുള്ള വൃക്ഷമാണെന്നോ ഇതുവരെ അവിടെ കൃഷി ചെയ്തിട്ടില്ലെന്നോ പറയുന്നത് സമാധാനമല്ല. മരത്തിന്റെ പേരിലായാലും മറ്റൊരാളുടെ വസ്തുവിന്റെ അനുഭവസൗകര്യങ്ങൾക്കോ ഉപയോഗത്തിനോ തടസ്സമുണ്ടാക്കാൻ ആർക്കും അവകാശമില്ല.!

ശ്രദ്ധിക്കുക:
മാർഗ്ഗങ്ങൾൾ ഒന്നുമില്ലങ്കിൽ മാത്രമേ അയൽപക്ക വിഷയങ്ങളിൽ നിയമത്തിന്റെ സംരക്ഷണം തേടാവൂ.കോടതി നടപടികൾ എന്നത് വർഷങ്ങൾ നീണ്ടു നിൽക്കുന ഒരു പ്രകൃയയാണ് എന്നത് ഓർമ്മ വേണം.
രണ്ടുകൂട്ടരും പരസ്പര ബഹുമാനത്തോടെയും വിട്ടുവീഴ്ച മനോഭാവത്തോടെയും കാര്യത്തെ സമീപിച്ചു വിഷയം രമ്യമായി പരിഹരിക്കാൻ ശ്രമിക്കുക എന്നതാണ് അഭികാമ്യം!

content courtesy : fb group