മെറ്റാവേഴ്സ്, മെറ്റാവേഴ്സ്, മെറ്റാവേഴ്സ്!!
ഇപ്പോൾ എവിടെ തിരിഞ്ഞാലും നാം കേൾക്കുന്ന ഒരു വാക്കാണിത്.
യഥാർത്ഥ ലോകത്തിൻറെ ത്രീഡി പതിപ്പായ മെറ്റാവേഴ്‌സ് എന്ന് വിർച്വൽ ലോകത്തെക്കുറിച്ചുള്ള വാർത്തകൾക്ക് ഇപ്പോൾ സോഷ്യൽമീഡിയയിലും അല്ലാതെയും വലിയ പ്രചാരമാണ്.
ഓരോരുത്തരുടെയും വിർച്വൽ രൂപത്തിലുള്ള അവതാറുകൾ പരസ്പരം ഇടപഴകുന്ന മെറ്റാവേഴ്സ്, ഇനി വരും കാലത്തിനായി തുറന്നു വയ്ക്കുന്ന സാധ്യതകൾ അനന്തമാണ്. ഇപ്പോഴിതാ മെറ്റാ വേഴ്സിൽ ഒരു പൂർണ നഗരം വന്നിരിക്കുന്നു.
മെറ്റാവേഴ്സിലെ അവതാറുകൾക്കായി ഒരു സ്വതന്ത്ര സാങ്കല്പികം നഗരം നിർമ്മിച്ചിരിക്കുകയാണ് ലോകോത്തര ആർക്കിടെക്ചർ കമ്പനിയായ സാഹാ ഹദീദ് ആർക്കിടെക്റ്റ്സ്.
ലിബർലാൻഡ് (Liberians) എന്നാണ് പേര്!!!
ഈ സൈബർ നഗരത്തിന്റെ രൂപകൽപ്പനയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. വളഞ്ഞ ആകൃതിയിലുള്ള ഫസാഡുകളാണ് യഥാർഥ ലോകത്ത് സാഹാ നിർമിച്ചിട്ടുള്ള കെട്ടിടങ്ങളുടെ മുഖമുദ്രയെങ്കിൽ മെറ്റാവേഴ്സിലും അക്കാര്യത്തിൽ മാറ്റമില്ല. വിർച്വൽ നഗരത്തിലെ കെട്ടിടങ്ങളും വളവുകളുള്ള ആകൃതിയിലാണ് ആവിഷ്കരിച്ചിരിക്കുന്നത്.
സിറ്റി ഹാൾ, തൊഴിലിടങ്ങൾ, കടകൾ, ബിസിനസ് ഇൻകുബേറ്ററുകൾ, NFT ഗാലറികൾ എന്നിങ്ങനെ മെറ്റാവേഴ്സിലെത്തുന്നവരെ കാത്ത് നിരവധി സൗകര്യങ്ങളാണ് ലിബർലാൻഡിൽ ഒരുങ്ങുന്നത്.
നിയമങ്ങളും നിയന്ത്രണങ്ങളും പരമാവധി കുറച്ച്, സ്വയം ഭരണത്തിൽ അധിഷ്ഠിതമായി ആയിരിക്കും നഗരത്തിൻറെ പ്രവർത്തനം.
2015 ൽ ചെക്ക് റിപ്പബ്ലിക്ക് കാരനായ രാഷ്ട്രീയനേതാവ് വിറ്റ് ജെഡ്ളിക, ഡാന്യൂബ് നദിക്കരയിൽ സ്വാതന്ത്ര്യത്തിന് പ്രാധാന്യം കൽപ്പിക്കുന്ന ഒരു രാജ്യം രൂപീകരിച്ചിരുന്നു. ഒരു രാജ്യത്തിന്റെയും അവകാശത്തിൽപെടാതെ കിടക്കുന്ന ചെറിയ പ്രദേശം ഫ്രീ റിപ്പബ്ലിക് ഓഫ് ലിബർലാൻഡ് എന്ന പേരിൽ ആണ് വന്നത്. ഇതേ ആദർശങ്ങൾ തന്നെയാവും മെറ്റാവേഴ്സിലും പ്രാവർത്തികമാകുന്നത്.
യാഥാർഥ്യവുമായി അടുത്തുനിൽക്കുന്ന തരത്തിലാകും ലിബർലാൻഡിന്റെ ഡിജിറ്റൽ വാസ്തുവിദ്യാ ശൈലി. യഥാർത്ഥ ലോകത്തെ നിർമ്മിതികളുടേതിന് സമാനമായ കെട്ടിടങ്ങളാണ് നഗരത്തിൽ ഒരുങ്ങുന്നത്.
കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് യഥാർത്ഥ ലോകത്തിൽ നിന്നും ഭിന്നമായി, വിശാലമായ സാധ്യതകൾ ഉണ്ടെന്ന് സാഹാ കമ്പനിയുടെ പ്രധാന ആർക്കിടെക്ട് പാട്രിക്ക് ഷൂമാക്കർ പറയുന്നു.
ചുറ്റിത്തിരിയുന്ന റൂഫ്ടോപ്പുകളും ഊർജ്ജ കാര്യക്ഷമതയെ പറ്റിയുള്ള ആശങ്കയില്ലാതെ നിർമ്മിക്കാവുന്ന വിശാലമായ ഇന്റീരിയറുകളും എല്ലാം ലിബർലാൻഡിന്റെ പ്രത്യേകതകളാണ്. ഓഡിറ്റോറിയം പോലുള്ള മുറികൾക്ക് അവിടേക്ക് എത്തുന്നവരുടെ എണ്ണം അനുസരിച്ച് വിശാലമാക്കാനും ചുരുക്കാനും സാധിക്കും എന്നതാണ് മറ്റൊരു സവിശേഷത. നിലവിൽ ലിബർലാൻഡിലെ ഒരു കെട്ടിടത്തിലുള്ള രണ്ട് ഫ്ലോറുകളിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളെ അവതാറുകളായി പ്രവേശിപ്പിച്ചു പരീക്ഷണങ്ങൾ നടത്തി വരികയാണ്.
ഏപ്രിൽ പതിമൂന്നാം തീയതി വിർച്വൽ നഗരത്തിലെ ചില ഭാഗങ്ങൾ സന്ദർശിക്കാനാവുന്ന വിധത്തിൽ 100 അവതാറുകളെ ഉൾക്കൊള്ളിക്കുന്ന ഓപ്പൺ പാർട്ടി സംഘടിപ്പിക്കപ്പെടുന്നുണ്ട്.