ഒരു വീടിനെ പൂർണ്ണതയിൽ എത്തിക്കുന്നതിൽ അവിടെ താമസിക്കുന്ന ആളുകൾക്കും ചുറ്റുപാടിനും വളരെയധികം പ്രാധാന്യമുണ്ട്.
പലപ്പോഴും മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെട്ട ജീവിക്കാൻ ഇഷ്ടപ്പെടുന്ന ആളുകളും നമുക്കിടയിൽ ഉണ്ട്.കൂടുതൽ ബഹളവും, മലിനീകരണവും ഇല്ലാതെ ദൂരെ ഒരു സ്ഥലത്ത് ജീവിക്കുന്നതിനെ പറ്റി ഒരിക്കലെങ്കിലും ചിന്തിക്കാത്തവരായി ആരെങ്കിലുമുണ്ടോ.
എന്നാൽ അത്തരത്തിലുള്ള ഒരു വീടാണ് വാഷിംഗ്ടൺ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന വോഹോവോ ബേ യിലെ ഒറ്റപ്പെട്ട വീട്. പേരിൽ മാത്രമല്ല ലോകത്തിലെ തന്നെ ഒറ്റപ്പെട്ട വീട് എന്ന ഖ്യാതി ഈ വീട് സ്വന്തമാക്കി കഴിഞ്ഞു.
ഒറ്റപ്പെട്ട വീടിനെ മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമാക്കുന്ന കാര്യങ്ങൾ
വീടിന് നാലുവശത്തും അറ്റ്ലാന്റിക് സമുദ്രം ചുറ്റപ്പെട്ടു കിടക്കുന്നു. ഇത് ഒരുക്കുന്നത് കണ്ണിന് ഒരു മനോഹര കാഴ്ച തന്നെയാണ്. വളരെയധികം വിജനമായ ഒരു ചെറു ദ്വീപിലാണ് ഈ ഒറ്റപ്പെട്ട വീട് സ്ഥിതി ചെയ്യുന്നത്.
ശാന്തമായ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈയൊരു ഒറ്റപ്പെട്ട വീട്ടിലേക്ക് വരാൻ ആഗ്രഹം തോന്നുമെങ്കിലും ഇവിടെ നിരവധി പ്രശ്നങ്ങളുമുണ്ട്.
അതായത് ഒന്ന് സംസാരിച്ചിരിക്കാൻ അയൽപക്കക്കാരോ, ഉപയോഗിക്കാൻ ബാത്ത്റൂമുകളോ ഈ വീടിന് ഇല്ല. ദ്വീപിനോട് ചേർന്ന് ബാത്ത് റൂം സൗകര്യം ഇല്ല എങ്കിലും കുറച്ച് മീറ്ററുകൾക്ക് അപ്പുറം മറ്റൊരു ദ്വീപിൽ ബാത്റൂം സൗകര്യം നൽകിയിരിക്കുന്നു.
എന്നാൽ ആവശ്യത്തിന് വെളിച്ചം ലഭിക്കാത്ത ഒരിടത്താണ് ബാത്റൂം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ രാത്രി സമയങ്ങളിൽ ബാത്റൂമിൽ പോകണമെങ്കിൽ കുറച്ച് കഷ്ടപ്പെടും.
വീടിന്‍റെ നിർമ്മാണ രീതി
പൂർണമായും തടി ഉപയോഗിച്ചു കൊണ്ടാണ് വീട് നിർമ്മിച്ചിട്ടുള്ളത്. കൂടാതെ പരിമിത സൗകര്യങ്ങൾ മാത്രമാണ് വീട്ടിൽ സജ്ജീകരിച്ചിട്ടുള്ളത്.ജോലി ചെയ്ത് മടുത്തവർക്ക് പുറംലോകവുമായി യാതൊരുവിധ ബന്ധവും ഇല്ലാതെ സമയം ചിലവഴിക്കാൻ പറ്റിയ ഒരിടം എന്ന രീതിയിലാണ് വീടിനെപ്പറ്റി പരസ്യങ്ങൾ നൽകിയിട്ടുള്ളത്.
ദ്വീപിനോട് ചേർന്ന് കിടക്കുന്ന കരയിൽനിന്നും ബോട്ടിൽ കുറച്ചു ദൂരം സഞ്ചരിച്ചാണ് വീട്ടിലേക്ക് എത്തിച്ചേരേണ്ടത്.
വളരെ ചെറിയ ഒരു ബെഡ്റൂം സൗകര്യം മാത്രമാണ് വീട്ടിൽ നൽകിയിട്ടുള്ളത്. എന്നാൽ കടലിന്റെ ഭംഗി പൂർണമായും ആസ്വദിക്കുന്നതിനായി വീടിനുചുറ്റും നിരവധി ജനാലകൾ നൽകിയിട്ടുണ്ട്.
വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ലിവിങ് റൂം അതിനോട് ചേർന്ന് ഒരു ഓപ്പൺ കിച്ചൺ എന്നിവ നൽകിയിട്ടുണ്ട്.
വീട്ടിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള ഉള്ള എല്ലാ ഫർണിച്ചറുകളും പൂർണമായും തടിയിൽ തന്നെ നിർമ്മിച്ചവയാണ്.
ലിവിങ് ഏരിയയോട് ചേർന്ന് തന്നെ ഭക്ഷണം കഴിക്കുന്നതിനായി ഡൈനിങ് ഏരിയ സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. വീടിന് മുകളിൽ ഒരു തട്ട് നല്കിയാണ് ബെഡ്‌റൂം സജ്ജീകരിച്ചിട്ടുള്ളത്.
വീടിന്റെ മുകളിലേക്ക് പ്രവേശിക്കുന്നതിനായി ലിവിങ് റൂമിൽ നിന്നും ഒരു ഗോവണി നൽകിയിട്ടുണ്ട്.
2009 ൽ പണി തീർത്ത ലോകത്തിലെ ഒറ്റപ്പെട്ട വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏകദേശം രണ്ടര കോടി രൂപയാണ് ചിലവഴിക്കേണ്ടി വരിക.
പുറം ലോകത്തു നിന്ന് പൂർണമായും ഒരു മോചനം ആഗ്രഹിക്കുന്നവർക്ക് ഒറ്റപ്പെട്ട വീട് ആവശ്യമെങ്കിൽ തിരഞ്ഞെടുക്കാം.