വീട് വില്‍ക്കാന്‍ പ്ലാൻ ഉണ്ടോ? അറിഞ്ഞിരിക്കാം ഇവ

Home for sale real estate house sales illustration sign.

വീട് വില്‍ക്കാന്‍ സാമാന്യം ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് നിങ്ങള്‍ നിലവില്‍ താമസിച്ചുകൊണ്ടിരിക്കുന്ന വീടാവുമ്പോള്‍. മാനസികമായ ബുദ്ധിമുട്ടും വില്‍പ്പനയ്ക്ക് ഒരുപാട് കാലതാമസം എടുക്കുന്നതുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിച്ചേക്കാം.

മാത്രമല്ല, നിങ്ങള്‍ താമസിക്കുന്ന വീട് ഒത്തിരി അപരിചിതര്‍ സന്ദര്‍ശിക്കുന്നതും നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നേക്കാം. വിപണിയില്‍ ഗൃഹനിര്‍മ്മാതാക്കളുടെ പ്രോപ്പര്‍ട്ടികള്‍ പോലും വില്‍പ്പനയില്‍ മെല്ലെപ്പോക്ക് തുടരുമ്പോള്‍ നിങ്ങള്‍ താമസിക്കുന്ന വീട് വില്‍ക്കുന്നത് എത്രത്തോളം വിജയകരമാവുമെന്ന് ഉറപ്പു പറയാനാവില്ല.

ഏതായാലും നിങ്ങളുടെ പഴയ/ ഉപയോഗിച്ച വീട് വില്‍ക്കാന്‍ മികച്ച വില ലഭിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കൂ;

മാര്‍ക്കിറ്റിങ് ചെയ്യുക

പല വീടുകളും കാലതാമസമെടുത്താണ് വിറ്റുപോവാറുള്ളത്. വാങ്ങുന്ന ആളുകളുടെ കുറവ് തന്നെയാണ് ഇതിന് കാരണം. ഈ പ്രശ്‌നം എളുപ്പത്തില്‍ മറികടക്കാവുന്നതാണ്.

നിങ്ങളുടെ അയല്‍ക്കാര്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ എന്നിവരോടെല്ലാം വില്‍പ്പനയെ കുറിച്ച് സൂചിപ്പിക്കുക. ആവശ്യക്കാരുണ്ടെങ്കില്‍ ഇവരോട് അറിയിക്കാന്‍ പറയുക.

ഇത്തരം ആളുകള്‍ക്ക് നിങ്ങളെക്കുറിച്ചും നിങ്ങള്‍ വില്‍ക്കാനുദ്ദേശിക്കുന്ന വീടിനെ കുറിച്ചും വ്യക്തമായ ധാരണയുള്ളതിനാല്‍ ഇത് വില്‍പ്പനയ്ക്ക് ഗുണം ചെയ്യും.

വീട് പരിപാലിക്കുക

Sold house sign in Midwest suburban setting. Focus on sign.

ഉപയോഗിക്കപ്പെട്ട വീട് വാങ്ങാനുദ്ദശിക്കുന്നയാള്‍ക്ക് വീടിന്റെ വൃത്തി പ്രശ്‌നമല്ലെന്ന് ഒരിക്കലും വിചാരിക്കരുത്. നിങ്ങള്‍ വില്‍ക്കുന്ന വീട് വളരെ വൃത്തിയോടെയും അടുക്കും ചിട്ടയോടെയും പരിപാലിക്കുന്നതാവും നല്ലത്.

ഇത് വില്‍പ്പനയെ നല്ലരീതിയില്‍ സ്വാധീനിക്കും. മികച്ച വില ലഭിക്കാനും വില്‍പ്പന പെട്ടെന്ന് നടക്കാനും വീട് നന്നായി പരിപാലിക്കുക.

വീട് മോശം അവസ്ഥയിലാണെങ്കില്‍ എത്രയും പെട്ടന്ന് അറ്റകുറ്റപ്പണി നടത്തുക, കേടുപാടുകള്‍ തീര്‍ക്കുക. ആവശ്യമെങ്കില്‍ വീടിന് പെയിന്റിങ് നടത്തുക.

രേഖകള്‍ സൂക്ഷിക്കാം

ഒരു വീട് വാങ്ങുമ്പോള്‍ ഏവരും ആദ്യം പരിശോധിക്കുന്ന കാര്യം വാങ്ങാനുദ്ദേശിക്കുന്ന വീടിന്റെ എല്ലാ രേഖകളും കൃത്യമാണോയെന്നതാണ്.

വില്‍പ്പന നടന്നതിന് ശേഷം വാങ്ങിയ ആള്‍ക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാവരുത് എന്നതാണ് ഇതിന് കാരണം. ഇന്‍ഷുറന്‍സുള്‍പ്പടെയുള്ള എല്ലാ രേഖകളും കൃത്യമാണെങ്കില്‍ വില്‍പ്പന വളരെ സുഗമമായി നടക്കും.

ആയതില്‍ വീട് വില്‍പ്പനയ്‌ക്കൊരുങ്ങുമ്പോള്‍ ഉടമസ്ഥതാ രേഖകള്‍, നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫക്കറ്റ് (എന്‍ഒസി) തുടങ്ങിയവ സൂക്ഷിച്ച് വെക്കുക.

വില നിര്‍ണയം

വളരെ ഉയര്‍ന്ന വിലയാണ് വീടിന് നിങ്ങള്‍ നിര്‍ണയിക്കുന്നതെങ്കില്‍ ഇത് വില്‍പ്പനയ്ക്ക് ദോഷമാവും.

വിപണി സാഹചര്യം പരിശോധിച്ച്, വസ്തുവിന്റെ തേയ്മാനം കണക്കാക്കി മോശമല്ലാത്ത ന്യായവില നിര്‍ണയിക്കുന്നതാവും വില്‍പ്പനയ്ക്ക് ഗുണകരം.

വസ്തു വില്‍പ്പനയില്‍ നിങ്ങള്‍ക്ക് മുന്‍പരിചയമില്ലെങ്കില്‍ ഏതെങ്കിലും പ്രാദേശിക ബ്രോക്കര്‍മാരോട് നിലവിലെ വിപണിവില അന്വേഷിച്ച് നിങ്ങള്‍ക്ക് ന്യായമെന്ന് തോന്നുന്ന വില വസ്തുവിന് നല്‍കുന്നതാവും ഗുണകരം.

പരസ്യം നല്‍കുക

ഇന്റര്‍നെറ്റുള്ള ഇക്കാലത്ത് പരസ്യം ചെയ്യാന്‍ മറ്റു മാര്‍ഗങ്ങള്‍ അന്വേഷിക്കേണ്ടതില്ല എന്നതാണ് മെച്ചം. സൗജന്യമായി പരസ്യം നല്‍കാന്‍ സാധിക്കുന്ന ഒത്തിരി പോര്‍ട്ടലുകള്‍ ഇന്നു നിലവിലുണ്ട്.

വില്‍ക്കാനുള്ള വീടിന്റെ മികച്ച ചിത്രങ്ങളെടുത്ത് ഈ പോര്‍ട്ടലുകളില്‍ പരസ്യം നല്‍കുക. കൂടാതെ വീടിനെ കുറിച്ച് ചെറിയൊരു വിവരണവും. ‘മെട്രോ സ്‌റ്റേഷനിലേക്ക് രണ്ടു മിനിറ്റ് നടത്തം, 100 മീറ്റര്‍ ദൂരത്തില്‍ ഷോപ്പിംഗ് മാള്‍, മെഡിക്കല്‍ പോംപ്ലക്‌സ്, സ്‌കൂള്‍’ തുടങ്ങിയ ഇതില്‍ ചേര്‍ക്കാവുന്നതാണ്.

വാങ്ങുന്നവര്‍ വീട് മാത്രമല്ല, പരിസരത്ത് മറ്റു സൗകര്യങ്ങള്‍ ലഭ്യമാണോയെന്നും നോക്കാറുണ്ട്. ഇത്തരത്തിലുള്ള പരസ്യങ്ങള്‍ വാങ്ങവുന്നരെ മികച്ച രീതിയില്‍ സ്വീധീനിക്കും.

ആവശ്യമെങ്കില്‍ ഇടനിലക്കാരെ ഏല്‍പ്പിക്കുക

വന്‍തുക ഫീസിനത്തില്‍ നല്‍കണമെന്ന കാരണത്താല്‍ വില്‍പ്പന ബ്രോക്കര്‍മാരെ/ ഇടനിലക്കാരെ ഏല്‍പ്പിക്കാന്‍ മടിക്കുന്ന ആളുകളാണ് നമ്മില്‍ പലരും.

എന്നാലിത് ചിലപ്പോള്‍ നാം ചെയ്യുന്ന ഏറ്റവും വലിയ പിഴവുകളാവാം. സാധാരണഗതിയില്‍ വില്‍പ്പന തുകയുടെ രണ്ടു ശതമാനമാവും ബ്രോക്കര്‍ ഫീസിനത്തില്‍ നല്‍കേണ്ടി വരിക (വില്‍ക്കുന്നവരില്‍ നിന്നും വാങ്ങുന്നവരില്‍ നിന്നും ഓരോ ശതമാനം).

ഇത് നല്‍കാന്‍ വിമുഖത കാണിക്കുന്നതിനാല്‍ പലരും ബ്രോക്കര്‍മാരെ സമീപിക്കില്ല.

കൂടാതെ വില്‍പ്പന സംബന്ധിച്ച് മുന്‍പരിചയമില്ലാത്തതിനാല്‍ പലപ്പോഴും താരതമ്യേന കുറഞ്ഞ വിലയില്‍ കച്ചവടം ഉറപ്പിക്കേണ്ടി വരുന്നു.

എന്നാല്‍, ഈ മേഖലയില്‍ വളരെ പരിചയമുള്ളവരാവും പല ബ്രോക്കര്‍മാരും. ഇവര്‍ക്ക് നിങ്ങളുടെ വസ്തുവിന് നല്ല മൂല്യത്തിലുള്ള വില്‍പ്പന നടത്താന്‍ സാധിച്ചേക്കാം. വില്‍പ്പന നല്ലൊരു ബ്രോക്കറെ ഏല്‍പ്പിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ അത് ചെയ്യുക.

കോൺക്രീറ്റിന് ശേഷമുള്ള ആദ്യ ദിവസത്തെ നനക്കൽ.കൂടുതൽ അറിയാം